Friday, December 29, 2017

ഗാന്ധിയുടെ കെറ്റിലും അപ്പൻറെ വാട്ടീസും

കെറ്റിലും  വാട്ടീസും  എന്ന് വായിച്ചിട്ട്  അലുവായും പോത്തിറച്ചിയും പോലുള്ള ഒരു കോമ്പിനേഷൻ ആണല്ലോന്ന് ചിന്തിച്ച് ഒരുമാതിരി പുളിമാങ്ങാ കിട്ടാത്ത ഗർഭിണി പെണ്ണുങ്ങളെപ്പോലെ  നിങ്ങൾ നോക്കും എന്നറിയാം.

എന്നാൽ കെറ്റിൽ എന്ന വാക്ക് കെട്ടിലും മട്ടിലും സത്യസന്ധതയുമായി ഒത്തിരി അടുപ്പമുള്ളതാണെങ്കിലും എനിക്കിട്ടൊരു പണി തന്നതാണ്.  ഈ  കെറ്റിലിന്റെ കഥതന്നെ ഞാൻ ഇന്നും ഇന്നലേം ഒന്നും പഠിച്ചതല്ല.  ആറാം ക്ലാസ്സിൽ വച്ച് ശോശക്കുട്ടിസാർ പേടിപ്പിച്ച് പഠിപ്പിച്ച സംഭവമാണ്.

നമ്മുടെ ഗാന്ധിയപ്പൂപ്പൻ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഗയിൽസ് എന്ന ഒരു വിദ്യാഭ്യാസ ഇൻസ്‌പെക്ടർ ചെക്കിങ്ങിന് ചെന്നത്രെ.  അല്ലേലും നമ്മുടെ ഡി.ഇ.ഒ മാർക്കൊക്കെ ചുമ്മാത് ഈച്ചയും ആട്ടിയിരിക്കുമ്പോൾ ചെക്കിങ്ങ് ചെയ്യാൻ തോന്നലുണ്ടാവുകയും സ്‌കൂളിൽവന്ന് സാറമ്മാരെയും, പിള്ളാരെയും വേവുവെള്ളം കുടിപ്പിക്കുകയും ചെയ്യുമല്ലോ.  ഇതിയാൻ വന്ന് ക്ളാസ്സിക്കേറി പിള്ളേരോട്  പറഞ്ഞുപോലും, "പിള്ളേരേ, നിങ്ങൾ KETTLE എന്ന് ഇഗ്ളീഷിൽ ഒന്നെഴുതിയേ" ന്ന്.

ഇയാളിപ്പോ ഏത് പൊനത്തീന്ന് ഇറങ്ങിവന്നതാ എന്ന് ചിന്തിച്ച്  ക്ലാസ്സിലുള്ള പിള്ളേരെല്ലാം ഒതുക്കത്തിൽ നോക്കീം കണ്ടും, ചോദിച്ചും പറഞ്ഞും ഒക്കെ  KETTLE തെറ്റില്ലാതെ എഴുതി.  തെറ്റിച്ചവന്മാരെ ഒക്കെ ക്ലാസ്സ്ടീച്ചർ കണ്ണിറുക്കി കാണിച്ചും, വായ കോട്ടി കാണിച്ചും ശരിയാക്കിച്ചു.  അപ്പോൾ ദാണ്ടടാ നമ്മുടെ ഗാന്ധിചെറുക്കൻ സംഭവം തെറ്റിച്ചെഴുതി വച്ചേക്കുന്നു!  ചെറുക്കന് സത്യം പറഞ്ഞാൽ കെറ്റിലിന്റെ സ്‌പെല്ലിംഗ്‌ പോയിട്ട് കെറ്റിൽ തന്നെ എന്തുവാ എന്നറിയത്തില്ല.  വല്ല എലിയെപ്പിടിക്കുന്ന എലിപ്പത്തായമോ, അണ്ണാനെപ്പിടിക്കുന്ന അടിവില്ലോ ആണോ എന്ന സംശയത്തിൽ ഇരിക്കുവാ കുഞ്ഞുഗാന്ധി.  അല്ലേലും ഈ സാറമ്മാര് വല്യപുള്ളികളാ. അറിയാവുന്ന വല്ലതും പരീക്ഷക്കിടുവോ?  ബൂലോകത്തിന്റെ ഏതേലും മുക്കിലും മൂലയിലും ഇരുന്നവന്മാര് എന്തേലും എഴുതിവെക്കുന്നതും, കണ്ടുപിടിക്കുന്നതും നമ്മൾ പിള്ളേരുടെ തലേലോട്ട് ആപ്പടിച്ചങ്ങ് കേറ്റും.  കണക്കുസാറന്മാറന്നേൽ പറയണ്ടാ, എളുപ്പമുള്ളതെല്ലാം ക്ലാസ്സിൽ ചെയ്തിട്ട് പാടുള്ളതൊക്കെ ഹോംവർക്കെന്നു പറഞ്ഞ് വീട്ടിൽ തന്നുവിടും.  അതുപിന്നെ ചെയ്തോണ്ട് ചെന്നില്ലേൽ ചൂരൽ കഷായവും!

അപ്പോൾ നമ്മുടെ കുഞ്ഞുഗാന്ധി കെറ്റിൽ എന്ന സ്‌പെല്ലിംഗും തെറ്റിച്ചേച്ച് ഇരിക്കുമ്പോൾ ദാണ്ടടാ, തൊട്ടടുത്ത് ഒരു കുശുകുശുപ്പും ബൂട്ട്സിന്റെ ശബ്ദവും.  ഗാന്ധി തിരിഞ്ഞുനോക്കിയപ്പോൾ ആരാ?  സാക്ഷാൽ ക്‌ളാസ് ടീച്ചർ ഒതുക്കത്തിൽ സ്പെല്ലിംഗ്  എടുത്തിരിക്കുന്നവന്റെ നോക്കി ശരിയായി എഴുതാൻ ആംഗ്യം കാണിക്കുന്നു!!  ചെറുക്കൻ കണ്ണൊന്ന് തിരുമ്മി നോക്കി  (അന്ന് ഗാന്ധിജിക്ക് ലോങ്ങ് സെറ്റും ഷോർട്ട് സെറ്റും ഒന്നുമില്ലാത്തതിനാൽ ആ ബ്രാൻഡ് കണ്ണാടിയൊന്നുമില്ലല്ലോ.  സൗത്താഫ്രിക്കയിൽ കേസും പുക്കാറുമായി നടക്കുമ്പോൾ വെള്ളക്കാർക്കിട്ടു പണികൊടുക്കാൻ കണ്ണാടിയൊക്കെ പിന്നല്ലേ ഫിറ്റുചെയ്തത്).  കണ്ണുതിരുമ്മി മോഹൻദാസ് ആലോചിച്ചു.  കള്ളത്തരം കാണിക്കുന്നത് തെറ്റല്ലേ?  നല്ലനടപ്പ് പഠിക്കാൻ സ്‌കൂളിൽ വിട്ടേച്ച് കള്ളത്തരോം കാണിച്ചോണ്ട് ചെന്നാൽ തന്തേം തള്ളേം കാലേൽപിടിച്ച് നിലത്തടിക്കില്ലേ?  ക്‌ളാസ് ടീച്ചർ ഷൂ മൊത്തം തേച്ചോരച്ചാലും  പഞ്ചമാപാതകാ ഞാൻ കള്ളത്തരം കാണിക്കൂല്ലാന്ന് ഗാന്ധിയങ്ങ് തീരുമാനിച്ചു.

ചുരുക്കം പറഞ്ഞാൽ കുഞ്ഞുഗാന്ധി മാത്രം നമ്മുടെ ഇൻസ്‌പെക്ടറുടെ പരീക്ഷയിൽ തോറ്റു.  കോപ്പിയടിച്ചവന്മാരെല്ലാം ജയിച്ച് നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.  പക്ഷേ എന്ത് പ്രയോജനം?   ആ തോറ്റ ഗാന്ധിയേയാ എനിക്കും നിങ്ങൾക്കും പ്രിയം.  കാര്യമെന്താ?  അങ്ങേര് നേരും നെറിയും ഉള്ളവനായിരുന്നു.  ആട്ടുംപാലും കുടിച്ച് ആട്ടിയിയിറക്കിയില്ലേ വെള്ളക്കാരെ.

ഈ കഥ ഒരുകാരണവും ഇല്ലാതെ അച്ചന്മാരുടെ പള്ളിപ്രസംഗം പോലെ ഞാനിപ്പം പറഞ്ഞുവച്ചത് എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം.  കാരണമുണ്ട്,  ഈ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കെറ്റിൽ കഥ എനിക്ക് വടി പാമ്പായ കഥ. എന്നെ ഒരൊന്നാന്തരം കള്ളതിരുമാലിയാക്കിയ കഥ!  അപ്പനെ വലിപ്പിച്ച് കൊട്ടേലാക്കിയ മോൻ എന്ന നാമധേയം എനിക്കിട്ടു തന്ന കഥ.  പോരെ പൂരം?  അതും പണ്ട് പണ്ടെങ്ങുമല്ല. ഏതാണ്ട് മാസങ്ങൾക്ക് മുമ്പ്.

ദുഫായീന്ന് എടുത്താൽ പൊങ്ങാത്ത പെട്ടി വണ്ടീടെ മോളിൽ.  നല്ല ഊക്കൻ പെർഫ്യൂം കണ്ടത്തിൽ ചാഴിക്ക് മരുന്നടിക്കുന്നപോലെ 'ശ്...ശ് ' എന്ന ശബ്ദത്തിൽ ദേഹത്തുമടിച്ച്  ഞാൻ വണ്ടിക്കകത്ത്.   അങ്ങനെ വല്യ പോസിൽ  നാട്ടിൽ ചെന്ന് രണ്ടുദിവസം കഴിഞ്ഞുണ്ടായ കദനകഥ.

എനിക്ക് എട്ടിന്റെ പണിതന്നതാരാന്നാ നിങ്ങളുടെ വിചാരം?  തേനേ, ചക്കരേ എന്നൊക്ക ഞാൻ വിളിച്ച്, തലേൽ വച്ചാൽ പേനരിക്കും, താഴെ വച്ചാൽ അയൽപക്കത്തെ പട്ടികടിക്കും, റോഡിലിറക്കിവിട്ടാൽ പിള്ളാരെപ്പിടുത്തക്കാർ പിടിച്ചോണ്ട് പോകും എന്നൊക്കെ കരുതി വളർത്തിയ എൻറെ പുന്നാര സന്താനം!  അല്ലേലും അപ്പന്മാർക്കിട്ട് പണി തരാൻ ഈ പിള്ളാരെക്കവിഞ്ഞ് ലോകത്താരുമില്ലല്ലോ.  ഒള്ളത് പറഞ്ഞാൽ നമ്മളെ ഒലിപ്പിച്ച് കാണിച്ച് വലിപ്പിച്ചൊണ്ട് പോകുന്ന ഈ സന്താനങ്ങളെയൊക്കെ കുടിച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലമാ.  ഞാൻ ഈ പറഞ്ഞത് സത്യമാണെന്ന് കഥ അവസാനിക്കുമ്പൾ നിങ്ങൾക്ക് മനസ്സിലായിക്കോളും.

അങ്ങനെ, ബുർജ് ഖലീഫാ പോലെ തലേം പൊക്കിപ്പിടിച്ച്  ഞാൻ വീട്ടിലെത്തി.

ഒരുദിവസം അപ്പനെക്കാണാൻ സഹോദരന്റെ വീട്ടിലേക്ക് ചെന്നു. ചെല്ലുമ്പോൾ എന്റെകൂടെ തലേൽ വച്ചാൽ ഉറുമ്പരിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സന്താനം കയ്യേൽപിടിച്ച് കൂടെയുണ്ട്.  മൂപ്പിലാൻ രാവിലെ കവലയിലെ കറക്കം ഒക്കെ കഴിഞ്ഞ്,  അന്തരീക്ഷത്തിലെ സകലമാന വിറ്റാമിനും ഒരൊന്നൊന്നര മീറ്റർ നീളത്തിൽ കോപ്പയിൽ നിന്നും ഗ്ലാസ്സിലേക്ക് അടിച്ച് പതപ്പിച്ച്  കൊടുക്കുന്ന ചന്ദ്രൻപിള്ളയുടെ ചായ കുടിച്ച ഹാങ്ങോവറിൽ ഇരിക്കുന്ന സമയം.

ഫോർമൽ സംസാരം ഒക്കെ കഴിഞ്ഞപ്പോൾ കാർന്നോര് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.  കുഞ്ഞുന്നാളുമുതൽ അപ്പൻറെ തിരുമോന്ത കണ്ട് ശീലിച്ച എനിക്ക് ആ ചിരിയിൽ എന്തോ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി.  എന്തോ ആഞ്ഞ കാര്യസാദ്ധ്യത്തിനാ, അല്ലാതൊന്നുമല്ല.  ഇതിനിടെ  അപ്പൻ എൻറെ തോളിലോട്ടൊന്ന് തോണ്ടി ഒരു മുട്ടൻ ചോദ്യം ചോദിച്ചു.

"ഡാ.. നീ പേർഷിയേന്ന് വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലിയോ?"

ഞാൻ ഒന്ന് തത്രിച്ചു.  ഈ അപ്പനെന്താ തലയ്ക്ക് വെളിവില്ലാത്തപോലെ ചോദിക്കുന്നത്?  ഗൾഫീന്ന് വരുമ്പോ ചുമ്മാതങ്ങ്  വരാനൊക്കുമോ?

"അതെന്തൊരു ഓഞ്ഞ ചോദ്യമാ അപ്പാ? പേർഷ്യയിൽ നിന്നുവരുമ്പോ കയ്യും വീശി വരാനൊക്കുമോ?"  അപ്പൻറെ വിവരദോഷത്തെ ഞാൻ ഖണ്ഡിച്ചു.

"അതല്ലടാ പൊട്ടാ, മറ്റേ സാധനമില്ലേ.. മറ്റേത്?"  അപ്പൻ വലതുകൈ മേലോട്ട് പൊക്കി ഇടതു കൈപ്പത്തി വലതുകൈയുടെ മുട്ടേലോട്ട്  ക്രോസിലൊരു മുട്ടീര് മുട്ടിച്ച്  എന്നെ കാണിച്ചു. അതിന്റെകൂടെ ഒരു കണ്ണിറുക്കും കൂടിയായാൽ നമ്മുടെ നാട്ടിൽ ഏത് ഊളനും കാര്യം മനസിലാകും.  അല്ലാതെ പണ്ടത്തെ ദൂരദർശനിലെ ഒരുമണിക്കത്തെ ന്യൂസ് ഒന്നും കണ്ടുപഠിക്കുകയൊന്നും വേണ്ട.

വാട്ടീസ്!!  എന്നുവച്ചാൽ നമ്മുടെ ദുബായ് ഡ്യൂട്ടീ ഫ്രീന്ന് ഞാൻ വല്ല വാട്ടീസും ഇമ്പോർട്ട് ചെയ്ത് കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അപ്പന്റെ ആംഗ്യം.

സത്യം പറയാമല്ലോ. ഉത്തരം മുട്ടുമ്പോൾ നമ്മൾ തലയിൽ ചൊറിയുന്ന ചൊറിച്ചിൽ ഉണ്ടല്ലോ, അതേലെ ഒരു ചൊറിച്ചിൽ ഞാനുമങ്ങ് ചൊറിഞ്ഞു.  കാര്യം സത്യമാണ് എല്ലാപ്രാവശ്യം വരുമ്പോളും അപ്പനാർക്ക് ഒന്നുമല്ലേൽ ഒരു വൈൻ എങ്കിലും കൊണ്ടുവന്ന് കൊടുക്കുന്നതാണ്.  എന്നാൽ ഇപ്രാവശ്യം നല്ല ശരീരസുഖം ഇല്ലാതെ മരുന്നും മന്ത്രോം ഒക്കെയായിരുക്കുമ്പോൾ വേണ്ടാന്ന് വച്ചതാണ്.  ഇനി അഥവാ ഞാൻ വല്ല വാട്ടീസും വാങ്ങിക്കൊടുത്ത് അപ്പനെവിടേലും കുണ്ടിയിടിച്ച് വീണുകിടന്നാൽ ഘടാഘടിയന്മാരായ ആറ് ചേട്ടനിയന്മാർ എൻറെ നെഞ്ചത്തോട്ട് കേറിയങ്ങ് പെറോട്ടയടിക്കും (കൂട്ടത്തിൽ അവർക്ക് വാട്ടീസ് കൊണ്ടുക്കൊടുക്കാത്തതിന്റെ കലിപ്പ് തീർക്കുകയും ചെയ്തേക്കാം).  ഈയൊരു കാരണം കൊണ്ടുതന്നെ കള്ളിനെപ്പറ്റി വലിയ ചർച്ചയ്ക്കൊന്നും വഴിയിടാതെ ചാഞ്ഞും, ചരിഞ്ഞും മാന്യനായി നടക്കുന്ന എന്നോടാണ് ഈ കൈ പൊക്കി ആംഗ്യം കാണീര്.  അതും എൻറെ സന്താനത്തിന്റെ മുന്നിൽ വച്ച്!  ഒരുമാതിരി എരണംകെട്ട ചോദ്യമായിപ്പോയല്ലോ അപ്പാ എന്നെനിക്ക് പറയാനൊക്കുമോ?

ഇനിയിപ്പോ മൂപ്പിലാനേ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മാതിരി ഹാൻഡിൽ ചെയ്തില്ലേൽ കുഴപ്പമാ.

"എൻറെ പൊന്നപ്പാ,  ഞാൻ അപ്പനിച്ചിരി മരുന്നുമേടിക്കണല്ലോ, മരുന്നുമേടിക്കണോല്ലോന്ന്  ഓർത്ത് ഡ്യൂട്ടീ ഫ്രീ കേറിയതാ, അപ്പോഴാ ഓർത്തെ, അപ്പൻ ആശുപത്രിയിലെ അതിലും വലിയ മരുന്നും സേവിച്ചോണ്ടിരിരിക്കുവല്ലേ എന്ന്"

"അന്നോ?  എന്നിട്ടു നീ ലൂട്ടീപ്രീന്ന് ഒന്നും മേടിച്ചില്ലിയോ?"  ഏതോ അപകടം മണത്തപോലെ അപ്പൻ ചോദിച്ചു.

"എവിടെ... ഇനി ആ മരുന്നും, ഈ മരുന്നൂടെ വല്ല റിയാക്ഷനും വന്നാൽ അപ്പനെ ആശുപത്രീൽ ആരുപൊക്കിക്കൊണ്ട് പോകാനാ??"

"പഞ്ചമാ പതാകാ ... അതു വലിയയൊരു ചെയ്തായിപ്പോയല്ലോ എന്തിരവനെ"

അപ്പൻ തൻറെ നിരാശ അറിയിച്ചു.

"അപ്പോ നീ ഇച്ചിരി വൈൻ പോലും കൊണ്ടുവന്നില്ലിയോ ചെറുക്കാ?"

അവസാന പിടിവള്ളിപോലെയാണ് അപ്പൻ വൈൻ കൊണ്ടുവന്നോ എന്ന് ചോദിച്ചത് എന്നെനിക്ക് മനസ്സിലായി.

"ഓ... അപ്പനടിക്കാൻ പറ്റാത്തപ്പോ ഞാൻ എന്തോ കുന്തം മേടിക്കാനാ..? അങ്ങനെ അടിക്കാൻ ഒരു സുമാറുമില്ലന്നേ"

അപ്പൻ ഒരു ദീർഘനിശ്വാസം വിട്ടു.  വിട്ട റോക്കറ്റ് തിരിച്ച് കടലിൽ വീഴുന്നത് കണ്ട ISRO ശാസ്ത്രജ്ഞരെപ്പോലെ ഒരു നിശ്വാസം.  ഇവനെയൊക്കെ വളർത്തിവലുതാക്കിയത്  വെറുതെയായിപ്പോയല്ലോ എന്നെങ്ങാനം ചിന്തിക്കുവാണോ ആവോ.

ഞാനും അപ്പനും തമ്മിൽ നടന്ന ഈ കമ്യൂണിക്കേഷൻ മൊത്തം എനെറെ സന്താനം അഞ്ചാം ക്ലാസുകാരി കേട്ടുകൊണ്ടിരിക്കുകയാണ്.  സംഭവത്തിൻറെ ഗൗരവം അവൾക്ക് മനസ്സിലായോ എന്തോ?  ഈ അച്ചായന്മാർക്ക് ഇടയ്ക്കിടെ രണ്ടെണ്ണം വീശാൻ യേശുതമ്പുരാൻ പോലും മുകളിൽ നിന്ന് പെർമിഷൻ കൊടുത്തിട്ടുണ്ടെന്നുള്ള സത്യം നമ്മുടെ കൊച്ചുപിള്ളേർക്കുപോലും അറിവുള്ളതുമാണല്ലോ.

കാനായിലെ കല്യാണത്തിന് പെറ്റതള്ള ആദ്യം 'വൈൻ തീർന്നുപോയി മോനേ' എന്ന് പറഞ്ഞപ്പോൾ... 'അമ്മച്ചീ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ...? നമ്മക്ക് ഊണും ഉണ്ടേച്ച് നാരങ്ങയും മേടിച്ചോണ്ടങ്ങ് പോയാപ്പോരേ?  വീഞ്ഞൊക്കെ ഉണ്ടാക്കി നാണക്കേടാക്കണോ?' എന്ന്  നേരെയങ്ങ് ചോദിച്ച മോനാ കർത്താവീശോമിശിഹാ.  പിന്നെ, പെറ്റതള്ളയല്ലിയോ  എങ്ങനാ ഉപേക്ഷ വിചാരിക്കുന്നേന്ന് കരുതി കർത്താവ് പച്ചവെള്ളം നല്ല ഒന്നാംതരം വീഞ്ഞാക്കിയങ്ങ് കൊടുത്തു.   ഇന്ന്, ലോകത്താകമാനമുള്ള അച്ചായന്മാർ കള്ളുകുടിക്കുന്നതും, കുടിപ്പിക്കുന്നതും ഈ ഒരൊറ്റ ഉദാഹരണം പറഞ്ഞോണ്ടാ.  സത്യത്തിൽ അവിടെ കർത്താവിനല്ല നന്ദി പറയേണ്ടത്.  കർത്താവിന്റെ അമ്മച്ചിയോടാ.  അവര് അന്ന് സ്വന്തം മോൻറെ കാലേൽ വീണ്  അയ്യോപൊത്തോ പറഞ്ഞില്ലാരുന്നേൽ ഇന്ന് ഈ കാണുന്ന അച്ചായന്മാരൊക്കെ പോയി കൂഞ്ഞുവലിക്കുകയേ ഉള്ളായിരുന്നു!

"അപ്പോ പിന്നെ നീ എന്നാ ഒണ്ടാക്കാനാ പൊക്കിക്കെട്ടിയിങ്ങോട്ട് വന്നേ... ? ഇച്ചിരി വൈൻ പോലും കൊണ്ടുവരാതെ?"

അപ്പൻ പറഞ്ഞത് സത്യമാ.  ഒരുമാതിരി പട്ടി ചന്തയിൽ പോയപോലാ ഡ്യൂട്ടിഫ്രീ ഇല്ലാതെ വരുന്ന ഗൾഫുകാർ.  ഞാനൊന്നും മിണ്ടിയില്ല. ചുമ്മാതെ തല കുനിച്ചങ്ങ് ഇരുന്നു.

അതുവരെ എല്ലാം കേട്ടുകൊണ്ട് ഇരുന്ന എൻറെ സന്താനം പെട്ടെന്ന് ഇടയിൽക്കയറി ഒരു പറച്ചിൽ.

"അപ്പച്ചാ.. ചുമ്മാതെ പറയുവാ.. ദാണ്ടേ,  ഇന്നലെ രാത്രീലും പാപ്പാ വൈൻ കുടിച്ചതാ.. വന്നപ്പോൾ ഡ്യൂട്ടി ഫ്രീന്ന് രണ്ട് വൈനാ മേടിച്ചോണ്ട് വന്നെ..രണ്ട്"

എന്നെ കസ്റ്റഡിയിലെടുത്തത് ക്വൊസ്ട്യൻ  ചെയ്യാൻ ഇതിൽ കൂടുതൽ ഇനി എന്തോവേണം?  എൻറെ അകവാള് വെട്ടിപ്പോയി!  എന്നാലും ഇതൊരു ചെയ്തായിപ്പോയല്ലോ പെണ്ണേ!!

"അന്നോടീ ...??" അപ്പൻ  കോടതിയിൽ നിർണ്ണായക തെളിവുകിട്ടിയതുമാതിരി എൻറെ സന്താനത്തിനെ നോക്കി ഒരു നീണ്ട ചോദ്യം ചോദിച്ചു.

"സത്യം.. ഇന്നലേം പാപ്പാ വൈൻ കുടിച്ചതാ.  എനിക്കും  രണ്ട് സ്പൂൺ തന്നു?"

അപ്പൻ എന്നെ ഒരു നോട്ടം നോക്കി.  ഒരുമാതിരി പരമശിവൻ തൃക്കണ്ണ് തുറക്കുന്ന നോട്ടം!

"അപ്പോ നീ വീട്ടിൽ വൈൻ കൊണ്ടുവച്ചിട്ടാന്നോടാ കള്ളത്തരം പറയുന്നെ?"

എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു ഊഹവും ഇല്ലാതിരുന്ന ഞാൻ യുദ്ധക്കളത്തിൽ അഭിമന്യുവിനെപ്പോലെ ഒരിരിപ്പിരുന്നു.

"അത് പണ്ടെങ്ങാണ്ട് അലമാരയിൽ ഇരുന്നതാ അപ്പാ.." ശബ്ദം ഒന്ന് താഴ്ത്തി ഞാൻ പറഞ്ഞു.

"ആര് പറഞ്ഞു?  അതിപ്പോ വന്നപ്പോൾ തന്നെ കൊണ്ടുവന്നതാ... എനിക്കറിയാം.  എന്നെ പറ്റിക്കാൻ നോക്കണ്ടാ"  പെണ്ണ് എന്നെംകൊണ്ടേ പോകൂ.  സത്യസന്ധതയുടെ പര്യായമായി അവൾ മാറിക്കഴിഞ്ഞു"

"എടാ വർഗ്ഗതുകേട്ടവനെ... സ്വന്തം തന്തയോട് ഈ ഇമ്മാതിരി കള്ളത്തരം പറഞ്ഞു കളഞ്ഞല്ലോടാ...നീ ഗൾഫിലല്ല ലോകത്തെതുകോത്താഴത്ത് പോയാലും തനിക്കൊണം മറക്കത്തില്ല... അല്ലിയോ?"

അപ്പൻ എന്നെ എന്തൊക്കെയോ പറഞ്ഞു.  സ്വന്തം അപ്പനല്ലിയോ, അവർക്കൊക്കെ അടുപ്പിലും ആകാം എന്നാണല്ലോ പ്രമാണം.  ഞാനന്നേൽ പാണ്ടിലോറിക്ക് മുന്നിൽ കൊണ്ട് തലേം വച്ചുകൊടുത്തു.

അവസാനം, ഈ ആശുപത്രി മരുന്നൊക്കെ കഴിഞ്ഞ്, അടുത്തവട്ടം വരുമ്പോൾ നല്ല മൂത്ത വൈൻ കൊണ്ടുകൊടുക്കാം എന്ന ഉഭയകക്ഷി സമ്മതപ്രകാരമുള്ള വെടിനിർത്തൽ കരാറിൽ ഒത്തുതീർപ്പാക്കി ഞാൻ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

തിരികെ ഒരുമാതിരി ഇലക്ഷന് തോറ്റ് വരുന്ന സിറ്റിംഗ് എം.എൽ.എ യെപ്പോലെ വീട്ടിലേക്ക് പോകുമ്പോൾ, എനിക്ക് പണി തന്ന് എൻറെ കയ്യിൽ പിടിച്ച് നടക്കുന്ന മകളോട് ഞാൻ ചോദിച്ചു.

"അല്ലെടീ...നീ വേണ്ടാത്തതൊക്കെ അവിടേം ഇവിടേം കേറിപറയുന്നതെന്തിനാ?"

"അതെന്താ പപ്പാ?" അയ്യടാ.. അവളൊരു പതിവ്രത. ഒന്നുമറിയാത്തപോലെ തിരിച്ച്  എന്നോട് ചോദിക്കുന്നു!?

"ഞാൻ വൈൻ കുടിച്ചതൊക്കെ നീ അപ്പച്ചനോട് കേറിപറഞ്ഞത് എന്തിനാ?"

"അതെന്താ പപ്പാ, ഞാൻ സത്യമല്ലിയോ പറഞ്ഞേ..? പിന്നെ ഞാൻ കള്ളം പറയണമായിരുന്നോ?"

"എടീ നീ കള്ളം ഒന്നും പറയണ്ടാ.. പക്ഷേ നിനക്കപ്പോൾ മിണ്ടാതങ്ങ് ഇരുന്നാൽ പോരാരുന്നോ.  ഇത് ചുമ്മാ എന്നെ നാറ്റിച്ചില്ലേ?"

പെണ്ണ് ഒന്ന് ആലോചിച്ചു. എന്നിട്ട് എന്നോട് ഒരു പറച്ചിൽ.

"അപ്പോൾ പപ്പാ എന്നോട് ഇന്നാളിൽ ഗാന്ധിജി കെറ്റിൽ തെറ്റിച്ചെഴുതി സത്യസന്ധത കാണിച്ചു, നീയും അതുപോലെ സത്യമേ പറയാവൂ, ചെയ്യാവൂ എന്നൊക്കെ പറഞ്ഞതോ?... അപ്പോൾ ഞാൻ കള്ളം പറയണമെന്നാണോ പറയുന്നെ?  പപ്പാ പറ"

ഇതിപ്പം പിടിച്ചതിനേക്കാൾ വലുത് അളയിൽ കിടക്കുന്നു എന്നപോലെ ആയല്ലോ.  ഇതിനോടൊക്കെ സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുന്ന നമ്മക്കിട്ടു തന്നെ തന്നോണം.  എന്തായാലും നാണം കെട്ടു.  കൂലങ്കഷമായി ഒന്നാലോചിച്ച് ഞാൻ അവളോട് പറഞ്ഞു.

"ങാ... പറഞ്ഞത് പറഞ്ഞു.  ഇതും പറഞ്ഞ് നീ ഇനി കള്ളമൊന്നും പറയാൻ നിൽക്കണ്ടാ. കെറ്റിൽ കഥയിൽ ഗാന്ധിജി ചെയ്തപോലെ തന്നെ സത്യം പറഞ്ഞാൽ മതി"

"ങ്ഹാ.... അതാ ഞാൻ പറഞ്ഞെ..."

ഒരു ജേതാവിൻറെ ഉത്സാഹത്തോടെ പെങ്കൊച്ച് എൻറെ കൈപിടിച്ച്  മുന്നോട്ട് തുള്ളിത്തുള്ളി നടന്നപ്പോൾ ഞാൻ ഓർത്തു.  ഞാനായിട്ട് അപ്പനിട്ടൊരു പണി കൊടുത്തു.  ഇവളായിട്ട്  എനിക്കിട്ടൊരു പണി തിരികെതന്നു.  കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?

പരമാർത്ഥം പറഞ്ഞാൽ എൻറെ വീട്ടിൽ നിന്നും കൊല്ലം ജില്ലയിലോട്ട് എത്താൻ  പതിനഞ്ച് മിനിറ്റ് യാത്രയേ ഉള്ളൂ.  വെറും പതിനഞ്ച് മിനിറ്റ്!

കുറിപ്പ്:
ഡ്യൂട്ടിഫ്രീയിൽ കയറി സാധനവും വാങ്ങി വീട്ടിൽ കൊണ്ട് പൂഴ്ത്തിവയ്ക്കുന്ന എല്ലാ മക്കൾക്കായിട്ടും സമർപ്പണം.

No comments:

Post a Comment