Saturday, December 9, 2017

ഒരു മുടിയനായ പുത്രന്റെ കഥ

എന്നാൽ ഇനി ഞാനൊരു സത്യം പറയട്ടെ? എൻറെ അമ്മ ഭയങ്കര കഥപറച്ചിലുകാരിയാണ്. കഥ പറഞ്ഞ്, കഥ പറഞ്ഞ് അപ്പനെ ഒരു വഴിക്കാക്കി, ഒപ്പം ഞങ്ങൾ പത്തു സന്താനങ്ങളുടെ കാര്യവും തീരുമാനമാക്കി.

അങ്ങനെ അമ്മ പറഞ്ഞ കഥകളിലൊന്നാണ് ഇവിടെ ഉരചെയ്യാൻ പോകുന്നത്.  ലോകത്തെ സകലമാന പിഴച്ചപിള്ളാരെയും നേരെയാക്കാൻ ഉതകുന്ന കഥയ്ക്ക്  അമ്മയുടെ പുനരാഖ്യാനം.

പ്രേമമോ, കാമമോ തലേൽപിടിച്ച് ഏതേലും കോന്തൻറെയോ, കോന്തിയുടെയോ പുറകെ വീട്ടുകാരെയെല്ലാം  കളഞ്ഞിട്ട്  പോകുന്ന എൻറെ പ്രിയപ്പെട്ടവരേ,  അതുപോലെ വീട്ടീന്ന് വല്ല കളളവണ്ടിയും കയറി അപ്പനമ്മമാരെ ചുമ്മാ പേടിപ്പിക്കാൻ നാടുവിട്ടുപോകുന്ന പുന്നാരമക്കളേ, നിങ്ങൾ ദയവായി ഈ കഥ കേൾക്കണം.   എൻറെ അമ്മായിതാ വഴിതെറ്റിപ്പോകുന്നവരെ നേരെയാക്കുന്ന മഹത്തായ കഥ പറയുന്നു.  വരുവിൻ , കേൾക്കുവിൻ... വന്ന് നന്നാകുവിൻ!

രാത്രി വീടിന്റെ തിണ്ണയ്ക്ക് അമ്മയൊരു ഇരിപ്പിരിക്കുവാണ്.  കങ്കാരുവിന്റെ കുഞ്ഞിനെപ്പോലെ അമ്മയുടെ മടിയിലേക്ക് തലയും വച്ച് ഞാനും. അപ്പോൾ യന്ത്രചീപ്പുപോലെ അമ്മയുടെ വിരൽ ഏതോ കളഞ്ഞുപോയ സാധനം തപ്പാനെന്നമാതിരി എൻറെ തലമുടിയിൽ ഇഴഞ്ഞുനടക്കും.  ഈ ഇരിപ്പ് എന്നതിനാന്നാ നിങ്ങളുടെ വിചാരം?  അപ്പൻ ജോലികഴിഞ്ഞ് കൂപ്പിൽനിന്നും വരുന്നോന്ന് വയൽവരമ്പിലോട്ട് നോക്കിയിരിക്കുവാ അമ്മ.  ഞാനും ആഞ്ഞ കാത്തിരിപ്പാ. പുത്രസ്നേഹം കരകവിഞ്ഞൊഴുകിയൊന്നുമല്ല ആ ഇരിപ്പെന്നുമാത്രം.  പിന്നെയോ അപ്പൻ വരുമ്പോൾ ബാലൻപിള്ളയുടെ കടയിൽനിന്നും വാങ്ങിക്കൊണ്ടുവരുന്ന ബോണ്ട, മടക്ക്‌സാൻ, പരിപ്പുവട ഇത്യാദി പലഹാരങ്ങളോടുള്ള അദമ്യമായ കൊതിയാകുന്നു.

"അമ്മ കഥ പറ"

"ങാ... അങ്ങനെ, അങ്ങനെ ... ഒരിടത്ത് ഒരു മുടിയനായ പുത്രൻ ഉണ്ടായിരുന്നു"

"മുടിയനായ പുത്രൻ എന്ന് വച്ചാ എന്താ, ഒത്തിരി മുടിയുള്ള ആളായിരുന്നോ അമ്മേ"

"പോ ചെറുക്കാ... വേദപുസ്തകത്തിലെ യേശുതമ്പുരാൻ പറഞ്ഞ ഒരു കഥപറയുമ്പോൾ തർക്കുത്തരവും, വേണ്ടാതീനവും പറയുന്നോ?"  ഇതും പറഞ്ഞ് അമ്മ എൻറെ തലയ്ക്കിട്ട് ഒരു കൊട്ട് തന്നു.

"മുടിയനായ പുത്രൻറെ അപ്പന് രണ്ട് മക്കളായിരുന്നു.  അതിൽ ഇളയവനാണീ ചെറുക്കൻ. ഇവനാണേൽ പണ്ടേ തന്തേം തള്ളേം പറഞ്ഞാൽ കേൾക്കുന്ന സ്വഭാവക്കാരനല്ല.."

'കുഞ്ചിയമ്മക്കഞ്ചു മക്കളാണേ .. അഞ്ചാമനോമന കുഞ്ചുവാണേ ... ' സ്‌കൂളിൽ പഠിച്ച ആ പാട്ടാണെനിക്കപ്പോൾ  ഓർമവന്നത്.  എങ്കിലും അമ്മപറയുന്നത് കേട്ട് മൂളിക്കൊണ്ട് ഞാൻ സാകൂതം കിടന്നു.

"ഈ ഇളയച്ചെറുക്കൻ ഇച്ചിരി വലുതായപ്പോ ഒരുദിവസം അപ്പൻറെ നേരെചെന്നുനിന്ന് ഒരു ചോദ്യം. എന്തുവാ ചോദിച്ചതെന്നറിയാമോ?"

"എന്തുവാ?"  ഞാൻ തലയൊന്ന് പൊക്കി ചോദിച്ചു.  നമ്മുടെ കഥാനായകൻ അപ്പൻറെ മുന്നിൽ ചെന്ന് നെഞ്ചുവിരിച്ച് നിന്ന് ചോദിയ്ക്കാൻ തക്ക കാരണമൊന്നും എൻറെ പേട്ടുബുദ്ധിക്ക് തോന്നിയില്ല.

"ങാ... തന്തക്കുമുമ്പേ ഒണ്ടായ ആ സന്താനം ചോദിച്ചതെന്താന്നോ? അതും അവൻറെ അപ്പനോട്..."

അമ്മയൊന്ന് നെടുവീർപ്പിട്ടു.  എന്നിട്ട്  പാമ്പിൻറെ പൊത്തിൽ കയ്യിടുന്നപോലെ വായിലേക്ക് ചൂണ്ടുവിരൽ ഇട്ട് ചുരുട്ടി അകത്തേക്ക് നിക്ഷേപിച്ച മുറുക്കാൻ ഒന്ന് ലവലാക്കി. സൗണ്ട് മോഡുലേഷൻ ഒന്നുമാറ്റി തുടർന്നു.

"അവൻ പറയുവാ... 'അപ്പോ, എനിക്കപ്പനോട് ഒരു കാര്യം പറയാനുണ്ട്....' എന്ന്"

"ങ്ങും .." അമ്മയ്ക്ക് മുറുക്കാന്റെ സുഖം, എനിക്ക് കഥയുടെ സുഖം.  ഞാൻ മൂളി.

"പത്തുനൂറു വേലക്കാരൊക്കെയുള്ള കുടുംബമല്ലിയോ, അപ്പന് മൊട്ടേന്ന് വിരിയാത്ത ചെറുക്കന്റെ നിപ്പുകണ്ടപ്പം കാര്യം ഇച്ചിരി വശപ്പെശകാണെന്ന് തോന്നി.  വിവരമില്ലാത്ത ഈ ചെറുക്കൻ രാവിലെ വല്ല പൊക്കണംകേടും നാട്ടുകാര് കേൾക്കെ പറയുമോന്ന് പേടിച്ച് അയാൾ  ആ എന്തരവനെ മാറ്റിനിർത്തി കാര്യം ചോദിച്ചു.  അപ്പോ ദാണ്ടെ ആ വർഗ്ഗത്തുകെട്ടവൻ വെട്ടിത്തുറന്നങ്ങ്  പറയുവാ..."

"ആ ചെറുക്കൻ എന്തുവാ ചോദിച്ചതെന്നങ്ങ് പറയമ്മേ, ചുമ്മാ കഥ വലിച്ചുനീട്ടികൊണ്ട്  പോവാതെ"  എൻറെ നീരസം ഞാൻ ഒരു ചൊറിച്ചിലിൽ ഒതുക്കി.

"എൻറെ പോന്നപ്പോ...  എനിക്കുള്ള വീതമൊക്കെ ഇങ്ങെഴുതി തന്നേക്കെന്ന്.. രജിസ്ട്രാർ കച്ചേരിയിൽ എല്ലാം ഒപ്പിച്ചേച്ചാ വന്നേക്കുന്നതെന്ന് പോലും"

എൻറെ മണറുകാട്ടു മാതാവേ.. ഇത്തരം വേട്ടാവളിയൻമാർ പണ്ടും ഉണ്ടാരുന്നോ?  ഞാൻ സ്വയം ആലോചിച്ചു.  അപ്പോളാണ്  കഴിഞ്ഞദിവസം കവലയിൽ ഇസാക്കിന്റെ കടയിലിരുന്ന് ആരോപറഞ്ഞത്  എനിക്കോർമ്മ വന്നത്.  "അയൽപക്കത്തുള്ള കീവറീച്ചൻറെ ചെറുക്കൻ വീതം വേണം, വീതം വേണമെന്ന് പറഞ്ഞ് കീറിവിളിച്ച് അവസാനം അയാൾ വീതംവച്ച് പണ്ടാരമടക്കി, അവൻറെ കെട്ടിയവൾ തലയിണമന്ത്രക്കാരിയെയും  പൂഞ്ഞാണ്ടിപിള്ളാരേം കൊണ്ട് എങ്ങാണ്ട് പോയി താമസിച്ചേച്ച്  എന്തായെടാ ഉവ്വേ?  രണ്ടുമാസം കഴിഞ്ഞ്  എല്ലാംകൂടി മൂഞ്ചിക്കെട്ടി  തിരിച്ചിങ്ങ് വന്നില്ലേ?"    ഇനി അതുപോലെ വല്ല നാശകോടാലിയുമാണോ ഇതും? 

"നീ എന്തോന്നാലോചിച്ചോണ്ടിരിക്കുവാ? കഥ കേക്കുവാന്നോ?"

"ങ്ങാ... അമ്മ പറഞ്ഞുതുലയ്ക്ക്.  ചുമ്മാ ഒരുമാതിരി സസ്‌പെൻസും വെച്ചോണ്ടിരിക്കാതെ"  ഇസാക്കിന്റെകടയിൽനിന്നും ഞാൻ തിരിച്ചുവന്നു.

"ങാ.. അങ്ങനെ നമ്മുടെ ചെറുക്കൻ അപ്പനോട് വീതം ചോദിച്ചു.  അയാളെന്നേ ഒരയ്യോപൊത്തോ. കേട്ടപ്പോൾ അറ്റാക്കുവന്നപോലായില്ലിയോ?  ചെറുക്കനെ ഒന്ന് കോണദോഷിക്കാൻ നോക്കി. അവനുണ്ടോ കേക്കുന്നു? തറതട്ടേലങ്ങു നിക്കുവല്ലിയോ-എനിക്ക് വീതം വേണം, എനിക്ക് വീതം വേണം എന്നുംപറഞ്ഞോണ്ട്"

"എന്നിട്ട്?"

"എന്നിട്ടെന്തുവാ, അങ്ങേര് വീതമങ്ങ് വച്ചുകൊടുത്തു"

"ആന്നോ?" ഞാൻ കൗതുകം പൂണ്ടു. സംഭവം പെട്ടെന്ന് കഴിഞ്ഞു.  ഇന്നാപിടിച്ചോന്നു പറയുന്ന സമയംകൊണ്ട് സംഭവം ചെറുക്കന്റെ കീശേലായി (അന്ന് ഇന്നത്തെപ്പലെ സ്റ്റാമ്പ് പേപ്പറോ, ആധാരം എഴുത്തുകാരോ വാറ്റോ ജി.എസ്.റ്റി യോ ഒന്നുമില്ലാത്തതുകൊണ്ടാകും ഇത്ര സ്പീഡ്). 

"അങ്ങനെ ആ എമ്പോക്കി ഏതോ ദൂരദേശത്തേക്കെങ്ങാണ്ട് ഒരു പോക്കങ്ങ്‌പോയി"

"എങ്ങനാമ്മേ പോയോ? ട്രെയിൻ കേറിയെന്നോ?  എന്നിട്ടവൻ പോയി ബോംബെ അണ്ടർവേൾഡിൽ ചേർന്നോ"  എൻറെ സ്വാഭാവിക സംശയം പക്ഷേ അമ്മയ്ക്കിഷ്ടപെട്ടില്ല.

"പോ ചെറുക്കാ അവിടുന്ന്..  യേശുതമ്പുരാന്റെ കാലത്താന്നോ ട്രെയിനും അണ്ടർവെയറും..?  ആ പയ്യൻ ഏതാണ്ട് കഴുതേടെ പൊറത്തോ, കുതിരേടെ പൊറത്തോ ആയിരിക്കും പോയത്"

ഞാനാ രംഗം മനസ്സിൽ കണ്ടു.  അപ്പൻറെ സ്വത്ത് അടിച്ചോണ്ട് പോകുന്ന മുടിഞ്ഞപുത്രൻ.  ഇനി അവൻ പോയി വർഷങ്ങൾ കഴിഞ്ഞ് ഒരു റീ എൻട്രി ഉണ്ടാകും. നമ്മുടെ ലാലേട്ടൻ കയ്യൊക്കെ ചുരച്ച്കേറ്റി അടിപൊളി കൂളിംഗ് ഗ്ളാസുമൊക്കെ വച്ച് വരുന്നമാതിരി ഒരു വരവ്!  ഹോ! ഓർത്തപ്പോൾ രോമാഞ്ചം കൊള്ളുന്നു.!

"എന്നിട്ട് കഥ കഴിഞ്ഞോ അമ്മേ .?"

"എവിടെ?  ആ എമ്പോക്കി ആ പോക്കിൽ കയ്യിലിരുന്ന പൈസാ മുഴുവൻ കുടിച്ചു കൂത്താടി അങ്ങനേം ഇങ്ങനേം കൊണ്ടങ്ങ് കളഞ്ഞു.  കൂടെ കൂടിയവന്മാരൊക്കെ അവനേം വലിപ്പിച്ചിട്ടങ്ങ് പോവുകേം ചെയ്തു"

"എൻറെ ദൈവമേ!"  ഞാൻ അത്ഭുതം പൂണ്ടു.  അവൻറെ കാര്യം ഏതാണ്ട് അണ്ടികളഞ്ഞ അണ്ണാനെപ്പോലെയായല്ലോന്ന് എൻറെ നേരുബുദ്ധിക്ക് ചിന്തിച്ചുപോയി. അമ്മ കഥ തുടരുകയാണ്.

"അപ്പോളാണ് ആ നാട്ടിൽ ഒടുക്കത്തെ ക്ഷാമം വരുന്നേ. അവസാനം ആ എന്തിരവൻ പട്ടിണികിടന്ന് ഊപ്പാടുവന്നു.  ഏതോ റെക്കമെന്റേഷന്റെപുറത്ത് പന്നിയെ നോക്കാനുള്ള ജോലി അവന്  ആരോ ഒപ്പിച്ചങ്ങ് കൊടുത്തു.

"അയ്യോ പന്നിയെ നോക്കാനോ "

"ങാ... അവൻറെ കാശെല്ലാം കണ്ട എന്തിരവളുമാരും കൂട്ടുകാരും ഒക്കെ വലിപ്പിച്ചൊണ്ട് പോയില്ലേ? തിന്നാനും കുടിക്കാനും വല്ലോം വേണ്ടായോ?   ആ നാട്ടിലുള്ളവർക്കും ഇവൻറെ കൊണാധികാരം അറിയാം. ആരും വലിയ മൈൻഡ് ഒന്നും ചെയ്തില്ല.  അവസാനം വിശന്ന് അണ്ടംകീറി ഇവൻ എന്താ ചെയ്തെന്നറിയാമോ നിനക്ക്?"

"എന്താ ചെയ്തത്?" വീണ്ടും അമ്മയുടെ ഒടുക്കത്തെ സസ്പെൻസ്.  അമ്മയെ വല്ല ക്രൈം ത്രില്ലറും എഴുതാൻ വിട്ടാൽ മതിയായിരുന്നു.  ബാറ്റൺ ബോസിനെയും, കോട്ടയം പുഷ്പനാഥിനെയും വെല്ലുന്ന പറച്ചിലാ.

"ചെയ്തു... ത്ഫൂ... അവനതുതന്നെ വരണം"  വായിക്കിടന്ന മുറുക്കാൻ മുറ്റത്ത് ഒന്നുരണ്ട് കുതിരശക്തിയിൽ കുരവപ്പൂ മാതിരി തുപ്പി ദേഷ്യം തീർത്തിട്ട് അമ്മ എന്റെനേരേ ഒരു നോട്ടം നോക്കി.

"എന്നിട്ടെന്താ, പന്നിക്ക് കൊടുക്കാൻ വച്ചിരുന്ന തവിടും കാടിവെള്ളോം തിന്നും കുടിച്ചും കഴിയേണ്ടിവന്നു.  വിശന്നു കീറികിടക്കുവല്ലിയോ അവൻറെ കൊടല്? പിന്നെന്തോ ചെയ്യാനാ?"

അതിപ്പം എന്നാ ചെയ്യാനാ? അങ്ങ് തിന്നും. അല്ലാതെന്താ?  പശുവിന് കൊടുക്കാൻ ശിവൻറെ കടേന്ന് വാങ്ങിക്കൊണ്ടുവച്ചേക്കുന്ന കടലപ്പിണ്ണാക്കും, തേങ്ങാപ്പിണ്ണാക്കും ഞാൻ ആരുംകാണാതെ എത്രവട്ടം കട്ടെടുത്ത് തിന്നേക്കുന്നു?  (പുളിയരിപ്പൊടി എന്തോ, പണ്ടേ എനിക്കിഷ്ടമല്ല.  അത് തിന്നാഞ്ഞതും കാര്യമായിയെന്ന് പിൽക്കാലത്ത് എനിക്ക് ബോദ്ധ്യമായി. കാരണം എന്താ? പശുവിന് പാലുകൂടുതൽ ഒണ്ടാകാൻ കൊടുക്കുന്ന ഐറ്റം അല്ലിയോ അത്?!!) പക്ഷേ ഇവിടെ ഒരു വ്യതാസം ഉണ്ട്.  ഈ എരണംകെട്ടവൻ എന്റെപോലല്ലല്ലോ. പട്ടിണികിടന്ന് പന്തീരടിവന്നിരിക്കുവല്ലിയോ?  എൻറെ ചിന്ത പലയിടത്തും കേറിയങ്ങ് മേഞ്ഞു.  

അമ്മ മുറുക്കാൻ കുരവപ്പൂ ഒന്നുകൂടി മുറ്റത്തേക്കിട്ടു. എന്നിട്ട് തുടർന്നു.

"അങ്ങനെ പിണ്ണാക്ക് അണ്ണാക്കിൽ ചെന്നപ്പം ചെറുക്കന് വെളിവുവീണു.  അപ്പോ അവനോർത്തു. 'എൻറെ പൊന്നുദൈവമേ, എൻറെ അപ്പൻറെ വീട്ടിൽ എന്തോരം കൂലിപ്പണിക്കാർ ചിക്കനും, പോത്തും ഒക്കെ കഴിച്ച് വൈനും കുടിച്ച് ലാ ലാ പാടി നടക്കുന്നു.  ഞാനാണേൽ ഇവിടെ  തവിടും, കാടിവെള്ളോം കുടിച്ച്  പിരാന്തനെപ്പോലെ  കിടക്കുവാണല്ലോന്ന് ..."

അവന് അങ്ങനെ തന്നെ വേണം.  പൊക്കിപിടിച്ചോണ്ട് പോയതല്ലിയോ.  ഇനിയിപ്പം ലാലേട്ടൻറെ റീ-എൻട്രി പോലെ സ്റ്റൈലൻ വരവ് വരാനൊക്കില്ലല്ലോ.  ആ കിടപ്പിൽ  ആകാശത്തേക്ക് നോക്കിയപ്പോൾ എൻറെ നീതിബോധംമുണർന്നു. 

"അങ്ങനെ വെളിവുവീണപ്പോൾ  അവൻ ആലോചിച്ചു എന്നാപ്പിന്നെ അപ്പൻറെ അടുത്തേക്കങ്ങ് തിരിച്ച് പോയാലോന്ന് ?"

"എന്നിട്ടവൻ പോയോമ്മേ ..?"  എന്നിൽ കൗതുകം ഇരട്ടിച്ചു.

"പോയോന്ന് ?  അവൻറെ കീച്ചിപ്പാപ്പ പോകുമല്ലോ.  ഒടുക്കത്തെ പണീം ചെയ്ത് പിണ്ണാക്കും തിന്നു കിടക്കുന്നവൻ കാട്ടമിടത്തില്ലിയോ, കാട്ടം.." 

ഞാനാരംഗം മനസ്സിലൂടൊന്ന് ഓടിച്ചു.  നത്തുളുക്കിയപോലെ ആ മുടിഞ്ഞ മോൻറെ തിരിച്ചുപോക്ക്.  നല്ലൊരു സെന്റിമെന്റിനുള്ള സീനുണ്ട്.  അവന് ടെൻഷൻ, എനിക്കന്നേൽ  അവൻറെ ആ വലിച്ചുകെട്ടിയുള്ള ആ പോക്ക് ഓർത്തിട്ട് ചിരിയും വരുവാ.

"ആല്ലമ്മേ അവൻറെ അപ്പൻ ഈ മുടിയനായ പുത്രനെ സ്വീകരിക്കുമോ?"

"ഓ... അയാളൊരു അയ്യോപൊത്തോ അല്ലിയോ, അങ്ങേര്  ഈ തന്തക്കുപിറക്കാത്തവൻ പോയദിവസം തൊട്ട് കരഞ്ഞു കീറിയിരിക്കുവാരുന്നു.  അയാക്കറിയാം  ഇവൻ ഒരുദിവസം വലിച്ചുകെട്ടിയങ്ങ് വരുമെന്ന്.."

അതുകൊള്ളാം. അപ്പോ ചെറുക്കന്റെ തന്ത വർഗ്ഗത്തുള്ളവനാ.  ഇവിടുള്ളവരെപ്പോലെയല്ല.  ഇവിടെ ഒരുദിവസം പശുവിന് പുല്ലുപറിച്ചില്ലേൽ എന്തോ ലോകമഹായുദ്ധം പോലാ അപ്പനും അമ്മയ്ക്കും.  ഇങ്ങനെയുള്ള  മുടിഞ്ഞവന്മാർക്കാണല്ലോ ദൈവമേ നീ നല്ല ഒന്നാന്തരം തന്തേം, തള്ളേം കൊടുക്കുന്നെ, ഞങ്ങൾക്കാന്നേൽ ഒരുമാതിരി ഓഞ്ഞ മാതാപിതാക്കളേയും!  

"അങ്ങനെ ആ നാണംകെട്ടവൻ ദാണ്ടേ വന്നുനിൽക്കുന്നു അപ്പൻറെ മുന്നിൽ"

"എന്നിട്ട് അപ്പൻ എന്ത് പറഞ്ഞു?"

"എന്തോ ചെയ്യാനാ.. ഇവനാന്നേൽ കാഞ്ഞവിത്തല്ലിയോ, വരുന്ന വഴി അപ്പനെ മയക്കാൻ  ഒന്നുരണ്ട് വാക്കുകൾ അങ്ങ് കാണാതെ പഠിച്ചുവച്ചു"

"അതെന്തോന്നാ?"

"അതോ.... ചെല്ലുമ്പോ അടപടലേ അപ്പൻറെ കാലേൽ വീണ് ഒറ്റകരച്ചിൽ... 'എൻറെ പൊന്നപ്പച്ചോ, സ്വർഗത്തിനെതിരായും നിനക്കും മുമ്പിലും ഞാൻ പാപം ചെയ്തു...എന്നോടങ്ങ് പൊറുത്തേക്കണേന്ന് '   ദാണ്ടുകിടക്കുന്നു! മൂപ്പിലാൻ  അതിലങ്ങ് വീണുപോയി.  അയാളാണ്ടെടാ ചെറുക്കന് പുതിയ ഉടുപ്പും, സോപ്പും ചീപ്പും, ഭക്ഷണോം, എന്നുവേണ്ട ആഘോഷത്തോട് ആഘോഷം. 

ഞാനാ രംഗം മനസ്സിൽ കണ്ടു. ഹോ.. അവൻറെയൊരു യോഗം!  ഞാനെങ്ങാണം ഇതുപോലെ എവിടേലും പോയിട്ട് വന്നായിരുന്നേൽ അപ്പൻറെ കട്ടിലിനടുത്ത് വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറിയേനെ.

"അപ്പൊ കഥ കഴിഞ്ഞോ?" ഉത്സവം കഴഞ്ഞ് അമ്പലപ്പറമ്പിൽ നിന്നുപോകാൻ നിൽക്കുന്ന മൈക്കുസെറ്റുകാരെപ്പോലെ ഞാൻ ചോദിച്ചു.

"ങാ.. കഴിഞ്ഞു..  പക്ഷേ, മൂത്ത ചെറുക്കൻ വന്ന് ഇച്ചിരി ഇശാപോശാ ഉണ്ടാക്കാൻ നോക്കി.  തന്ത അവനെ അതുമിതും ഒക്കെ പറഞ്ഞങ്ങ് സമാധാനിപ്പിച്ചു"

അപ്പോൾ എനിക്കൊരു സംശയം (വെളുക്കും വരെ രാമായണം വായിച്ചിട്ട് സീത ഭീമസേനൻറെ ആരായിട്ടുവരും എന്നപോലെ)  "അമ്മേ, ഈ യേശുതമ്പുരാൻ ഈ കഥ പറഞ്ഞതെന്തിനാ?"

"എന്തിനാണെന്നോ? കൊള്ളാം, നിന്നെപ്പോലുള്ള പൂത്തക്കോടൻമാർ തന്തേം തള്ളേം പറയുന്നത് കേൾക്കാതെ തോന്നിയമാതിരി നടക്കരുതെന്ന്.  ഇനിയഥവാ പോയാൽത്തന്നെ കുണ്ടിക്ക് തട്ടുകിട്ടിയമാതിരി ഇതുപോലെ വന്നുനിൽക്കേണ്ടിവരുമെന്ന്, മനസ്സിലായോ?"

സത്യം പറഞ്ഞാൽ ഒളിച്ചോട്ടം, ലൗ ജിഹാദ്, വസ്തു വീതംചോദീര് തുടങ്ങിയ എല്ലാ കലാപരിപാടികളും എൻറെ മനസ്സീന്ന്  അന്ന് ആ നിമിഷം ഞാൻ പറിച്ചുകളഞ്ഞതാ. ശിഷ്ടകാലം അടങ്ങിയൊതുങ്ങി അങ്ങ് ജീവിച്ചേക്കാം എൻറെ വ്യാകുലമാതാവേ എന്ന് അമ്മയുടെ മടിയിലെ ആ കിടപ്പിൽ കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷിനിർത്തി ഞാൻ  ഭീഷ്മ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

അങ്ങനെ ഞാൻ അമർത്തിപ്പിടിച്ചുകിടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ വാതുക്കൽനിന്ന് പാടവരമ്പേത്തേക്ക് വീണ്ടും നീണ്ടു. എന്റെയും.

"ഓ അപ്പനിന്ന് വരത്തില്ലെന്നാ ചെറുക്കാ തോന്നുന്നേ. വാ, പോയിക്കിടക്കാം"

മുറുക്കാന്റെ അവസാന പതിരും,  മൊന്തയിൽ നിന്ന് വെള്ളമെടുത്ത്  വായിലൊഴിച്ച് തുപ്പിക്കളഞ്ഞ് അമ്മ എണീറ്റു.  അപ്പോൾ ഞാനെന്ന കങ്കാരുവിന്റെ കുഞ്ഞ് അമ്മയുടെ മടിയിൽനിന്നും പുറത്തുചാടിയിരുന്നു.  

പരിപ്പുവടേം, ബോണ്ടായും ഒന്നും ഇന്നിനി കിട്ടത്തില്ലല്ലോ എന്ന നിരാശയിൽ ഞാൻ പോയി കട്ടിലിൽ പുതപ്പിനടിയിൽ അഭയം പ്രാപിച്ചു.  എന്നിട്ട് അമ്മയുടെ കഥയുടെ ഹാങ്ങോവർ മാറാതെ സ്വയം പറഞ്ഞു. 

"അപ്പോ വേഗം വാ.. ഈ മുടിയനല്ലാത്ത പുത്രന് ബോണ്ടയുംകൊണ്ട്"

കുറിപ്പ്:
അവലംബം-ബൈബിളിലെ മുടിയനായ പുത്രൻറെ കഥ (ലൂക്കോസ് 15 : 11-32)

No comments:

Post a Comment