Thursday, April 21, 2016

എയർപോർട്ടു മുതൽ യൂണിയൻ വരെ

ദുബായ് മെട്രോ- എയർപോർട്ട് ടെർമിനൽ-01 സ്റ്റേഷൻ

എല്ലാ വഴികളും ദുബായിലേക്ക്.  ടെർമിനൽ ഒന്നിലെ മെട്രോസ്റ്റേഷനിൽ നിന്ന് ഞാൻ ദൂരേക്ക്‌ നോക്കി.  ഒന്നിനുപുറകെ ഒന്നായി നഗരത്തിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങൾ.  അന്ധകാരത്തിൽ നഗരം തിളങ്ങുകയാണ്.  തലയുയർത്തി നിൽക്കുന്ന ടവറുകൾ, ഹോട്ടലുകൾ. എങ്ങും ആൾതിരക്ക് മാത്രം.  ആൾ തിരക്കല്ലാതെ വേറൊന്നും കാണുന്നില്ല.   എൻറെ മുന്നിൽ വിശ്രമം എന്തെന്നറിയാത്ത ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ.

"പപ്പാ.. ദേ, ട്രെയിൻ !!"

മകൾ എൻറെ കയ്യിൽ പിടിച്ച് തുള്ളിച്ചാടി.  അറബിയിലും, ഇംഗ്ലീഷിലും അനൗൺസ്മെന്റ് മുഴങ്ങി.  ഞങ്ങൾ അകത്തേക്ക് ഇടിച്ചു കയറി.  ഡ്രൈവർ ഇല്ലാതെ, തലയേതാ, വാലേതാന്നറിയാൻ കഴിയാത്ത ഒരട്ടയെപ്പോലെ ട്രെയിൻ വന്നു നിന്നു.

ട്രെയിന്റെ ആകാശ നീലിമക്കുള്ളിലേക്ക്  കയറി.  സീറ്റിലിരുന്ന ഫിലിപ്പിനിപയ്യൻ മകളെക്കണ്ട് അവൾക്കായി എണീറ്റുകൊടുത്തു.  ഞാൻ അയാളെ നന്ദിയോടെ ഒന്ന് ചിരിച്ചുകാണിക്കാൻ ശ്രെമിച്ചു. എന്നാൽ എതിർവശത്തിരുന്ന ഗേൾഫ്രെണ്ട് അയാളെ ശകാരിക്കുന്നത് കേട്ടപ്പോൾ എൻറെ ചിരി എവിടെയോ മാഞ്ഞുപോയി.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് ജിജികോ " ആൺ ശബ്ദത്തിൽ അനൗൺസ്മെന്റ് മുഴങ്ങി.  പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാൻ വെമ്പി നിൽക്കുന്നവർ തിക്കി തിരക്കി ഇറങ്ങാൻ റെഡിയായി.

ട്രെയിൻ ബ്രേക്കിട്ടു.

ജിജികോ മുതൽ ദെറാസിറ്റി സെന്റെർ വരെ
ട്രെയിന് വേഗത കൂടി.  ഏതോ പാകിസ്ഥാനിയുടെ മൊബൈലിൽ അദാൻ വിളി മുഴങ്ങി.  ഇഷാഹ്  നമസ്കാരം.

കയറ്റം. ഇറക്കം. ട്രെയിൻ മുന്നോട്ടാഞ്ഞു.  ഒപ്പം യാത്രക്കാരും.  മകൾ എൻറെ  മൊബൈലിൽ ഏതോ ഗയിം കളിക്കുകയാണ്.  ഇടക്കിടെ അവൾ എന്നെ കണ്ണിറുക്കി നോക്കുന്നുണ്ട്.   അമ്മയില്ലാതെ അച്ഛൻറെ കൂടെ യാത്ര ചെയ്യുന്നതിൻറെ അസ്വസ്ഥത അവൾക്കുണ്ടായിരിക്കാം.

കാതിൽ പല്ലിചിലക്കുന്ന പോലെ ഒരു ശബ്ദം കേട്ട്  ഞാൻ തിരിഞ്ഞു നോക്കി.  ട്രെയിനിന്റെ വാതിലിനടുത്ത് രണ്ടിണക്കുരുവികൾ.  കാമുകനും, കാമുകിയുമോ? അതോ ബോയ്‌ഫ്രെണ്ട് ഗേൾഫ്രെണ്ടോ? എന്തായാലും ഭാര്യാ ഭർത്താക്കൻമാർ അല്ല. കൌമാരം കഴിഞ്ഞിട്ടേയുണ്ടാകുകയുള്ളൂ.  പല്ലിചിലച്ച ശബ്ദം അവൾ അവന് ഒരു ചുംബനം നൽകിയതാണ്.  ഈശ്വരാ... ഇതുങ്ങൾ എന്തു ഭാവിച്ചാണ്?  ഞാൻ കൌതുകത്തോടെ നോക്കി.

പെണ്ണിൻറെ കരങ്ങൾ അവൻറെ മുഖത്തുകൂടി ഒഴുകി നടക്കുന്നു.  അവളുടെ മുഖഭാവം അവർണ്ണനീയം.  വീർത്ത്, വീർത്ത് പൊട്ടാൻ  വെമ്പി നിൽക്കുന്ന ബലൂൺ പോലെ എന്തോ ഒന്ന് അവളുടെ മുഖത്ത് തെറിച്ചു നിൽക്കുന്നു.  അവൻറെ കവിളിൽ അവൾ പിടിച്ചു വലിച്ചു.  തലമുടിയിൽ തലോടി,  ചുണ്ടിൽ വിരലുകൾ പരതി.  ഏന്തിവലിഞ്ഞു നിന്ന് അവൻറെ നെറ്റിക്ക് അവളൊരു ഉമ്മ നൽകി.  ഒരിക്കൽക്കൂടി പല്ലിചിലക്കുന്ന ശബ്ദം.

കാമുകി തഴുകി ഉണർത്തുമ്പോൾ അവൻ വെറുതെയിരിക്കുമോ? അവൻ അവളെ ചേർത്തണച്ചു.  അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.  അവളുടെ പുറത്തുകൂടി അവൻറെ സ്നേഹ തലോടൽ അനസ്യൂതം.... ഹോ! ഞാൻ ഒരു കവിയായിരുന്നെങ്കിൽ?!  ഇപ്പോളൊരു പ്രണയകാവ്യം ഇവിടെ പിറന്നുവീണേനെ....

"നെക്സ്റ്റ് സ്റ്റേഷൻ ഈസ്  ദെറാ സിറ്റിസെന്റെർ"  പുരുഷ ശബ്ദത്തിൽ അറിയിപ്പ്. ഇണക്കുരുവികൾ ഒന്നും കേൾക്കുന്നില്ല ... ഒന്നും കാണുന്നുമില്ല. അവർ തമ്മിൽതമ്മിൽ മാത്രമേ കാണുന്നുള്ളൂ.  ഫിലിപ്പിനിപെണ്ണ് ബോയ്‌ ഫ്രെണ്ടിനോട് ഉറക്കത്തിൽ പേടികിട്ടിയപോലെ  എന്തോ പറയുന്നു. ചിരിക്കുന്നു.

ട്രെയിൻ നിന്നു.  ആളിറങ്ങി... ആൾകയറി.  ഒപ്പം തിരക്കും കൂടി.

ദെറാ സിറ്റിസെന്റെർ മുതൽ അൽ റിഗ്ഗ വരെ
"പപ്പാ... ആ ആന്റി എന്തിനാ അങ്കിളിനെ ഇത്ര കിസ്സ്‌ ചെയ്യുന്നെ?!"
മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന മകൾ എന്നോടീചോദ്യം ചോദിച്ചത് ഉറക്കെയായിരുന്നു.  അല്ലേലും ഈ കൊച്ചു കുട്ടികൾക്ക് വേണ്ടാത്തത് കാണാനും, ചോദിക്കാനും വലിയ മിടുക്കാണ്.  'സൈലെൻസ്...' ഞാൻ ആഗ്യം കാണിച്ചു. കണ്ണുരുട്ടി.  എന്നാൽ അവൾ വിടാൻ ഭാവം ഇല്ല, അതേ ചോദ്യം ഒരിക്കൽ കൂടി ചോദിച്ചപ്പോൾ ഉത്തരം പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അവർ ബ്രദർ സിസ്റർ ആണ്.... നോക്ക് അവർ തമ്മിൽ എന്തുസ്നേഹം ആണെന്നു?... പപ്പയും അമ്മയും നിനക്ക് ഉമ്മ തരില്ലേ.. അതുപോലെ..."

എൻറെ മറുപടി അവൾ വിശ്വസിച്ചു എന്ന് ഞാൻ വിശ്വസിച്ചു.  അടുത്ത സ്റ്റേഷൻ കൂടി എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.  ഡ്രൈവർ ഇല്ലാത്ത ട്രെയിൻ എത്ര പതുക്കെയാണ് പോകുന്നത് എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.  വീണ്ടും പല്ലി ചിലക്കുന്നു.   ഇപ്പോൾ പ്രണയപരവശൻ അവൻ ആണ്.  അവളുടെ മുഖത്തും, കഴുത്തിലും, കൈകളിലും തഴുകുന്നു.

തൊട്ടടുത്ത്‌ നിന്ന നൈജീരിയാക്കാരൻ എന്നെ നോക്കിയൊന്ന് ചിരിച്ചു.  ഫിലിപ്പിനി പെണ്ണുങ്ങൾ പരസ്പരം ചിരിക്കുന്നു.  തൊട്ടടുത്തുള്ള സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ നിന്നും കൌതുകം നിറഞ്ഞ കണ്ണുകൾ തുറിച്ചുനോക്കുന്നു. ചിലർ അമർഷം കടിച്ചമർത്തി. ഒരു പാലസ്തീനി കൂട്ടുകാരനോട് ദേഷ്യത്തിൽ അറബിയിൽ  എന്തോ പറഞ്ഞു.  ഭാഗ്യം.... പത്തു വർഷം അറബിനാട്ടിൽ ജോലി ചെയ്തിട്ടും ഞാൻ അറബി പഠിച്ചിട്ടില്ല!

ചുറ്റിലും വിവിധ വികാരങ്ങൾ. എന്നാൽ  നമ്മുടെ നായകനും നായികയ്ക്കും ഒരേയൊരു വികാരം.

ടിക്കറ്റ്‌ എടുത്തു  അഡൾസ് ഒൺലി സിനിമയ്ക്ക് കയറിയ പോലെയായിപ്പോയി!

നെക്സ്റ്റ് സ്റ്റെഷൻ ഈസ് അൽ റിഗ്ഗ....പബ്ലിക് അഡ്രസ്‌ സിസ്റ്റം മുഴങ്ങി.

അൽ റിഗ്ഗ മുതൽ യൂണിയൻ വരെ
പ്രേമത്തിനാണോ, കാമത്തിനാണൊ കണ്ണില്ലാതതു എന്നെനിക്കറിയില്ല. കൊക്കുരുമ്മി നിൽക്കുന്ന ഇണക്കുരുവികളെ പിടിച്ച് രണ്ട് പൊട്ടിക്കാൻ സത്യമായും എനിക്ക് തോന്നിപ്പോയി.  വല്ല ഇരുട്ടിന്റെ മറവിലോ, എകാന്തയിലോ പോയി ഇതുങ്ങൾക്ക് സ്നേഹം പ്രകടിപ്പിച്ചു കൂടെ?  അതിനു പകരം പബ്ലിക്കായി....ട്രെയിനിനുള്ളിൽ ?   ചെന്ന് രണ്ടു പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. എന്നെ അതിനു പ്രേരിപ്പിച്ചത് മകളുടെ കൌതുകത്തോടെയുള്ള നോട്ടം മാത്രമായിരുന്നു. വേണ്ട. സദാചാരപോലീസ് ഒക്കെ അങ്ങ് നാട്ടിൽ .. ഇവിടെ വേണ്ട.  ഞാൻ പിന്തിരിഞ്ഞു.

അവർ തമ്മിൽ സംസാരിക്കുന്നത് ഹിന്ദിയാണ്‌!

അവൾ വീണ്ടും അവൻറെ കവിളിൽ പിടിച്ച് വലിക്കുക്കുന്നു.  അവൻ തിരിച്ചും.  ഒരു ബോളിവുഡ് സിനിമ കാണുന്ന പ്രതീതി.  കഹോന പ്യാർ ഹേ... ദിൽ വാലെ ദുൽഹാനിയ ലേ ജായേംഗേ..  റ്റൈറ്റാനിക് ... ഷാരൂഖ്‌ ഖാനും-കാജലും,  ഹൃദിക് റോഷനും-അമീഷാ പട്ടേലും,  ലിയനാർഡോ കാപ്രിയോ-കേറ്റ് വിൻസ് ലെറ്റ്‌ ഒക്കെ ഒരുനിമിഷം മുന്നിൽ അവതരിച്ച പോലെ തോന്നി.

എൻറെ ആർ.ടി.എ  ഭഗവാനെ.... ഇതുങ്ങളെ വന്ന് ഒന്നു പിടിച്ചോണ്ട് പോണേ... ഞാൻ മാത്രമല്ല കണ്ടുനിന്നവരും ഇത് തന്നെ പറഞ്ഞിട്ടുണ്ടാകും.

ഇടയ്ക്ക് ആ കാമുകൻറെ കണ്ണ് എൻറെ കണ്ണിൽ ഒന്നുടക്കി.  എന്നിലെ ദുർവ്വസ്വാവിനെ കണ്ടിട്ടാകണം, പെട്ടെന്ന് അവൻ കണ്ണ് വെട്ടിച്ചു കളഞ്ഞു. അപ്പോഴേക്കും അവൾ അവനിൽ പടർന്നു കയറാൻ തുടങ്ങി. അണയാൻ പോകുന്ന തിരി ആളിക്കത്തുന്നത് പോലെ ചുംബനമേള തുടങ്ങി. ഓരോ ചുംബനവും ഒരൊന്നന്നര വീതം കാണും.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് യൂണിയൻ ...."

ഞാൻ മകളെ ആഗ്യം കാട്ടി വിളിച്ചു. അവൾ വന്ന് എന്നോട് പറ്റിച്ചേർന്നു. എങ്കിലും അവളുടെ കണ്ണുകൾ  ആ ബ്രദർ-സിസ്റ്ററിൽ  ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.  അവളെ മാത്രം എന്തിനാ കുറ്റം പറയുന്നെ. എല്ലാവരും ആ ഇണക്കുരുവികളെ  തന്നെ ഉറ്റുനോക്കുകയാണ്.

യൂണിയൻ സ്റ്റേഷൻ അടുക്കുന്നു.  ടണലിലൂടെ ട്രെയിൻറെ വേഗത കുറഞ്ഞു വരുന്നു.

എന്നന്നേക്കുമായി പിരിയുംപോലെ കാമുകനും, കാമുകിയും കൊക്കുരുമ്മി നിൽക്കുകയാണ്.  അവൾ ഇപ്പോൾ അവനെ കടിച്ചു പറിക്കും എന്നു തോന്നുന്നു. അവൻറെ കൈകൾ  അവളെ തഴുകി കൊണ്ടേയിരുന്നു.

ട്രെയിൻ യൂണിയൻ മൊട്രോ സ്റ്റേഷനിൽ നിന്നു .

ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നു. മലവെള്ള പാച്ചിൽ പോലെ ആൾകൂട്ടം ഒഴുകുന്നു. ഞാൻ മകളെ അമർത്തി പിടിച്ച് പുറത്തിറങ്ങി.   എൻറെ മുന്നിൽ കാമുകി ഇറങ്ങി. ഒരു നല്ല ചൂരൽ എടുത്ത് അവളുടെ ചന്തിക്ക് ഒരു പെടപെടക്കാൻ കൈകൾ തരിച്ചു.

"പപ്പാ... സിസ്റ്ററുടെ കൂടെ എന്താ ബ്രദർ ഇറങ്ങാത്തെ?.."

ദേ കിടക്കുന്നു! കൊച്ചു പിള്ളാരുടെ ഓരോ സംശയങ്ങൾ ?!

"ആ... എനിക്കറിയില്ല... നീ വാ.." ഞാൻ അവളുടെ കൈകൾ വലിച്ചു നടന്നു. എന്നാൽ ഞാൻ സഡൻ ബ്രേക്കിട്ട പോലെ ഒന്ന് നിന്നു .  മുന്നിൽ  ഒരു പോലീസുകാരൻ!  ഒപ്പം ഒരു വനിതാ പോലീസും കറുത്ത കോട്ടിട്ട ഒരു ആർ.ടി.എ  സ്റ്റാഫും ഉണ്ട്.  പോലീസ് കാമുകിയെ തടഞ്ഞു നിറുത്തി എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി. അവളുടെ എമിറേ റ്റ്സ്  ഐഡി വാങ്ങി നോക്കുന്നു.  പോലീസുകാരൻ ട്രെയിനിൽ നിന്ന കാമുകനെ കൈ കാട്ടി വിളിച്ചു.  അവൻ മടിച്ച്, മടിച്ച് പുറത്തിറങ്ങി.  പോലീസ് ഇംഗ്ലീഷിലും,  ആർ.ടി.എ സ്റ്റാഫ് ഹിന്ദിയിലും അവരോട് സംസാരിക്കുന്നു.

അനുൺസ്മെന്റ് മുഴങ്ങി.  ട്രെയിൻ അകന്നുപോയി.

അധികം നേരം വീണ്ടും നിൽക്കാൻ തോന്നിയില്ല. റെഡ് ലൈൻ പ്ലാടുഫോമിൽ നിന്നും ഞാൻ ഗ്രീൻ ലൈൻ പ്ലാട്ഫോമിലെക്ക് നടന്നു.  ആ നടത്തയിൽ കാമുകനെയും കാമുകിയെയും പോലീസ് തൂക്കിയെടുത്തു കൊണ്ട് പോകുന്നതും കണ്ടു.  ചിലർ ചിരിച്ചു... ചിലർ കൌതുകത്തോടെ നോക്കി. അത്രമാത്രം.

"ആർ.ടി.എ മിനിമം ഇരുനൂറ്റി പത്തുവീതം എങ്കിലും ഫൈൻ  കൊടുക്കും..". ഒരു നോർത്ത് ഇന്ത്യാക്കാരൻ  പിറുപിറു ത്തുകൊണ്ട് നടന്നു.

കുറിപ്പ്:
നാടോടുമ്പോൾ നടുകെ ഓടണം.  പാമ്പിനെ തിന്നുന്നിടത്ത് ചെന്നാൽ നടുത്തുണ്ടം തിന്നണം. പക്ഷെ അതിനു മുമ്പ് നിൽക്കുന്നത് എവിടെയാണെന്നും, ആ രാജ്യത്തിൻറെ സംസ്കാരം എന്താണെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പരിസരം നോക്കാതെ വികാരങ്ങൾക്ക് അടിമപ്പെടരുത്.  നാട്ടുകാരുടെ മുന്നിൽ പ്രേമത്തെ വ്യഭിച്ചരിക്കരുത്. നിയമങ്ങൾക്കും, സാമൂഹിക സങ്കൽപങ്ങൾക്കും  അതീതരാണെന്ന അമിത ആത്മ വിശ്വാസം അപകടം.

മാംസനിബദ്ധമല്ല അനുരാഗം...
---------------------------------------------------------------
RTA - Roads & Transport Authority (Dubai)
Red Line & Green Line - Two different lines in Dubai Metro

No comments:

Post a Comment