Saturday, April 20, 2013

A,S,D,F അഥവാ ടൈപ്റൈറ്റിംഗ്

ഒരിക്കൽ ഓഫീസ് ജോലിക്കിടയിലെ തീഷ്ണതയിൽ വെന്തുരുകുമ്പോൾ സഹ ജോലിക്കാരി ആശ എന്തിനോ  മുന്നിൽ വന്നു. ഒരു സെക്രട്ടറി യുടെ പാരവശ്യം ഉള്ളിലൊതുക്കി എന്റെ രണ്ടു വിടർന്ന  കണ്ണുകൾ കമ്പ്യുട്ടറിന്റെ മോണിട്ടറിലും പത്തു വിരലുകൾ  HPകീബോർഡിലും പാഞ്ഞു നടക്കുകയാണ്.

ഞാൻ അതിവേഗത്തിൽ കീബോർഡിൽ  നോക്കാതെ ടൈപ്പ് ചെയ്യുന്ന റിതം 1  കണ്ടിട്ട് ആശക്കൊരു  ശങ്ക. ഇത് എങ്ങിനെ ചെയ്യുന്നു? തെറ്റില്ലാതെ നോക്കാതെ ... എങ്ങിനെ?

ആ പെണ്‍കുട്ടിയുടെ ആശങ്ക എന്നെ ദാശാബ്ദങ്ങളി ലേക്ക് പിറകോട്ടു കൊണ്ടുപോയി . എൻറെ ഗ്രാമത്തിലേക്ക് ...  വീണ്ടും എന്റെ പച്ചപ്പിലേക്ക് ...  പാത്തും പതുങ്ങിയും ഞാൻ എന്റെ മനസ്സ് ഇടക്കിടെ ജാരനെപ്പോലെ ചെന്നു കയറാറുള്ള കുളിരിലേക്ക് ...



ഇനിയെനിക്ക് കാര്യങ്ങൾ അത്ര സീരിയസ്സായി വർണിക്കാൻ പറ്റില്ല . ചുണ്ടത്ത് പുഞ്ചിരി ഉരുണ്ടുകൂടുമ്പോൾ അത് തൂലികയിലേക്ക് പ്രതിഫലിക്കുന്നത് തികച്ചും സ്വാഭാവികം.

പടുമഴയത്ത്  വലിഞ്ഞു കയറി വന്ന ഒരു നീർക്കോലി പോലെ യായിരുന്നു എന്റെ ടൈപ്പ് റൈറ്റിംഗ് പഠിത്തം. അതങ്ങനെ മഴവെള്ളത്തിലൂടെ പൊങ്ങിയും, താണും നടക്കും. ഇടക്കിടെ ഒരു കടി  കൊടുത്ത് ഏതെങ്കിലും പാവത്തി ന്റെ  അത്താഴവും മുടക്കും!

ആരോ പണ്ട് ചെയ്ത സുകൃതംപോലെപത്താംക്ലാസ്പാസ്സായിക്കഴിഞ്ഞപ്പോൾ  അപ്പൻ കല്ലേൽ പിളർക്കുന്ന ഒരു കല്പന പുറപ്പെടുവിച്ചു . "വടക്കേ സ്കൂളിൽ, പഠിച്ചു  കഴിഞ്ഞാൽ ഉടനെ ജോലി കിട്ടുന്ന എന്തോ ഒരു പഠിത്തം വരുന്നെന്ന് .... ഇവനെ അവിടെത്തന്നെ ചേർത്താൽ മതി "

എന്റെ Pre-degree എന്ന സ്വപ്നം അതോടെ കൊഴിഞ്ഞു വീണു . തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം എന്ന് മലയാളത്തിലും  Vocational Higher Secondary (VHSE) എന്ന് മലയാളം അറിയാത്തവരും വിളിച്ചിരുന്നതായ ഒരു സംഭവം . പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലി! എന്നാൽ പിന്നെ ചെറുക്കനെ ഒന്ന് വിട്ട് ജോലി വാങ്ങി ക്കൊടുത്തിട്ടു തന്നെ കാര്യം !! അപ്പനെ കുറ്റം പറയാനൊക്കുമോ?

ഈ VHSE-ക്കകത്ത്  പ്രാക്ടിക്കൽ എന്നൊരു ഏർപ്പാടുണ്ട്‌ . അതിൽ കണ്ണിൽ കണ്ടതും, ഇതുവരെ കേൾക്കാത്തതുമായ സകലമാന അണ്ടകടാഹങ്ങളും പഠിക്കണം. ഇലക്ട്രോണിക്സ് ടൈപ്റൈറ്റർ, സക്ലൊസ്റ്റൈൽ മെഷീൻ, മലയാളം ടൈപ്പ്റൈറ്റിംഗ്, ഇംഗ്ലീഷ് ടൈപ് റൈറ്റിംഗ്, മലയാളം ഷോർട്ട് ഹാൻഡ്‌, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ്‌ എന്നുവേണ്ട Pittman, Arul System, A,S,D,F,  പ . ബ . റ്റ . ഡ . , P B T D  ഒക്കെ2 പഠിച്ച് പാവം വിദ്യാർഥികൾ ഒരു പരുവമായി . ഈ കോഴ്സ് കണ്ടു പിടിച്ചവരെ തന്തക്കു വിളിച്ചും, ഇതിന് എന്നെ ചേർത്ത  വീട്ടുകാരെ പ്രാകിയും പോയ നിമിഷങ്ങൾ .

ഇംഗ്ലീഷ് ടൈപ്റൈറ്റിംലേക്ക് വരാം.  VHSE- ക്കിടയിലെ പലതരം കലപിലക്കിടയിൽ  ഉണ്ടായിരുന്ന ഒന്നായിരുന്നല്ലോ ഇത്. ഇതു പഠിക്കാൻ സ്കൂളിൽ മെഷീൻ ഇല്ലാത്തതിനാൽ ഞാൻ മറ്റു കുട്ടികൾക്കൊപ്പം അടുത്തുള്ള  National Commercial Institute- ൽ ചേർന്നു .

പുത്തനച്ചി പുരപ്പുറം തൂക്കും.  ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ  പഠിത്തത്തിന്റെ  ഉഷാർ ഒക്കെ മാറി. Henry Mill- ന്റെ 3 കാലത്തെ എന്ന് തോന്നിക്കുന്ന ഒരു Remington മെഷീൻ .  അതിന്റെ കീബോർഡി നിടയിൽ  ചെറുവിരൽ കയറിപ്പോകുന്നത് എനിക്ക് എന്നും ഒരു പ്രശ്നമായിരുന്നു.  Godrej പുതിയ മെഷീനിൽ  തലമൂത്ത ചേച്ചിമാർ ഒക്കെ ടൈപ്പ് ചെയ്യുന്നത് കാണുമ്പോൾ  കുശുമ്പും, ദേഷ്യവും നുരഞ്ഞു കയറും. എന്ത് ചെയ്യാം .... ? ഞങ്ങൾ പാവം തുടക്കക്കാർക്ക്  കീ ബോർഡ് ഇളകിയ Remington.

പഠിപ്പിക്കുന്ന മദ്ധ്യവയസ്കനായ സാർ  ഇച്ചിരി പഞ്ചാരയാണ് . പെമ്പിള്ളാരെ  മാത്രം വിരൽ, കൈ ഒക്കെ പിടിച്ച് കീ ബോർഡിൽ വച്ച് പഠിപ്പിക്കും . അവരുടെ അടുത്തൊക്കെ വട്ടം ചുറ്റി നടന്ന് സാർ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ ചില നേരത്തെങ്കിലും അന്ന് ഓർത്തു പോയിട്ടുണ്ട് "ഒരു പെണ്ണായിജനിച്ചിരുന്നെങ്കിൽ " !!

 VHSE കഴിഞ്ഞപ്പോഴും ടൈപ്റൈറ്റിംഗ്  ഒരു ബാലികേറാമല ആയിരുന്നു. ആ മലയുടെ ചുവട്ടിൽ നിന്ന് കയറാൻ പറ്റാതെ ഞാൻ  അങ്ങ് ഓടിക്കളഞ്ഞു! "ഫൂ... അല്ലപിന്നെ!!"

വർഷങ്ങളുടെ  രണ്ടു പേജുകൾ പുറകോട്ടു പോയി. ഞാനിപ്പോൾ ബിരുദം എന്ന റിയാലിറ്റിഷോയിലാണ്. മാർക്കിടാൻ  അങ്ങ് കോട്ടയത്ത് പ്രിയദർശിനി ഹില്ലിൽ ഇരിക്കുന്ന അണ്ണന്മാരും. ഉച്ചവരെ ക്ലാസ്. അതുകഴിഞ്ഞാൽ വായന, വായിനോട്ടം,  പിന്നെ കായിക വിനോദം - ക്രിക്കറ്റ്.  അതിനിടക്ക് ഒരു ബിനുവിനെ കണ്ടുമുട്ടി. ആ ധൂമകേതു ഗ്രാമത്തിലെ Sarala Institute of Commerce -ൽ ചേരുവാൻ തീരുമാനിച്ചു. അവന് ഒരു കൂട്ടുവേണം. അതിന് എന്റെ പുറകെ നടക്കാൻ തുടങ്ങി. അവൻ അവിടെ ചേരാൻ തീരുമാനിച്ച തിനുപിന്നിൽ ഒരു വലിയ യുക്തി ഉണ്ടായിരുന്നു.

ഒരു കാലത്ത് പത്താം ക്ലാസ് കഴിഞ്ഞതും, വെറുതെ നില്ക്കുന്നതും, Pre-degree തോറ്റതുമായ ഗ്രാമീണ പെണ്‍കൊടികൾ കല്യാണം വരെയുള്ള കാത്തിരിപ്പിനിടയിൽ ഏക  ആശ്രയ സ്ഥാനമായിരുന്നു ഈ ഇന്സ്ടിട്യുട്ടുകൾ  അവരായിരുന്നു ഈ കളരികളുടെ ആശ്രയവും  വരുമാന സ്രോതസ്സും. അങ്ങനെ  വളകിലുക്കം നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം ആയിരുന്നു ബിനുവിന്റെ ആകർഷണം.   ഇവന് തരുണീമണികൾക്കിടയിലെ കള്ളകണ്ണനാകണം എന്നതാണ് ഉദ്ദേശം എന്ന് പിന്നിടാണ് എനിക്ക് മനസ്സിലായത്‌ .

എന്തായാലും രണ്ടും മുറക്ക് നടന്നു  - എന്റെ ടൈപിങ്ങും  അവന്റെ കൊഞ്ചി ക്കുഴയലും, കത്തുകൊടുപ്പും ഒക്കെ. പഠിപ്പി ക്കുന്ന ടീച്ചർ ഉച്ചക്ക് പോയാൽ വൈകിട്ടെ വരൂ. വൈദ്യൻ ഇച്ചിച്ചതും രോഗി കല്പിച്ചതും വളകിലുക്കം !

ഞാൻ പലതരം മഷീനുകൾ കയറി ഇറങ്ങി. Remington, Ovlivetti, IBM, Godrej 4  ഞാൻ വിവിധ മെഷീനുകളെയും എന്റെ സുഹൃത്ത് പെണ്‍പിള്ളേരെയും സ്നേഹിച്ചു കൊണ്ടിരുന്നു. അന്ന് അച്ചുകൾ മെഷീന്റെ  സിലണ്ട റിൽ ശക്തമായി ചെന്ന് വീഴുമ്പോൾ ഞാൻ ഒന്നു മനസ്സിലാക്കി. നിശബ്ദമായി, മൂകമായി തല കുമ്പിട്ടു നടക്കുന്ന ഈ സുന്ദരികളിൽ പലതും കാന്താരികൾ ആണ്! ഇത് എന്റെ കണ്മുമ്പിൽ കാണുന്ന സത്യം!!

ചിലപ്പോൾ എനിക്ക് ബിനുവിനോട് വെറുപ്പ്‌ തോന്നും.  മാസാമാസം ഫീസും കൊടുത്തേച്ച് വന്നു കൊഞ്ചിക്കുഴയുന്നു!? എന്നാൽ അവന്റെ ചിന്താഗതി "നിനക്കിതൊന്നും പറഞ്ഞിട്ടില്ലെടാ .. " എന്നായിരുന്നു. ചിലപ്പോളെങ്കിലും ഈ കൊഞ്ചി ക്കുഴയലുകൾ കണ്ട് എന്റെ മനസ്സിൽ ഒരു മന്ദസ്മിതം പോട്ടിവിടരും . ഹോ! ഈ കാന്താരിക ളുടെ  ഒരു കാര്യം?

ഈ ലീലാ വിലാസങ്ങൾക്കിടയിൽ ഞാൻ 60 WPM 5 സ്പീഡ് ആയി (എന്നുവച്ചാൽ  High Speed). മിഴിയങ്ങും, കരമിങ്ങും. ഒരു വാശിപോലെ ഞാൻ ടൈപിംഗ് സിലിണ്ടർ അടിച്ചു തകർത്തു കൊണ്ടിരുന്നു . 

ഒരു വർഷം.  പെണ്‍കുട്ടികൾ പലതും ക്ലാസ് നിർത്തി  (എന്നുവച്ചാൽ കല്യാണം കഴിച്ച്) പോവുകയും, പുതിയ കാന്താരികൾ വന്നു ചേരുകയും ചെയ്തു. ബിനുവാകട്ടെ തോടിന്റെ കരയിൽ മീൻ പിടിക്കാൻ മുണ്ട് ചുരച്ചു കയറ്റി ഇരിക്കുന്നവനെ പോലെ പുതിയ, പുതിയ കഥകളും, പഴയ കഥകൾ പൊടിതട്ടി എടുത്ത് അവതരിപ്പിച്ചും  മാസങ്ങൾ കടന്നു പോയി .

അങ്ങനെ ആരുമറിയാതെ, മഴയത്ത് കയറി നിൽക്കാൻ വന്ന്  വീട്ടുകാരൻ ആയതു പോലെ ഞാൻടൈപിംഗ് സ്വായത്തമാക്കി എടുത്തു. അതിന്നും കൈ വിരലുകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നു .

പശുവിന്റെ  ചൊറിച്ചിലും മാറി, കാക്കയുടെ വിശപ്പും - അതായിരുന്നു  ആ ഒരു വർഷക്കാലത്തെ സരള ഇൻസ്റ്റിറ്റ്യുട്ടിലെ  എന്റെയും ബിനുവിന്റെയും പഠിത്തം .

ഇന്ന് ആശ ചോദിച്ചപ്പോൾ മനസ്സില്  പഴയ ചുമരു തേക്കാത്ത, ഇഷ്ടിക കെട്ടിടത്തിനുള്ളിലെ ഗന്ധം ഓടി വന്നു. ഒപ്പം ഇപ്പോൾ ചില ചോദ്യങ്ങളും ഉള്ളിലേക്ക് പൊന്തി വരുന്നു. "ആ കാന്തരികളിൽ ഒരാൾ പോലും നിന്നോട് അടുത്തില്ലേ?  നീയും ഒരു ചെറുപ്പക്കാരൻ തന്നെ അല്ലായിരുന്നോ? മാനുഷികമായ ഒരു വികാരവും ഇല്ലാതെ എങ്ങനെ ഒരു വർഷം ആ ഇരുണ്ട മുറിക്കുള്ളിൽ ഈ വളകിലുക്കങ്ങൾ ക്കിടയിൽ കഴിച്ചു കൂട്ടി? "  ഒന്നിനു പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ .....

എന്റെ മൊബൈൽ ശബ്ദിക്കുന്നു. ഹെഡ് ഓഫീസിൽ നിന്നും മന്തിലിറിപ്പോർട്ട് കൊടുക്കാനുള്ള റിമൈണ്ടർ . Outlook - ൽ ഈ ചിന്തകൾക്കിടയിൽ പത്തിൽ പരം  ഇമൈയിൽ വന്നു കഴിഞ്ഞു. ഓഫീസ് ബോയി ഒരുകെട്ട്‌ പേപ്പറുകൾ ഇൻ ട്രേയിൽ കൊണ്ടുവന്നിട്ടിരിക്കുന്നു ...

മനസ്സ് വളകിലുക്കം നിറഞ്ഞു നിൽക്കുന്ന സരള ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഇരുണ്ട മുറിക്കുള്ളിൽ നിന്നും പുറത്ത് കടന്നു. നടന്നകലുമ്പോൾ ഏതൊക്കെയോ തരുണീമണികൾ മൃദുവിരലുകൾ കൊണ്ട് ടൈപ് ചെയ്യുന്ന ശബ്ദം കേൾക്കാം .... ബിനുവുമൊത്ത്  അവർ കൊഞ്ചിക്കുഴയുന്നതും കേൾക്കാം ... കാതുകൾക്ക് ഇന്നും ഇമ്പം നൽകുന്ന ശബ്ദവീചികൾ ...
--------------------------------------------------------------------------------------------------------------------------
1. Rhythm -  താളാത്മകമായി ടൈപ് ചെയ്യുന്ന രീതി
2. Pittman - English Shorthand | Arul System - Malayalam Shorthand | A,S,D,F - Beginning of English Typewriting | പ . ബ . റ്റ . ഡ & P B T D - Beginning of English & Malayalam Shorthand
3. Henry Mill - (1683–1771) inventor of the first Typewriter in 1714
4. Remington, Ovlivetti, IBM, Godrej - Different  Typewriter Companies
5. WPM - Word Per Minute

2 comments:

  1. Nostalgic post Joy. I've gone to such a institute as a time pass. To be frank, one of my uncles is running an institute in Thrissur. Our kerala Goverment has made the Lower & Higher type writing certificate a must thing to write PSC Exam! Though time changed a lot,happy to see such institutes here and there in Kerala.Well written Joy. Congrats.

    ReplyDelete