Thursday, April 25, 2013

ഗദ്സമന *

 ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ? എല്ലാവരും ചുറ്റും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു മാനസികാവസ്ഥ? ശാരീരികമായും മാനസികമായും ഒരു ദ്വീപിൽ ഒറ്റക്ക് പെട്ടുപോയ  പോലെ? ചുറ്റും അന്ധകാരം ബാധിച്ച ഒരു പരിസരം ....... ?  കരയുവാൻ കഴിയാതെ, മാനസിക വ്യഥകൾ ഒക്കെക്കൂടി തലച്ചോറിനും കാലിന്റെ പെരുവിരലിനും ഇടക്കുകൂടി അനന്യം പ്രവഹിക്കുന്ന വൈദ്യുത പ്രവഹത്തെപ്പറ്റി?  കാലുകൾ തളർന്നിട്ടും വീഴുന്നില്ല. മനസ്സ് തകർന്നിട്ടും കേഴുന്നില്ല . എങ്കിലും നിനക്ക് ആരുമില്ല. ശരീരത്തിലെ 206 അസ്ഥികളും  വേർപെട്ടു പോയ പോലെ ....  പുറമേ നീ ചിരിക്കുന്നു. അകമേ നീ കേഴുന്നു. കിടക്കയിൽ തിരിഞ്ഞു മറിഞ്ഞും കിടക്കുന്നു.

എല്ലാം എന്റെ പിഴ, എന്റെ വലിയ പിഴ. എന്റെ മാത്രം പിഴ.  ഓ സർവേശ്വരാ ! കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുക്കേണമേ. എങ്കിലും എന്റെ അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ !!

*************************************************************************************************************************

രാത്രി.  ചിന്തകൾക്ക് അന്ത്യയാത്ര നൽകി  സ്വപ്നത്തിന്റെ  ചില്ലകളിൽ കയറി ചാഞ്ചാട്ടം നടത്തേണ്ട മന്സ്സിനിന്നൊരു തരം വിഭ്രാന്തി  ബാധിച്ചിരിക്കുന്നു.

അതികഠിനമായ പാശത്തിന്റെ കെട്ടലിൽ നിന്നും വിമുക്തി നേടാൻ ഇനി ഞാൻ എത്ര ദൂരം നടക്കണം? കൈ കാലുകൾ കുഴയുന്നു.  മനസ്സോ തകരുന്നു. ഇനി എനിക്ക് മുന്നോട്ടു പോകുവാൻ ത്രാണിയില്ല.  മുന്നിൽ കാണുന്നത് വിജനമായ വീഥി മാത്രം.  ചെവിയിൽ കേൾക്കുന്നത് കാതടക്കുന്ന ഘോരമായ ശബ്ദ വീചികൾ മാത്രം. ആശ്രയമായി ഞാൻ കണ്ടവരൊക്കെ എന്നെ കൈ വെടിഞ്ഞിരിക്കുന്നു. എന്റെ സുഖത്തിൽ പങ്കുചേർന്ന ഒരാളെപ്പോലും ഞാനീ ദുഖമയമായ അന്തരീക്ഷത്തിൽ മുന്നിൽ കാണുന്നില്ല.  പഴിക്കുന്ന മുഖങ്ങൾ മാത്രം എവിടെയും. ഇളിക്കുന്ന പല്ലുകൾ മാത്രം കണ്ണുകളിൽ.

ചിന്തകൾക്ക് ഇനി നേരമില്ല. ഏതോ തുരുത്തിൽ നിന്നും വന്ന ഒരു കരാള ഹസ്തം എന്നെ കെട്ടി വരിഞ്ഞു  നിൽക്കുന്നു. ഞാനെന്റെ കൈ കാലുകൾ എടുത്തു കുതറിയോടി. എങ്ങോട്ടന്നില്ലാതെ മരണം മുന്നിൽ  വന്നു നിൽക്കുന്നതുപോലെ.  അതിൽ നിന്നും ഉയിർകൊണ്ട  രക്ഷപെടാനുള്ള ത്വര പകരുന്ന അമിതാവേശം. എന്തിനാണ് മരണത്തെ ഇത്രമാത്രം പേടിക്കുന്നത്?

ചുട്ടു പൊള്ളുന്ന കനൽക്കട്ട പോലെ എന്തോ ഒന്ന് ഉള്ളിൽ. പുറത്തേക്ക് കടക്കാനാകാതെ  ആ തീക്കട്ട എന്റെ ഉള്ളെല്ലാം പൊള്ളിച്ചു കളഞ്ഞു !  എവിടെ എന്റെ സ്നേഹിതർ? എവിടെ എന്റെ പരിജാരകർ? എവിടെ എന്നെ പോറ്റി വളർത്തിയ മാതാപിതാക്കൾ ? എന്റെ ജീവിതത്തിന്റെ പകുതി ഞാൻ പകുത്തു നല്കിയ എന്റെ പ്രിയതമ? തേനും പാലും ഒഴുകുന്ന കാനാൻ ദേശം എനിക്കിനി മരീചികയാണോ? അരക്കില്ലത്തിൽ പെട്ട പാണ്ഡവരെപ്പോലെ ! ബദർ യുദ്ധം കഴിഞ്ഞു  കബന്ധങ്ങൾ ഓർത്ത് കരഞ്ഞ  പത്നി മാരെപ്പോലെ,  മൗര്യരാജാവായ അശോകാൻ കലിംഗരാജ്യത്തെ പോർക്കളത്തിൽ കണ്ട കാഴ്ച പോലെ ..... ഇവിടെ ഇന്ന് മനമലിഞ്ഞു കരയുവാൻ ആരുമില്ല.  മങ്ങുന്ന കാഴ്ചകൾ, മയങ്ങുന്ന കണ്ണുകൾ.

എവിടെയാണ്  എനിക്ക് ഈ പതനം പറ്റിയത്? ഇതു നിമിഷത്തിലാണ് ഈ കനൽ കട്ടകളുടെ ബീജാജാപം നടന്നത് ? ഒരു ചോദ്യം .. എന്നാൽ ഒത്തിരി, ഒത്തിരി ഉത്തരങ്ങൾ .

മുന്നിൽ മൂന്നു മുഖങ്ങൾ വന്നു നിറഞ്ഞു. ശാപം ഏറ്റു വാങ്ങി പൊട്ടിയൊലിക്കുന്ന വൃണങ്ങ ളുമായി നടന്നു നീങ്ങുന്ന അശ്വത് മാവ് ..... മരുഭൂമിയിൽ ഒരിറ്റു വെള്ളത്തിനായി പതിനാലാമത്തെ വയസ്സിൽ അമ്മയായ ഹാഗാറിന്റെ മടിയിൽ തളർന്നു കിടക്കുന്ന ഇസ്മയിൽ .... പിന്നെ മനുഷ്യ കുലത്തിന്റെ പാപങ്ങൾ കാരണം രണ്ടു കള്ളന്മാരുടെ ഇടയിൽ മരണവേദനയിൽ പുളയുന്ന യേശു "ഏലീ ... ഏലീ ... ലമാ സബച് താനീ " 1 ആ നിലവിളി കാതിൽ മുഴങ്ങുന്നു.

എന്തിനാണ് ആൾക്കാർ ആത്മഹത്യ ചെയ്യുന്നത്? എല്ലാ ദുഖങ്ങൾക്കും അവധി കൊടുക്കാനോ? അതോ എല്ലാ ദുഖങ്ങൾക്കും തുടക്ക മിടാനോ? ആർക്കും നിർവചിക്കനൊക്കാത്ത  ഒരു മരീചികയായി അതങ്ങനെ പല്ലിളിച്ച്   കാണിക്കുന്നു. ചിലപ്പോൾ അത് സതിയുടെ രൂപത്തിൽ, ചിലപ്പോൾ അത് ഹരാകിരി 2 രൂപത്തിൽ.  വേറെ ചിലപ്പോൾ അക്കൽദാമ 3 പോൽ.  ആത്മഹത്യയുടെ ഒരു വലിയ നിര മനസ്സിലേക്ക് ഓടി വന്നു. ചിരിക്കുന്ന മുഖങ്ങൾ, ക്രൂരതയുടെ പര്യായങ്ങൾ,  ലോകം മുഴുവൻ തള്ളിക്കളഞ്ഞു ആർക്കും വേണ്ടാത്ത മസ്സിനുടമ കളായ പാവങ്ങൾ, വിതുമ്പി ക്കരഞ്ഞു കൊണ്ട് മരണത്തെ പുൽകിയ നിരപരാധികൾ, മോർച്ചറിയിൽ തണുത്തു റഞ്ഞു ഫോറൻസിക്ക് സർജന്മാരുടെ  മുന്നിൽ മരണമോ അതോ കൊലപാതകമോ എന്ന് സംശയം നിറഞ്ഞു നിൽക്കുന്ന കൈവിരലുകൾ പാഞ്ഞു നടക്കുന്ന അവയവങ്ങൾ.  ഒരു പ്രയോജനവും ഇല്ലാത്ത മരണങ്ങൾ. ലോകം മുഴുവൻ നേടിയിട്ടും ആത്മാവ് നഷ്ടപ്പെടുത്തിയ ദുരന്ത മുഖങ്ങൾ!

എന്നിട്ടും ആൾക്കാർ ആത്മഹത്യ ചെയ്യുന്നു. വേദനക്ക് ഒരു അറുതി നൽകാൻ.  ഒരു ശ്രമം. നാഡീ വ്യുഹങ്ങളിലൂടെ പ്രവഹിക്കുന്ന ദ്രുത ഗതിയിലുള്ള തരംഗങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും ചിന്തകൾക്ക് അന്ത്യം നൽകി മരണത്തിലേക്ക്  ഒരു എത്തി നോട്ടം.  എന്നിട്ടും അവസാനിക്കാത്ത അതി നിഗൂഡമായ ചിന്താസരണികൾ ചുറ്റും വലയം ചെയ്യുന്ന അതിസങ്കീർണ്ണമായ ആത്മരോദനങ്ങൾ.

എന്താണ് ജീവിതം? വിധിയോടുള്ള വെല്ലുവിളിയോ? അതോ വിധിക്കു വിധേയമായി തലകുമ്പിട്ടു ജീവിച്ചു തീർക്കുന്നതോ? ഒരു പോരാളിയുടെ ആക്രോശവും പോരാട്ടത്തിൽ തളർന്നുവീണ പോരാളിയുടെ വിധി വൈപരീത്യവും-രണ്ടും ഒന്നകുന്നില്ലല്ലോ. 

വേദന മനസ്സിന്റെ അങ്ങേയറ്റം വരെ ചെന്നുചേരുമ്പോൾ അതിനൊരു മുക്തി നേടാൻ ഒരുപിടി സ്വാന്തനം കണ്ണു തുറിച്ചു മുന്നിൽ നിൽക്കുന്നു. മദ്യം. മയക്കുമരുന്ന്,   മദിരാക്ഷി. പക്ഷേ എല്ലാം ശാശ്വത മല്ലാതെ പുറമേ കാണുന്ന കോലങ്ങൾ.  കൂടുതൽ കൂടുതൽ മതിഭ്രമം മനസ്സിന്റെ മാറാപ്പി ലേക്ക് വലിച്ചു കൊണ്ടിടുന്ന മാരക മന്ത്രണങ്ങൾ.

ഇനി ഞാൻ ജീവിക്കണോ? ഇനി ഞാൻ ചിന്തിക്കണോ? ഇനി ഞാൻ സ്വപ്നങ്ങൾ കാണണോ? ഒന്നുമില്ലാതെ, ചിന്തയില്ലാതെ, പണത്തിന്റെയും  പഞ്ഞത്തിന്റെയും  അല്ലലില്ലാതെ ഒരു ലോകം. കടവും, കടപ്പാടും, പഴിയും, നിന്ദയും ഒന്നുമില്ലത്തൊരു ലോകമുണ്ടോ? അതെന്ന് എന്റെ മുന്നിൽ  വിടർന്നു വരും?

പൂക്കൾ പൂക്കുന്നു. കായ്കൾ ജനിക്കുന്നു. വണ്ടുകൾ വന്നടുക്കുന്നു. എങ്കിലും എല്ലാ പൂക്കളും പൂക്കുന്നില്ല .. എല്ലാ കായ്കളും  പാകമാകുന്നില്ല. അതെ ഞാൻ ഇടയ്ക്കു വച്ചു പൊഴിഞ്ഞു പോകുന്ന ഒരു പാഴ് ഫലമാകുന്നു. ആർക്കും വേണ്ടാതെ മൂലക്കല്ലാകും എന്ന് കരുതി വെറുതെ ചിന്തിച്ച്, ചിന്തിച്  സമയം എല്ലാം വെറുതെ പാഴാക്കിയ ഒരു പാഴ് മരം. ഫലമില്ലാതെ ശാപം ഏറ്റു വാങ്ങിയ  മരം.

ഇനി ഞാൻ ഉറങ്ങട്ടെ. ഒരു ശല്യവും ഇല്ലാതെ, ഒരു വ്യാധിയും ഇല്ലാതെ, ഒരു പരിഭവവും ഇല്ലാതെ, ഒരു കുറ്റപ്പെടുത്തലും ഇല്ലാതെ അനന്തമായി, നിതാന്തമായ്  ഒരു കണ്‍പോളയട ക്കൽ. അതെനിക്കാകുമോ?

കാതങ്ങൾക്കപ്പുറം, പച്ചപ്പ്‌ നിറഞ്ഞൊരു വീട്. വീടിനു ചുറ്റും കിളികളുടെ കലപില. അണ്ണാറകണ്ണൻ മാർ പാഞ്ഞു നടക്കുന്നു. കുയിലുകൾ തുകിലുണർത്തുന്നു . വീടിന്റെ കോലായിൽ എന്റെ രക്തനിന്റെ രക്തവും മാംസത്തിന്റെ മാംസവും കൊച്ചരി പല്ലുകൾ കാട്ടി ചാടി കളിക്കുന്നു. "ഇനി ഒരു കഥ കൂടി പറയുമോ അഛാ" എന്ന് പരിഭവത്തോടെ കൊഞ്ചുന്ന ആ മുഖം മനസ്സിൽ നിറയുമ്പോൾ, കണ്ണീർ തടങ്ങൾ കവിത പോലെ ഒലിച്ചിറങ്ങുന്നു . താഴേക്ക്‌ .. വീണ്ടും താഴേക്ക് ...

ഇത്  എന്നത് രണ്ടു വ്യഥയുടെ ഇടക്കുള്ള ഒരു അവസ്ഥയാണ്. വ്യക്തി പരമായ വേദനയുടെയും, ജോലി പരമായ വേദനയുടെയും. ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ആരെങ്കിലും താങ്ങാൻ ഇല്ലെങ്കിൽ എല്ലാ പ്രതീക്ഷും അവിടെ അവസാനിക്കുന്നു. സ്വപ്നങ്ങൾ അവിടെ വീണ് ഉടഞ്ഞു പോകുന്നു.

പിന്നീടൊന്നും എന്റെ നിയന്ത്ര ണത്തിൽ അല്ല. ചിന്തകൾ ക്ക് അതീതമായി വേറെന്തോ വികാരം വന്നെന്നെ മുട്ടി വിളിക്കും. ഒരു ദേവതയെ പ്പോലെ, ഒരു മാലാഖയെ പോലെ എന്നെ ഏതെങ്കിലും ഒരു താഴ് വാരത്തിൽ കൂട്ടി കൊണ്ടുപോകും. എന്നിട്ടുപറയും. "എന്നെ നീ ലോകം മുഴുക്കെ കാണ്‍കെ നമസ്ക രിച്ചാൽ ഈ കാണുന്നതെല്ലാം നിനക്ക് ഞാൻ തരും "

ഒരു വാഗ്ദാനം. ഒരു വലിയ വാഗ്ദാനം.

ഇവിടെ തിരഞ്ഞെ ടുക്കേണ്ടത് ഞാനാണ്. ഇഷ്ടം എന്റെയാണ് ... എന്റെ മാത്രം. നല്ലതോ തീയതോ... അതെനിക്കറിയില്ല. ഏതാണ് നല്ലത്.. ഏതാണ് തീയത് ?

കാറ്റിനു ഗന്ധമുണ്ടോ? ചുവന്ന റോസാപ്പൂവിന്റെ ഗന്ധമോ അതോ വെളുത്ത പാലപൂവിന്റെ ഗന്ധമോ?

ഒരു പുറപ്പാടിൽ നിന്നും വേറൊരു പുറപ്പാട് തുടങ്ങുകയാണ്. അനന്തമായി, അനന്യമായി, അനസ്യൂതമായി ...... 
--------------------------------------------------------------------------------------------------------------------------

*Gethsemane : A garden in where Jesus and his disciples prayed the night before the crucifixion & the place where Jesus was betrayed by one of His disciples, Judas.
1. Eli Eli le.ma sa.bach'tha.ni - "My God.. My God, why you have forsaken me?"
2. Harakiri - "Stomach cutting"  used voluntarily by Samurai to die with honor rather than fall into the hands of enemies.
3. Akeldama- “Field of Blood.” Judas returns 30 silver coins to priests before hanging himself. As a blood money and  illegal to return into the treasury, they used this to buy a field for the burial for foreigners called  Akeldama.

1 comment:

  1. ഒരു പുറപ്പാടിൽ നിന്നും വേറൊരു പുറപ്പാട് തുടങ്ങുകയാണ്. അനന്തമായി, അനന്യമായി, അനസ്യൂതമായി ...... സത്യം

    ReplyDelete