Saturday, March 10, 2012

പുഴയും പുഴയുടെ ഓരവും

തോടിനും പുഴക്കും, പിന്നെ സമുദ്രത്തിനും ഒക്കെ പ്രായം ആകുമോ ആവൊ..? കറവ വറ്റിയ പശുവിനെ പോലെ ആറ്റിറമ്പും, പുഴ വക്കും ഒക്കെ വറ്റി വരളുമോ??

വായില്‍ കുത്തി തിരുകിയിരിക്കുന്ന മുറുക്കാന്‍ അടക്കിയൊതുക്കി മുറ്റത്ത് അതിന്‍റെ തുപ്പലുകൊണ്ട്  ചാറ്റല്‍ മഴ സൃഷ്ട്ടിച്ചു കാര്‍ന്നോര്‍ പറയും...

"പുഴ വറ്റാന്‍ പാടില്ല..വറ്റിയാല്‍ ഗ്രാമം മുടിയും..വയലുകള്‍ മുടിയും...തെങ്ങും, കവുങ്ങും, വാഴയും, ചേനയും, ചേമ്പും, കാച്ചിലും, ചക്കയും, മാങ്ങയും .. പിന്നെ മീനും, തവളയും, നീര്‍ക്കൊലികളും, പകല്‍   മീനെ പിടിക്കുന്ന പൊന്‍മാനുകളും  സന്ധ്യക്ക്‌ ചൂണ്ടയുമായി  ചുറ്റിത്തിരിയുന്ന മൂത്തോന്മാരും എല്ലാം മുടിയും...എല്ലാം.. പുഴ വറ്റില്ല... വറ്റാന്‍ പറ്റില്ല..."

ഒരു നിഷേധിയെ പോലെ ആയിരിന്നു അവള്‍ അന്ന് മഴക്കാലത്ത്‌ . ഉന്മത്തയായി ആര്‍ത്തലച്ചു വരുന്ന ഭീകരത.  അതിനെ ചുറ്റുന്ന അപാരത. പാലത്തിനടിയിലും, പൊത്തുകല്‍ക്കുള്ളിലും  ഇരച്ചു കയറുന്ന കാരാളിമ. നിഷേധത്തിന് തിലകം ചാര്‍ത്തുന്ന ചെഞ്ചായക്കൂട്ടിന്റെ മിശ്രണം ആകുന്ന  പുടവ അലങ്കോലമായി വാരി ഉടുത്തു ഉറഞ്ഞു തുള്ളി എങ്ങോട്ടോ പോകുന്നു.  മദം പൊട്ടിയ പോലെ...

പച്ചില ചാര്‍ത്തുകള്‍ ഈ പുഴയ്ക്കു എന്നും അലങ്കാരമായിരുന്നു. പുഴയിലേക്ക് ചാഞ്ഞും  തലോടിയും നില്‍ക്കുന്ന പച്ചില ക്കൂട്ടങ്ങളെ ചുംബിച്ചു, ചുംബിച്ചു സുന്ദര സ്വപ്നങ്ങള്‍ ഒക്കെ  കണ്ട് അവള്‍ അങ്ങനെ ഒഴുകും... മഴക്കാലത്ത്‌ ഒഴികെ അവള്‍ എന്നും സുന്ദരിയാണ്...ഒത്തിരി ഒത്തിരി സുന്ദരി...

പരല്‍  മീനിന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ നൃത്ത ചുവടുകള്‍ അവള്‍ പറഞ്ഞു കൊടുക്കും. പാമ്പുകള്‍ക്ക് പൊത്തുകള്‍ കൊടുത്തു ഊട്ടി ഉറക്കും.. വയല്‍ വരമ്പുകളെ നനച്ചു നനച്ചു ഗ്രാമത്തിനു ഉറവയുടെ ഉണര്‍വ് പകര്‍ന്നു കൊടുക്കും...പിന്നെയും അവള്‍ ദയാലു ആയിരുന്നു - വര്‍ഷകാലതൊഴികെ.

തെളിനീരിന്റെ കുളിരില്‍ ആണും പെണ്ണും നീരാടി ..  വിഴുപ്പുകള്‍ അടിച്ചു നനച്ചു വെളുപ്പിച്ചെടുത്തു.. മരക്കൂട്ടങ്ങളില്‍ അയകെട്ടിയ തുണികള്‍ പാറിക്കളിച്ചു. തോര്‍ത്ത് മാറത്തു വലിച്ചു കെട്ടിയ പെണ്‍കൊടികള്‍ സോപ്പും പതപ്പിച്ചു  വേണ്ടതും വേണ്ടാത്തതും ഒക്കെ    പറഞ്ഞു.. കള്ളം പറഞ്ഞു...കഥകള്‍ പറഞ്ഞു... അവരുടെ തുടിപ്പുകളിലൂടെ ഊളിയിട്ടപ്പോള്‍ പുഴപെണ്ണിനും  അതേ വികാരമായിരുന്നു..

പരല്‍ മീനുകള്‍ കാലില്‍ കൊത്തുമ്പോള്‍ ഇക്കിളി ആയി പിള്ളേര്‍ പുളഞ്ഞു.
"വലിയോര്‍ക്ക് മീന്‍ കൊത്തിയാല്‍ ഇക്കിളി വരില്ലത്രെ..??!!"  ഒരു ചെക്കന്‍ പറഞ്ഞു...
അപ്പോള്‍ മറ്റൊരു ചെക്കന്‍ പറഞ്ഞു..."ശ്ശോ.. ഒന്ന് വലുതായാല്‍ മതി ആയിരുന്നു...ഈ മീനിന്റെ ഇക്കിളി കൊണ്ട് തോറ്റു..!!"

കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ചെളിക്കുണ്ടിനുള്ളില്‍ പിള്ളേര്‍ പന്ത് കളിച്ചു.. കുട്ടിയും കോലും കളിച്ചു..ഏറു പന്ത് കളിച്ചു...ചെളി പന്ത് ഉണ്ടാക്കി എറിഞ്ഞു കളിച്ചു..ചെളിപന്ത് കൂട്ടുകാരന്റെ മുതുകത്ത് പറ്റിപിടിച്ചിരിക്കുന്നത് കണ്ട് അവര്‍ ചിരിച്ചു ചിരിച്ചു തിമിര്‍ത്തു..ഉത്തരവാദിത്വം ഉള്ള തന്തയും തള്ളയും ഒക്കെ ഈ 'പന്ന പിള്ളാരെ' കമ്പും കോലും ഒക്കെ കൊണ്ടുവന്നു അടിച്ചോടിച്ചു..വികൃതിയുടെ തിമിര്‍പ്പ് ആര്‍ത്ത നാദമായി ഈ പുഴയിലേക്ക്  അപ്പോള്‍  വന്നലക്കുകയായിരുന്നു !

ദീപാരാധന കാണാന്‍ പോകുന്ന പെണ്‍കൊടികളെ പുഴ പെണ്ണ്  ഒളിഞ്ഞും തിരഞ്ഞും നോക്കും... പൂവും പ്രസാദവും ഒക്കെ ആയി അവരുടെ വരവും നോക്കി അവള്‍ കാത്തിരിക്കും..  പിന്നെ വടക്ക് പള്ളിമണി മുഴങ്ങുന്ന നേരത്ത് ഓടിക്കൂടുന്ന,   തലയില്‍ നെറ്റ്കെട്ടിയ പെണ്‍കുട്ടികളുടെ കലപില ശബ്ദം..സന്ധ്യക്ക്‌ സെമിത്തെരില്‍ കാറ്റിനോട് മല്ലിട്ട് എരിഞ്ഞു തീരുന്ന മെഴുകുതിരി കൂട്ടങ്ങള്‍...പുഴയ്ക്കു അതും കാണാം.. ചെറുതായി..

വെളുത്തു സുന്ദരായ സൂര്യന്‍ സന്ധ്യക്ക്‌ മത്തുക്കെട്ട് സായന്തനത്തിന്റെ പട്ടുമെത്തയിലേക്ക് തലച്ചയ്ക്കുംപോള്‍, റോഡിലൂടെ ഷാപ്പിലെ കള്ളു കുടത്തിന്റെ പൊട്ടും പോഴും ചുണ്ടത് പറ്റിച്ചു മദ്യപന്മാര്‍ തെക്കോട്ടും വടക്കോട്ടും ഉലാത്താന്‍ തുടങ്ങും.  ചിലര്‍ വഴിവക്കത്തു വീഴും...ചിലര്‍ വയല്‍ വരമ്പത്ത് വീഴും...ചിലര്‍ സുന്ദരിപെണ്ണായ  പുഴയുടെ മാറത്തേക്ക്  വീണ് അവളെ മാനഭംഗപെടുത്തും. അവരുടെ പ്രായത്തെ കരുതി പുഴപെണ്ണ് ക്ഷമിച്ചു...അല്ലേല്‍???

വേനല്‍ക്കാലത്ത് കിണറുകള്‍ എല്ലാം വറ്റുമ്പോള്‍ നാട്ടുകള്‍ ഒരുത്സവം പോലെ ഈ പെണ്ണിന്റെ അടുത്ത് കൂടും...വയലില്‍ വലിയ കുഴികള്‍ കുത്തി അവര്‍ അവളുടെ വെള്ളത്തെ ഊറ്റിഎടുക്കും.  ആണുങ്ങള്‍ നിര്‍വൃതിയോടെ നെറ്റിയിലെ വിയര്‍പ്പു തുടച്ചകട്ടുമ്പോള്‍ പെണ്ണുങ്ങള്‍ കള്ളകണ്ണുകള്‍ ചിമ്മിയടക്കും!

വീണ്ടും വികൃതിക്കാരായ ചെക്കന്മാര്‍ കരക്ക്‌നിന്ന് പുഴയിലേക്ക് ബാലന്‍സ് പിടിച്ചു മൂത്രം ഒഴിച്ചു.. അതുകണ്ട മൂത്തോമ്മ വന്നു ചെവിയങ്ങു പൊന്നാക്കി...എന്നിട്ട് പറയും  " ദാണ്ടെ...വെള്ളത്തില്‍ പെടുത്താല്‍ നിന്‍റെ ചുണ്ണി ചീത്തയായി പോകും...കേട്ടോ..."

എന്നാലും അവര്‍ വെള്ളത്തില്‍ പെടുത്തു... ആരും കാണാതെ.. പാവം പുഴ പെണ്ണ് ആരോട് പറയാന്‍??  ചെക്കന്മാരുടെ ഉപ്പിലിട്ട മൂത്രം കുടിച്ചപ്പോള്‍ പരല്‍ മീനുകള്‍ക്ക് ഒത്തിരി ദേഷ്യമായി... "ഇങ്ങോട്ട് വാ വെള്ളത്തില്‍ .... അവിടേം ഇവിടേം കൊത്തി നിന്നെയൊക്കെ ഇക്കിളി ഇട്ടു കൊല്ലും... കണ്ടോ.."  മീനുകള്‍ വാലെടുത്തടിച്ച്ചു പള്ളു വിളിച്ചു.

വാഴകള്‍ വെട്ടി കാര്‍ന്നോമ്മാര്‍ കുലയെടുക്കുംപോള്‍ പിള്ളേര്‍ തഞ്ചത്തില്‍ ചെന്ന് തടവെട്ടി ചങ്ങാടം ഉണ്ടാക്കും..പിണ്ടിയെടുത്തു വണ്ടിയുണ്ടാക്കും...കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കും, ചങ്ങാടം പുഴയിലേക്ക് തെള്ളിയിട്ടു വള്ളംകളി നടത്തും.. ചന്തിക്ക് വടിയുടെ ഊക്കനടി കിട്ടുമ്പോള്‍ വീണ്ടും അലറി വിളിച്ചു കൂരയിലെക്കോടും.

അലങ്കരമാകുന്ന ആലസ്യം പുഴക്കെന്നും അഴക്‌ പകര്‍ന്നു. അവള്‍ തുള്ളി... കളിച്ചു... ചിരിച്ചു...മദിച്ചു...പൊട്ടിയെപ്പോലെ .. ഉന്മാദിനിയെപ്പോലെ.

നിറവും, നിറവും, പിന്നെ നിറവും കലര്‍ന്ന് നിറമില്ലായ്മ യിലേക്ക് കുതിക്കും പോലെ, അവള്‍ ഗ്രാമത്തില്‍ അലിഞ്ഞു ചേര്‍ന്നു. അവരുടെ കളികള്‍, അവരുടെ ചിരികള്‍, ചീത്തവിളികള്‍, കുറുമ്പ് മൂത്ത പെണ്ണുങ്ങള്‍ കവലയിലെ പുരുഷന്മാരെ പറ്റി പറയുന്ന നിറമുള്ള കഥകള്‍ .. എല്ലാം അവള്‍ക്കു ജീവിതമായിരുന്നു...അവളുടെ ഒഴുക്ക് ഗ്രാമത്തിനു വേണ്ടി ആയിരുന്നു..ഗ്രാമത്തിനു വേണ്ടി മാത്രം. അവള്‍ വീണ്ടും ചിരിച്ചു... അമര്‍ത്തിച്ചിരിച്ചു.. ഉറക്കെ ചിരിച്ചു... കലപിലെ ചിരിച്ചു.. നിര്‍ത്താതെ.

ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവത്തിനു മുന്നോടിയായി പറയെടുപ്പുമായി ആനയും ആള്‍ക്കാരും വാദ്യമേളവും പൊടിപൊടിച്ചു. പള്ളികളില്‍ വിശുദ്ധന്മാരും വിശുദ്ധകളും പെരുനാളിനു കാതോര്‍ക്കുമ്പോള്‍ കാവിനകത്തു എണ്ണയില്‍ മുങ്ങി നാഗത്താന്മാര്‍ പ്രീതിയടഞ്ഞു.

കാക്കകള്‍ കലപില കൂട്ടി ചേക്കേറാന്‍ പായുമ്പോള്‍ മുറ്റത്ത് നിന്ന വല്യമ്മ അടുത്ത് നിന്ന നെല്ലിമരത്തില്‍ പിടിച്ചു മാനത്തേക്ക് നോക്കി.. എന്നിട്ട് പറഞ്ഞു.. "സന്ധ്യ ആയിട്ടും മീന്‍പിടിക്കാന്‍ പോയ പിള്ളാരെ കാണുനില്ലല്ലോ...ഇതുങ്ങള്‍ ഒക്കെ എവിടെ പോയി കിടക്കുവാ...നേരും നെറിയും ഇല്ലാത്ത ജാത്യോള്.. തള്ളയും, തന്തയും...പിള്ളേരും എല്ലാം..എല്ലാം..."

"അമ്മൂമ്മക്ക്‌ പ്രാന്ത്..." ചെക്കന്മാര്‍ മുഖത്തോട് മുഖം നോക്കി പിറുപിറുത്തു  ചെക്കന്മാരുടെ ചൂണ്ടയിലെ ഇരയെ കാര്‍ന്നു കാര്‍ന്നു തിന്നു പരല്‍മീനുകള്‍ അവരെ പൊട്ടന്‍കളിപ്പിച്ചു . അത് കണ്ട് ...അത് കേട്ട് പുഴ ചിരിച്ചു.. ആദ്യം മുഖംപൊത്തി ചിരിച്ചു പിന്നെ ഉറക്ക.. ഉറക്കെ... പിന്നെയും ഉറക്കെ...അതെ പിന്നയും ഉറക്കെ..
**********                                     ******************
സമര്‍പ്പണം: ദാശാബ്ധങ്ങള്‍ക്ക് മുമ്പുള്ള എന്‍റെ ഗ്രാമത്തിന് ....
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്‍റെ സുഹൃത്ത് പൊടി എന്ന ലതീഷിന്...

2 comments: