Saturday, March 17, 2012

ബ്രോക്കര്‍ ജങ്ങ്ഷന്‍ കഥകള്‍ : മൂര്‍ഖന്‍ പാമ്പിനെ നോവിക്കരുത്.

ഇവിടെ ഒരു ജങ്ങ്ഷന്‍ ഉണ്ടായിരുന്നു പണ്ട്. പക്ഷെ പേരില്ലായിരുന്നു. ബസ്സ് നിര്‍ത്തുന്ന സ്ഥലം ഒക്കെ നമുക്ക് ജങ്ങ്ഷന്‍ ആണല്ലോ. അങ്ങനെ പേരില്ലാത്ത ഈ ജങ്ങ്ഷന് പേരുവന്നത് ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ ആണത്രെ.

ഇന്ദിരാജി മരിച്ചതിന്‍റെ വിഷമത്തിലും   അവരുടെ ഓര്‍മ്മ നാട്ടുകാരുടെ മനസ്സില്‍ സൂക്ഷിക്കുവാനും ആരൊക്കെയോ ചേര്‍ന്ന് ഈ നാല്‍കവലക്ക് പേരിട്ടു- ഇന്ദിരാ ഗാന്ധി ജങ്ങ്ഷന്‍.  ഓരോ വര്‍ഷവും ഇന്ദിരാ സ്മരണ ദിവസം ഇവിടെ അവരുടെ ഫോട്ടോ വച്ചു പായസം വിളമ്പിയിരുന്നു. കലാന്തരെ ഇന്ദിര മാഞ്ഞു പോവുകയും ഗാന്ധി മാത്രം നിലനില്‍ക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ സ്ഥാനത്ത് ആള്‍കാരുടെ മനസ്സില്‍ മഹാത്മാ ഗാന്ധി ചേക്കേറുകയും ചെയ്തു പോലും! എന്തായാലും രണ്ടിലും ഗാന്ധി ഉള്ളതിനാല്‍ ആര്‍ക്കും ഒരു എതിര്‍പ്പും ഉള്ളതായി തോന്നിയിട്ടില്ല. ഉണ്ടങ്കില്‍ തന്നെ വല്ല കമ്മ്യുനിസ്റ്റു കാര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നാണത്രെ കോണ്ഗ്രസ്സ് കാരുടെ പതിഞ്ഞുള്ള സംസാരം!!

എന്തായാലും നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ ഒരു ഗാന്ധിജി യുടെ പ്രതിമ അങ്ങ് നാട്ടി  പേര് അങ്ങനെ സ്ഥാപിച്ചു കളഞ്ഞു. ഇനി ദൈവം തമ്പുരാന്‍ പോലും വിചാരിച്ചാല്‍ പേര് മാറ്റാന്‍ പറ്റില്ല.  കട്ടായം!!

എന്ത് ചെയ്യാന്‍?  കാറല്‍ മാര്‍ക്സും ഏഗല്‍സും ഒക്കെ മരിക്കുന്ന സമയത്ത് ഈ ജങ്ങ്ഷന്‍ ഇല്ലായിരുന്നു പോലും.. ഇവിടെ എത്രയോ കമ്യുനിസ്റ്റുകാര്‍ മരിച്ചിരിക്കുന്നു... അന്നൊന്നും ഒരുത്തനും ഈ ദുര്‍ബുദ്ധി തോന്നിയില്ലല്ലോ..ഇനി പറഞ്ഞിട്ടെന്തു കാര്യം. രാഷ്ട്ര പിതാവ് പേര് അടിച്ചു മാറ്റി ക്കളഞ്ഞു.. ഇനി ഒന്നും ചെയ്യാനില്ല... ലോക്കല്‍ കമ്മറ്റിക്കാര്‍ ഖേദം പ്രകടിപിച്ചു.

രാഷ്ട്ര പിതാവിന്‍റെ പ്രതിമ ജങ്ങ്ഷനില്‍ അനാചാദനം ചെയ്ത ദിവസം  ബാബുജി പ്രസംഗിച്ചു.."എന്‍റെ പേര് ബാബുജി.. ഇത് ഗാന്ധിജി..."

ഇതൊക്കെ ആണെങ്കിലും ഈ ജങ്ങഷന് വേറെ ഒരു പേരുകൂടി കാലാന്തരേ വന്നു  ചേര്‍ന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. നാട്ടിലുള്ള ബ്രോക്കര്‍ മാര്‍ ഒക്കെ കൂടി ചേരുന്ന ഒരു സ്ഥലം ആയി മാറിയത്രെ ഈ ജങ്ങ്ഷന്‍. അതോ ഇവിടുള്ള ചേട്ടന്മാര്‍ ഒക്കെ ബ്രോക്കര്‍ മാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടോ? അറിയില്ല...ബ്രോക്കര്‍ മാരെ ഇടിച്ചു വഴി നടക്കാന്‍ പാടില്ലതയപ്പോള്‍ ഏതോ വിവരം കേട്ടവന്‍ ഇട്ട പേരാണ് "ബ്രോക്കര്‍ മുക്ക്" അത് സമൂഹത്തിലെ മാന്യന്‍ മാര്‍ പോലും ഏറ്റു പിടിച്ചു എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് പറയാന്‍.. അങ്ങനെ പരസ്പര ബന്ധമില്ലാത്ത രണ്ടു പേരുകള്‍ ഒരേ സമയം ഈ കവലയെ അലങ്കരിച്ചു..മുഖ്യമന്ത്രിയെ  പുതുപള്ളിക്കാര്‍ കുഞ്ഞൂഞ്ഞു എന്നും കേരളം ഉമ്മന്‍ ചാണ്ടി എന്ന് വിളിക്കുന്നില്ലേ .. ചേര്‍ത്തലക്കാരന്‍ തങ്കച്ചനെ എ. കെ ആന്റണീ എന്ന് വിളിക്കുന്നതും നമ്മള്‍ തന്നെ അല്ലെ..പിന്നെ  എന്‍റെ കൂട്ടുകാരെ സാബുവിന്റെ ഒഫീഷ്യല്‍ പേര് പി. ടി ചെറിയാന്‍ എന്നാണ്... അതുപോലൊക്കെ തന്നെ ഇതും!!  അല്ലെങ്കില്‍ തന്നെ ബ്രോക്കറുമുക്ക്കാര്‍ക്ക്  എന്നും ഇരട്ട പേരിടാന്‍ ഒരു പ്രത്യേക കഴിവാണല്ലോ...

ഇങ്ങനെ ഒക്കെ ഉള്ള ഈ ബ്രോക്കര്‍ മുക്കില്‍ താരങ്ങള്‍ അനവധി ആണ്. പ്രത്യേകിച്ചു സന്ധ്യ ആയി ക്കഴിഞ്ഞാല്‍. അതില്‍ ഒരാളെ ഇപ്പോള്‍ കാട്ടിത്തരാം.. അല്‍മാരു ചേട്ടന്‍!


എന്ത് ജോലിയും ചെയ്യും. അതിന്റെ കൂലി വൈകിട്ട് ഷാപ്പില്‍ കൊടുത്തു പൂസ്സായി ബ്രോക്കര്‍ മുക്കില്‍ വട്ടം കറങ്ങി നില്‍ക്കും. അഞ്ചു ദിവസം പണി ചെയ്യുമെങ്കില്‍ പത്തു ദിവസം പണി ചെയ്യില്ല. ചില ദിവസങ്ങളില്‍ ഉച്ചക്ക്  അടിച്ചു വീലായി ജങ്ങ്ഷനിലെ വെയിറ്റിംഗ് ഷെഡ്‌ പരിസരത്ത് കറങ്ങി നടക്കും.

ഒരിക്കല്‍ സ്ഥലത്ത് പുതുതായി ഒരു എസ്‌. ഐ ചാര്‍ജെടുത്തു. അടുത്തുള്ള ഒരു വാടക വീട്ടില്‍ കുടുബമായി ഏമാന്‍ താമസമായി. ഏതോ കഷ്ട സമയത്ത് ഏമാന്റെ ഭാര്യ കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ തൊട്ടി  കിണറില്‍ പോയി. രാവിലെ ജോലിക്ക് പോകാന്‍ വലകെട്ടി ഇരിയെ കാത്തിരിക്കുന്ന ചിലന്തിയെ പോലെ തീന്‍ മേശപുറത്ത്‌ കുത്തിയിരുന്ന എമാന് ഭാര്യയുടെ പരാതി കേട്ട് കലികേറി. ജയില്‍ പുള്ളികളോട് പെരുമാറുന്ന പോലെ പെമ്പരന്നോരോട് പെരുമാറിയാല്‍ വിവരം അറിയും എന്ന് അറിയാവുന്ന ഏമാന്‍ ജങ്ങ്ഷനില്‍ നിന്ന് ആരേലും തൊട്ടി കിണറ്റില്‍ നിന്നും എടുക്കാന്‍ ഏര്‍പ്പടാക്കം എന്ന് പ്രതിജ്ഞ ചെയ്തു വീട്ടില്‍ നിന്നിറങ്ങി.

പോലീസ് ജീപ്പില്‍ ബ്രോക്കറു മുക്കില്‍ ഗൌരവത്തോടെ വന്നിറങ്ങിയ ഏമാനെ കണ്ടു ചന്ദ്രന്‍ പിള്ള ചേട്ടന്റെ കടയിലും, ഇസാക്ക് ചേട്ടന്റെ കടയിലും ഒക്കെ ഇരുന്നു വെടി പറഞ്ഞിരുന്നവര്‍ തലഉയര്‍ത്തി നോക്കി. ആര്‍ക്കും ഒന്നും മനിസിലയില്ല. വല്ല സാമൂഹ്യദ്രോഹമോ മറ്റോ നടന്നിട്ടുണ്ടോ?

ആരെ ആണ് പോലീസ് പിടിചിടിക്കാന്‍ വരുന്നത്? എല്ലാവര്ക്കും കൌതുകമായി.. പോലീസ് ഏമാന്‍ ജങ്ങ്ഷനില്‍ നിന്ന് ഒന്ന് നടുവിരിച്ചു. "കിണറ്റില്‍ ഇറങ്ങുന്ന ആരുണ്ടാടാ ഇവിടെ?"

ദൈവമേ ആരേലും കിണറ്റില്‍ ഇറങ്ങി മോഷണം നടത്തിയോ? പിള്ളച്ചേട്ടന്‍ ആത്മഗതം പൊഴിച്ചു. സ്വന്തം കാര്യം ആയതിനാലും, ഭാര്യയുടെ മുഖം ഓര്‍മയില്‍ തെളിയുന്നതിനാലും ഏമാന്‍ ഒന്ന് മയപെട്ടു.." എന്‍റെ കിണറ്റില്‍ തൊട്ടി വീണു പോയി.. എടുക്കാന്‍ പറ്റിയ ആരുണ്ട്‌?"

എല്ലാവരും പരസരം നോക്കി നില്‍കുമ്പോള്‍ ആണ് നമ്മുടെ അല്‍മാരുചേട്ടന്‍ രംഗ പ്രവേശം ചെയ്തത്..." ഞാന്‍ എടുക്കാം..." പോലീസ് ഏമാനെ ചാക്കിട്ടു പിടിക്കാന്‍ കിട്ടിയ അവസരമല്ലെ ... പാഴക്കുനതെങ്ങനെ? അല്‍മാരുചേട്ടന്‍ നെഞ്ചും വിരിച്ചു നിന്നു. " നീ ഒരു കാര്യം ചെയ്യ്.. വീട്ടിലെ കിണറ്റില്‍ നിന്നു തൊട്ടിയും എടുത്തു... കിണറും ഒന്ന് വൃത്തിയാക്കി കൊടുക്ക്‌..."

"ഓഓ"   ചേട്ടന്‍ പഞ്ച പുച്ചം അടക്കി നിന്നു തൊഴുതു. ഏമാന്‍ പോലീസ് വണ്ടി തോക്കൊട്ട് വിട്ടപ്പോള്‍ അല്‍മാരുവേട്ടന്‍ ഏമാന്റെ വീട് നോക്കി വടക്കോട്ട്‌ വിട്ടു.

ഉച്ചക്ക് മുമ്പ് നമ്മുടെ നായകന്‍ തൊട്ടിയും എടുത്തു കിണര്‍ അങ്ങ് ക്ലീനുമാക്കി കൊടുത്തു. ഇറങ്ങാന്‍ നേരം ഏമാന്റെ ഭവതി ഒരു അമ്പത് രൂപ കൈയിലേക്ക്‌ വച്ചു നീട്ടി.. "ഒന്നും വേണ്ടാരുന്നു...."  ചേട്ടന്‍ അത് ഒരു ഭംഗി വാക്കോടെ വാങ്ങി മടിയില്‍ തിരുകി. പിന്നെ ജങ്ങ്ഷനില്‍ വന്നു ഒന്ന് രണ്ടുവീര വാദം അടിച്ചിട്ട് വടക്കോട്ട്‌ ഷാപ്പ്‌ നോക്കി ഒരു പിടിത്തം അങ്ങ് പിടിച്ചു. "അമ്പതു രൂപാ പോക്കറ്റില്‍ ഇരിക്കുന്ന അല്‍മാരുവിനോടാ കളി!!"

വൈകുന്നേരം ആയി. അടിച്ചു വീലായി നായകന്‍ ബ്രോക്കറു മുക്കില്‍ തിരിച്ചെത്തി തന്‍റെ സ്ഥിരം കലാപരിപാടി തുടങ്ങി. ചായകടകളില്‍ കുത്തിയിരുന്നു കാര്ന്നോമാര്‍ അത് കണ്ടു രസിച്ചു. റോഡില്‍ കൂടി പാഞ്ഞു പോകുന്ന ബസുകളുടെ ഡ്രൈവര്‍ മാരെ ഒക്കെ ചേട്ടായി നിയമം പറഞ്ഞു ചീത്ത വിളിക്കാന്‍ തുടങ്ങി. കോളേജില്‍ പോയി തിരികെ വരുന്ന പയ്യന്മാരെ ഒക്കെ കണ്ണുരുട്ടി വിരട്ടി.. ജങ്ങ്ഷനില്‍,  അരയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തെടുത്ത് തലയില്‍ കെട്ടി അല്‍മാരുചേട്ടന്‍ നിറഞ്ഞു നിന്ന നേരത്താണ് ഒരു ജീപ്പ് വന്നു സഡന്‍ ബ്രേക്ക് ഇട്ടതു. ചേട്ടന്‍ ഒന്ന് തിരിഞ്ഞു നിന്നു. നിലത്തു നില്ക്കാന്‍ പാട് പെടുന്ന കാലുകളില്‍ ഒന്ന് കലങ്കിലേക്ക് കേറ്റി വച്ച് ഒന്ന് സൂക്ഷിച്ചു നോക്കി "ആരാടാ അത്??"

ജീപ്പില്‍ നിന്നും നമ്മുടെ സാക്ഷാല്‍ പോലീസേമ്മാന്‍ ചാടി ഇറങ്ങി. "എന്താടാ ഇത്... ഇവിടെന്താ ഒരു ഡാന്‍സ് കളി?"

"ഓ.. ഒന്നുമില്ലേ..." ചേട്ടന്‍ വിനീതനായി.
"നിനക്ക് തന്ന കൂലി വീട്ടില്‍ കൊടുക്കാതെ ഷാപ്പില്‍ കൊടുത്തു പൂസായി നില്കുവാ.. അല്ലെ?.... "

ചേട്ടന്‍ ഒന്നും പറഞ്ഞില്ല.. നമ്ര ശിരസ്കയായി പെണ്ണ് കാണലിനു നില്‍കുന്ന പെങ്കൊച്ചിനെ പോലെ ഒരുനിപ്പ്

ഏമാന്‍ ജീപ്പില്‍ നിന്നു പുറത്തിറങ്ങി...ചേട്ടായിയുടെ അടുത്തെത്തി.." നീ എന്താടാ തലേകെട്ട് ഒക്കെ ആയി ...ഇവിടുത്തെ ദാദായോ?"

അല്‍മാരുചേട്ടന് ചൊറിഞ്ഞു വന്നു. അവന്‍റെ കോപ്പിലെ ഒരു സംസാരം..തൊട്ടി എടുത്തു കൊടുത്തതും പോരാ... പക്ഷെ പോലീസല്ലേ മിണ്ടാതിരിക്കുക തന്നെ. തലയില്‍ കെട്ടിയിരുന്നു തോര്‍ത്തെടുത്ത് കയ്യില്‍ പിടിച്ചു ചേട്ടന്‍ മിണ്ടാതെ നിന്നു..

ഏമാന്‍ ഒന്ന് കൂടി മുന്നോട്ടു വന്നു...വീട്ടില്‍ കൊടുകേണ്ട പൈസ കൊണ്ട് കള്ളും കുടിച്ചു നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാക്കാതെ കേറി പോടാ... ഇതും പറഞ്ഞു ചേട്ടന്റെ താടിക്ക് പിടിച്ചു ചെറുതായിട്ട് ഒരു തട്ട് കൊടുത്തു... രാവിലെ വീട്ടിലെ കിണര്‍ വൃത്തിയാക്കി തൊട്ടി എടുത്തു കൊടുത്തതിന്റെ നന്ദി അതിനുള്ളില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇതും പറഞ്ഞു പോലീസ് ഏമാന്‍ ജീപ്പില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അല്‍മാരുവിനു അഭിമാനം തിളച്ചു പൊങ്ങി. ബ്രോക്കരുമുക്കിനു ഒരുത്തനും അല്‍മാരുവിന്‍റെ താടിക്ക് കൈ വച്ചിട്ടില്ല ഇതുവരെ.. ഒന്ന് മുറുമുറുത്തു കൊണ്ട് അല്‍മാരു ഇങ്ങനെ പറഞ്ഞു...
"മൂര്‍ഖന്‍ പാമ്പിനെയാ നീ നോവിച്ചു വിട്ടിരിക്കുന്നെ..!!"

ജീപ്പിലേക്കു കയറാന്‍ കാലെടുത്തു വച്ച ഏമാന്‍ അതുകേട്ടു..തന്‍റെ തനി കൊണം പുറത്തു വന്നു...തിരിക വന്നു ചെകിട് നോക്കി ഒരു പൊട്ടീര്...അല്‍മാരുവിനു ഒരു നിമിഷം എന്ത് സംഭവിച്ചു എന്ന് മനസിലായില്ല .... വെട്ടിയിട്ട ചക്ക പോലെ ദാണ്ടെ താഴെ കിടക്കുന്നു വീണ പൂവ്...!!??

സംഭവിച്ചത് മനസ്സിലാവും മുമ്പ് ഏമാന്‍ ഒരു അലര്‍ച്ചയും.." ഓടടാ വീട്ടിലേക്ക്..."

പി.വി. തമ്പിയുടെ മന്ത്രവാദ നോവലില്‍ സംഭവിക്കുന്ന പോലെ നിമിഷ നേരം കൊണ്ട് ബ്രോക്കറു മുക്കിന്റെ കുളിര് മാഞ്ഞു പോയി... തെക്കോട്ട്‌ ഓടിയ ആ വഴിക്കെങ്ങും പിന്നീടു പുല്ലു പോലും മുളച്ചില്ല എന്നാണ് ബ്രോക്കറു മുക്കിലെ പാണന്‍ മാര്‍ പാടി നടക്കുന്നത്!

ഇന്നും ബ്രോക്കറു മുക്കിലെ വിവരം കേട്ട പിള്ളേര്‍ അല്‍മാരുചേട്ടനെ കാണുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും വിളിക്കും... "മൂര്‍ഖന്‍ പാമ്പിനെ യാ നോവിച്ചു വിടുന്നെ ..."

അത് കേള്‍കുമ്പോള്‍ മൂന്നംപക്കതിലെ കവലയെ പോലെ ചേട്ടന്‍ ഉറഞ്ഞു തുള്ളും...

"പോടാ കഴുവേറീടെ മോനെ....."
-------------------------------------------------------------------------------------------------------------------
ഈ കഥയിലെ വ്യക്തികളും സംഭവങ്ങളും നര്‍മത്തിന് വേണ്ടി മെനയപെട്ടതാണ്. ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നുന്നു എങ്കില്‍ യാദൃശ്ചികം മാത്രം ആണെന്ന് കരുതി ആശ്വസിചേക്കുക !!

4 comments: