Wednesday, April 10, 2019

മനസ്സിലെ തണൽമരങ്ങൾ - 06

മനസ്സിലെ തണൽമരങ്ങൾ - 06
എന്നെ ചോരനാക്കിയ മരം
----------------------------

മുറിഞ്ഞകൽ മുതൽ കൂടൽവരെ മനസ്സിൽ പതിഞ്ഞ പാതയോരത്തെ  തണൽമരങ്ങളിൽ ഏറെയും മാവുകൾ ആയിരുന്നു എന്നതാണ് സത്യം.  ഗാന്ധിമുക്കിന് അടുത്തുള്ള പഴയ നഴ്‌സറിയുടെ മുന്നിലുള്ളതും, ഭണ്ഡാരത്ത്കാവിന് മുന്നിലുള്ളതുമായ രണ്ട് മാവുകളെപ്പറ്റി കഥകൾ മുമ്പ് ഞാൻ  പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മാവിന്റെ കഥ വ്യത്യസ്‍തമാണ്. മനസ്സിൽ ഒരു നീറ്റലായി ഇന്നും നിലനിൽക്കുന്നതാണ് ഈ  വൻവൃക്ഷത്തിന്റെ കഥ.

ഗാന്ധിമുക്കിന് നിന്ന് അമ്പലപ്പടിയിലേക്ക് നടക്കുമ്പോൾ നൂറുമീറ്റർ ദൂരത്തിൽ റോഡിൻറെ വലതുവശത്ത് നെഞ്ചുവിരിച്ച് നിൽക്കുന്ന ഒരു നാട്ടുമാവ് ഉണ്ടായിരുന്നു. അവിടെനിന്ന് രണ്ട് വേലിചാടിയാൽ എൻറെ വീടായി.

മുള്ളുവേലികൾ ചാടുന്നത് ഹരവും, മുള്ളുകമ്പികൾക്കിടയിലൂടെ ഊർന്നിറങ്ങുന്നവർ വീരന്മാർ ആണെന്നും ചിന്തിച്ച് വാണിരുന്ന ബാല്യകാലം. അന്ന് മനസ്സിനെ സ്വാധീനിച്ചിരുന്ന വലിയവൃക്ഷം ഈ മാവായിരുന്നു.

അവിടെ തോടിനോട് ചേർന്ന് കുറെ പുരയിടവും, ഓടിട്ട ഒരു വീടും, തൊട്ടരികത്ത് നീണ്ടുകിടക്കുന്ന പാടശേഖരവും.  റോഡിന്റെ ഓരത്തായിട്ടാണ്  ഈ വൻമാവ് നിന്നിരുന്നത്. ഞങ്ങൾ ആ വീടിനും സ്ഥലത്തിനും 'കുമ്പളാംപൊയ്‌കക്കാരുടെ സ്ഥലം' എന്നാണ് വിളിച്ചിരുന്നത്. അന്ന് പല കുടുംബങ്ങളും അങ്ങനെയാണ് അറിയിൽപെട്ടിരുന്നത്. മനുഷ്യവാസം അധികം ഇല്ലാതിരിക്കുന്ന കാലത്തെങ്ങോ പലസ്ഥലങ്ങളിൽ നിന്നും വന്നു പാർത്തവരെ, അവർ വന്ന സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. അങ്ങനെയാണ് അയൽപക്കത്തുള്ളവർക്ക്  കോന്നിക്കാർ, റാന്നിക്കാർ, കോഴഞ്ചേരിക്കാർ, മൈലപ്രാക്കാർ എന്നൊക്കെ വിളിപ്പേരുണ്ടായത്.

മേൽപറഞ്ഞ കുമ്പളാംപൊയ്‌കക്കാരുടെ വലിയ മാവിൻറെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഓടിട്ട വീട്ടിൽ  കാലാകാലങ്ങളിൽ സ്ഥിരതാമസക്കാരില്ലാതെ മാറിമാറി പലരും വസിച്ചിരുന്നു. എൻറെ ബാല്യകാലത്ത്  ആ പറമ്പ് നോക്കിനടത്തിയിരുന്ന ബേബിച്ചായനോ അവരുടെ കുടുംബക്കാരോ ഒക്കെയാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. ഈ ബേബിച്ചായൻ ഒരു സംഭവം ആയിരുന്നു. നല്ല ഉയരം. കട്ടയാൻ ശരീരം. ശരീരത്തിനേക്കാൾ വലിയ വയർ. കണ്ടാൽ ഒരു ഫയൽവാൻ ലൂക്ക്.  വയറിന് താഴെയോ മുകളിലോ എന്നറിയാതെ ഉടുത്തിരിക്കുന്ന കരയൻ കൈലി. പള്ളിയിലോ പുറത്തോ പോകുമ്പോൾ അല്ലാതെ ബേബിച്ചായൻ ഷർട്ട് ഇടുകയേ ഇല്ല. വലിയ വയർ കാട്ടി ബേബിച്ചായൻ വരുമ്പോൾ ആ വയറിനുള്ളിൽ കുട്ടികൾ ഉണ്ടോ എന്ന് ഞങ്ങൾ സ്വാഭാവികമായും സംശയിച്ചിരുന്നു. ആണുങ്ങൾ പ്രസവിക്കില്ല എന്ന സത്യം പിൽകാലത്ത് അറിഞ്ഞപ്പോൾ ആ വിഢിത്തരം ഓർത്ത് ഞങ്ങൾ ചിരിച്ചു. എന്തായാലും വലിയ വയറുമായി നടന്നുവരുന്ന ബേബിച്ചായന് നാട്ടുകാർ ഒരു പേരിട്ടു. 'പൂണൻബേബിച്ചായൻ'.

ബേബിച്ചായനെ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിൽ കയറുമ്പോളും, അവിടെയുള്ള ചിറയിൽ കുളിക്കുമ്പോളും ഈ കാട്ടാഗുസ്തിക്കാരൻ ഞങ്ങൾ പിള്ളേരെ വിരട്ടിവിടും. ഇദ്ദേഹമാണ് ആ വസ്തുവിന്റെ നോട്ടക്കാരൻ. ഞങ്ങളെ ഒക്കെ കാണുമ്പോൾ ബേബിച്ചായൻ കയ്യിലിരിക്കുന്ന മുട്ടൻ വടി ഉയർത്തിക്കാണിക്കും. അതുകണ്ട് പേടിച്ചുതൂറികളായ ഞങ്ങൾ വേലിചാടി ഓടും.

റോഡിൻറെ ഓരത്ത് നിൽക്കുന്ന ആ മാവ് ഒന്നിടവിട്ട വർഷങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.  മാവിലെ മാമ്പഴക്കാലം ഒരുത്സവം തന്നെയായിരുന്നു. കാറ്റത്ത് 'ടപ്പോ' എന്ന ശബ്ദത്തിൽ വീഴുന്ന മാങ്ങകൾ കരസ്ഥമാക്കാൻ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് തന്നെ വേണമായിരുന്നു. കയ്യൂക്കുള്ളവൻ അവിടെ കാര്യക്കാരൻ.  കയ്യൂക്കില്ലാതെ എന്നെപ്പോലെ 'അശു'വായ പിള്ളേർക്ക് അത് കടിച്ച് ഈമ്പിക്കുടിക്കുന്നവനെ നോക്കി വെള്ളമിറക്കൽ മാത്രം ബാക്കി.  വീഴുന്ന മാങ്ങാ കരിയിലേയ്ക്കിടയിൽനിന്നും ഓടിച്ചെന്നെടുത്ത് നിക്കറിൽ ഉരച്ച് ചുന കളഞ്ഞ്, കടിച്ച് പൊട്ടിച്ച്, ഞെക്കി ഞെക്കി വലിച്ചുകുടിക്കുന്ന സ്വാദും, അനുഭൂതിയും ഒന്നുവേറെതന്നെയായിരുന്നു.

കുമ്പളാംപൊയ്‌കക്കാരുടെ ആ മാവ് ആ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ളതും രണ്ട് മൂന്നാൾക്കാർ പിടിച്ചാൽ പിടി മുറ്റാത്തതുമായിരുന്നു. അത്രയും നീളത്തിലും വണ്ണത്തിലും ഉള്ള വലിയ മാവ് ഞാൻ ജീവിതത്തിൽ പിന്നീട് കണ്ടട്ടില്ല.  അതിനോട് അന്ന് കിടപിടിക്കാൻ അമ്പലപ്പടിയിലെ പുളിയും, പാലമരവും മാത്രമാണ്  ഉണ്ടായിരുന്നത്.  ആ മാവിൻറെ മുകളിൽ നൂറുകണക്കിന് കിളികൾ വസിച്ചിരുന്നു. അണ്ണാന്മാർ പൊത്തുകളിൽ കൂടുകെട്ടി താമസിച്ചിരുന്നു. പരുന്തുപോലുള്ള മുട്ടൻ പക്ഷികൾ ഉയരത്തിൽ മനുഷ്യസ്പർശം ഏൽക്കാത്ത ചില്ലകളിൽ പാർത്തിരുന്നു.

സ്‌കൂൾ അവധിക്കാലത്തായിരുന്നു ആ വൻമരം മാമ്പഴം തന്നിരുന്നത്. മരത്തിൻറെ വലിപ്പം പോലെത്തന്നെ മാമ്പഴവും ആ പ്രദേശത്തുള്ള ഏറ്റവും വലുത് തന്നെ. രണ്ടോ മൂന്നോ എണ്ണം കഴിച്ചാൽ വയർ നിറയും, ഏമ്പക്കവും  വരും.  പച്ചനിറത്തിനു മേലെ കറുത്ത പുള്ളി പടർന്ന  മാമ്പഴം കടിച്ചാൽ ചുനയൂറി വരും. കൊതിപ്പിക്കുന്ന മണം.  മഞ്ഞനിറമുള്ള നാരുകളാൽ സമൃദ്ധമായ തേൻ നിറച്ചപോലെയുള്ള മാംസളഭാഗം വലിച്ചുകുടിക്കുന്നത് ഓർത്താൽ തന്നെ വായിൽ വെള്ളമൂറും.  പകൽ സമയങ്ങളിൽ പാടത്തും പറമ്പിലും കൃഷി ചെയ്യുന്നവർ ആ മരത്തിൻറെ ചോട്ടിൽ വന്നിരിക്കുകയും, വിശ്രമിക്കുകയും ഇടയ്ക്കിടെ വീഴുന്ന മാമ്പഴം പെറുക്കി തിന്നുകയും ചെയ്യും.  എന്നെപ്പോലുള്ള അശക്തരായവർക്ക് അവിടെച്ചെന്ന് മാമ്പഴം പെറുക്കുക എന്നത് പകൽസമയം അപ്രാപ്യമായിരുന്നു.

മാമ്പഴത്തിൻറെ സ്വാദും ഗന്ധവും നൽകിയ ത്വര എന്നെ വലിയ ചോരനാക്കി മാറ്റി എന്നതാണ് സത്യം. പകൽ സമയം കയ്യെത്താകനി ആയിരുന്ന മാമ്പഴം അതിരാവിലെ ലോകം ഉണരും മുമ്പ് പോയി തപ്പാൻ ഞാൻ അനിയനെ കൂട്ടുപിടിച്ചു. അങ്ങനെ കിഴക്ക് പാങ്ങോട്ട് മലയിൽ പകലോൻ ഉണരും മുമ്പ് ഞങ്ങൾ ഉണരും. ഈടികെട്ടുകൾ ചാടി, മുള്ളുവേലികൾക്കിടയിലൂടെ ഊർന്നിറങ്ങും. നിക്കറിന്റെ പോക്കറ്റിലും, തോർത്തിലും രാത്രിമുഴുവൻ കാറ്റത്തും, വവ്വാലുകളുടെ താഡനമേറ്റും വീണുകിടക്കുന്ന മാമ്പഴങ്ങൾ പെറുക്കി നിറയ്ക്കും.  പൂണൻബേബിച്ചായൻ ഉണരും മുമ്പ്, മാവിൻറെ എതിർവശത്തുള്ള കോലത്തെ അനിയച്ചന്റെ വളർത്തുനായ  അറിയും മുമ്പേ; ഇരുളിൻറെ മറവിൽ കരിയിലപോലും അനങ്ങാതെ അപ്പൻറെ നാലുബാറ്ററിയുടെ എവറെഡി ടോർച്ച് മിന്നിച്ച് ഞാനും അനിയനും മോഷണം നടത്തി വീട്ടിലെത്തും.  അതിസാഹസികമായ മോഷണം!  ആ പ്രയത്നത്തിൽ ഏറ്റവും പ്രയാസം കോലത്തെ അനിയച്ചന്റെ നായയുടെ കുരയാണ്. നായ കുരച്ചാൽ പൂണൻബേബിച്ചായൻ ചാടി എണീക്കും. വടിയും ചുഴറ്റി "ആരാടാ അവിടെ..?!" എന്ന് പറഞ്ഞ് ഓടിവന്ന് ഞങ്ങളെ പിടികൂടും. പിന്നത്തെ പുകിൽ പറയണ്ടായല്ലോ.

അങ്ങനെ കോലത്തെ നായയെയും, ബേബിച്ചായനെയും കബളിപ്പിച്ച് പെറുക്കികൊണ്ട് വരുന്ന നാട്ടുമാങ്ങയുടെ അധിപതികൾ ഞങ്ങളാണ്. വയറുനിറച്ച് മങ്ങാതിന്നാം. എത്ര തിന്നാലും മടുപ്പില്ലാത്ത മധുരം. ആ മാധുര്യവും, സ്വാദും വീണ്ടും വീണ്ടും ഞങ്ങളെ ചോരമാരാക്കി. ചില ദിവസങ്ങളിൽ രാത്രി വേനൽ മഴപെയ്യും. കാറ്റത്ത് ചില്ലകൾ ഉലഞ്ഞ് താഴെവീണുകിടക്കുന്ന മാങ്ങകളുടെ ചാകരയായിരിക്കും അന്നൊക്കെ.

ഈ വർഷം കായ്ച്ചാൽ അടുത്ത വർഷം മാവ് കായ്ക്കില്ല. ആ വർഷങ്ങളിൽ മാവിൻ ചുവട്ടിൽ ആളും അനക്കവും ഉണ്ടാവുകയുമില്ല, ഉത്സവപ്രതീയുമില്ല. ശാന്തം, സുന്ദരം. എന്നാൽ അടുത്ത വർഷം വീണ്ടും മാവ് പൂക്കും. ഉത്സവത്തിന് കൊടിയേറുകയും ചെയ്യും.

കാലചക്രം അതിവേഗമാണ് കറങ്ങുന്നത്. സ്‌കൂൾ കാലം കഴിഞ്ഞു. അവിടെത്തന്നെ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും കഴിഞ്ഞ്, കോളേജിലേക്കും പിന്നീട് ജോലിക്കായി നഗരത്തിലേക്കും ഞാൻ ചേക്കേറി. തിരക്കിൻറെ ഉന്മാദാവസ്ഥയിൽ ഒരുദിവസം  ആ വാർത്ത കേട്ടു. 'കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ നാട്ടുമാവ് വെട്ടിക്കളയാൻ പോകുന്നു!?'  കേട്ടപ്പോൾ ഒരു മിന്നൽപിണർ എന്നിലൂടെ പാഞ്ഞുപോയി. മാമ്പഴത്തിനായി ആ മരത്തിൻചുവട്ടിലേക്ക് ഓടിയകാലുകൾ മരവിച്ചു നിന്നു. അപ്രതീക്ഷിതമായി ഒരു ആത്മാർത്ഥസുഹൃത്തിന്റെ മരണവാർത്ത കേൾക്കുന്ന പ്രതീതിയാണ് എനിക്കപ്പോൾ ഉണ്ടായത്. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ ഓടി, ആ മാവിൻ ചുവട്ടിലേക്ക്.

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു.   മഴുവും, വാക്കത്തിയും, അറക്കവാളുമായി ഒരു സംഘം ആ മരത്തിന് ചുറ്റും ഭഗീരഥപ്രയത്നത്തിൽ.  മരത്തിൻറെ മുകളിൽ ചിലർ വലിഞ്ഞുകേറി ചില്ലകൾ ഓരോന്നായി മുറിച്ച് കയറുകൊണ്ട് കെട്ടിയിറക്കുന്നു.  താഴെ കടയ്ക്കൽ ശക്തമായി കോടാലികൾ ഉയർന്നുപൊങ്ങുന്നു. അത് വെട്ടുന്നവരുടെ ഒച്ചയും അണപ്പും മരണമണി പോലെ എനിക്കനുഭവപ്പെട്ടു.  വെട്ടിയിട്ട മരച്ചില്ലകൾക്കിടയിൽ പറക്കമുറ്റാത്ത കിളികുഞ്ഞുങ്ങൾ വലിയവായിൽ ചിലച്ചു, ചെറുമുട്ടകൾ പൊട്ടിക്കിടക്കുന്നു. തള്ളക്കിളികൾ കരഞ്ഞുകൊണ്ട് പറന്നുനടന്നു. കാക്കകൾ അപായസൂചന നൽകി കൂട്ടം കൂട്ടമായി ചിലച്ചു. അണ്ണാറക്കണ്ണമാർ പൊത്തിൽനിന്നിറങ്ങി ഓടി രക്ഷപെട്ടു. മരത്തിൻറെ ഏറ്റവും മുകളിൽ കൂടുകെട്ടിയിരുന്ന പരുന്തുകൾ അടുത്തൊരു വാസസ്ഥലം തേടിപ്പോയി.  എനിക്കതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണി ഇല്ലായിരുന്നു.

ഒന്ന് രണ്ട് ദിവസത്തെ പ്രയത്നം കൊണ്ട് രണ്ടാൾ പിടിച്ചാൽ പിടിമുറ്റാത്ത ആ വൻമരം നിലംപതിച്ചു! തലമുറകളെ തേനൂട്ടിയ മാവിന്റെ മുറിപ്പാടുകളിൽ നിന്നും ഊറിവരുന്ന കൊഴുത്ത സ്രവം ഞാൻ തൊട്ടുനോക്കി. പ്രകൃതിയുടെ കണ്ണുനീരാണത്. തലമുറകളുടെ വിലാപം ഘനീഭവിച്ചതാണത്.

ഇടറുന്ന നെഞ്ചും, പിടയ്ക്കുന്ന ചിന്തകളുമായി ഞാൻ തിരികെ നടന്നു. പറമ്പ് എന്റെയല്ല. മാവും എന്റെയല്ല. ജന്മിയുടെ പുരയിടത്തിൽ നിന്നും അടിച്ചിറക്കപെട്ട കുടിയാന്റെ മനസ്സുമാത്രമായിരുന്നു  എനിക്കപ്പോൾ. ഞാൻ എന്നോടുതന്നെ പറഞ്ഞു "ഇനിയൊരു തലമുറയും ഈ മാവിനോളം തലയെടുപ്പോടെ ഒരു വൃക്ഷം ഇവിടെ  കാണാൻ പോകുന്നില്ല"  അത് ഇന്നും  അലംഘനീയമായ സത്യംപോലെ നിലകൊള്ളുന്നു.

കാലം ഏറെ കഴിഞ്ഞു. ഇന്നും കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ ആ മാവ് മനസ്സിൽനിന്നും പറിച്ചെറിയാൻ കഴിയുന്നില്ല. വീട്ടിൽനിന്നിറങ്ങി ഗാന്ധിമുക്കിലേക്ക്  നടക്കുമ്പോൾ അറിയാതെ കണ്ണുകൾ ആ പറമ്പിലേക്ക് നോക്കിപ്പോകും. പൊട്ടിപ്പൊളിഞ്ഞ മതിലും, മുള്ളുവേലിയും ഇന്നും ഗതകാലസമരണയുടെ മാമ്പഴച്ചുനയും, ചൂരും, ഗന്ധവും ഉണർത്തി അവിടെയുണ്ട്.  മാവ് നിന്ന സ്ഥലം തിരിച്ചറിയാൻപോലും പറ്റാതെ കാടുപിടിച്ച് കിടക്കുന്നു.

പൂണൻബേബിച്ചയനും, കോലത്തെ വീടും, നായയും എല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നാൽ കുമ്പളാംപൊയ്‌കക്കാരുടെ ആ പഴയവീട് ഇന്നും പറയാൻ മറന്ന കഥയുടെ ബാക്കിപോലെ അവിടെയുണ്ട്. ആ വീട് കാണുമ്പോൾ ഞാൻ ഓർക്കും;  കരിയില അനങ്ങാതെ, എവറെഡിയുടെ ഞെക്ക് ടോർച്ചിന്റെ നേർത്ത മഞ്ഞവെളിച്ചത്തിൽ, കമ്പിവേലിക്കിടയിലൂടെ ഊർന്നിറങ്ങി, ഈടികെട്ടുകൾ നിറങ്ങിയിറങ്ങി നടത്തിയ മോഷണം. നിക്കറിൻറെ പോക്കറ്റിലും, മുണ്ടിലും, തോർത്തിലും നിറച്ച് മാമ്പഴവുമായി പാടുപെട്ട് വീട്ടിലെത്തി നടുനിവർക്കുന്ന ആസ്വാദനത്തിന്റെ ആശ്വാസം.

മാമ്പഴച്ചുനയേറ്റ് മനസ്സ് പൊള്ളിയ പാടുകൾ കാലത്തിന് ഒരിക്കലും മായിക്കാനാകില്ലല്ലോ ദൈവമേ!!

മയിൽ കഥ പീലിവിടർത്തുമ്പോൾ

മയിൽ കഥ പീലിവിടർത്തുമ്പോൾ 

മയിൽ! ദുബായി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ!

എമിറേറ്റ്‌സ് ടവ്വറിന് അടുത്തുള്ള സൂമിലേക്ക്  (Zoom) വൈകുന്നേരം ഞാൻ നടന്നത്, പെട്ടെന്നെവിടെനിന്നോ വിളിക്കാത്ത അതിഥിപോലെ വിശപ്പ് വന്നുകയറിയതിനാൽ സ്‌നാക്‌സ് വല്ലതും വാങ്ങാം എന്നുകരുതിയാണ്. എന്നാൽ സൂമിൻറെ വാതുക്കൽ വർണ്ണപീലികളുടെ യൂണിഫോമിൽ ഒരാൾ നിന്ന് എൻറെ ആഗമനോദ്ധേശത്തെ മാറ്റിക്കളഞ്ഞു. ഒച്ചയൊന്നുമുണ്ടാക്കാതെ ഒതുങ്ങി തലപൊക്കിയും, താഴ്ത്തിയും എന്തോ തിരയുകയാണ് പാവം. എന്റെയോ അതുവഴി വന്നുപോകുന്നവരുടെയോ സാമീപ്യം അവൻ ശ്രദ്ധിക്കുന്നതേയില്ല.

വളർന്നു വരുന്നൊരു ആൺമയിലാണിത് . വർണ്ണശോഭ കവിഞ്ഞുനിൽക്കുന്ന തലയും പൂർണ്ണ വളർച്ചയെത്താത്ത പീലികളും. നമ്മുടെ സുബ്രഹ്മണ്യനും, കള്ളക്കണ്ണനും ഇവനെക്കൂടാതെ ജീവിതമില്ലല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ട്  ഞാൻ  നിൽക്കുമ്പോൾ സൂമിലെ ഒരു ജോലിക്കാരൻ ഒരു കവർ ബിസ്‌കറ്റ് പൊട്ടിച്ച് മുറിച്ച് മയിലിന് ഇട്ടുകൊടുത്തു. അതുശരി. ഈ ബിസ്‌കറ്റ് തിന്നാൻ വേണ്ടിയാണ് ഇവൻ എമിറേറ്റ്‌സ് ടവറിലെ വാസസ്ഥലത്തുനിന്നും ഇരുനൂറ്, മുന്നൂറ് മീറ്റർ ദൂരത്ത്  തിരക്കുള്ള ഈ റോഡിൻറെ ഓരത്തേക്ക് വന്നുനിൽക്കുന്നത്!  അമ്പട കേമാ..! എനിക്ക് കൗതുകം തോന്നി. ഒപ്പം നിന്ന് രണ്ട് സെൽഫിയെടുക്കാൻ അവന് വിരോധം ഒന്നുമുണ്ടാകില്ലല്ലോ.

മയിലിനെ കണ്ട് അതുവഴി പോയ കുറെ ടൂറിസ്റ്റുകൾ കറണ്ട് കമ്പിയിൽ കാൽ തട്ടിയപോലെ ഷോക്കടിച്ച് നിന്നു. ഞാൻ മയിലിനെ തൊട്ട് തലോടി നിൽക്കുന്നത് അവർക്ക് കൗതുകം തോന്നിയിരിക്കാം. അതിലൊരുത്തൻ മുന്നോട്ട് വന്ന് എന്നോട് ചോദിച്ചു.

"ഹായ്... ഞാനൊരു ഫോട്ടോ എടുത്തോട്ടെ?"

ദൈവമേ! എന്നോടാണോ ? ആ വെള്ളക്കാരൻ ആപാദചൂഡം ഞാൻ ഒന്നുനോക്കി. വഴിയേപോകുന്ന എൻറെ അനുവാദം എന്തിനാണിയാൾക്ക്? എന്തായാലും പത്തിരുനൂറ്‌ വർഷം ഇവറ്റകൾ നമ്മളെ ഇന്ത്യയിൽ വന്ന് അടക്കിഭരിച്ചതല്ലേ..കിടക്കട്ടെ ഇത്തിരി ജാടയും വേലയും! മസിൽ ഒന്ന് വിട്ടുപിടിച്ച് നിന്നശേഷം ഞാൻ പറഞ്ഞു.

"യെസ് ... തീർച്ചയായും"

വെള്ളക്കാരനും കൂടെയുണ്ടായിരുന്ന കുട്ടിയുടുപ്പുകാരിക്കും സന്തോഷമായി. കൂടിനിന്നവരെല്ലാം മയിനൊപ്പം നിന്ന് ഫോട്ടോയെടുത്തു. മയിലാണേൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൂസലില്ലാതെ നിൽപ്പാണ്.

"സുഹൃത്തേ, ഈ മയിൽ എവിടെനിന്ന് വരുന്നു?" വെള്ളക്കാരൻ എന്നെ വിടാൻ ഭാവമില്ല.

"ദേ ... അങ്ങോട്ട് നോക്കൂ. അവിടെനിന്നാണ് വരുന്നത്" അംബരചുംബിയായി രണ്ട് കൊമ്പുകൾ ഉയർത്തിനിൽക്കുന്ന എമിറേറ്സ് ടവർ ഞാൻ ചൂണ്ടിക്കാട്ടി.

"വൗ !! അവിടെ നിന്ന്?"

"അതെ, അവിടെ നിന്നാണ്. ടവറിന് ചുറ്റുമുള്ള ചെറുകാടുപോലെയുള്ള പച്ചപ്പുകളിൽ ചെറുതും വലുതുമായ നൂറുകണക്കിന് മയിലുകൾ ഉണ്ട് .."

"അതെയോ??!" സായിപ്പിന് അത്ഭുതം. അയാളുടെ കൂടെയുള്ള കുട്ടിയുടുപ്പുകാരിപെണ്ണ് ഞങ്ങളുടെ ചോദ്യോത്തരവേള കണ്ട് അതേ അത്ഭുതത്തോടെ നിൽക്കുകയാണ്.

"അതെ... ചിലപ്പോൾ ഈ റോഡിലൂടെ മയിലുകൾ കൂട്ടമായി വരും. രാവിലെ ആ പച്ചപ്പുകളിൽ നോക്കിയാൽ പെണ്മയിലുകൾ കുഞ്ഞുങ്ങളുമായി നടക്കുന്നത് കാണാം..."

"ഓ... ഗ്രേറ്റ്..! വണ്ടർഫുൾ"

പൊട്ടൻ ആനയെകണ്ടതുപോലെ വെള്ളക്കാരനും വെള്ളക്കാരിയും എന്നെയും, മയിലിനെയും മാറിമാറി നോക്കി.  ഞാനാണേൽ ബ്രിട്ടാനിക്ക എൻസൈക്ളോപീഡിയ മൊത്തം ഗ്രഹിച്ച മട്ടിലാണ് വിവരണം. എൻറെ  ആ വർത്തമാനത്തിനിടയിൽ വെള്ളക്കാരിപ്പെണ്ണ് ചിരിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"അല്ല .. ഒരു ചോദ്യം ചോദിച്ചോട്ടെ? നിങ്ങൾ ഈ മെയിലിന്റെ കാവൽക്കാരൻ ആണോ? അതോ ഇതിൻറെ ഉടമസ്ഥനോ?"

ഞാനൊന്ന് ഞെട്ടി. ഇവൾ ഇതെന്താണ് പറയുന്നത്? തലയൊന്ന് ചൊറിഞ്ഞ്, ഒരു കൃത്രിമ പുഞ്ചിരി നൽകി ഞാൻ തുടർന്നു.

"സോറി... ഞാനല്ല ഇതിൻറെ ഉടമയും, കാവൽക്കരനും.."

"പിന്നാരാണ്?" പെണ്ണ് വിടാൻ ഉദ്ദേശമില്ല.

"അതോ?.... പേര് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അറിയുമായിരിക്കും"

"എന്നാൽ വേഗം പറയൂ.." അവർ അക്ഷമരായി നിൽക്കുകയാണ്. ഞാനൊന്ന് നിവർന്ന് നിന്നു. എമിറേറ്സ് ടവറിന്റെ കൊമ്പുകളിൽ ഒരിക്കൽക്കൂടി ഒളികണ്ണിട്ട് നോക്കി പറഞ്ഞു"

"ഈ മെയിലിന്റെ മാത്രമല്ല, ഇവിടെ കാണുന്ന നൂറുകണക്കിന് മയിലുകളുടെ ഉടമസ്ഥനും, കാവൽക്കരനും അദ്ദേഹമാണ്. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയും.. പേര് ഹിസ് ഹൈനസ്സ് ഷേഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും. ഈ കാണുന്ന പച്ചപ്പുകൾ, റോഡുകൾ, മെട്രോ ട്രെയിൻ എല്ലാമെല്ലാം ആ ഭരണാധികാരിയുടെ സ്വപ്നപദ്ധതികൾ ആണ്. ദുബായ് ലോകത്ത് എല്ലാത്തിനും നമ്പർ വൺ ആയിത്തീരണമെന്നാണ് തൻറെ ആഗ്രഹമെന്ന് ആ ഭരണാധികാരി അഭിമുഖങ്ങളിൽ പറയാറുള്ളത്.."

വെള്ളക്കാരനും വെള്ളക്കാരിയും എന്നെ സാകൂതം നോക്കുമ്പോൾ ഞാൻ പറഞ്ഞു നിർത്തി.

"....ഞാനും നിങ്ങളും ഈ കാണുന്ന ആൾകാർ എല്ലാം ദുബായ് എന്ന നഗരത്തിലേക്ക് വരുന്നത് ഈ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്"

വള്ളക്കാരനും പെണ്ണും എമിറേറ്സ് ടവർ മൊത്തത്തിൽ ഒന്ന് സ്‌കാൻ ചെയ്തത് മൂന്നു നാല് വൗ , വൗ  ഒക്കെ പറഞ്ഞ് നടന്നുപോകുമ്പോഴും യുവത്വത്തിലേക്ക് കാലെടുത്തുവച്ച ആ മയിൽ എൻറെ മുന്നിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സൂമിൽ നിന്നും കൊടുക്കുന്ന അടുത്ത ബിസ്കറ്റിൻറെ മുറിയ്ക്കുവേണ്ടിയുള്ള ചുറ്റിത്തിരിയൽ.

Friday, March 1, 2019

ഒരു ചെറുതേൻകഥ

ഒരു ചെറുതേൻകഥ
----------------------------

കുട്ടികളോട് ഒരു ചോദ്യം. നിങ്ങളിൽ എത്രപേർ ചെറുതേൻ കുടിച്ചിട്ടുണ്ട്? ചെറുതേനീച്ചയെ കണ്ടിട്ടുണ്ട്?

ഇതൊരു ചെറിയ തേൻ കഥയാണ്. ഈ തേനിന് മധുരമോ, പുളിപ്പോ അതോ കയ്‌പോ എന്ന്  കഥാന്ത്യം നിങ്ങൾക്ക് മനസ്സിലാകും.

എൻറെ ബാല്യത്തിൽ, വീടിൻറെ ചുമരുകളിലും മറ്റും ചെറുതേനീച്ചകൾ കൂടുവയ്ക്കുമായിരുന്നു.  ഒരു ഉപദ്രവവും ഇല്ലാത്ത ചെറുജീവികൾ.  നമ്മൾ ഉപദ്രവിക്കാൻ ചെന്നാൽ പാവം തലയ്ക്കു മുകളിൽ പറക്കുകയും തലമുടിയിൽ ഒക്കെ കയറുകയും ചെയ്യും.  അത്രയേയുള്ളൂ ആ കുഞ്ഞുപ്രാണിയുടെ പ്രതിരോധം.  വലിയ തേനീച്ചയെപ്പോലെ കുത്താനുള്ള കൊമ്പോ ആയുധമോ ഒന്നും അതിനില്ലല്ലോ.

വല്ലപ്പോഴും ഈ ചെറുതേനീച്ചയുടെ കൂട്ടിൽ ഈർക്കിൽ കുത്തിയിറക്കി അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ നക്കികുടിക്കുന്നത് ഏതോ ജന്മസാഫല്യം പോലെയായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക്.

കാലമാകുന്ന പുസ്തകപേജുകൾ മറിഞ്ഞപ്പോൾ മൺകട്ടകൾ ഉള്ള വീട് കോൺക്രീറ്റായി. ചെറുതേനീച്ചകളും, തേനും ഒക്കെ എങ്ങോ പോയി. പിന്നെ പെട്ടികളിൽ വളർത്തുന്ന തേനീച്ചകളുടെയോ, കടകളിൽ നിന്ന് വാങ്ങുന്നതോ ഒക്കെയായി തേൻ.  കുഞ്ഞുപ്രാണികളെ കാലത്തിനൊപ്പം പടിക്ക് പുറത്താക്കി ഞാനും 'പുരോഗമിച്ചു'.

പുതിയ വീട് വച്ചശേഷം, രണ്ടായിരത്തിഒൻപതിൽ അവധിക്ക്  പോകുമ്പോൾ ഒരു എമർജൻസി ലൈറ്റ് വാങ്ങി നാട്ടിൽ കൊണ്ടുപോയി. അതിൻറെ കവറും, അകത്തെ തെർമോക്കോളും ചപ്പുചവറുകൾക്കുള്ളിൽ കളയാൻ തോന്നിയില്ല.  വാറണ്ടി പിരീഡ് വരെ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കാം എന്ന ചിന്തയിൽ  അത് ഞാൻ വീടിൻറെ പുറത്തെ ആരഭിത്തിയിൽ വച്ചു. മഴയും വെയിലും കൊള്ളാതെ അത് അവിടെയിരുന്നുകൊള്ളും എന്ന വിശ്വാസത്തിൽ അവധിയൊക്ക കഴിഞ്ഞ് തിരികെ ദുബായിലേക്ക് യാത്രയായി.

അടുത്ത തവണ നാട്ടിൽ പോയപ്പോൾ,  മുമ്പ് സൂക്ഷിച്ച്‌വച്ച എമർജൻസി ലൈറ്റിൻറെ കവർ ഞാൻ തപ്പിച്ചെന്നു. അതിലേക്ക് നോക്കിയപ്പോൾ ചുറ്റും ചെറു തേനീച്ചകൾ പറക്കുന്ന നല്ല കാഴ്‌ച.  ഞാൻ ആ കൂടൊന്ന് പൊക്കി.  ദൈവമേ, അതിനകത്ത് നിറയെ ചെറുതേനീച്ച കൂട് കെട്ടി നൂറുകണക്കിന്  തേനീച്ചകൾ നൃത്തം ചെയ്യുന്നു! മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. പാവം ജീവികൾ. അവറ്റകൾക്ക് ഒരു കൂട് ഉണ്ടാക്കികൊടുക്കുവാൻ  കഴിഞ്ഞല്ലോ. ആ ചെറു ജീവികൾ മെഴുകുകൊണ്ട് ഉണ്ടാക്കിയ  വാതിലിലൂടെ ഈച്ചകൾ പുറത്തേക്ക് വരുന്നതും അകത്തേക്ക് പോകുന്നതും നോക്കി ഞാനിരുന്നു.

വേണമെങ്കിൽ ആ കൂട് പൊളിച്ച് കുറെ ചെറുതേൻ എടുക്കാം. ചെറുതേൻ കുടിച്ചിട്ട് വർഷങ്ങളായി. ഈച്ചകൾ വീണ്ടും അവിടെവിടെങ്കിലും കൂട് വച്ചുകൊള്ളും.  എന്നാൽ മനസ്സ് അതിനനുവദിച്ചില്ല. നൂറോ ഇരുനൂറോ മില്ലി ചെറുതേനിനു വേണ്ടി ഈ ജീവികളെ ഇല്ലാതാക്കാൻ എന്തോ ഒരു വിഷമം.  തേനീച്ചകൾ ഇല്ലാതായി പത്ത് വർഷം കഴിഞ്ഞാൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് ഇല്ലാതാകും എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് വായിച്ച ഓർമ്മ മനസ്സിലേക്കോടിവന്നു.  സുരക്ഷിതമായി ആ തേനീച്ചകളെ നോക്കണം എന്ന് ഭാര്യയോടും മകളോടും പറഞ്ഞ് അവധി കഴിഞ്ഞ് ഞാൻ വീണ്ടും തിരികെ യാത്രയായി.

ഓരോ വർഷവും ഒന്നോ രണ്ടോ തവണ നാട്ടിൽ പോകുമ്പോളെല്ലാം ഞാൻ കുറെനേരം ആ ചെറു തേനീച്ചക്കൂട് നോക്കിയിരിക്കുമായിരുന്നു.  അവിടെ ആ ജീവികൾ സുരക്ഷിതമാണെന്ന് ഉറപ്പായിരുന്നു.  "നമുക്ക് തേനെടുക്കാം പപ്പാ" എന്ന് മകൾ പറഞ്ഞിട്ടും ഞാൻ എടുത്തില്ല. ഈച്ചകളെ തൊട്ടും തലോടിയും വർഷങ്ങൾ കടന്നുപോയി. ഇതിനിടെ കുടുംബം ദുബായിലേക്ക് ചേക്കേറി.  ഞങ്ങൾ ഒന്നിച്ച് നാട്ടിൽ അവധിക്ക് പോയി തിരികെ വന്നു. അപ്പോഴും ഈച്ചകൾക്കും കൂടിനും പഴക്കം ഉണ്ടായതല്ലാതെ കേടുപാടുകൾ ഒന്നും ഇല്ലാതെ അവ സ്വര്യവിഹാരം തുടർന്നു.

പത്ത് വർഷങ്ങൾ കടന്നുപോയി!

രണ്ട് മാസം മുമ്പ് അവധിക്ക് പോകുമ്പോൾ ഈച്ചക്കൂട് നിറം ഒക്കെ മങ്ങി, കറുപ്പ് പറന്നു. എങ്കിലും അകത്ത് ഈച്ചകളുടെ ബഹളം. കൈകൊണ്ട് ഒന്ന് തൊട്ടപ്പോൾ തോർമോകോൾ പൊടിയാൻ തുടങ്ങി.  ഈശ്വരാ..! ഇത് പൊടിഞ്ഞുപോയാൽ ഈ ജീവികൾ?  പത്ത് വർഷത്തോളം വീട്ടിലെ സഹജീവികകളായി ജീവിച്ചവർ ഇല്ലാതാകുന്നത് ഓർക്കാൻ പോലും വയ്യ. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു. ഈ കൂട് അധികം താമസിക്കാതെ നശിച്ചുപോകും.  ഈ ചെറുജീവികൾ കഷ്ടപ്പെട്ട് പുതിയൊരു വാസസ്ഥലം ഉണ്ടാകേണ്ടതായും വരും.

എന്നിട്ടും ആ കൂടി പൊളിച്ച് തേൻ എടുക്കാൻ എനിക്കോ കുടുംബത്തിനോ തോന്നിയില്ല.  സഹജീവികളോടുള്ള അലിവ്. പിന്നെ പൂക്കളോടും, വണ്ടിനോടും, പൂമ്പാറ്റകളോടും ഇത്തരം ചെറുജീവികളോടും ഉള്ള ഇഷ്ടം. അത്രയേ ഉള്ളൂ കാരണം.

കഴിഞ്ഞ ദിവസം ഭാര്യ എനിക്ക് ഒരു ചിത്രം അയച്ചു തന്നു. എൻറെ നെഞ്ചിൽ ഒരു പടപടപ്പ് സമ്മാനിച്ച ചിത്രമായിരുന്നു അത്. പൊട്ടിയ ഈച്ചയുടെ തെർമോകോൾ കൂടും, തേൻപാരയും ഒക്കെ. അവളത് ഒരു ചെറിയ പാത്രത്തിലാക്കി തേൻ പിഴിഞ്ഞെടുത്തു. വീട് നഷ്ടപ്പെട്ട്  പരക്കം പായുന്ന ഈച്ചകളെ എനിക്കപ്പോൾ സങ്കൽപിക്കാൻ സാധിക്കുമായിരുന്നു.

അടുത്ത ഫോട്ടോ  അരിച്ചെടുത്ത ചെറുതേൻ ഒരു ചെറിയ കുപ്പിയിൽ വച്ചതിന്റെതായിരുന്നു.  തേനീച്ചക്കൂടിന്റെ മെഴുകും, അവശിഷ്ടങ്ങളും ഒക്കെ ഒരു കലത്തിലാക്കി തേനീച്ചക്കൂട് ഇരുന്ന സ്ഥാനത്ത്  ഭാര്യ കൊണ്ടുവച്ചു. കുറെ ഈച്ചകൾ അതിനകത്ത് കയറി നോക്കുന്നു. ചിലത് പുറത്തിറങ്ങുന്നു. ആകെ ഈച്ചകൾക്ക് അങ്കലാപ്പും ബഹളവും.

സൂര്യൻ മറഞ്ഞു.  സന്ധ്യയായി ഉഷസ്സുമായി.

അടുത്ത ദിവസം രാവിലെ ഭാര്യ ചെന്നുനോക്കുമ്പോൾ കമഴ്ത്തി വച്ചിരുന്ന കലത്തിൽ ഒരീച്ചപോലും ഇല്ല!  വേറേതോ സുരക്ഷിത വാസസ്ഥലം തേടി അവയെല്ലാം എങ്ങോ പറന്നുപോയി.

ഒരു പുരാവസ്തുപോലെ ആ ചെറിയ ഓട്ടയിട്ട മൺകലം മാത്രം അവിടെയുണ്ട്. പത്ത് വർഷത്തോളം വീട്ടിലുണ്ടായിരുന്ന കൊച്ചു ജീവികൾ എന്നെങ്കിലും തിരികെ വരും എന്ന പ്രതീക്ഷയോടെ, നശിച്ചുപോയ കൂടിന്റെ മെഴുക് അവശിഷ്ടങ്ങളുമായി, മനസ്സിന് സുഖം തരുന്ന ഓർമകളുടെ തിരുശേഷിപ്പുകളായി....അതിഥികളെ കാത്ത്.

ഊറ്റിയെടുത്ത തേനും എന്നെ കാത്തിരിക്കുന്നു. അടുത്ത അവധിക്ക് നാവിന് രസം പകരാൻ. എന്നാൽ ആ തേൻതുള്ളികൾ നാവിന് മധുരത്തേക്കാൾ പുളിപ്പായിരിക്കും നൽകാനാവുക.  ചെറുജീവികളുടെ അധ്വാനത്തിന്റെ, അവരുടെ നഷ്ടപ്പെടലിൻറെ, വേദനയുടെ പുളിപ്പ്.

Wednesday, February 20, 2019

പാപ്പാ ദർശനം - ഒരു യാത്രാക്കുറിപ്പ്

പാപ്പാ ദർശനം - ഒരു യാത്രാക്കുറിപ്പ്
ജോയ് ഡാനിയേൽ, ദുബായ്

ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തിൻറെ ഭരണാധികാരി, ലക്ഷക്കണക്കിന് ആൾക്കാരെ ആശീർവദിച്ച്  അതാ കൺമുന്നിലൂടെ ഒഴുകി നീങ്ങുന്നു!

അതൊരനുഭവമായിരുന്നു. കൺമുന്നിൽ പപ്പാ മൊബൈലിലൂടെ വൻ ജനാവലിയെ പുഞ്ചിരിയോടെ ആശീർവദിച്ച് മാർപ്പാപ്പ കടന്നുപോകുന്ന കാഴ്ച! യൂ. എ. ഇ. യുടെ തലസ്ഥാനമായ അബുദാബിയിൽ വൻ ജനാവലിയുടെ കടലിരമ്പലും, ഹർഷാരവവും നിറഞ്ഞ ദിനം. രണ്ടുലക്ഷത്തോളം കണ്ണുകൾ ബൈബിളിലെ പത്ത് കന്യകമാരുടെ ഉപമയിലെ മണവാളനെ കാത്തിരിക്കുന്നവരെപ്പോലെ ഞാൻ കണ്ട മുഹൂർത്തം!

യൂറോപ്പിൽ ആർക്കും വേണ്ടാത്ത നമ്പർ ആണ് പതിമൂന്ന്. എന്നാൽ രണ്ടായിരത്തി പതിമൂന്ന് മാർച്ച് പതിമൂന്നാം തീയതി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും വെളുത്ത പുക ഉയർന്നപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും തടിച്ചുകൂടിയ നൂറുകണക്കിന് ക്ഷണിക്കപ്പെട്ട മധ്യപ്പട ആ വാർത്ത ലോകത്തോട് വിളിച്ച് പറഞ്ഞു. അർജന്റീനയിലെ ബ്യുണേഴ്‌സ് അയേഴ്‌സിലെ കർദ്ദിനാളായ ജോർജ്ജ് മരിയോ ബർഗോളിയോ ഇതാ ബെനഡിക്ട് പതിനാറാം മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!  ഇരുപത്തിയൊന്നാം വയസ്സിൽ കഠിനമായ ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പകുതി മുറിച്ചുമാറ്റപെട്ട മനുഷ്യൻ.  ലോകത്തെ നൂറ്റി മുപ്പത് കോടിയോളം കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവായി തെരഞ്ഞെടുക്കപ്പെടുക എന്ന ദൗത്യത്തിനായി ദൈവം കാത്തുവച്ച മനുഷ്യൻ. 

2019 യു. എ. ഇ. സഹിഷ്‌ണുതയുടെ വർഷമായി ആചരിക്കുക്കുകയാണ്.  അതിൻറെ ഭാഗമായാണ് ഒരു മുസ്‌ലിം രാജ്യമായ ഇവിടെ മാർപ്പാപ്പയ്ക്ക് രാജകീയ വരവേൽപ്പ് നൽകപ്പെടുകയും അറേബിയൻ പെനിൻസുലയിൽ  ആദ്യമായി പോപ്പ് നയിക്കുന്ന കുർബാന നടത്തപെട്ടതും.  രാജ്യത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരും വിവിധ മുതിർന്ന സർക്കാർ ജീവനക്കാരും അതിൽ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്‌തു.  അങ്ങനെ  സഹിഷ്‌ണുതയുടെയും, സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുകയായിരുന്നു 2019 ഫെബ്രുവരി അഞ്ചാം തീയതി. 

ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു ആ യാത്ര. ഭാഗ്യവും. അതുകൊണ്ട് തന്നെയാണ് ഈ യാത്രക്കുറിപ്പ് എഴുതാൻ തുനിഞ്ഞതും.

കുർബ്ബാന നടക്കുന്ന സ്റ്റേഡിയത്തിനകത്തെ നാൽപതിനായിരം ആൾക്കാരിൽ ഒരുവനായിത്തീരുവാൻ അവസരം കിട്ടിയില്ലെങ്കിലും പുറത്ത് നിന്നുകാണുവാനുള്ള ടിക്കറ്റ് സന്തോഷത്തോടെ വാങ്ങി. കാരണം മറ്റൊന്നുമല്ല, 1986- ജോൺപോൾ മാർപാപ്പ ഇന്ത്യയിൽ വന്നപ്പോൾ അയൽപക്കത്തുള്ള വീട്ടിലെ കളർ ടി. വി-യിൽ മണിക്കൂറുകളോളം കണ്ണും നട്ടിരുന്ന ഓർമ്മ മനസ്സിലേക്ക് കുതിച്ചുചാടിവന്നതാണ്. 

ഫെബ്രുവരി നാലാം തീയതി രാത്രി.  ദുബായിലെ ഖിസൈസ് പോണ്ട് പാർക്കായിരുന്നു യാത്രയുടെ പോയിന്റ്. അതുപോലെ പല പോയിന്റുകൾ ദുബായിലും മറ്റ് എമിറേറ്റുകളിലും ഉണ്ട്.  തിരക്ക് ഒഴിവാക്കാനായി നേരത്തെ തന്നെ എത്തിച്ചേർന്നു.

യാത്ര തുടങ്ങും മുമ്പ് എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനെപ്പോലെ ഒരു സോഫ്റ്റ് ചെക്കിങ്ങ് ഉണ്ടായിരുന്നു.  കയ്യിലുള്ള വാട്ടർ ബോട്ടിൽ ഒക്കെ ഉപേക്ഷിച്ചിട്ട് വേണം ചെക്കിങ്ങ് പോയിന്റിൽ എത്താൻ. ചെക്കിങ്ങ് കഴിഞ്ഞ് ബസ്സിലേക്ക് കയറും മുമ്പ് വോളണ്ടിയേഴ്‌സ് ഒരു ബോട്ടിൽ വെള്ളം കയ്യിലേക്ക് തന്നു.

ഞങ്ങളുടെ ബസ്സ് നിറഞ്ഞു, ഉടനെ വണ്ടിയെടുത്തു. അപ്പോൾ സമയം രാത്രി പന്ത്രണ്ട് മണി. നിദ്രാകടാക്ഷമേറ്റ് കിടക്കയിൽ സുഖമായി ഉറങ്ങേണ്ട നേരം  ദുബായ് നഗരത്തിന്റെ ഹൃദയവീഥികളിലൂടെ ബസ്സ് അതിവേഗം അബുദാബിയിലേക്ക്. ഞങ്ങൾ സഞ്ചരിക്കുന്ന എമിറേറ്റ്സ് ട്രാൻസ്പോർട്ടിന്റെ മഞ്ഞ നിറമുള്ള സ്‌കൂൾ ബസ്സിന് മുൻപിലും പിന്നിലും അതേ ലക്ഷ്യസ്ഥാനം നോക്കി മഞ്ഞവണ്ടികൾ ഒഴുകുന്നു. നേരത്തെതന്നെ വണ്ടിയിൽ കയറിയത് നന്നായി. കാരണം മൂന്ന് മണിക്ക് അവസാന ബസ്സ് പോകുമ്പോൾ  അതിഭയങ്കരമായ തിരക്കായിരുന്നു എന്ന് പിന്നീടറിഞ്ഞു.

അഞ്ചാം തീയതി രാവിലെ മൂന്നു മണി.

അലസമായ നിദ്രയിൽനിന്നും ഉണർത്തിയത് വണ്ടിയുടെ ഒരു കുലുക്കമായിരുന്നു. അബുദാബിയിൽ എത്തിചേർന്നിരിക്കുന്നു. അന്ധകാരത്തെ കീറിമുറിച്ച് ഞങ്ങളുടെ ബസ്സ്  കൂറ്റൻ മതിൽ കടന്ന് സായിദ് സ്‌പോർട് സിറ്റിയിലേക്ക് കയറി. അവിടെ കായിക നഗരം വെള്ളിപ്രഭയോടെ തിളങ്ങി നിൽക്കുന്ന കാഴ്ച്ച. വണ്ടി 'ഖിസൈസ് പോണ്ട് പാർക്ക്' എന്നെഴുതിയ പച്ചക്കൊടി നാട്ടിയിരിക്കുന്ന സ്ഥലത്ത് നിർത്തി. യാത്രയിൽ ഉടനീളം ഒരു തട്ടോ തടസ്സമോ ഇല്ലാതെയാണ് വണ്ടി അവിടെ എത്തിയത്. വണ്ടി നിർത്തിയതും ചുവന്ന പ്രകാശമുള്ള ബാറ്റൺ പിടിച്ച് ഒന്ന് രണ്ട് വാളണ്ടിയേഴ്‌സ് ഓടിവന്ന് ഇറങ്ങുന്ന ഓരോരുത്തർക്കും കൃത്യമായി നിർദ്ദേശം അവർ നൽകിക്കൊണ്ടിരുന്നു. അവർ കാണിച്ച ഭാഗത്തേക്ക് ഞങ്ങൾ നടന്നു.

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് പറന്നടുക്കുന്ന ഇയ്യാംപാറ്റകളെപോലെ ജനസമുദ്രം മുന്നോട്ട് ഒഴുകുകയാണ്.  കൂടുതൽ ആൾക്കാരും 'പോപ്പ് ഫ്രാൻസിസ്' എന്നെഴുതിയ വെളുത്ത ടീഷർട്ടും തൊപ്പിയും ധരിച്ചിരിക്കുന്നു.  ഇരുളിൽ അവർ മിന്നാമിനുങ്ങുകളെപ്പോലെ ശോഭിച്ചുക്കുന്നുണ്ട്.

മുന്നോട്ട് ഇത്തിരി നടന്നപ്പോൾ നൂറുകണക്കിന് ആൾക്കാർ വിശ്രമിക്കുന്നു. ചിലർ കൂട്ടം കൂടി നിൽക്കുന്നു. ചിലർ കുശലം പറയുന്നു. അപ്പോൾ വളണ്ടിയേഴ്ഷിന്റെ ശബ്‌ദം ഉയർന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ടോയ്‌ലെറ്റ് ഫെസിലിറ്റി വേണ്ടവർക്ക് വഴി കാട്ടുകയാണ് അവർ.  എനിക്ക് കയറേണ്ട 'ബി' ഗേറ്റ് അഞ്ച് മണിക്ക് മാത്രമേ തുറക്കൂ. മാർപ്പാപ്പ പത്ത് മുപ്പത്തിനാണ് എത്തുന്നത്. അതിനാൽ  ഫ്രഷ് ആയി വരാം, ഞാൻ കരുതി. ഞാനും സുഹൃത്ത് ജോസ് ജേക്കബും ടോയ്‌ലെറ്റ് ലക്ഷ്യമാക്കി നടന്നു. മുന്നിൽ പോർട്ടബിൾ ക്യാബിനുകൾ നിരനിരയായി കിടക്കുന്നു. അതിന് മുൻപിൽ ആൾക്കാരുടെ കൂട്ടം. അടുത്തേക്ക് ചെല്ലുംതോറും അത് ഒരു ക്യൂ വിൻറെ രൂപം പ്രാപിക്കുകയാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പോട്ടാ ക്യാബിൻ. അകത്തേക്ക് കയറുമ്പോൾ വലതുവശം 'ലേഡീസ്' എന്നും ഇടത് വശം 'ജന്റ്‌സ്' എന്നും ബോർഡ് വച്ചിരിക്കുന്നു. ഞാൻ അകത്തേക്ക് കയറി. പുതുപുത്തൻ പോട്ടാ ക്യാബിനാണ്. അത്യാവശ്യം ഫ്രഷ് ആകാനുള്ള എല്ലാസൗകര്യവും ഉണ്ട്. കയ്യും മുഖവും ഒന്ന് കഴുകി, പല്ലൊക്കെ വൃത്തിയാക്കി ഞാൻ പുറത്തേക്കിറങ്ങി.

സെക്യൂരിറ്റിയുടെ നിർദ്ധേശപ്രകാരം മുന്നോട്ട് നടന്നപ്പോൾ  വെള്ളച്ചാട്ടത്തിന്റെ ഒരു ചത്വരം. അതിന് മുന്നിൽ വലിയ കമാനം പോലെ ഗേറ്റ് 'എ' യിലേക്കും 'ബി' യിലേക്കും പോകാനുള്ള അടയാളങ്ങൾ.   'എ' ഗേറ്റ് സ്റേഡിയത്തിനകത്തേക്ക് പോകുന്നു. എനിക്ക് പോകേണ്ടത് 'ബി' ഗേറ്റാണ്. ഞാനും സുഹൃത്തും ഇടതുവശത്തേക്ക് നടന്നു.  മരുഭൂമിയിലെ തണുത്ത കാറ്റിൽ നിന്നും രക്ഷനേടാനായി ഞാൻ ജാക്കറ്റും തൊപ്പിയും എടുത്തണിഞ്ഞു.  ഇടയ്ക്ക് മുന്നിലേക്കും പിന്നിലേക്കും ഒന്ന് നോക്കി. എണ്ണാൻ കഴിയാത്തത്ര ജനസമൂഹം പുഴയൊഴുകുന്ന പോലെ ഒഴുകി നീങ്ങുകയാണ്. വഴിയിലെങ്ങും പോലീസുകാർ, പട്ടാളക്കാർ, സെക്യൂരിറ്റികൾ, വളണ്ടിയേഴ്‌സ്... എല്ലാവരും സ്വാഗതം പറഞ്ഞ് നിൽക്കുന്നു, വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

ഇത്തിരി മുന്നോട്ട് നടന്നുകഴിഞ്ഞപ്പോൾ ഇടത് വശത്ത് കുറെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നിടത്ത് എന്തോ ആൾത്തിരക്ക്. പ്രഭാത ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുകയാണ്. ഞാൻ സമയം നോക്കി. വെളുപ്പിന് മൂന്നര ആയിട്ടേയുള്ളൂ. എങ്കിലും ഇനി മുന്നോട്ട് പോകുമ്പോൾ ഭക്ഷണം കിട്ടിയില്ലെങ്കിലോ എന്ന ആശങ്കയിൽ ഞാൻ ഒരു പൊതി കരസ്ഥമാക്കി. സൗജന്യമായി ഭക്ഷണം കിട്ടുന്നിടത്തൊക്കെ കാണുന്ന തിരിക്ക് അവിടെയും ഉണ്ടായിരുന്നു. ഒരു സാഹസിക കർമ്മത്തിലൂടെ ഭക്ഷണപ്പൊതി കരസ്ഥമാക്കുന്നതിൽ ആൾക്കാർ ആനന്ദം കണ്ടെത്തുന്നതുപോലെ.  എന്തായാലും ജീവിതത്തിൽ ആദ്യമായി വെളുപ്പിന് മൂന്ന് മുപ്പതിന് അന്ന് ഞാൻ പ്രഭാതഭക്ഷണം കഴിച്ചു.

വീണ്ടും 'ബി' ഗേറ്റ് ലക്ഷ്യമാക്കി മുന്നോട്ട്.

ഞങ്ങൾ നടക്കുന്നത് വിശാലമായ പാത ആണെങ്കിലും ആൾത്തിരക്ക് കാരണം മുട്ടിയുരുമ്മിയാണ് നടക്കുന്നത്.  നടന്ന് നടന്ന് ഞങ്ങൾ 'ബി' ഗേറ്റിന് അമ്പത് മീറ്റർ അകലത്തിൽ എത്തി. ഇനി അഞ്ച്മണി വരെ കാത്ത് നിൽക്കണം. കാലേക്കൂട്ടി അത് അറിയാമായിരുന്നതിനാൽ എല്ലാവരും തയ്യാറെടുപ്പോടെയാണ് നിന്നത്. ആ നിൽപ്പ് ഏകദേശം രണ്ട് മണിക്കൂറോളം നിന്നു. എൻറെ കണ്ണുകളിൽ ഉറക്കം ഊഞ്ഞാലാടുകയാണ്.  കാലുകളിൽ തളർച്ച പടരുന്നു. എങ്കിലും പതിനായിരക്കണക്കിന് ആൾക്കാരൊപ്പം ഞാനും കാത്ത് കാത്ത് നിന്നു. ജനക്കൂട്ടത്തെ കണ്ടപ്പോൾ എനിക്ക് ബൈബിളിൽ ആകാശത്തിലെ നക്ഷത്രം പോലെയും കടൽക്കരയിലെ മണൽത്തരികളെപ്പോലെയും സന്തതിയെ നൽകി ദൈവം മനുഷ്യനെ അനുഗ്രഹിച്ച സംഭവം ഓർമ്മവന്നു. എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോൾ ഊറിക്കൂടി.  ഇന്ത്യക്കാർ, ഫിലിപ്പീനികൾ, വെള്ളക്കാർ, അറബികൾ, മറ്റ് മതസ്ഥർ എന്നുവേണ്ട എണ്ണിയാൽ ഒടുങ്ങാത്തത്ര ജനസഞ്ചയം.  ആണും പെണ്ണും കുട്ടികളും, വൃദ്ധരും, അംഗവിഹീനരും. എല്ലാവരും ഒരേയൊരു മനുഷ്യനെ കാണുവാനാണ് ഈ കാത്തിരിപ്പെല്ലാം.

അഞ്ചുമണി കഴിഞ്ഞപ്പോൾ കാത്തിരിപ്പ് അവസാനിപ്പിച്ച് 'ബി' ഗേറ്റ് തുറന്നു. കുറേശ്ശെ കുറേശ്ശേ ആൾക്കാരെ അകത്തേക്ക് കയറ്റി വിടാൻ തുടങ്ങി. നമ്മുടെ നാട്ടിലെപ്പോലെ ഗേറ്റ് തുറന്ന് കൊടുത്തിരുന്നെങ്കിൽ ബാരിക്കേഡും ഗേറ്റും പൊളിച്ച് ആൾക്കാർ ഇരമ്പിപ്പാഞ്ഞുകേറിയേനെ. ഇവിടെ ഒരു പ്രശ്‌നവും ഇല്ല. അകത്തേക്ക് കയറുമ്പോൾ സെക്യൂരിറ്റി ടിക്കറ്റ് ചോദിച്ചു,  ഒരു ചെറു ചിരിയോടെ  ഗേറ്റ് ചൂണ്ടികാണിച്ചു. ഞാനും സുഹൃത്തും അകത്തേക്ക്.

അതിവിശാലമായ ഒരു പാർക്കിലേക്ക് കയറിയ പ്രതീതി.  കയറി അകത്തേക്ക് ചെല്ലുമ്പോൾ ചത്വരം കഴിഞ്ഞ് മുന്നോട്ട് നടന്നപ്പോൾ കണ്ടതുപോലെ പ്രഭാതഭക്ഷണവുമായി വാഹനങ്ങൾ നിരന്നു കിടക്കുന്നു.  ആദ്യം വാങ്ങാൻ കഴിയാത്തവർക്കോ കാത്തുനിന്ന് വിശന്നവർക്കോ വീണ്ടും ഭക്ഷണം വാങ്ങിക്കാം.  ഇത്തിരി മുന്നോട്ട് നടന്നപ്പോൾ തുടക്കത്തിൽ കണ്ടതുപോലെ കുറെയേറെ ടോയ്‌ലറ്റുകളുടെ പോട്ടാക്യാബിനുകൾ. അവിടെ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തിരി മുന്നോട്ട് നടന്നാൽ മൊബൈൽ റസ്റ്റോറന്റുകൾ ചായ, കാപ്പി, ചൂട് ഭക്ഷണങ്ങൾ വേണ്ടവർക്ക് വാങ്ങിക്കഴിക്കാം. പക്ഷേ പണം കൊടുക്കണം എന്നുമാത്രം.

മുന്നോട്ട് നടന്നപ്പോൾ വിശാലമായ പച്ചപ്പ് വിരിച്ച സ്ഥലം.  ഫ്രാൻസിസ് മാർപാപ്പയുടെ ജീവചരിത്രവും, യു. എ. ഇ. സന്ദർശനവും ഒക്കെ ചിത്രീകരിച്ച വിഡിയോകൾ സ്‌റ്റേഡിയത്തിലെ കൂറ്റൻ എൽ.ഇ.ഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. മൈതാനം പോലെയുള്ള ആ സ്ഥലങ്ങളിൽ ഒക്കെ ആൾക്കാർ വിശ്രമിക്കുകയാണ്. നീണ്ടനേരത്തെ യാത്രയും, കാത്തുനിൽപ്പും ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്നും രക്ഷനേടാൻ ചിലർ ചെറു പായയും, വിരികളും, കാർഡ് ബോർഡുകളും, തുണികളും ഒക്കെ വിരിച്ച് കിടക്കുന്നു, ചിലർ കുശലം പറയുന്നു. ചിലർ കൊണ്ടുവന്നിരിക്കുന്നു ചെറു കസേരകൾ നിവർത്തി ഇരിക്കുന്നു. എല്ലാ മുഖങ്ങളിലും സന്തോഷവും പ്രസരിപ്പും അല്ലാതെ ഒന്നുമില്ല.  ആ മൈതാനം മൊത്തം ഒന്നുകാണുവാൻ ഞാനും സുഹൃത്തുംകുറേനേരം  വെറുതെ നടന്നു. അവസാനം ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. കണ്ണിൽ തളം കെട്ടിക്കിടന്ന ഉറക്കം സടകുടഞെണീൽക്കുന്ന പോലെ എനിക്ക് തോന്നി.

പെട്ടെന്ന് എന്തോ ശബ്‌ദം. ആൾക്കാരെല്ലാം മുന്നിലേക്ക് ഓടുകയാണ്. ഞാൻ ഞെട്ടി ഉണർന്ന് നോക്കി. പാപ്പാ വരുന്ന സ്റേഡിയത്തിലേക്കുള്ള പാതയിൽ രണ്ടുവശത്തും ആൾക്കാർ തിങ്ങി കൂടുകയാണ്. ഞാനും അത് കണ്ട് അവിടേക്ക് ഓടി. കഴുത്തറ്റം ഉയരത്തിൽ പോപ്പ് ഫ്രാൻസിൽ യു.എ.ഇ-യിൽ എന്നെഴുതിയ, ദേശീയപതാകയുടെ നിറം ഒരു വശത്ത് ചാർത്തി, ഒലിവിൻ കൊമ്പ് ചുണ്ടിലേന്തിയ ഒരു വെള്ളപ്രാവിന്റെ അടയാളം പതിച്ച താൽക്കാലിക ബാരിക്കേഡ് റോഡിനിരുവശവും. പലയിടത്തായി കൂടിയിരുന്നവരും, ഉറക്കം പുണർന്നവരും എല്ലാം ചാടിയെണീറ്റ് അവിടേക്ക് ഓടിക്കൂടി.  നിമിഷനേരം കൊണ്ട് റോഡിനിരുവശവും പേപ്പൽ പതാകയേന്തി ലക്ഷങ്ങൾ നിരന്നുകഴിഞ്ഞു.  അപ്പോൾ കൂറ്റൻ സ്‌ക്രീനിൽ സ്റേഡിയത്തിനകത്തുനിന്നുള്ള ലൈവ് ടെലികാസ്റ്റ് തുടങ്ങി. നിരനിരയായി നിന്നുപാടുന്ന ഗായകസംഘതിന്റെ സിരകളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾ അവിടെ നിറഞ്ഞുനിന്നു.  ആൾക്കാർ ആർത്തുവിളിച്ചു.

ആൾക്കാർ തടിച്ചുകൂടിയിരിക്കുന്ന ആ ഭാഗത്തുകൂടിയാണ് മാർപ്പാപ്പ സ്റ്റേഡിയത്തിലേക്ക് കടന്നുപോകുന്നത്.  ഏതുനിമിഷവും എത്തിച്ചേരും എന്നൊരു അറിയിപ്പ് ആരോ പറഞ്ഞത് കേട്ടാണ് ആൾക്കാർ  തടിച്ചുകൂടിയത്. ഏകദേശം രണ്ട് മണിക്കൂറോളമാണ് ഞങ്ങൾ അവിടെ നിന്നത്. അപ്പോൾ ഞാൻ ഒന്നോർത്തുപോയി. ഓരോ ദിവസവും എന്തിനും ഏതിനും തിരക്ക്, സമയമില്ല എന്നൊക്കെ എല്ലാവരും പറയുന്ന ഈ കാലത്ത് ഒരു തിരക്കും ഇല്ലാതെ മണിക്കൂറോളമാണ് മനുഷ്യർ കാത്ത് നിൽക്കുന്നത്. പോപ്പ് ഫ്രാൻസിസ് എന്നൊരു മനുഷ്യനെകാണാൻ വേണ്ടി മാത്രം!

അപ്പോൾ വലിയ സ്‌ക്രീനിൽ അബുദാബി പള്ളി തെളിഞ്ഞു വന്നു. അവിടെ പോപ്പ്  പ്രാർത്ഥിക്കുകയും, കുട്ടികളെ ആശീർവദിക്കുകയും ചെയ്യുന്നതിൻറെ തത്സമയ സംപ്രേക്ഷണം. അത് കഴിഞ്ഞ് അദ്ധേഹം വാഹനത്തിൽ കയറുന്നു. സായിദ് സ്പോർട്ട്സ് സിറ്റിയിലേക്കുള്ള വരവാണ്.

അക്ഷമരായി ലക്ഷങ്ങൾ.  എല്ലാവരുടെയും കണ്ണുകൾ സ്റേഡിയത്തിലേക്കുള്ള പ്രധാനപാതയുടെ കമാനത്തിലേക്ക്.  ഗായക സംഘം പാട്ടുകൾ പാടിക്കൊണ്ടിരുന്നു. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറ സ്‌റ്റേഡിയത്തിനകത്തെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് കൂറ്റൻ സ്‌ക്രീനിൽകൂടി നൽകുന്നു.  മൈതാനത്തിൽ പലയിടത്തായി വലിയ ക്രയിനുകളിൽ ക്യാമറാമാൻമാർ  പ്രകൃതിഭംഗിയും പ്രഭാതവും എല്ലാമെല്ലാം ചാരുതയോടെ ചിത്രീകരിച്ച് നൽകുന്നു.

നിമിഷങ്ങൾ.... നിമിഷങ്ങൾ.

ഞങ്ങൾക്ക് മുന്നിലുള്ള പാതയിലൂടെ സെക്യൂരിറ്റിക്കാർ, പട്ടാളക്കാർ, വത്തിക്കാനിൽ നിന്നുള്ളവർ തലങ്ങും വിലങ്ങും നടക്കുന്നു.  പെട്ടെന്നതാ, ആൾക്കാർ ആർത്ത് വിളിക്കുന്നു. പേപ്പൽ ഫ്ലാഗുകൾ വീശി  അലറിവിളിക്കുന്നു. "പാപ്പാ... പാപ്പാ...പാപ്പാ.." അതാ ഫ്രാൻസിസ് മാർപ്പാപ്പ എത്തുകയായി!!

ഒരു തിക്കിത്തിരക്ക് അനുഭവപെട്ടു. ഒരു സെക്യൂരിറ്റി വാഹനം അതിനുപിന്നാലെ വേറൊന്ന്. അതിന് പിന്നിൽ അതാ പപ്പാ മൊബൈൽ!  അന്തരീക്ഷം ഇളകി മറിയുകയാണ്. ആൾകാർ ആർപ്പുവിളിക്കുകയാണ്.  ഒരേ സ്വരം.. ഒരേ വികാരം.. പാപ്പാ... പാപ്പാ.. പാപ്പാ.

ഞാൻ കണ്ണുകൾ ചിമ്മി മുന്നോട്ട് നോക്കി. മുന്നിൽ പേപ്പൽ മൊബൈൽ. അതിൽ തൂവെള്ള വസ്ത്രധാരിയായ മാർപ്പാപ്പ.  ആദ്യമായി ഒരു മാർപാപ്പ ഇതാ  കണ്മുന്നിൽ!  മൊബൈൽ മെല്ലെ ഇഴഞ്ഞു നീങ്ങുന്നു. അതിൽ കൈകൾ ഉയർത്തി  അഭിവാദനം അർപ്പിച്ച് ഫ്രാൻസ് മാർപാപ്പ.

പരിസരം മറന്ന് ആൾക്കാർ കരയുന്നു, ചിരിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. മൊബൈലിൽ വിഡിയോ പിടിക്കാൻ കരുതിയിരുന്ന ഞാൻ അത് മറന്നുപോയി.

എനിക്കപ്പോൾ ഈ രാജ്യത്തോടും ഭരണാധികാരികളോടും ഒത്തിരി സ്നേഹവും നന്ദിയും തോന്നി. ഒരിക്കലും കരഗതമാകില്ല എന്ന് കരുതിയ ഒരവസരം എന്നെപ്പോലെ ലക്ഷക്കണക്കിന്  പ്രവാസികൾക്ക് മുന്നിൽ കൊണ്ടുതന്നതിന്.  സ്വപ്‌നം പോലും കാണുവാൻ കഴിയാത്ത സൗഭാഗ്യം മലയാളികൾക്ക് തന്ന രാജ്യമാണിത്. ഇപ്പോൾ ഇതും.

സ്റ്റേഡിയത്തിലേക്ക് പപ്പാ കയറിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ കൂറ്റൻ സ്ക്രീനിലേക്ക് തിരിഞ്ഞു. സ്വീകരണം, യു. എ. ഇ-യെ പ്രതിനിധീകരിച്ച് ചെറു സ്വാഗതം   ഗായകസംഘത്തിൻറെ പാട്ടുകൾ മുഴങ്ങികേൾക്കുന്നു.  മാർപാപ്പയുടെ കാർമ്മിത്വത്തിലുള്ള വിശുദ്ധ കുർബ്ബാനയ്ക്ക് സമയമായി.

ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ കുർബ്ബാന കഴിഞ്ഞു. കുർബ്ബാന മദ്ധ്യേ ബൈബിളിലെ ഗിരിപ്രഭാഷണത്തിൽ ഊന്നിയ പ്രഭാഷണം മാർപാപ്പ നടത്തി.  അതിൻറെ ഇഗ്ളീഷ് പരിഭാഷ അപ്പോൾ തന്നെ സ്‌ക്രീനിൽ തെളിയുന്നുണ്ടായിരുന്നു. ഓരോ ഭാഗവും മാർപാപ്പ പറഞ്ഞുകഴിയുമ്പോൾ അത് അറബിയിലേക്ക് പരിഭാഷപ്പെടുത്തി ഒരു പുരോഹിതൻ.

കുർബ്ബാന കഴിഞ്ഞ് ഞാനും സുഹൃത്ത് ജോസ് ജേക്കബ്ബും പുറത്തിറങ്ങുമ്പോൾ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. അവിചാരിതമായി കിട്ടിയ ഒരു ഭാഗ്യംപോലെയായിരുന്നു എനിക്ക് ഈ അനുഭവം. വന്ന വഴിതന്നെ തിരികെ നടന്ന് ഞങ്ങൾ  'ഖിസൈസ് പോണ്ട് പാർക്ക്' എന്ന പച്ച കൊടി ലക്ഷ്യമാക്കി നീങ്ങി.  ഒന്നൊന്നായി ബസ്സുകൾ ദുബായിലേക്ക് നീങ്ങുന്നു. ഞങ്ങൾ ഒന്നിൽ കയറി. സമയം അപ്പോൾ ഉച്ചയ്ക്ക് ഒരുമണി. ബസ്സിൽ കയറി അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞത് ഓർമ്മയുണ്ട്. രാത്രിമുഴുവൻ ബാക്കി കിടന്ന ഉറക്കം എന്നെ ആക്രമിച്ച് കീഴ്‌പെടുത്തിക്കളഞ്ഞു.

ദുബായ് ഷേക്ക് സായിദ് റോഡിൽ എത്തിയപ്പോളാണ് കണ്ണ് തുറന്നത്.  ട്രാഫിക് ശല്യം ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഖിസൈസിൽ എത്തിച്ചേർന്നു.  മൂന്നരയായപ്പോൾ പോണ്ട് പാർക്കിൽ എത്തി. തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ ഒരു പോലീസുകാരൻ ഞങ്ങളോട് ചോദിച്ചു. "വണ്ടിയിൽ ആരോ മൊബൈൽ വച്ച് മറന്നുകളഞ്ഞു. നിങ്ങളുടേതാണോ"

മറക്കാൻ പറ്റാത്ത പലതും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അതുപോലെ ഒന്നായിരുന്നു അബുദാബിയിലേക്ക് മാർപാപ്പയെ കാണാൻ പോയത്.  എന്തൊരു സ്വീകരണമാണിത്? അസാധ്യം എന്ന് ഒരുവേള പലരും കരുതിയ സജ്ജീകരണങ്ങൾ തന്മയത്വത്തോടെ ഈ രാജ്യം നടത്തിയിരിക്കുന്നു. ഒരുപാട് ആൾക്കാരുടെ അഹോരാത്രമുള്ള പ്രയത്‌നം ഇതിന് പിന്നിൽ ഉണ്ടായിരിക്കാം.

ലോകത്തെ ഏത് വലിയ ഇവൻറ് ആയാലും ഒരു പ്രയാസവും ഇല്ലാതെ തങ്ങൾക്ക് നടത്താനാകും എന്ന് യു.എ.ഇ ലോകത്തോട് വിളിച്ച് പറയുകയാണ്. രണ്ട് ലക്ഷത്തോളം ആൾക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം, വെള്ളം, വേണ്ട നിർദ്ദേശങ്ങൾ. എല്ലാം തികച്ചും സൗജന്യമായി. പങ്കെടുക്കുന്നവർക്കെല്ലാം അവധി സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി.  ദൈവമേ, ഈ രാജ്യം ഇതര മതസ്ഥരെ ഇത്രമാത്രം സ്നേഹിക്കുന്നത് ഓർത്ത് മനസ്സ് പുളകംകൊള്ളുന്നു.

വലിയൊരു സംഭവത്തിൽ പങ്കെടുക്കാനായ സന്തോഷം മനസ്സിൽ തിരതല്ലുമ്പോൾ അറിയാതെ പറഞ്ഞുപോവുകയാണ്

"ഒത്തിരിയൊത്തിരി നന്ദി യുണൈറ്റഡ് അറബ് എമിരേറ്റ്സ്...ഈ സ്‌നേഹം, ഈ സാഹോദര്യം വീണ്ടും തുടരുവാൻ നിങ്ങളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ"

Thursday, January 31, 2019

അക്ഷരങ്ങളുടെ ദന്തഗോപുരം-പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ

അക്ഷരങ്ങളുടെ ദന്തഗോപുരം
(പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ)
-----------------------------------------------------------

പുസ്തകങ്ങൾക്കും ചില പെണ്ണുങ്ങൾക്കും ഒരു സവിശേഷത ഉണ്ട്. രണ്ടും കൂടെപ്പോകുന്നവന്റെ കൂടെ കേറിയങ്ങ് പൊറുത്തുകളയും!

പൊന്നോ പൊടിയോ പോലെ നോക്കി വളർത്തിക്കൊണ്ടുവന്ന കുട്ടികൾ ഒളിച്ചോടിപ്പോകുന്നതുപോലെ, വായിക്കാൻ വാങ്ങികൊണ്ടുപോയ പുസ്തകങ്ങൾ  പലരും തിരികെ തരാതെ വരുമ്പോൾ ഒന്നൂറിച്ചിരിച്ച് ഞാൻ സ്വയം ആശ്വസിക്കുന്ന ചിന്തയാണിത്. എന്നിട്ട് ഒരു ചെറു നെടുവീർപ്പോടെ പറയും "പോയാലും വേണ്ടില്ല, നന്നായി കൂടെയങ്ങ് പൊറുത്താൽ മതി"

മുഖവുരയായി ഇത്രയും പറഞ്ഞത് ആരെയും വേദനിപ്പിക്കാനല്ല.  ഏതൊരു വായനക്കാരനും, പുസ്തകപ്രേമിക്കും തോന്നാവുന്ന കാര്യം മാത്രം.  ഒരു പ്രണയിനിയെപ്പോലെയോ, കുഞ്ഞിനെപ്പോലെയോ, ആത്മമിത്രത്തെപ്പോലെയോ നാം കരുതുന്ന പുസ്തകങ്ങൾ അപരന്റെ ചവറ്റുകൊട്ടയിലും, ബലാത്ക്കാരം ചെയ്യപ്പെട്ടപോലെ അനാഥത്വം പേറിയും  കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അപ്പോൾ ഉള്ളിൽ ഒരു നീറ്റലുണ്ടാകും.

കുറെ നാൾ മുമ്പ് മനു. എസ്. പിള്ളയുടെ 'ദി ഐവറി ത്രോൺ' എന്ന പുസ്തകം ഒത്തിരി ഇഷ്ടത്തോടെ വാങ്ങി.  എഴുനൂറോളം പേജുകൾ ആർത്തിയോടെ, ഒരു സസ്‌പെൻസ് ത്രില്ലർ പോലെ വായിച്ചുതീർത്തു.  ഒരു ചെറിയ ആസ്വാദനക്കുറിപ്പൊക്കെ എഴുതി പുസ്തകം ബുക്ക് ഷെൽഫിലേക്ക് പറിച്ചുനട്ടു.

സുഖം സ്വസ്തം.

വായിച്ച പുസ്തകങ്ങളെപ്പറ്റി (പ്രേത്യേകിച്ച് ഇഷ്ടപെട്ടവയെപ്പറ്റി) സുഹൃത്‌വലയത്തിൽ പങ്കുവയ്ക്കുന്ന ഒരു ദുഃശീലമുണ്ട്.  മലയാളികൾ വായിച്ചിരിക്കേണ്ട പുസ്‌തകം എന്നമട്ടിൽ പലരോടും പറഞ്ഞു. എന്നാൽ പുസ്തക വലിപ്പവും, ചരിത്ര ഗ്രന്ഥം എന്ന ലേബലും പലർക്കും ഇഷ്ടപെട്ടിട്ടുണ്ടാകില്ല. ഒരിക്കൽ ദുബായിലെ എൻറെ സുഹൃത്തായ ഒരു എഴുത്തുകാരനോട് ഇത് പങ്കുവച്ചപ്പോൾ അദ്ധേഹം എന്റെയടുത്ത് വരികയും ഈ  'സേതു ലക്ഷിമിഭായി തമ്പുരാട്ടിയെ' കടം വാങ്ങിക്കൊണ്ട് പോവുകയും ചെയ്‌തു.

സൂക്ഷിച്ച് വയ്ക്കേണ്ടത് എന്ന് തോന്നുന്ന പുസ്തകങ്ങൾ നന്നായി ട്രാൻസ് പേരന്റ് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു വയ്ക്കുന്ന എൻറെ ശീലം കണ്ട് സുഹൃത്ത് അതിനെപ്പറ്റി ചോദിച്ചു. പുസ്‌തകങ്ങൾ എനിക്ക് കുട്ടികളെപ്പോലെ ആണെന്നും, അവ ചുളുക്കം വരാതെ, കേടുകൂടാതെ സൂക്ഷിക്കാനാണ് ഇതെന്നും ഞാൻ പറഞ്ഞത് കേട്ട് അദ്ദേഹം പുഞ്ചിരിച്ചു.

മാസങ്ങൾ കൊഴിഞ്ഞുവീണു.

ഇടയ്ക്ക് തമ്മിൽ വിളിക്കുമ്പോളൊക്കെ  ജോലിത്തിരക്കുകാരണം ഇതുവരെ  ഐവറി ത്രോൺ വായന പൂർത്തിയാക്കാനായില്ല, താമസിക്കുന്നതിൽ ക്ഷമിക്കണം എന്നൊക്കെ അദ്ധേഹം പറഞ്ഞു.  "അതൊന്നും കുഴപ്പമില്ല, മുഴുവൻ വായിച്ചിട്ട് തന്നാൽ മതി.  എൻറെ ഷെൽഫിൽ വെറുതെ ഇരിക്കുന്നതിലും നല്ലത് വായനക്കാരനെ കാത്തിരിക്കുന്ന പുസ്തകമാണ്" എന്നൊക്കെ ഞാൻ മറുപടി പറയുകയും ചെയ്‌തു.

നാട്ടിൽ പോയി. ഒരു ക്രൈം ത്രില്ലറിന്റെ പേജ് മറിയുന്നപോലെ അവധി ദിവസങ്ങൾ വേഗം മറിഞ്ഞുതീർന്നു.

കഴിഞ്ഞ ദിവസം അദ്ധേഹത്തിന്റെ വിളി വന്നു.  "നേരിൽ കാണണം". സന്തോഷം. തീയതി സമയം ഒക്കെ തീരുമാനിച്ച് ഫോൺ വച്ചു.

ഓഫീസിൻറെ അടുത്ത് അദ്ധേഹം വന്നു. ഞാൻ പുറത്തിറങ്ങി. കാർപാർക്കിലേക്ക് നടന്നു. പാർക്കിങ്ങിൽ ഗ്ലാസ് തുറന്ന് പുഞ്ചിരിയോടെ സുഹൃത്ത്. അപ്പോൾ ഞാൻ ആ കൈകളിൽ രണ്ട് സേതു ലക്ഷ്‌മിഭായിമാർ ഇരിക്കുന്നത് കണ്ട് കണ്ണൊന്ന് ചിമ്മിത്തുറന്നു.

ഒന്നോ രണ്ടോ? സൂക്ഷിച്ച് നോക്കി.

സ്‌കൂളിൽ ഒരു കഥ കേട്ടിട്ടുണ്ട്.  ഒരു മരംവെട്ടുകാരൻ. മരം വെട്ടിയപ്പോൾ കോടാലി കുളത്തിൽ തെറിച്ചുവീണു. ഒരു കയ്യിൽ ആ കോടാലിയും മറുകൈയിൽ ഒരു സ്വർണ്ണക്കോടാലിയുമായി ഒരു ദേവത പ്രത്യക്ഷപെട്ടു. സത്യസന്ധനായ മരംവെട്ടുകാരന്  അവസാനം സ്വർണ്ണകോടാലി ദേവത സമ്മാനമായി നൽകി.

സുഹൃത്തിൻറെ കയ്യിൽ രണ്ട് ഐവറി ത്രോൺ! ഒരെണ്ണം ഞാൻ വായിക്കാൻ കൊടുത്തത്. മറ്റേത് പുതിയത്. മരവെട്ടുകാരന്റെ കഥയെ അനുസ്മരിപ്പിക്കും പോലെ തൻറെ കയ്യിലിരുന്ന പുതിയ ഐവറി ത്രോൺ അദ്ധേഹം എൻറെ നേരെ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്ക് തന്ന പുസ്‌തകത്തിന്റെ പുറംചട്ട നോക്കൂ, ലേശം മടങ്ങി ചുളുങ്ങിയിട്ടുണ്ട്.  എനിക്ക് വായിക്കാൻ തന്നിട്ട് ആ പുസ്‌തകം നന്നായി സൂക്ഷിക്കാൻ പറ്റാത്തതിനാൽ ഞാൻ നാട്ടിൽ നിന്ന് വന്ന ഒരു സുഹൃത്തിനെക്കൊണ്ട് വാങ്ങിച്ചതാണിത്. ഇത് എടുത്തോളൂ. പകരം നിങ്ങളുടെ പുസ്‌തകം ഞാൻ എടുത്തുകൊള്ളാം. ഈ പുസ്തകം ഒരു അസറ്റാണ്"

സ്നേഹത്തോടെയുള്ള ആ നിർബന്ധത്തിന് ഞാൻ  വഴങ്ങി.

സത്യത്തിൽ എൻറെ പുസ്തകത്തിന് പുറത്തുള്ള ചുളിവ് ആമസോൺ വഴി വീട്ടിൽ വന്നപ്പോൾ പറ്റിയതാണ്. ഞാനത് പറഞ്ഞിട്ടും സുഹൃത്ത് വകവെച്ചില്ല, തൻറെ കയ്യിൽനിന്ന് അബദ്ധത്തിൽ പറ്റിയതാണോ എന്ന സംശയത്തിൽ കൂട്ടുകാരനോട് പറഞ്ഞ് ഒരു ചുളിവ് പോലും ഏശാതെ സൂക്ഷമതയോടെ എത്തിച്ചതാണ് എൻറെ കയ്യിലിരിക്കുന്ന പുതിയ പുസ്‌തകം!

ഷെയ്ഖ് സായിദ് റോഡിൽ എൻറെ കണ്ണിന് തൊട്ടുമുമ്പിൽ വാഹങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.  തലയ്ക്ക് മീതെ ദുബായ് മെട്രോ ട്രെയിൻ മന്ദം മന്ദം ഒഴുകി നീങ്ങുന്നു.  മനസ്സിൽ പറഞ്ഞറിയിക്കാനാകത്ത വികാരങ്ങളുടെ ചീറിപ്പായലും ഒഴുക്കുമായി ഞാൻ ഒരുനിമിഷം അത് നോക്കിയിരുന്നു.

അക്ഷര സ്നേഹം. അതാണിത്.  വിദ്യയെ, അക്ഷരത്തെ ദേവിയായി പൂജിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. ആദ്യാക്ഷരം കുറിക്കും മുമ്പ് കുരുന്നുകൾ വിഘ്‌നേശ്വര നാമം എഴുതുന്ന പൈതൃകം.

അക്ഷരം അമൂല്യം. ആശ്വാസവും ഒപ്പം ആനന്ദവും.

ചില പുസ്തകങ്ങൾ ഞാൻ കയ്യിലെടുത്ത് ഉമ്മ വയ്ക്കാറുണ്ട്. ചിലത് നെഞ്ചോട് ചേർത്ത് പിടിക്കാറുണ്ട്. അറിയാതെ എന്നിൽ നിന്നും അപ്പോൾ ഒഴുകുന്നത്  പ്രണയിനിക്കോ കുഞ്ഞിനോ കൊടുക്കുന്ന അതേ സ്നേഹമാണ്.

ഇനി എഴുത്തുകാരനായ ദുബായിലെ ആ സുഹൃത്ത് ആരാണെന്ന് പറയാം. 'ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ' എന്ന പുസ്‌തകത്തിന്റെ രചയിതാവ് അസി.  യുദ്ധഭീകരതയും, ഇറാക്ക് ജനതയുടെ വേദനയും, സദ്ദാം ഹുസൈൻ എന്ന ഭരണാധികാരിയുടെ ഗർജ്ജനവും മുഴങ്ങി നിൽക്കുന്ന പുസ്തകമാണ് അസിയുടേത്. ഒരു സസ്‌പെൻസ് ത്രില്ലർ പോലെ വായിക്കാവുന്ന പുസ്‌തകം.

പ്രിയപ്പെട്ട എഴുത്തുകാരാ, എന്നെക്കാൾ അക്ഷരങ്ങളെ പ്രണയിക്കുന്ന നിങ്ങൾക്ക് കൂപ്പുകൈ. പ്രവാസപ്രയാണത്തിൽ മറക്കാനാകാത്ത സുന്ദര നിമിഷങ്ങളുടെ കൂട്ടത്തിൽ അസിയും 'ഐവറി ത്രോണും' ഒളിമങ്ങാതെ നിലനിൽക്കും.

അക്ഷരം അമൂല്യം. പുസ്‌തകം പുണ്യവും.

യാ ഇലാഹി ടൈംസ് - വായനാസ്വാദനം

യാ ഇലാഹി ടൈംസ് - വായനാസ്വാദനം 
ജോയ് ഡാനിയേൽ, ദുബായ്

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ ഒരു നോവൽ. അതാണ് യുവ എഴുത്തുകാരൻ അനിൽ ദേവസ്സിയുടെ 2018 -ലെ ഡി.സി പുരസ്‌കാരം നേടിയ   'യാ ഇലാഹി ടൈംസ്'.

തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും തകകർത്തുകളയുന്ന ഒരു ജനതയുടെ രോദനം നന്നായി വരച്ചിട്ടിരിക്കുന്ന കഥ.  സിറിയയിൽ നിന്ന് ലോകത്തിൻറെ വിവിധ കോളുകളിലേക്ക് പലായനം ചെയ്യപ്പെടുന്നവരുടെ വേദനയും, ദുഃഖവും വായനക്കാരനിൽ ഒരു നീറ്റലായി അവശേഷിപ്പിച്ചാണ് നോവലിൻറെ അവസാന പേജ് മറിഞ്ഞുതീരുന്നത്.

രാജ്യമില്ലാതായി തീരുന്ന ഒരു ജനത. സ്വന്തം മണ്ണിൽ സുരക്ഷിതത്വം ഇല്ലാത്തവർ. എങ്ങോട്ടും പോകാനില്ലാതെ അന്തിച്ചുനിൽകുന്ന മനുഷ്യർ. ആർക്കും വേണ്ടാത്തവരാണെങ്കിലും, പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പിലേറി  വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നവർ.  ലോക ചരിത്രത്തിൽ എക്കാലവും കണ്ടിട്ടുള്ളതുപോലെ ആക്രമണങ്ങളും, യുദ്ധവും, ഏകാധിപത്യവും, ഭീകരപ്രവർത്തനവും ഏറ്റവും കൂടുതൽ ഇരകളാക്കി തീർക്കുന്നത് സ്ത്രീകളെയും കുട്ടികളേയുമാണ്.   കഥയിലൊരിടത്ത് ടെന്റിനുള്ളിൽ കാണുന്ന നൂറ എന്ന കൊച്ചുപെൺകുട്ടിയുടെ വിശപ്പും, ഗർഭവും അവളുടെ അമ്മയുടെയും കുഞ്ഞു സഹോദരന്റെയും ദയനീയതയും സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ വലുതാണ്. വായനക്കാരനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന രംഗങ്ങൾ. കഥ വായിച്ച് കഴിഞ്ഞാലും മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയാത്ത ഇതുപോലെ കുറെ കഥാപാത്രങ്ങൾ 'യാ ഇലാഹി ടൈംസിൽ' ഉണ്ട്.

അൽത്തേബിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവൻറെ സൗഹൃദവലയത്തിന്റെ കഥകൂടി ഒപ്പം പറഞ്ഞുപോകുന്നു.  അവൻറെ ചിന്തകളും, അയക്കുന്നതും, വരുന്നതുമായ വാട്‍സ് ആപ്പ് മെസേജുകളും, കുറിപ്പുകളും, അവൻ സ്റ്റോർ റൂമിൽ കണ്ടെത്തുന്ന യാ ഇലാഹി ടൈംസ് എന്ന ആരോ എഴുതിയ ഒരു പഴയ ബുക്കിലെ വരികളും കഥ മുന്നോട്ട് നയിക്കുന്നു.  ദുബായിൽ ജോലി ചെയ്യുന്നെങ്കിലും അവൻറെ മനസ്സ് മുഴുവൻ തകർത്തെറിയപെട്ട തൻറെ കുടുംബമാണ്. മാതാപിതാക്കളുടെ പലായനവും ബാബയുടെ സിറിയയിലേക്കുള്ള തിരിച്ചുവരവും ഒക്കെയാണ്‌ അൽത്തേബിൻറെ ചിന്തയിലെല്ലാം.

അൽത്തേബിൻറെ കൂട്ടുകാരിയാണ് മാർഗരറ്റ്. ശരീരം വിറ്റ് ജീവിക്കുന്നവൾ. ഇടനിലക്കാരൻ കൊക്കൂസ് വഴി അവൾ കൂടുതൽ പണമുണ്ടാക്കുവാനുള്ള അഴുക്കുചാലുകളിലേക്ക് എടുത്തു ചാടുന്നു. അൽത്തേബിൻറെ മുറിയിലെ സ്ഥിരം സന്ദർശകയാണ് മാർഗരറ്റ്.

കഥയിലെ മറ്റ് രണ്ട് കഥാപാത്രങ്ങളാണ് ശ്രീലങ്കക്കാരനായ ആതുരതരംഗയും ഇന്ത്യക്കാരിയായ നളിനികാന്തിയും. ഒരേ കമ്പനിയിൽ ക്ളീനിങ് ജോലി ചെയ്യുന്നവർ. രണ്ടുപേരും ഒരേ മാളിൽ ജോലിചെയ്യുകയും പ്രേമം മൊട്ടിട്ട് പുഷ്‌പിക്കുകയും ചെയ്യുകയാണ്. എന്നാൽ വിധിയുടെ ക്രൂരതയ്ക്ക് മുൻപിൽ നിശ്ചയിച്ച സമയത്ത് വിവാഹം നടക്കാതെ പോകുന്നതും, പിന്നീട് അൽത്തേബിൻറെ  ഫ്‌ളാറ്റിൽ വച്ച്  കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താക്കന്മാരാകുന്നതും ഒരു ഉപകഥപോലെ വായിക്കാം.  ഇടയ്ക്ക് വച്ച് രണ്ടുപേരും കഥയിൽ നിന്നും അപ്രത്യക്ഷമാവുകയും അവസാന ഭാഗത്ത് വിരഹത്തിന്റെ എല്ലാ വേദനയും നൽകി കടന്നുവരികയും ചെയ്യുന്നു. അവർക്ക് പാർക്കാൻ  'കിളിക്കൂട്' നൽകുന്ന ഡോക്ടർ ദമ്പതികളുടെ ജീവിതവും, ദുരന്തവും കഥയുടെ ഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു.

നോവലിൻറെ ഏറിയപങ്കും സിറിയൻ ജനത നേരിടുന്ന ക്രൂരതകളും പീഡനങ്ങളുമാണ്. അതോടൊപ്പം തന്നെ വേശ്യാവൃത്തി, മയക്ക് മരുന്ന്, ഫേക് കറൻസി, ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് എന്നിങ്ങനെ സമൂഹത്തിലെ ഒരുപിടി പുഴുക്കുത്തുകൾ എടുത്തുകാണിക്കാൻ അനിൽ ശ്രമിക്കുന്നുണ്ട്.  മാർഗരറ്റിനും കൊക്കൂസിനും വന്നുഭവിക്കുന്ന വിധിയും തെറ്റുകൾ ഒന്നും ചെയ്യാതെ കുറ്റക്കാരനായും, പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അൽത്തേബ് എന്ന നായകൻ വായനക്കാരിൽ ഉയർത്തുന്ന സന്ദേശവും വളരെ വലുതാണ്.

കഥ തുടങ്ങുന്നത് 'ഒടുക്കം' എന്ന അദ്ധ്യായത്തിലും,  അവസാനിക്കുന്നത് 'തുടക്കം' എന്ന അദ്ധ്യായത്തിലുമാണ്. കൂട്ടിലകപ്പെട്ട്  മരണം മുന്നിൽ വന്ന് നിൽക്കുമ്പോളും വിശപ്പ് എന്താണെന്ന് നമ്മൾ കാണുന്നു.  തിന്നുതീർക്കാൻ കഴിയാത്ത മീനിന്റെ തല വായിൽ വച്ച് മരണം കാത്തുകിടക്കുന്ന പൂച്ച ഒരു ജനതയുടെ പ്രതിബിംബമാണ്.

വ്യത്യസ്തമായ ഒരു എഴുത്തുശൈലിയാണ് അനിലിന്റേത്. ലളിതമായി കഥ പറയുന്നു. ആഴത്തിൽ മനസ്സിനെ തൊടുന്നു.  വായനക്കാരൻ പോലും അറിയാതെ പേജുകൾ മറിയ്ക്കാൻ ഒരു എഴുത്തുകാരനെകൊണ്ട് സാധിക്കുക എന്നത് നിസ്സാര പണിയല്ലല്ലോ.

പുസ്‌തകത്തിന്റെ പുറം ചട്ട കഥയുമായി അത്രമേൽ പൊരുത്തപ്പെടുന്നില്ല.  ആതുരതരംഗയും, നളിനികാന്തിയും കഥയിൽ പെട്ടെന്ന് അപ്രത്യക്ഷമായി പിന്നീട് അവസാന ഭാഗത്ത് കഥ പറഞ്ഞുതീർക്കാനായി എത്തിയപോലെ തോന്നി. കാകദൃഷ്ടിയിൽ ഇതല്ലാതെ വേറൊരു കുറവും കാണാനാവുന്നില്ല.

എന്തുകൊണ്ടും വായനക്കാർക്ക് വസന്തത്തിന്റെ പൂമുട്ടുകൾ സമ്മാനിക്കുന്ന കൃതിയാണ് 'യാ ഇലാഹി ടൈംസ്'  പ്രവാസത്തിന്റെ തോണിയിലേറി യാത്ര നടത്തുമ്പോഴും ഇനിയും അനിൽ ദേവസ്സിക്ക് കൂടുതൽ ശക്തമായി എഴുതാൻ ബലം നൽകുന്ന പുസ്തകമാണ് ഇത്.

യാ ഇലാഹി ടൈംസ് (നോവൽ)
അനിൽ ദേവസ്സി
പ്രസാധകൻ - ഡി. സി ബുക്‌സ്
വില 190
പേജ് - 192


-------------------

ജോയ് ഡാനിയേൽ

അനുഭവക്കുറിപ്പുകൾ, ചെറുകഥ, വായനാസ്വാദനം  ഒക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിവരുന്നു.  'ഖിസ്സ' എന്ന അനുഭവകഥകളുടെ സമാഹാരത്തിന്റെ എഡിറ്റർ. പ്രവാസത്തിലെ 'മഷി' മാഗസിന്റെ എഡിറ്റർ.

Tuesday, December 25, 2018

സൊറ - പ്രവാസക്കാരയിലെ ഗ്രാമകാഴ്ചകൾ

സൊറ - പ്രവാസക്കരയിലെ ഗ്രാമകാഴ്ചകൾ (വായനാസ്വാദനം)
ജോയ് ഡാനിയേൽ
----------------------------------------------

പ്രവാസത്തിൽനിന്നുള്ള എഴുത്തുകാരനായ ഹരിദാസ് പാച്ചേനിയുടെ ഓർമ്മകഥകളുടെ സമാഹാരമാണ് 'സൊറ'.  പേര് സൂചിപ്പിക്കും പോലെ ഒരു നാട്ടിൻപുറത്തുകാരൻ അങ്ങകലെ പ്രവാസത്തിലിരുന്ന് ഗൃഹാതുരത്വത്തോടെ പറയുന്ന കഥകളാണിത്.  കവലകളിലും, പീടികത്തിണ്ണകളിലും ഇരുന്ന് കഥ പറയുന്നപോലെയുള്ള ലളിതഭാഷയിലുള്ള 37 കഥകളുടെ സമാഹാരമാണിത്.

വ്യത്യസ്തമായ കുറേകഥകൾ. എങ്കിലും എല്ലാ കഥകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മൃദുവായ നൂലുപോലെ അങ്ങകലെ പച്ചപ്പ് നിറഞ്ഞ നാടും, ക്ഷേത്രവും, പള്ളിയും നിഷ്‌കളങ്കരായ ഒരുപറ്റം നാട്ടുകാരും നിറഞ്ഞുനിൽക്കുന്ന ബന്ധം. ചില കഥകൾ പ്രവാസത്തിലെ അനുഭവങ്ങൾ ആണെങ്കിൽകൂടി കഥാകാരനിൽ തുളുമ്പി നിൽക്കുന്ന ഗ്രാമത്തിൻറെ ചാരുത എല്ലാ കഥകളും കാണാനാകും.

ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പോന്നതാണ് സൊറയുടെ 145 പേജുകളും.  അവസാന താളും മറിച്ചുകഴിയുമ്പോൾ വായനക്കാരനിൽ ഉണ്ടാക്കുവാൻ കഴിയുന്ന വികാരത്തിന്റെ തോതാണ് ഹരിദാസ് എന്ന എഴുത്തുകാരൻറെ വിജയം.  അനാവശ്യ വർണനകളോ, അതിഭാവുകത്വമോ കൂട്ടികലർത്താത്ത കഥന രീതി. സാധാരണക്കാരുടെ കഥ അസാധാരണമായി ഒന്നും കൂട്ടിച്ചേർക്കത്തെ തന്മയത്വത്തോടെ സൊറപോലെ പറയുകയാണിവിടെ.

മനസ്സിൽ നിന്നും പറിച്ചെറിയാനാകാതെ ഒരുപിടി കഥാപാത്രങ്ങൾ. ഒരു തലമുറയുടെ സ്പന്ദനം. അന്യം നിന്ന് പോയ അനുഭവങ്ങൾ.  സ്മാർട്ട് ഫോണിന്റെയും ഫോർജിയുടെയും കാലഘട്ടത്തിൽ ഗതകാല സ്‌മരണകൾ അയവിറക്കുന്ന കഥാകാരൻ ഓരോ കഥയിലും നിറയുന്ന നന്മകൾ കൂടിയാണ് പറഞ്ഞുവയ്ക്കുന്നത്.

തുടക്കത്തിലെ ചിലകഥകൾ പ്രവാസത്തിൽ സംഭവിച്ചതാണ്. ഒന്ന്  'ഇബ്രാഹിം സുലൈമാൻ ബലൂചി' എന്ന അഫ്‌ഗാൻ കാരന്റെ കണ്ണീരുപ്പിന്റെ കഥപറയുമ്പോൾ, അടുത്ത കഥ 'അൻവാർ ഹുസൈൻ' എന്ന എല്ലിൻകൂടമായ ബംഗാളിയുടെ ഉരുകിത്തീരുന്ന പ്രവാസത്തിന്റെ വേദനയാണ്. മറ്റൊരു കഥയിൽ "ഈന്തപ്പന താൻ എക്ക് ബുർജ് ഖലീഫ" എന്ന് പറയുന്ന കഥാപാത്രം സാധാരണക്കാരൻറെ സ്വപ്‌നങ്ങൾ പേറുന്നതാണ്.

'ഇരുമ്പ് അലിക്ക' എന്ന കഥയിൽ വടംവലിയിൽ തോറ്റ് തിരികെപോകുന്ന ശക്തിമാനായ മനുഷ്യന്റെ മുഖം ആർക്കും മറക്കാനാകില്ല.

'കട്ട മറിഞ്ഞാൽ കാണുന്ന രൂപം' എന്ന കഥ ഗ്രാമത്തിലെ ഉത്സവപ്പറമ്പിന്റെ ഉന്മാദം നിറഞ്ഞൊരുഴുന്ന മേളക്കൊഴുപ്പാണ്.

'അച്ചായന്റെ പശു'  ഊറിച്ചിരിക്കാൻ ഇടനൽകുന്നതും പശു അന്നും ഇന്നും എന്ന ചിന്തയിൽ പറയുന്നതുമാണ്. 'കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന് യേശു തൻറെ കേൾവിക്കാരോട് പറയുന്ന പോലെ ഒരു കഥയാണിത്.

ആധുനിക ലോകത്ത് നമ്മുടെ മുന്നിലെ പ്രലോഫനങ്ങളുടെയും ചതിയുടെയും ചിത്രം വരച്ചിടുന്ന കഥയാണ് 'സിന്ദൂര സന്ധ്യ' കോർഫക്കാനിലേക്ക് ചാറ്റിങ്ങിൽ കണ്ട സുന്ദരിയെ തേടിപ്പോകുന്ന ഭ്രാന്തമായ പ്രണയം തലയ്ക്ക് പിടിച്ച കാമുകന്റെ കഥയും അതിന്റെ തിക്താനുഭവവും.

'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്ന കഥ സിന്ദൂര സന്ധ്യയുടെ നാടൻ പതിപ്പാണ്. ഉത്സവം ഒഴിവാക്കി കൂട്ടുകാരന്റെ ഒപ്പം അവൻറെ കാമുകിയെ തേടി പള്ളിയിലേക്ക് പോകുന്ന കഥാകാരൻറെ മനസ്സിൽ വീണ്ടും ഒരിക്കൽ കൂടി അവിടേക്ക് പോകണം എന്ന ചിന്തയും ടയറില്ലാത്ത സൈക്കിളിന്റെ വിധിയും വായനക്കാരിൽ ചിരിയും ചിന്തയും ഉണർത്തും.

'റേഷൻ കട' ഒരു കാലഘട്ടം വരച്ചിടുന്നു. ഗ്രാമത്തിലെ റേഷൻ കടയുടെ മുന്നിൽ ഇടിച്ചു തള്ളി നിൽക്കുന്ന നാട്ടുകാരുടെയും, കട മുതലാളിയുടെയും  ഒപ്പം റേഷൻ വാങ്ങാൻ വന്ന കുട്ടിയുടെ കഥയും ആ കാലഘട്ടത്തിന്റെ നേരെ പിടിച്ച ദർപ്പണമാണ്.

"സാധു ബീഡിയുടെ അവസാന പഫ് ലോകത്ത് ആരും ഇത്രയും മനോഹരമായി ആസ്വദിച്ചിട്ടുണ്ടാകില്ല" എന്ന് ഹരിദാസ് പറയുന്ന അമ്പുവേട്ടൻറെ കഥ വേദനയും വിഷാദവും തുളുമ്പിത്തെറിക്കുന്ന എഴുത്താണ്.

മുകളിൽ പറഞ്ഞ മാതിരി ചെറിയ ചെറിയ കഥാക്കൂട്ടുകൾ നിറച്ച ഒരു പേടകമാണ് സൊറ.  എഴുത്തുരീതി ചിലപ്പോൾ ഒക്കെ ബഷീറിന്റെ മന്ത്രീക തൂലികയോട് കിടപിടിക്കുന്നതുമാണ്.

ചിലയിടത്തൊക്കെ കാണുന്ന അക്ഷരത്തെറ്റുകൾ ഒഴിവാക്കാമായിരുന്നു. ഒപ്പം ചില കഥകൾക്ക് ഇടയ്ക്ക് നൽകിയിരിക്കുന്ന ഒന്നിലധികം കുത്തുകൾ വികാരാവേശം കുത്തിനിറയ്ക്കാനാണോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. ചില കഥകൾ കവിതകൾ പോലെ ചെറുതാണ്. വലിയ ആശയങ്ങൾ ഇത്തിരികൂടി പരത്തി പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാരൻ ആഗ്രഹിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല.  ഇത്തരം ചെറു ന്യൂനതകൾ അടുത്ത പതിപ്പിൽ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

ലിപി പബ്ലിക്കേഷൻസ് ആണ് 'സൊറ' യുടെ പ്രസാധകർ. വില 150 രൂപ. മുടക്കുമുതലിന് ഗുണം വായനക്കാരന് തിരികെ നൽകുന്ന പുസ്തകമാണിത്. ഹരിദാസ്  ഒരു നവ എഴുത്തുകാരനാണെന്ന  തോന്നൽ ഒരിക്കൽ പോലും വായനക്കാരന് തോന്നാത്ത  കഥനരീതി.

നാട്ടിൻ പുറവും, പച്ചപ്പും, സാധാരണക്കാരും നിറഞ്ഞുനിൽക്കുന്ന ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ വായിച്ചുപോകാവുന്ന ചെറിയ കഥകൾ. അതാണ് ചുരുക്കിപറഞ്ഞാൽ 'സൊറ'