Thursday, January 31, 2019

യാ ഇലാഹി ടൈംസ് - വായനാസ്വാദനം

യാ ഇലാഹി ടൈംസ് - വായനാസ്വാദനം 
ജോയ് ഡാനിയേൽ, ദുബായ്

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ ഒരു നോവൽ. അതാണ് യുവ എഴുത്തുകാരൻ അനിൽ ദേവസ്സിയുടെ 2018 -ലെ ഡി.സി പുരസ്‌കാരം നേടിയ   'യാ ഇലാഹി ടൈംസ്'.

തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും തകകർത്തുകളയുന്ന ഒരു ജനതയുടെ രോദനം നന്നായി വരച്ചിട്ടിരിക്കുന്ന കഥ.  സിറിയയിൽ നിന്ന് ലോകത്തിൻറെ വിവിധ കോളുകളിലേക്ക് പലായനം ചെയ്യപ്പെടുന്നവരുടെ വേദനയും, ദുഃഖവും വായനക്കാരനിൽ ഒരു നീറ്റലായി അവശേഷിപ്പിച്ചാണ് നോവലിൻറെ അവസാന പേജ് മറിഞ്ഞുതീരുന്നത്.

രാജ്യമില്ലാതായി തീരുന്ന ഒരു ജനത. സ്വന്തം മണ്ണിൽ സുരക്ഷിതത്വം ഇല്ലാത്തവർ. എങ്ങോട്ടും പോകാനില്ലാതെ അന്തിച്ചുനിൽകുന്ന മനുഷ്യർ. ആർക്കും വേണ്ടാത്തവരാണെങ്കിലും, പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പിലേറി  വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നവർ.  ലോക ചരിത്രത്തിൽ എക്കാലവും കണ്ടിട്ടുള്ളതുപോലെ ആക്രമണങ്ങളും, യുദ്ധവും, ഏകാധിപത്യവും, ഭീകരപ്രവർത്തനവും ഏറ്റവും കൂടുതൽ ഇരകളാക്കി തീർക്കുന്നത് സ്ത്രീകളെയും കുട്ടികളേയുമാണ്.   കഥയിലൊരിടത്ത് ടെന്റിനുള്ളിൽ കാണുന്ന നൂറ എന്ന കൊച്ചുപെൺകുട്ടിയുടെ വിശപ്പും, ഗർഭവും അവളുടെ അമ്മയുടെയും കുഞ്ഞു സഹോദരന്റെയും ദയനീയതയും സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ വലുതാണ്. വായനക്കാരനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന രംഗങ്ങൾ. കഥ വായിച്ച് കഴിഞ്ഞാലും മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയാത്ത ഇതുപോലെ കുറെ കഥാപാത്രങ്ങൾ 'യാ ഇലാഹി ടൈംസിൽ' ഉണ്ട്.

അൽത്തേബിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവൻറെ സൗഹൃദവലയത്തിന്റെ കഥകൂടി ഒപ്പം പറഞ്ഞുപോകുന്നു.  അവൻറെ ചിന്തകളും, അയക്കുന്നതും, വരുന്നതുമായ വാട്‍സ് ആപ്പ് മെസേജുകളും, കുറിപ്പുകളും, അവൻ സ്റ്റോർ റൂമിൽ കണ്ടെത്തുന്ന യാ ഇലാഹി ടൈംസ് എന്ന ആരോ എഴുതിയ ഒരു പഴയ ബുക്കിലെ വരികളും കഥ മുന്നോട്ട് നയിക്കുന്നു.  ദുബായിൽ ജോലി ചെയ്യുന്നെങ്കിലും അവൻറെ മനസ്സ് മുഴുവൻ തകർത്തെറിയപെട്ട തൻറെ കുടുംബമാണ്. മാതാപിതാക്കളുടെ പലായനവും ബാബയുടെ സിറിയയിലേക്കുള്ള തിരിച്ചുവരവും ഒക്കെയാണ്‌ അൽത്തേബിൻറെ ചിന്തയിലെല്ലാം.

അൽത്തേബിൻറെ കൂട്ടുകാരിയാണ് മാർഗരറ്റ്. ശരീരം വിറ്റ് ജീവിക്കുന്നവൾ. ഇടനിലക്കാരൻ കൊക്കൂസ് വഴി അവൾ കൂടുതൽ പണമുണ്ടാക്കുവാനുള്ള അഴുക്കുചാലുകളിലേക്ക് എടുത്തു ചാടുന്നു. അൽത്തേബിൻറെ മുറിയിലെ സ്ഥിരം സന്ദർശകയാണ് മാർഗരറ്റ്.

കഥയിലെ മറ്റ് രണ്ട് കഥാപാത്രങ്ങളാണ് ശ്രീലങ്കക്കാരനായ ആതുരതരംഗയും ഇന്ത്യക്കാരിയായ നളിനികാന്തിയും. ഒരേ കമ്പനിയിൽ ക്ളീനിങ് ജോലി ചെയ്യുന്നവർ. രണ്ടുപേരും ഒരേ മാളിൽ ജോലിചെയ്യുകയും പ്രേമം മൊട്ടിട്ട് പുഷ്‌പിക്കുകയും ചെയ്യുകയാണ്. എന്നാൽ വിധിയുടെ ക്രൂരതയ്ക്ക് മുൻപിൽ നിശ്ചയിച്ച സമയത്ത് വിവാഹം നടക്കാതെ പോകുന്നതും, പിന്നീട് അൽത്തേബിൻറെ  ഫ്‌ളാറ്റിൽ വച്ച്  കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താക്കന്മാരാകുന്നതും ഒരു ഉപകഥപോലെ വായിക്കാം.  ഇടയ്ക്ക് വച്ച് രണ്ടുപേരും കഥയിൽ നിന്നും അപ്രത്യക്ഷമാവുകയും അവസാന ഭാഗത്ത് വിരഹത്തിന്റെ എല്ലാ വേദനയും നൽകി കടന്നുവരികയും ചെയ്യുന്നു. അവർക്ക് പാർക്കാൻ  'കിളിക്കൂട്' നൽകുന്ന ഡോക്ടർ ദമ്പതികളുടെ ജീവിതവും, ദുരന്തവും കഥയുടെ ഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു.

നോവലിൻറെ ഏറിയപങ്കും സിറിയൻ ജനത നേരിടുന്ന ക്രൂരതകളും പീഡനങ്ങളുമാണ്. അതോടൊപ്പം തന്നെ വേശ്യാവൃത്തി, മയക്ക് മരുന്ന്, ഫേക് കറൻസി, ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് എന്നിങ്ങനെ സമൂഹത്തിലെ ഒരുപിടി പുഴുക്കുത്തുകൾ എടുത്തുകാണിക്കാൻ അനിൽ ശ്രമിക്കുന്നുണ്ട്.  മാർഗരറ്റിനും കൊക്കൂസിനും വന്നുഭവിക്കുന്ന വിധിയും തെറ്റുകൾ ഒന്നും ചെയ്യാതെ കുറ്റക്കാരനായും, പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അൽത്തേബ് എന്ന നായകൻ വായനക്കാരിൽ ഉയർത്തുന്ന സന്ദേശവും വളരെ വലുതാണ്.

കഥ തുടങ്ങുന്നത് 'ഒടുക്കം' എന്ന അദ്ധ്യായത്തിലും,  അവസാനിക്കുന്നത് 'തുടക്കം' എന്ന അദ്ധ്യായത്തിലുമാണ്. കൂട്ടിലകപ്പെട്ട്  മരണം മുന്നിൽ വന്ന് നിൽക്കുമ്പോളും വിശപ്പ് എന്താണെന്ന് നമ്മൾ കാണുന്നു.  തിന്നുതീർക്കാൻ കഴിയാത്ത മീനിന്റെ തല വായിൽ വച്ച് മരണം കാത്തുകിടക്കുന്ന പൂച്ച ഒരു ജനതയുടെ പ്രതിബിംബമാണ്.

വ്യത്യസ്തമായ ഒരു എഴുത്തുശൈലിയാണ് അനിലിന്റേത്. ലളിതമായി കഥ പറയുന്നു. ആഴത്തിൽ മനസ്സിനെ തൊടുന്നു.  വായനക്കാരൻ പോലും അറിയാതെ പേജുകൾ മറിയ്ക്കാൻ ഒരു എഴുത്തുകാരനെകൊണ്ട് സാധിക്കുക എന്നത് നിസ്സാര പണിയല്ലല്ലോ.

പുസ്‌തകത്തിന്റെ പുറം ചട്ട കഥയുമായി അത്രമേൽ പൊരുത്തപ്പെടുന്നില്ല.  ആതുരതരംഗയും, നളിനികാന്തിയും കഥയിൽ പെട്ടെന്ന് അപ്രത്യക്ഷമായി പിന്നീട് അവസാന ഭാഗത്ത് കഥ പറഞ്ഞുതീർക്കാനായി എത്തിയപോലെ തോന്നി. കാകദൃഷ്ടിയിൽ ഇതല്ലാതെ വേറൊരു കുറവും കാണാനാവുന്നില്ല.

എന്തുകൊണ്ടും വായനക്കാർക്ക് വസന്തത്തിന്റെ പൂമുട്ടുകൾ സമ്മാനിക്കുന്ന കൃതിയാണ് 'യാ ഇലാഹി ടൈംസ്'  പ്രവാസത്തിന്റെ തോണിയിലേറി യാത്ര നടത്തുമ്പോഴും ഇനിയും അനിൽ ദേവസ്സിക്ക് കൂടുതൽ ശക്തമായി എഴുതാൻ ബലം നൽകുന്ന പുസ്തകമാണ് ഇത്.

യാ ഇലാഹി ടൈംസ് (നോവൽ)
അനിൽ ദേവസ്സി
പ്രസാധകൻ - ഡി. സി ബുക്‌സ്
വില 190
പേജ് - 192


-------------------

ജോയ് ഡാനിയേൽ

അനുഭവക്കുറിപ്പുകൾ, ചെറുകഥ, വായനാസ്വാദനം  ഒക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിവരുന്നു.  'ഖിസ്സ' എന്ന അനുഭവകഥകളുടെ സമാഹാരത്തിന്റെ എഡിറ്റർ. പ്രവാസത്തിലെ 'മഷി' മാഗസിന്റെ എഡിറ്റർ.

No comments:

Post a Comment