Wednesday, September 25, 2019

പൂക്കുല ലേഹ്യം

പൂക്കുല ലേഹ്യം 
----------------------------

ആണുങ്ങൾ ഗർഭം ധരിക്കുമോ?

ചോദ്യം കേട്ട് മാന്യന്മാരായ വായനക്കാർ എന്നെ കല്ലുപറക്കി എറിയരുത്, വിരോധം തോന്നുകയുമരുത് എന്നപേക്ഷ. ജീവശാസ്ത്രപരമായി പോക്കണംകേടാണ് പറയുന്നതെങ്കിലും പ്രായപൂർത്തിയായ ഒരു ആൺപ്രജയാണിതെന്ന് നിങ്ങൾ ധരിച്ചുകൊള്ളണം. കാര്യകാരണസഹിതം ഞാനത് വിശദീകരിക്കാൻ ബാധ്യസ്ഥനുമാകുന്നു.

കഥ നടന്നത് ഇമ്മിണി കാലങ്ങൾക്ക് മുമ്പാണ്. ഡേറ്റും തീയതിയും പറയും എന്ന് കരുതി വായ്‌പൊളിച്ച് എനിക്കിട്ട് ആപ്പടിക്കാൻ കാത്തിരിക്കുന്ന കൂപമണ്ഡൂകങ്ങൾ പോയി പണി നോക്കിക്കോണം. അല്ലേലും, ഞാനും എൻറെ അരുമക്കൊരുമയായ (എരുമ എന്ന് ആരും വായിച്ചുപോകരുത്) സുസുവും മനോഗുണത്തോടെ മാതൃകാ ദമ്പതിമാരായി ലബനോൻ താഴ്വരകളിൽ വാണരുളുന്നത് കണ്ട് അവിടേം ഇവിടേം ചൊറിഞ്ഞോണ്ട് നടക്കുന്ന അണലിസന്തതികളെ നിങ്ങൾക്ക് നാശം. എൻറെ മണ്ടേൽ കയറാൻ വരാതെ, നിങ്ങളെയും നിങ്ങളുടെ പെണ്ണുമ്പുള്ളമാരെയും ഓർത്ത് വിലപിക്കുവിൻ. അവരെ സ്നേഹിക്കുവിൻ. അന്ന് തീയതിയും സമയവും ഇല്ലാത്ത ആ കൂരാപ്പിന് ഞാൻ ജോലികഴിഞ്ഞു വന്നവേളയിൽ വാമഭാഗം ആകെ ഒരു ക്ഷീണാവസ്ഥയിൽ കസേരയിൽ കാലും നീട്ടിയിരിക്കുന്നു.

"സുസു, നിനക്ക് എന്നതാ പറ്റിയെ? ആശൂത്രീ പോണോ പെണ്ണേ?"

"മാണ്ട,  ആ പെണ്ണുമ്പുള്ള എന്നെ സൂചിവയ്ക്കും"

മാനംമര്യാദയ്ക്ക് എം. ബി. ബി. എസ്സ്. എടുത്ത ഒരു ഡോക്ടറെയാണ് ഇവൾ പെണ്ണുമ്പുള്ള എന്ന് അഭിസംബോധന ചെയ്യുന്നത്! ഇതിപ്പോ, മാസങ്ങൾ കഴിഞ്ഞ് ആശുപത്രിയിൽ പോയി പ്രസവവാർഡിൽ സുസുവും, വാർഡിന് പുറത്ത് ഈ ഞാനും അകക്കാമ്പ് വെട്ടി കിടക്കുകയും, ഇരിക്കുകയും ചെയ്യേണ്ടതാണ്. അതാണ് നിയമവും. പെറാൻ കിടക്കുന്നതിനേക്കാൾ വലുതാണോ ഉറുമ്പ് കടിക്കുന്ന സൂചിവപ്പ്? ഈ പെണ്ണുങ്ങളുടെ ഒരു കാര്യം. വെളിവുകേട്‌ ലോണെടുത്ത് കയ്യിൽ വച്ചിരിക്കുന്ന നാരീജന്മങ്ങൾ.

"പിന്നെ എന്നതാ നിനക്ക് ഒരു മന്ദിപ്പ്?" സ്നേഹനിധിയായ ഭർത്താവായ ഞാൻ വിടാൻ കൂട്ടാക്കിയില്ല.

"ഓ, ഒന്നുമില്ലന്നെ.  വയറ്റുകണ്ണികൾക്ക് അങ്ങനെ പല ക്ഷീണോംകാണും. അതൊക്കെ ഈ സമയത്ത് ഉള്ളതാ" ഇതും പറഞ്ഞ് അവൾ ചടഞ്ഞുകൂടിയിരുന്നു. ഞാൻ അടുത്തുചെന്ന് തഞ്ചത്തിൽ പറ്റിക്കൂടി. പെണ്ണുമ്പുള്ളയേയും ഉള്ളിൽ വവ്വാലിനെ പോലെ കിഴുക്കാംതൂക്ക് കിടക്കുന്ന കൊച്ചിനെയും ഒന്ന് പുന്നാരിക്കാൻ കിട്ടിയ സമയം. അമ്മ ചിരിച്ചാൽ കുഞ്ഞും ചിരിക്കും. അമ്മ കരഞ്ഞാൽ കുഞ്ഞും. അങ്ങനെയൊക്കെയാണല്ലോ നാട്ടുനടപ്പും പ്രമാണവും. അപ്പോൾ ഇവളുമ്മാരെ പരമാവധി സന്തോഷിപ്പിക്കുക എന്നത് ഞാനുൾപ്പെടെയുള്ള ഹതഭാഗ്യന്മാരായ ഭർത്താക്കന്മാരുടെ കടമയാണ്. നമുക്ക് നാട്ടുനടപ്പ് മാറ്റാനൊക്കുമോ?.

ഇനി ഒരു കാര്യംകൂടി പറഞ്ഞേക്കാം.  കല്യാണം കഴിഞ്ഞ പെണ്ണും, കല്യാണം കഴിക്കാത്ത പെണ്ണും ഓക്കാനിക്കുന്നതിന് നമ്മുടെ നാട്ടിൽ വെവ്വേറെ അർത്ഥം ആണുളളത്. വന്ന് വന്ന് ഇന്ന് ഫ്രഞ്ച് വിപ്ലവത്തിലെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം പിന്നെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ എന്നൊക്കെ പറഞ്ഞ് രണ്ടും തമ്മിൽ വല്യ അർത്ഥവ്യതിയാനങ്ങളില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും, എൻറെ സുസു കല്യാണം കഴിഞ്ഞ് വാളുവച്ചത് കണ്ട് ഞാനും വീട്ടുകാരും തുള്ളിച്ചാടി. ഇതാണ് യഥാർത്ഥ ഫ്രഞ്ച് വിപ്ലവം! ലോകത്ത് മനുഷ്യനുണ്ടാകുന്ന ഏനക്കേട്‌ കണ്ട് ചുള്ളിച്ചാടുന്ന പ്രതിഭാസം ഈ ചർദ്ധിലിന് മാത്രം സ്വന്തം. എന്തായാലും നിലത്തു നിൽക്കാതെ കാലുംപറിച്ച് ചാടിയ എനിക്ക് മൂടിടിച്ച് വീണ അനുഭവമായിരുന്നു പിന്നീട്. പെണ്ണിനെ ആശുപത്രിയിൽ കൊണ്ടുപോണം,  ഗൈനോക്കോളജിസ്റ്റിനെ കാണിക്കണം, മരുന്നുകൾ വാങ്ങി കൊടുക്കണം (ഗർഭം രോഗമാണോ എന്നൊരു ശങ്ക) എന്നിങ്ങനെ പലതരം കിടുവടികൾ. അമ്മയ്ക്കും സുസുവിനും ഗൈനോക്കോളജിസ്റ്റ് ലേഡിഡാക്കിട്ടർ തന്നെ വേണം. തിരുവായ്ക്ക് എതിർവാ ഉണ്ടോ? നമ്മൾ വീട്ടിലെ പ്രസിഡണ്ട്, പെണ്ണുങ്ങൾ പ്രധാനമന്തി. യുദ്ധമോ സമാധാനമോ എന്തോ വേണമെന്ന് അവളുമ്മാർ പാർലമെൻറ്റ് കൂടി തീരുമാനിക്കും. നമ്മൾ  വെറും റബ്ബറും സ്റ്റാമ്പും കയ്യിൽപിടിച്ച് കുത്തിയിരിക്കും, അത്ര തന്നെ.

നേരുബുദ്ധിക്ക് സുസുവിനെ ഒരു പെണ്ണ് ഡാക്കിട്ടർ തന്നെ കണ്ടാൽ മതിയെന്ന് ഞാനും ഏറ്റു. പക്ഷേ അതിന്റ തപ്പുകേട്‌ പിന്നെയാണ് മനസ്സിലായത്.  ഡാക്കിട്ടറും, ഗർഭിണിയും എൻറെ തള്ളയും പെണ്ണ്. ഈ സ്ത്രീമഹാജനങ്ങൾ ഒന്നിച്ച് കൂടി എനിക്കിട്ട് ആപ്പടിക്കുമോ എന്നൊരുതമിശയം സ്വാഭാവികമാണല്ലോ. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഫെമിനിസം കാഴ്ച്ച കാണാം' എന്നൊരു അവസ്ഥയാണല്ലോ ഇപ്പോൾ നാട്ടുനടപ്പ്.  എൻറെ തമിശയം വൈകാതെ ദൂരീകരിക്കപ്പെട്ടു.  അടിയാൻ കൂടിയാൻ വ്യവസ്ഥയായിരുന്നു പിന്നെ വീട്ടിൽ. ഒടുക്കത്തെ വീട്ടുപണി മുഴുവൻ എൻറെ തലയിൽ. ഓഫീസിൽ മാനേജരുടെ കാട്ടുപണി കഴഞ്ഞ് വീട്ടിൽ വരുമ്പോളാണ് ഈ മാരണം. അങ്ങനെ സ്വന്തം ഗർഭിണിയും, പെണ്ണാച്ചി ഗൈനോക്കോളജിസ്റ്റും എന്നെ അണ്ണാക്കിലടിച്ച കാലത്താണ് അന്തികൂരാപ്പിന് കാലുവെന്ത നായെപ്പോലെ വീട്ടിൽ ഞാൻ വന്നുകയറുന്നതും, ആര്യപുത്രി തേർത്തട്ടിൽ നട്ടും ബോൾട്ടും പോയി ഊപ്പാടുവന്ന് കിടന്ന പാർത്ഥനെപ്പോലെ കസേരയിൽ കാലും നീട്ടി ഇരിയ്ക്കുകയും ചെയ്‌തത്‌.   പാവം,  എൻറെ കൊച്ചിന്റെ അമ്മയാവാൻ നേർച്ചനേർന്ന് ഇറങ്ങിയ  പെൺകൊച്ചല്ലേ? ഒന്ന് പുന്നാരിച്ച് വിട്ടേക്കാം. വവ്വാൽ കൊച്ചും ഹവ്വാ അമ്മയും സന്തോഷിക്കട്ടെ. ഒരു നിമിഷം ഞാൻ ഉത്തമഗീതത്തിലെ സോളമനായി രൂപാന്തരപ്പെട്ടു. സുസുവിന്റെ നീരുപിടിച്ച കാലുകൾ തടവികൊടുത്തു. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു; സത്യവേദപുസ്തകം ഇങ്ങനെ ചില അവസരങ്ങളിൽ ഭർത്താക്കന്മാർക്ക് ഉപകാരപ്പെടും. പള്ളിക്കാർക്ക് സ്തോത്രം.

സന്തോഷ സൂചകമായി സുസു ചിരിച്ചു. എന്തെങ്കിലും മാരകപണികൾ പിന്നാലെ വരുന്നുണ്ട്. ഈ ചിരി അതിനുമുന്നോടിയാകാം- ഞാൻ സ്വാഭാവികമായും നിരൂപിച്ചു. അല്ലേലും ഈ സുസുവിന്റെ ജാതിയെല്ലാം ഗർഭിണി ആയെന്നുകണ്ടുകഴിഞ്ഞാൽ പിന്നെ നീണ്ടുനിവർന്നുകിടന്ന് വിശ്രമമമാണ്. നമ്മൾ ഏതാണ്ട് വേണ്ടാധീനം ഇവളുമ്മാരോട് ചെയ്‌തതുപോലെ ഒരു ചെറഞ്ഞുനിൽപ്പ്. പിന്നെ നാടും, വീടും എല്ലാം കൊട്ടിഘോഷിച്ച് ഇവളുമ്മാരുടെ കൂടെ. നമ്മൾ വെറും കൊജ്ഞാണന്മാർ. എട്ടും പത്തും പെറ്റിട്ട് പയറുപോലെ പെണ്ണുങ്ങൾ നടന്ന നാടാണിത്.  അന്ന് അമ്മച്ചിമാർ വയറ്റുകണ്ണിമാരായാൽ വല്ല പുളിയോ മാങ്ങയോ ഒക്കെ വേണമെന്ന ആവശ്യമേ പറയൂ. പിന്നെ നല്ല അണ്ടമുണ്ടത്തടി പോലുള്ള പിള്ളേരെ അങ്ങോട്ട് പെറും.  ഇതിപ്പോ അങ്ങനെവല്ലതും ആണോ? ഇരിക്കാൻ വയ്യ, കിടക്കാൻ വയ്യ എന്റമ്മോ.. എന്തൊരു പുകില്.  എന്നാൽ, പണ്ടത്തെ ചേട്ടായിമാരെക്കാൾ സ്നേഹസമ്പന്നന്മാരായ എന്നെപ്പോലുള്ള മാതൃകാ ഭർത്താക്കന്മാർ ഇത്തരം പുകിലുകൾ ദൈവംതമ്പുരാനെ ഓർത്ത് അങ്ങ് സഹിക്കും. ലോകത്ത് സൊലൂഷ്യൻ ഇല്ലാത്ത ചില കാര്യങ്ങളും ഉണ്ടല്ലോ.  പോട്ടെ, എല്ലാം ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള ത്യാഗമല്ലേ. സഹിക്കാം. അല്ലാതിപ്പോ എന്നാ ചെയ്യും?

സന്ധ്യ കഴിഞ്ഞ് രാത്രി കനത്തു. ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച് വല്യ തട്ടുകേടില്ലാത്ത അത്താഴവും അകത്താക്കി കിടക്കാൻ ഒരുങ്ങിയപ്പോൾ സുസുവിന് വീണ്ടും ക്ഷീണം.

"എന്നാതാടീ?"
"വയ്യ, ഭയങ്കര ഷീണം"
"എന്നാ കുരിശ് വരച്ചുമ്മച്ച് കേറികിടന്ന് ഒറങ്ങിക്കോ"
"ചുമ്മാ, കിടന്ന് ഒറങ്ങിയാ മതിയോ? ഒരുപറ മരുന്നും ഗുളികയും ഉണ്ട്. അത് നിങ്ങള് കഴിക്കുമോ?

'എലി വിഷം തിന്നാൽ കോഴി ചാകുമോ' എന്നൊരു ചോദ്യംപോലെ അവൾ  എന്നെ ഒരു നോട്ടം. അയ്യോ,  പാവം പറഞ്ഞത് ശരിയാ. എൻറെ ആര്യപുത്രിക്ക് ഒരുകെട്ട് മരുന്ന് നമ്മുടെ ഫെമിനിസ്റ്റ് ഗൈനോക്കോളജിസ്റ്റ് കുറിച്ച് കൊടുത്തിട്ടുണ്ട്. കാൽസ്യം, അയൺ, ഫോളിക് ആസിഡ്, ഡുഫാസ്റ്റോൺ... എന്നുവേണ്ട നീണ്ട ലിസ്റ്റ്. കൊച്ചും തള്ളയും കൂടി കുറെ മാസങ്ങളായി ചില്ലറയല്ല ഗുളിക അകത്താക്കുന്നത്.

ചാഞ്ഞു കിടക്കുന്ന എൻറെ കോച്ചിന്റെ ഭാവി അമ്മയെ കണ്ടപ്പോൾ അലിവ് തോന്നി. കുമാരനാശാൻറെ വീണപൂവ് അപ്പോൾ ഉപമാലങ്കാരമായി മനസ്സിലേക്കോടിയെത്തുകയും ചെയ്‌തു.

"എന്നാ, നീ കെടന്നോ. ഞാൻ ഗുളികേം വെള്ളവും എടുത്തു തരാം"  ഇതും പറഞ്ഞ് ഞാൻ രാത്രിയിലേക്കുള്ള ഗുളികകൾ എടുത്തു. എന്നിട്ട് തിരിച്ചും മറിച്ചും നോക്കി. എന്തരോ എന്തോ? രണ്ട്  ഗുളികകൾ ഓരോന്നായി പൊളിച്ച് വലതുകയ്യിൽ വച്ച് അടുക്കളയിലേക്ക് നടന്നു. തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ്സിൽ പകർന്ന് തിരികെ കിടക്കമുറിയിൽ എത്തി. ഞാൻ ലാസ്യഭാവത്തോടെ അവളെയൊന്ന് നോക്കി. പണ്ടാറം ഗുളിക കഴിച്ചുകഴിഞ്ഞാൽ ഉറങ്ങാം എന്ന മട്ടിൽ ചാഞ്ഞ് ചരിഞ്ഞ് ലവൾ കിടക്കുന്നു. മാസങ്ങൾ കഴിഞ്ഞാൽ ഈ വീട്ടിൽ ഒരു കുഞ്ഞുകൊച്ച് വിരുന്നു വരും.  സുസുവിനെ പറ്റിപ്പിടിച്ച് കുഞ്ഞുവാവ കിടക്കുന്നത് ഓർത്ത് നിന്നപ്പോൾ എനിക്ക് അറിയാതെ കുളിര് കോരി, ഒപ്പം വലിയൊരു തപ്പുകേടും പറ്റി.

തപ്പുകേട്‌ എന്ന് പറഞ്ഞാൽ ഒരു ഭർത്താവും ഈ ഭൂമിമലയാളത്തിൽ കാണിക്കാത്ത പൊക്കണംകേട് തന്നെ. അതെന്താണെന്ന് വച്ചാൽ, വലതുകയ്യിൽ രണ്ട് ഗുളികയും മേശപ്പുറത്ത് വെള്ളവും വച്ച് അവളെ നോക്കിനിന്ന ഞാൻ അറിയാതെ ഗുളിക രണ്ടും എൻറെ വായിലേക്ക് ഇട്ട് ശടേന്ന് വെള്ളം എടുത്ത് ഒറ്റക്കൂടി!

എങ്ങനുണ്ട് എൻറെ വിവരക്കേട്?! ഏതേലും ആൺപിറന്നവന്മാർ കാണിക്കുമോ ഇമ്മാതിരി ഫൂളിഷ്‌നസ്? എന്താ പറ്റിയെ എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. ജനിക്കാൻ പോകുന്ന കോച്ചിന്റെ ചിന്തയിൽ ഗുളിക കയ്യിൽ വച്ച് അറിയാതെ അണ്ണാക്കിലിട്ടുപോയി. മേമ്പൊടിയായി വെള്ളവും തള്ളിവിട്ടു. ഏതാണ്ട് പാറ്റാഗുളിക വിഴുങ്ങിയ മട്ടിൽ നിന്ന എന്നോട് അപ്പോൾ സുസു എരണംകെട്ട ഒരു വർത്തമാനം.

"നിങ്ങളെന്നതിനാ ആ കുന്തം എടുത്ത് വിഴുങ്ങിയെ? നിങ്ങക്കെന്നതാ ഗർഭം ഉണ്ടോ?"

ഇതികർത്തവ്യാമൂഢനായ ഞാൻ സത്യം പറഞ്ഞാൽ തലയിൽ കൈവയ്ക്കാതെ പള്ളയിൽ ഒന്ന് കൈവച്ച് പോയി.  എന്തൊരു മഠയത്തരമാണ് കാട്ടിക്കൂട്ടിയത്? ചുമ്മാതിരുന്ന സുസുവിനെ സുഖിപ്പിക്കാനായി സഹായിക്കാൻ പോയി പേറ്റുഗുളിക വിഴുങ്ങി നിൽക്കുന്ന എനിക്ക് നഞ്ചുതിന്ന കുരങ്ങന്റെ അവസ്ഥയായിരുന്നു അപ്പോൾ. മേലാകെ കടിയനുറുമ്പ് ഇറുക്കുന്ന പ്രതീതി.

"എന്നാത്തിനാ വാപൊളിച്ച് നിൽക്കുന്നെ? വന്ന് വന്ന് പോതോം പൊക്കണോം ഇല്ലാണ്ടായോ കർത്താവേ!?"

ഭൂലോക വിവരക്കേട് കാണിച്ച ഞാൻ ഒന്നും പറയാതെ  പോയി കട്ടിലിൽ കിടന്നപ്പോൾ ചൊറിയൻ വർത്തമാനം അകമ്പടി നൽകി സുസു മെല്ലെപോയി തനിക്ക് വേണ്ട ഗുളിക കഴിച്ച് തിരികെ വന്ന് ലൈറ്റും അണച്ച് കിടന്നു.

"എന്നാലും ഓരോ സോക്കേടെ, പെണ്ണുങ്ങളുടെ ഗുളികഎടുത്ത് തിന്നാൻ എന്തോ വിരുതാ"

ഞാനെന്ന വിരുതൻ ശങ്കു മിണ്ടിയില്ല.  അപാകത നമ്മുടെ ഭാഗത്താണ്. അപ്പോൾ മിണ്ടാതിരുന്നോണം. മിണ്ടിയാൽ താലികെട്ടിയ അന്നുമുതൽ ഉള്ള പാളിച്ചകൾ ഒന്നൊന്നായി ക്ലാവർ, ഇസ്‌പേഡ്‌, ഗുലാൻ എന്നമട്ടിൽ നിരത്തി നമ്മുടെ ചീട്ട് കീറും പെണ്ണുങ്ങൾ.  ഇവളുമ്മാർ പലതരം ചൂണ്ട നമ്മുടെ വീക്നെസ് കാലത്ത് ഇട്ടു തരും. കണ്ടില്ല, കേട്ടില്ല എന്നമട്ടിൽ കിടന്നോണം. ഞാൻ മാന്യനായതിനാൽ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണഃ' എന്നമട്ടിൽ പുതച്ച്മൂടിയങ്ങ് കിടന്നു. മൗനം ഭർത്താവിന് ഭൂഷണം.

പാതിരാത്രി. ലോകം എല്ലാം ഉറങ്ങുന്നു. എനിക്ക് ഉറക്കംവരുമോ? ചില്ലറ കേസാണോ, പേറ്റുഗുളികയാണ് ഉള്ളിൽ കിടക്കുന്നത്! വയറെരിച്ചിൽ പോലെ എന്തോ ഏനക്കേട് ഫീൽ ചെയ്യുന്നുണ്ട്. അതോ വെറും തോന്നലോ? എണീറ്റ് ഒന്ന് രണ്ട് വട്ടം ബാത്‌റൂമിൽ പോയി, മുഖം ഒക്കെ കഴുകി വന്നു. വെള്ളം എടുത്തു കുടിച്ചു. ഇപ്പോളും തൊണ്ടക്ക് എന്തോ തടഞ്ഞ് ഇരിക്കുന്ന പ്രതീതി.  ഇനി ഗുളിക വല്ലതും അവിടെ തടഞ്ഞ് ഇരിക്കുന്നുണ്ടോ? പണ്ട് ആദം പാപം ചെയ്യാൻ ആപ്പിൾ കഴിച്ചപ്പോൾ ഇതിയാന്റെ തൊണ്ടക്ക് ആപ്പിൾ കുരുങ്ങിയാണ് ആണുങ്ങൾക്ക് ആദംസ് ആപ്പിൾ എന്ന സുനാപ്പി ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോൾ അതുപോലെ വല്ല കുരുങ്ങലും? മുറിയിലെ അന്ധകാരത്തിൽ നിശാചരനെപ്പോലെ എന്നെ കണ്ടിട്ടാണോ എന്തോ, സുസു ചുമ്മാ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.  എനിക്കാണേൽ അവളുടെ മുതുകിന് നോക്കി ഒരു ആഞ്ഞ ചവിട്ട് കൊടുക്കാനുള്ള സർവ്വമാനം മറിച്ചുവന്നു. ഗർഭിണികളെ വല്ലോം ചെയ്യാൻ ഒക്കുമോ? നാട്ടുകാരെല്ലാം കൂടി എൻറെ നേരെ പുക്കാറിന് വരത്തില്ലിയോ?

സ്വത്വം നഷ്ടമായ അണ്ണാനെപ്പോലെ ഞാൻ വീണ്ടും വന്നുകിടന്നു. സമാധാനമില്ലാതെ അങ്ങനെ ഏറെനേരം കടന്നപ്പോൾ  അറിയാതെ അവളെ വിളിച്ചു.

"സുസു?"
"ഉം"

"ഈ ഗുളിക ഞാൻ കഴിച്ചതിൽ വല്ല കൊഴപ്പവും ഉണ്ടോ?"

"അതിന് നിങ്ങക്ക് വയറ്റിൽ ഉണ്ടോ? അവളുടെ മറുചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

"ഇല്ല"

"എന്നാൽ സൂക്ഷിച്ചോ, ഗർഭിണികൾ ഉള്ള വീട്ടിലെ ആണുങ്ങൾ ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും ഒക്കെ കഴിച്ചാൽ അപകടമാ"  ഇതും പറഞ്ഞ് അവൾ ആർത്തു ചിരിച്ചു.  ഭർത്താവിന് പ്രസവ വേദന, ഭാര്യക്ക് ഗുളികചേതന.

ഒരു പരിധി കഴിഞ്ഞാൽ നമ്മൾ ആണുങ്ങളുടെ ധൈര്യവും, മസിലുപിടുത്തവും പെണ്ണുങ്ങൾക്ക് മുന്നിൽ ഏശുകയില്ലല്ലോ. കാണിച്ച പോഴത്തരം ഓർത്ത് ഞാനും മേലും കീഴും നോക്കാതെ ചിരിച്ചു. പിന്നെ അവളെ അള്ളിപ്പിടിച്ച് കിടന്നോണ്ട് ഒന്നുകൂടി ചോദിച്ചു.

"സുസു?"
"ഉം"
"ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും കഴിച്ചാൽ ആണുങ്ങളും പെറും അല്ലേ?"

അവൾ കൈവിടുവിച്ച് എന്നെ തള്ളിമാറ്റി ഇങ്ങനെ പറഞ്ഞു.

"അങ്ങോട്ട് മാറിക്കിടന്നേ. ജീരകമുട്ടായി തിന്നപോലെ ഗുളികേം വെട്ടി വിഴുങ്ങിയേച്ച് വയ്യാതെ കിടക്കുന്ന എന്നോട്  ഒലിപ്പിച്ചോണ്ട് വരാതെ പോ. ഇനി ഞാൻ പെറ്റുകഴിയുമ്പോൾ പൂക്കുലലേഹ്യം കൂടി നിങ്ങൾ തിന്നോണം. എനിക്ക് പണ്ടേ ഈ ലേഹ്യവും കൊഴമ്പും ഒക്കെ വെറുപ്പാ. ആയുർവേദം എനിക്ക് പിടിക്കുകേല"

മാതാവേ! പൂക്കുല ലേഹ്യം!! ആ രാത്രിയിൽ എൻറെ തലയിൽ പൂക്കുല വിരിഞ്ഞു.

No comments:

Post a Comment