Tuesday, April 10, 2018

കാത്തിരിപ്പ് - ഉയിർത്തെഴുന്നേൽപ്പിന്റെ കഥയ്ക്കായ്

ദുബായ്  സബീൽ പാർക്കിന്റെ പച്ചപ്പിൽ ഞങ്ങളിരുന്നു. അങ്ങകലെ ചെമ്മാനം ചുവപ്പ്തുപ്പി ആകാശത്ത് നിന്നും കടലിലേക്ക്  സൂര്യൻ ഊർന്നുവീണ് അലിഞ്ഞുപോകുന്ന നിമിഷം.  ഈ കൂടിവരവിൻറെ ഉദ്ദേശം ഓരോരുത്തരും അവരവരുടെ കഥകളിലൂടെ ഷാർജാ ബുക്ക് ഫെയറിൽ ഒരു പുസ്തകം പ്രകാശനം ചെയ്യുക എന്നതാണ്. അതിൻറെ ആദ്യ റൗണ്ട് ചർച്ചയാണിവിടെ നടക്കുന്നത്.
അവൾ ഒന്ന് കണ്ഠശുദ്ധിവരുത്തി. പിന്നെ എന്തോ, ഞങ്ങളെ നോക്കാൻ കണ്ണുകൾക്ക് ത്രാണിയില്ലാത്തപോലെ അശക്തമായി കാണപ്പെട്ടു.

ജീവിതം വലിയൊരു സമസ്യയായി അനുഭവിച്ച നേരത്ത് അസ്തമിക്കാതെ തിളങ്ങിനിന്ന നേത്രങ്ങൾ ആണത്. ഒരസ്തമയത്തിന് ശേഷം അങ്ങ് കിഴക്ക് പകലോൻറെ വെള്ളിവെളിച്ചം അടുത്ത പ്രഭാതത്തിൽ ഉയർന്നുയർന്ന് വരും എന്ന പ്രതീക്ഷയുടെ തിരകൾ ആഞ്ഞടിച്ച കപോലങ്ങളാണത്.

പക്ഷേ സച്ചൂ.. ഇന്ന് ഞങ്ങളുടെ മുന്നിൽ  നിൻറെ കണ്ണുകൾ, നിൻറെ കവിളുകൾ സജലങ്ങളോ നിശ്ചലമോ  ആകുന്നുവോ?

"സച്ചൂ.. നീ കഥ പറയൂ.."

ആരോ പറഞ്ഞു. അതവൾ കേട്ടോ എന്നറിയില്ല. കേട്ട് കാണണം.  ഒരു വിളിപ്പാടകലെയെന്നോണം ഉയർന്നു നിൽക്കുന്ന ദുബായ് ഫ്രേമിന്റെ സ്വർണനിറം അന്തിച്ചോപ്പിന്റെ ഛായയിൽ മുങ്ങിക്കിടക്കുമ്പോൾ, തൻറെ ജീവിതകഥയുടെ സംക്ഷിപ്ത രൂപം എങ്ങിനെ അവതരിപ്പിക്കണം എന്ന ചോദ്യചിഹ്നം ആ മുഖത്ത് പ്രതിഫലിച്ചുകൊണ്ടിരുന്നു. അതിൻറെ ബാക്കിയെന്നോണം ഒരു ബുക്ക്  അവളുടെ കൈകളിലിരുന്ന് തലോടലേൽക്കുന്നുണ്ടായിരുന്നു. 

അന്ധകാരത്തിൽ സ്‌ക്രീനിലേക്ക് പെട്ടെന്ന് വെളിച്ചം വിതറി കഠോര ശബ്ദത്താൽ  കാതുകളെ  ഞെട്ടിച്ച് മിന്നിമായുന്ന ചില സിനിമാ രംഗങ്ങൾ പോലെ സച്ചു പറഞ്ഞതൊക്കെ ഞങ്ങൾ  കേട്ടു. കണ്ടു എന്നതായിരുന്നു സത്യം. അബുദാബിയിൽ നിന്നും പാതിരാത്രിയിൽ ദുബായിലേക്ക്  വിധിയുടെ കൈകളിൽ അമ്മാനമാടപ്പെട്ട  ഒരു യാത്ര.  ഇരുട്ടിൻറെ കമ്പളം പാതയെ മൂടിക്കിടക്കുമ്പോൾ മുന്നോട്ട് ചീറിത്തെറിക്കുന്ന വാഹനത്തിൻറെ പ്രകാശവലയത്തിൽ സംഭവിക്കുന്ന ഒരഅപകടം.  എന്താണ് സംഭവിക്കുന്നതെന്ന് അറിയുമുമ്പേ മങ്ങിമങ്ങി പോകുന്ന ബോധവും ചിതറിപ്പോകുന്ന ചിന്തകളും.

പ്രതീക്ഷകളും പ്രഭാതങ്ങളും അസ്തമിപ്പിക്കുന്ന മരണം അതിൻറെ അഴിക്കാനാകാത്ത പാശം തൻറെ കഴുത്തിൽ മുറുക്കുന്നത്  അവൾ എപ്പഴോ അറിഞ്ഞു. അതൊരു അവസ്ഥയായിരുന്നു. അവർണ്ണനീയമായ ദുരവസ്ഥ.

ജീവിതം ഒരു വലിയ ഫുൾ സ്റ്റോപ്പിൽ എത്തിയ ആശുപത്രികിടക്ക. എല്ലാം മാഞ്ഞുപോകുന്നു. എല്ലാം മറന്നുപോകുന്നു.  ഇനി എനിക്ക് ഈ ലോകം വെറും നഷ്ടസ്വർഗ്ഗം. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഡോക്ടർമാർ  നേഴ്സുമാർ ..... എല്ലാവരുടെയും കണ്ണുകളിൽ മരണക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിയോടുള്ള അനുകമ്പ അല്ലെങ്കിൽ  അലിവ് - അതുമാത്രം.  പാമ്പിൻറെ വായിൽ ഭക്ഷണത്തിന് അപേക്ഷിക്കുന്ന തവളയുടെ കഥ പാർത്ഥസ്വാർഥി വീണ്ടും ഉരചെയ്യുന്ന പോലെ തോന്നി.  ജീവിതം ഒരു വെറും നീർക്കുമിള മാത്രം.  ഉയർന്നുപൊങ്ങി ജലപ്പരപ്പിൽ ആർഭാടത്തോടെ നീന്തിത്തുടിക്കുമ്പോൾ അതുപോലും അറിയുന്നില്ല ഏതുനിമിഷവും ഒരാവശിഷ്ടംപോലും ബാക്കിയാക്കാതെ പൊട്ടിപോകുന്ന ഒരു ചെറു പ്രതിഭാസം മാത്രമാണ് അതെന്ന്.  വെട്ടിപ്പിടിച്ചതല്ല ഈ ജീവിതം, പിന്നെയോ ആരുടെയൊക്കെയോ കരുണയുടെ ബാക്കിപത്രം മാത്രം.

പ്രാണൻ വിട്ടകന്ന് ജീവിതത്തിന് അവസാനമേകി പോകാൻ വെമ്പിനിൽക്കുന്ന ജീവശ്വാസം. ഒരു നിമിഷം. ഒരേനിമിഷം. അതുമതി. തണുത്തുറഞ്ഞ് ആർക്കും വേണ്ടാത്ത ഒരു 'ബോഡി' മാത്രമായിത്തീരാൻ.

അത് പറയുമ്പോൾ  അവളുടെ കണ്ണുകൾ ആർദമാകുന്നത് ഞാൻ അറിഞ്ഞു. മനസ്സ് പിടയുന്നത് ഞാൻ കേട്ടു. ഒരു അവിശ്വസനീയ സിനിമാകഥപോലെ കേൾവിക്കാരായ ഞങ്ങൾ  ഇമചിമ്മാതെ ഇരുന്നുപോയി.

എന്തൊക്കെ അനുഭവങ്ങൾ... എന്തൊക്കെ ജീവിതങ്ങൾ.  മരണകിടക്കയിലും ജീവിതം വിട്ടുകൊടുക്കില്ല എന്ന വാശിയിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സച്ചു ഉയർത്തെഴുന്നേറ്റുവന്നു.  ഇന്നവൾ ഈ സബീൽപാർക്കിന്റെ ഹരിതാഭനിറഞ്ഞ സായന്തനത്തിൽ, മിടിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി അതിൻറെ സംക്ഷിപ്‌ത രൂപത്തിലൂടെ ഒരു വലിയ പാഠം ഞങ്ങൾക്ക് പകർന്നുതന്നു.

സ്വന്തം ജീവിതം വലിയ അനുഭവമാണ് എന്ന് കരുതുന്ന വിഡ്ഢികൾ ആണ് നാമെല്ലാം. പലരുടെയും ജീവിതം നമ്മെക്കാൾ പൊരുതിനേടിയ വിജയഗാഥകൾ ആണെന്നുള്ള സത്യം ഞാൻ അന്ന് മനസ്സിലാക്കി.

"സച്ചൂ... നീ എഴുതണം.  ഇതേ വികാരം, ഇതേ വേദന, ഇതേ പ്രത്യാശ വായനക്കാരിൽ നീ നിറയ്ക്കണം. നിൻറെ വരികൾക്കായി ഈ ലോകം കാത്ത് നിൽക്കുന്നു. തകർച്ചയും തളർച്ചയും വെമ്പലോടെ നോക്കി ജീവിതം അവസാനിപ്പിച്ച് തീർക്കാൻ കാത്തിരിക്കുന്ന ഒരുപിടി മാനസിക രോഗികൾ നമ്മുടെ  ചുറ്റുമുണ്ട്.  ദാനമായി കിട്ടിയ ജീവൻറെ വില എത്രയാണെന്ന്  അറിയാത്ത രോഗികളാണവർ.

സബീൽ പാർക്കിൽ നിന്നും തിരികെ ഇറങ്ങിയപ്പോളും മനസ്സിലും ചിന്തയിലും വട്ടമിട്ടു പറന്നുകൊണ്ടിരുന്നത് സച്ചുവിന്റെ മുഖമായിരുന്നു. അവളുടെ മരണം വട്ടമിട്ടുപറക്കുന്ന ആശുപത്രികിടക്ക മാത്രമായിരുന്നു.  നീർതുളുമ്പി പിന്നെ മന്ദഹാസത്തിൻറെ വസന്തം പൂക്കൾ വിരിയിച്ച അവളുടെ കപോലങ്ങൾ മാത്രമായിരുന്നു.

സച്ചൂ.. നീ  എഴുതൂ  പെണ്ണെ.. നിൻറെ കഥ. നിൻറെ മാത്രം കഥ.   ജീവൻ തിരികെവന്ന് ആവേശിച്ച നിൻറെ മാത്രം വിരൽത്തുമ്പിൽ ഒളിപ്പിച്ച തൂലികകൊണ്ട്.

ഞങ്ങൾ കാത്തിരിക്കുന്നു. ലോകം കാത്തിരിക്കുന്നു.

No comments:

Post a Comment