Saturday, April 21, 2018

രണ്ട് മുടിവെട്ടുകടകൾ

"എവിടെ പോകുവാടാ?"

"ചന്തയിൽ"

"എന്തിന്?

"ചുമ്മാ...."

"ചുമ്മാ ചന്തേൽ പോകാൻ നിനക്കെന്താ വട്ടുണ്ടോ ?"

അതിനുത്തരം നിശബ്ദത മാത്രം. ആ നിശബ്ദതയെ കൂട്ടുപിടിച്ച് ഞാനും എന്നെക്കാൾ രണ്ടുവയസ്സ് ഇളപ്പമുള്ള അനിയനും മുന്നോട്ടു നടക്കും. ലക്ഷ്യം കുടലിൽ പുതുതായി തുടങ്ങിയ അണ്ണാച്ചിയുടെ ബാർബർ ഷോപ്പാണ്.

ശ്രീദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി, കാവ്, കുരങ്ങയം ജങ്ഷൻ (ഇന്ന് സ്റ്റേഡിയം ജങ്ഷൻ) ഒക്കെ കടന്ന് മുന്നോട്ടുപോയാൽ തടിമില്ലിന് അടുത്ത് പുതുതായി തുടങ്ങിയ ബാർബർ ഷോപ്പിന്റെ കാര്യം വീട്ടിൽ അപ്പൻ പറയുന്നത് കേട്ടപ്പോൾ മുതൽ ഒരു വലിയ ആഗ്രഹം മനസ്സിൽ കയറി പറ്റിപ്പിടിച്ചതാണ്. അവിടെപ്പോയി തലമുടി വെട്ടണം.

കഴിഞ്ഞമാസം വരെ തലമുടി വെട്ടിയിരുന്നത് ഭാസ്കരൻ ചേട്ടന്റെ കടയിലാണ്. കാവും ബാലൻപിള്ളയുടെ കടയും കഴിഞ്ഞാൽ വലതുവശത്ത് കാണുന്ന ഒരു ഏറുമാടക്കട. മുഴുവൻ തടികൊണ്ട് നിർമിച്ച, മേൽക്കൂര ഓടുപാകിയ, വലിയ നാല് തടികാലുകളുടെ ബലത്തിൽ തറയിൽ ഉറച്ചുനിൽക്കുന്ന ഭാസ്കരൻ ചേട്ടൻറെ കടയാണ്  വർഷങ്ങളായി ഞങ്ങളുടെ ഒക്കെ തലയുടെ സൗന്ദര്യത്തിന്റെ കാവൽക്കാരൻ. അതിൻറെ അധികാരം ചേട്ടന് ഞങ്ങളോട് ഉണ്ടുതാനും. ആ അധികാരമാണ്  നടന്നുപോകുന്ന എന്നോടും അനിയനോടും മുകളിൽ ചോദിച്ച ചോദ്യം ചോദിയ്ക്കാൻ കാരണവും.

അക്കാലത്ത് അതങ്ങനെ തന്നെയാണ്. കടക്കാരൻ വെറും കച്ചവടക്കാരൻ  മാത്രമല്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്ന ഒരംഗം പോലെയാണ്.  അവർ തന്നെയാണ് നമ്മുടെ കസ്റ്റമർ കെയറും. അപ്പൻറെ കൂട്ടുകാരനാണ് ഭാസ്കരൻ ചേട്ടൻ. വീട്ടിൽ പറയാതെ ഇറങ്ങി എവിടേലും പോകുവാണോ എന്നാണ് ഞങ്ങളോട് ചേട്ടൻ ചോദ്യം ചോദിച്ചതിന്റെ ഉദ്ദേശം. പക്ഷേ  ഉത്തരം ഞാൻ പറഞ്ഞത്  കള്ളമായിരുന്നു. പച്ചക്കള്ളം. പാവത്തിന്റെ ഒരു കസ്റ്റമർ  പുതിയ മുരുകവിലാസം  കടയിലേക്ക് പോകുന്നത് പറയാനുള്ള ധൈര്യം ഇല്ലാത്തതിന്റെ കള്ളം പറച്ചിൽ.

ഓർമ വച്ച നാൾമുതൽ എന്റെയും അനിയന്റെയും എന്നല്ല അയൽപക്കത്തുള്ള എല്ലാ കുട്ടികളുടെയും തലമുടി വെട്ടാനുള്ള അധികാരം ഭാസ്കരൻ ചേട്ടന്റെ നാലുകാലിൽ ഉറപ്പിച്ചു നിർത്തിയ മടക്കടയുടെ അവകാശമാണ്. എല്ലാ മാസവും തലമുടി വളർന്ന് വരികയും  അപ്പൻറെ കീശ കനംവയ്ക്കുകയും ചെയ്യുമ്പോൾ ഒരുവട്ടം അവിടേക്ക് പോകും. ആദ്യമൊക്കെ അപ്പൻറെ കൂടെയായിരുന്നു പോക്ക്.  അപ്പോൾ ഞങ്ങൾ മൂന്ന് കസ്റ്റമർ ആണ്. ആദ്യം അപ്പൻറെ തലമുടി വെട്ടി, ഷേവ് ഒക്കെ ചെയ്ത്  അപ്പനെ  കൂടലിലെ  ഏറ്റവും വലിയ സുന്ദരനാക്കും. പിന്നെ എന്റെയും അനിയന്റെയും ഊഴം.

ഞങ്ങൾ  ഊഴം കാത്ത് കാത്ത് ഇങ്ങനെ ഇരിക്കുമ്പോൾ കടയിൽ നിരത്തിവച്ചിരിക്കുന്ന കത്രിക, ഷേവ് ചെയ്യാനുള്ള സോപ്പ്, അത് പതപ്പിക്കാനുള്ള ബ്രഷ്, കുട്ടിക്യൂറായുടെ പുട്ടുകുറ്റി പോലുള്ള ഓറഞ്ചും വെള്ളയും കലർന്ന ടാൽക്കം പൗഡർ ടിൻ, ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുഖം നോക്കുന്ന കണ്ണാടി, പച്ചയും, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള നീളത്തിലും വട്ടത്തിലും ഉള്ള ചീപ്പുകൾ, ടോപാസിന്റെ ബ്ലേഡുകൾ പിന്നെ ഭിത്തിയിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന ബോംബെ ഡയിങ്, വിമൽ ഇവയുടെ സാരി ചുറ്റി ചരിഞ്ഞ്  വശീകരിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ വലിയ കലണ്ടറുകൾ.  ഇതൊക്കെ മാസത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ആയിരുന്നു.

മുടിവെട്ട് ഒരു പ്രേത്യേക താളത്തിലാണ്. കത്രികയും ചീപ്പും തമ്മിൽ നിർമ്മിക്കുന്ന താളം. ആ താളലയത്തിയിൽ  മുടി  നമ്മെ പുതച്ചിരിക്കുന്ന  വെള്ളത്തുണിയിലും ബാക്കി തറയിലും  മുറിഞ്ഞ് ചിന്നിച്ചിതറി വീണ് അനാഥമാക്കപ്പെടും. അതുവരെ നമ്മുടെ ചൂടും ചൂരും ഏറ്റ് വളർന്ന കാച്ചെണ്ണയാൽ ഒതുക്കപ്പെട്ട് കുരുവികൂടും, കിളിക്കൂടും ഒക്കെ തലയിൽ നിർമിച്ച് വിലസിയിരുന്ന മനോഹരമെന്ന് നമ്മൾ കരുതിയിരുന്ന തലമുടി ആർക്കും വേണ്ടാതെ ചവിട്ടി അരയ്ക്കപെട്ടശേച്ചം ഭാസ്കരൻ ചേട്ടൻറെ കടയുടെ മൂലയ്ക്ക്  കീറചാക്കിനകത്തേക്ക് വലിച്ചെറിയപ്പെടും. ജീവിതത്തിലെ വലിയ ഒരു പാഠമാണ് ആ കടയിലെ മുറിഞ്ഞുവീഴുന്ന മുടികളിൽ നിന്ന്  പഠിക്കാനുള്ളത്.

ഞങ്ങളുടെ മുടിവെട്ടാൻ തുടങ്ങുമ്പോൾ അപ്പൻ പറയും

"പാക്കരാ... പറ്റെ വെട്ടിക്കോ... അല്ലേൽ രണ്ടു ദിവസം കഴിയുമ്പോൾ പിള്ളേർക്ക് കാടുപിടിച്ച് പനിയും ദണ്ണവും വന്ന്  കിടക്കും.."

ഭാസ്കരൻ ചേട്ടൻ ഒന്ന് മൂളും. അപ്പൻ പറയാതെ തന്നെ ഞങ്ങളുടെ ഹെയർ സ്റ്റൈൽ ആൾക്ക് അറിയാം. ഞങ്ങളുടെ എന്നല്ല ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും ഒരേ ഹെയർ സ്റ്റൈൽ ആയിരുന്നു എന്നതായിരുന്നു സത്യം. നേവി കട്ടുപോലെ ഒരു സംഭവം.

അങ്ങനെ സുന്ദരിമാരുടെ കലണ്ടറും, മുന്നിൽ നിരത്തി വച്ചിരിക്കുന്ന കൗതുക വസ്തുക്കളും നോക്കിയിരുന്നിരുന്ന് ചിലപ്പോൾ നമ്മൾ അങ്ങുറങ്ങിപ്പോകും. അപ്പോൾ കത്രികതാളം ഒന്ന് നിലയ്ക്കും പിന്നെ ചേട്ടൻ വായകൊണ്ട് താളം ഇടും.

"എന്താടാ... ഇരുന്ന് തൂക്കികെട്ടുന്നേ...?"

അതുകേട്ട് ഞാൻ ഞെട്ടിയുണരും. ചേട്ടൻ പണി തുടരുകയും ചെയ്യും.

അങ്ങനെ ആ കടയിലെ കറങ്ങുന്ന കസേരയിൽ കുട്ടികൾക്കായി ചെറിയ ഒരു പലക കസേരയുടെ കൈപിടിയുടെ മേൽ ഫിറ്റ് ചെയ്ത്  ഞങ്ങൾ രാജസിംഹാസനത്തിലെന്നപോലെ മൂടിപ്പുതച്ച് ചാരി അങ്ങനിരിക്കുമ്പോൾ മുടിവെട്ട് എന്ന കർമ്മം പൂർത്തിയാകും.

മുട്ടയിൽ നിന്നും പുറത്തു ചാടിയ സുന്ദര കോഴികുഞ്ഞുങ്ങൾ പോലെ ഞങ്ങൾ മുടിവെട്ട് കഴിഞ്ഞ് കറങ്ങുന്ന കസേരയിൽ നിന്ന് ഇറങ്ങുമ്പോൾ എന്തോ മൊത്തത്തിൽ ഒരു പുതുമയാണ്.  ചെവിക്ക് പുറകിലും കൃതാവിന്റെ ഭാഗത്തും അപ്പോൾ  ഒരു നീറ്റൽ അനുഭവപ്പെടും. അതിനെ മൂടിക്കിടക്കുന്ന  കുട്ടിക്യൂറാ പൗഡറിന്റെ മണം അവിടെങ്ങും പരത്തി അപ്പനെക്കാൾ വലിയ സുന്ദരന്മാരായി ഞങ്ങൾ  പുറത്തിറങ്ങി നെഞ്ചുംവിരിച്ച് നടക്കും.

ഇനി ഒന്ന് ചിണുങ്ങിയാൽ ചിലപ്പോൾ വാസുദേവന്റെ കടയിലെ കണ്ണാടി അലമാരയിൽ ഇരുന്ന് കൊതിപ്പിക്കുന്ന ബോണ്ടായോ പരിപ്പുവടയോ കിട്ടിയേക്കാം. അതും പൊതിഞ്ഞുകെട്ടി യുദ്ധം ജയിച്ചവരുന്ന സന്തോഷത്തോടെ ഞാനും അനിയനും അപ്പൻറെകൂടെ വീട്ടിലേക്ക് തിരികെ നടക്കും.

വൃത്തിയായി വേഷം ചെയ്ത്, മുടിയൊക്കെ നന്നായി വെട്ടി സ്വയം ബ്രാൻഡ് അംബാസിഡറെപ്പോലെ ആയിരുന്നു ഭാസ്കരൻ ചേട്ടൻ.  കടയ്ക്ക് പേരില്ല.  ഭാസ്‌കരന്റെ കട-അതായിരുന്നു ആകെയുള്ള പേര്.

സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അപ്പൻറെ തുണയില്ലാതെ ഞങ്ങൾ മുടിവെട്ടാൻ ഒറ്റയ്ക്ക് പോയിത്തുടങ്ങി. കടയിൽ ഊഴം നോക്കിയിരിക്കുമ്പോൾ  എന്തെങ്കിലും കുസൃതി കാണിച്ചാൽ നല്ല ഒന്നാന്തരം ചെവിക്ക് പിടി ഭാസ്കരൻ ചേട്ടൻറെ കയ്യിൽനിന്നും ഉറപ്പാണ്. കുട്ടികളുടെ മേൽ നാട്ടുകാർക്ക് ഉള്ള കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായിരുന്നു ഈ വഴക്ക് പറച്ചിലും, ചെവിക്ക് പിടുത്തവും വെരുട്ടിവിടലും ഒക്കെ.  ഇന്ന്, അണുകുടുംബങ്ങളായി നമ്മളുടെ കുട്ടികളൊക്കെ നാലുചുമരുകൾക്കുള്ളിൽ പൂട്ടപ്പെടുന്നതിന്   അപവാദമായിരുന്ന കാലം.

അങ്ങനെയിരിക്കെയാണ് വീട്ടിൽ ഒരു സംഭാഷണം ഞങ്ങൾ കേട്ടത്. കൂടലിൽ  തടിമില്ലിനടുത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു മുടിവെട്ടുകട തുടങ്ങിയിരിക്കുന്നത്രെ!  അത് കേട്ടപ്പോൾ മുതൽ  അവിടെ ഒന്ന് പോയി തല അലങ്കരിക്കണം എന്ന പൂതി  അലട്ടാൻ തുടങ്ങി. ഒരുവിധത്തിൽ അത് അപ്പനോട് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ഞാനും അനിയനും കൂടി പുതിയ കടയിലേക്ക് 'ഭാസ്കരൻ ചേട്ടൻ കാണരുതേ' എന്ന് പ്രാർത്ഥിച്ച് നടക്കുമ്പോൾ ആണ് നക്ഷത്രം പോലെ അദ്ദേഹം കടയുടെ പുറത്തേക്ക് വന്നതും ഞങ്ങളോട് 'എവിടെപോകുവാ' എന്ന് ചോദിച്ചതും ഞാൻ കള്ളം പറഞ്ഞ് തടിതപ്പിയതും.

ഞങ്ങളെ നോക്കി ഭാസ്കരൻ ചേട്ടൻ കുറേനേരം നിന്നു. മുടിവെട്ടാൻ സമയം ആയിട്ടുണ്ട്. പള്ളിയിൽ പോകാനോ, ശിവൻ ചേട്ടന്റെ കടയിലോ വട്ടുവേലി ബേബിച്ചായന്റെ കടയിലോ പോകാൻ മാത്രമേ  ഇതുപോലെ വല്ലപ്പോളും   ഞങ്ങൾ പുറത്ത്  പോകാറുള്ളൂ. ഞങ്ങളെ നോക്കിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ പറഞ്ഞ കള്ളം ആൾക്ക് മനസ്സിലായിക്കാണും എന്ന പേടി മനസ്സിൽ തിരയടിച്ച്കയറി.

'മുരുകവിലാസം ബാർബർ ഷോപ്പ്'

ചുവന്ന അക്ഷരത്തിലുള്ള ആ എഴുത്ത് വായിച്ച് അകത്തേക്ക് ഞങ്ങൾ കയറി. അകത്ത് ഭാസ്‌കരൻ ചേട്ടൻറെ പുതിയ ബിസിനസ്സ് എതിരാളി  അണ്ണാച്ചി പണിത്തിരക്കിലാണ്.  ഞങ്ങൾ ബഞ്ചിൽ ഇരുന്നു. ഇവിടെ എന്തോ പ്രത്യക ഗന്ധം. കുട്ടിക്യൂറാ മാത്രമല്ല ലിറിൽ, എക്സോട്ടിക്ക അങ്ങനെ പുതിയ പുതിയ  ടാൽക്കം പൗഡറുകൾ.  സുബ്രഹ്മണ്യന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ഒക്കെ തമിഴ് കലണ്ടറുകൾ ഭിത്തിയിൽ അലങ്കരിക്കുന്നു.  ചെറിയ ഒരു മേശയിൽ കളർ ചിത്രങ്ങൾ ഉള്ള തമിഴ്  മാസികകൾ .... എന്നുവേണ്ട കെട്ടിലും മട്ടിലും എല്ലാം പുതുമ.

അണ്ണാച്ചിയുടെ രൂപം സിനിമ നടൻ പൂജപ്പൂര രവിയും പറവൂർ ഭരതനും സമ്മേളിച്ചപോലെ.  അടുത്തുവരുമ്പോൾ ഒരു പ്രത്യക സുഗന്ധം. സംസാരം അധികം ഇല്ല. കൂടുതൽ പ്രവർത്തനം മാത്രം. ചീപ്പ് കത്രിക ഉണ്ടാക്കുന്ന താളലയം വേറെ ഏതോ രാഗം പോലെ തോന്നിച്ചു.

എടുത്തുപറയേണ്ട ഒരു സാധനം മുടി വെട്ടുന്ന ഒരു സ്റ്റീൽ മെഷീൻ ആയിരുന്നു. കത്രികപോലെ പിടിച്ച് ചെവിപ്പുറകിലും പുറകുവശത്തും അമർത്തി അതങ്ങനെ ഓടിക്കും. അതായത് ഇന്നത്തെ നമ്മുടെ ട്രിമ്മറിൻറെ ഒരു പ്രോട്ടോ ടൈപ്പ് എന്ന് പറയാം. അത് തലയ്ക്ക് പുറകിൽ പിടിക്കുമ്പോൾ എനിക്ക് തണുപ്പും ഇക്കിളിയും തോന്നി. രോമകൂപങ്ങൾ എഴുനേറ്റ്  ഒരു പ്രത്യേക അനുഭവം.  'കിഡുക്ക്'  'കിഡുക്ക്' ശബ്ദം മുഴക്കി അത് തലയുടെ അതിർവരമ്പുകൾ എല്ലാം കയറി നിരങ്ങും.  ആദ്യം പ്രത്യേക സുഖം ഒക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ തലമുടി അതിനകത്ത് കുരുങ്ങുമ്പോൾ ജീവൻ പോകുന്ന വേദനയായിരിക്കും. അപ്പോൾ ഭാസ്‌കരൻ ചേട്ടന്റെ ശാപം പോലെ 'കിഡുക്ക്' 'കിഡുക്ക്' ശബ്ദം മുഴങ്ങി നിൽക്കും.

വേറൊരു പുതുമയായിരുന്നു മെഴുകുപോലെ ചെറിയൊരു പാറക്കഷണത്തിന്റെ രൂപത്തിൽ മുടിവെട്ടൊക്കെ കഴിയുമ്പോൾ ബ്ലേഡിന്റെ മുറിവുകളെ ഉണക്കാൻ തേക്കുന്ന ഒരു സാധനം. ഒരു രത്‌നമോ വജ്രമോ പോലെ ആ അത്ഭുത വസ്തുവിനെ  ഞങ്ങൾ നോക്കി. അതിന്റെ തിളക്കം ഞങ്ങളെ ആകർഷിച്ചു.

ആദ്യമൊക്കെ ആ ട്രിമ്മർ മെഷീൻ ഇഷ്ടമായിരുന്നെങ്കിലും ഇടയ്ക്കിടെ തലമുടി ഉടക്കി അതിൻറെ വേദന ഓർക്കുമ്പോൾ റോയൽ ആശുപത്രിയിലെ നേഴ്സിന്റെ ഇൻജെക്ഷൻ പോലെ പേടിപ്പെടുത്തുന്ന ഓർമ്മപോലെയായി അത് മാറി.

അണ്ണാച്ചിയുടെ ഗുണം എന്തെന്നാൽ; മുടിവെട്ടുമ്പോൾ ഉറങ്ങിപ്പോയാലും, അശ്രദ്ധമായിരുന്നാലും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുകയോ അല്ലെങ്കിൽ ചരിഞ്ഞ തല നേരെപിടിച്ച്  വയ്ക്കുകയോ ചെയ്ത് പണി തുടരും എന്നതാണ്. ഭാസ്കരൻ ചേട്ടനെപോലെ വഴക്കുപറച്ചിൽ ഇല്ല. എന്നാൽ ഭാസ്‌കരൻ ചേട്ടൻറെ വഴക്ക് പറച്ചിലും അധികാരവും സ്വന്തം നാട്ടിലെ കുട്ടികളോടുള്ള സ്നേഹത്തിന്റെ പങ്കിനെപ്പോലെയായിരുന്നു എന്ന് കാലം ഏറെ കഴിഞ്ഞാണ് മനസ്സിലായത്.

മുരുകവിലാസം അണ്ണാച്ചി പതുക്കെ തൻറെ ബിസിനസ്സ്  പകുത്ത്കൊണ്ടുപോകുന്നത് ഭാസ്കരൻ ചേട്ടൻ അറിഞ്ഞു. എനിക്ക് പാവം തോന്നി. അപ്പോൾ അതിന് അപ്പൻ ഒരു ബുദ്ധി പറഞ്ഞുതന്നു. രണ്ടു കടയിലും മാറിമാറി മുടിവെട്ടുക. അങ്ങനെ പുതുമയുടെ മണവും പഴമയുടെ കുളിരും മാറി മാറി ഞങ്ങൾ അനുഭവിച്ചു. പിന്നീട് ഹൈസ്‌കൂൾ കടക്കുംവരെ ഇത് തുടർന്നുകൊണ്ടേയിരുന്നു.

കാലംഅടർന്നുവീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഭാസ്ക്കരൻ ചേട്ടൻറെ കട അടഞ്ഞു. ശരീര സുഖം ഇല്ലാത്തതിനാൽ ചേട്ടൻ മുടിവെട്ട് ഒക്കെ നിർത്തി എന്ന് ആരോ പറഞ്ഞു. ദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയെങ്കിലും മനസ്സിൻറെ കോണിലെ ദർപ്പണത്തിൽ ആ കടയ്ക്കുള്ളിൽ വലിയ കണ്ണാടിയിൽ എന്നപോലെ ആ മുഖം ഇന്നും തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്.

മുരുകവിലാസം കട എന്നാണ് പൂട്ടിപ്പോയത് എന്നറിയില്ല. ഉത്സവം കഴിഞ്ഞ പറമ്പുപോലെയോ, അരങ്ങൊഴിഞ്ഞ നായകനെപ്പോലെയോ അതും ഒരിക്കൽ അപ്രത്യക്ഷമായി.  അണ്ണാച്ചിക്ക് സുഖമില്ലാത്തതോ, തിരികെ തമിഴ് നാട്ടിലേക്ക് പോയതോ ആകാം. കുറേക്കാലം ആ കടയും അടഞ്ഞുകിടന്നു. അണ്ണാച്ചി എന്നല്ലാതെ ആ മനുഷ്യൻറെ പേരോ ഊരോ ഞങ്ങൾ ചോദിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഒരു പാപഭാരം പോലെ അത് മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.

പിൽക്കാലത്ത് ഡൈയും, മുടി ചുരുട്ടുകളും നീട്ടുകയും ഒക്കെ ചെയ്യുന്ന  ഹീറ്ററും, പിന്നെ ട്രിമ്മറും, ഷേവിങ് ലോഷനും, പുതിയ നിറവും ഗന്ധവും  ഏന്തിവന്ന  സൗന്ദര്യ വർദ്ധക സാമഗ്രികളുടെ തള്ളിക്കയറ്റവും ഉണ്ടായെങ്കിലും ഓർമ്മയിൽ  ഇന്നും പച്ചപിടിച്ച് നിൽക്കുന്നത് ഈ രണ്ടു കടകളാണ്.

ഇതേപോലെ കൂടൽ ജങ്ഷനിലും കടകൾ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ അന്ന് ഞങ്ങളുടെ ലക്ഷ്മണ രേഖയ്ക്ക്  പുറത്തായിരുന്നു.

അങ്ങനെ, കൂടൽ ജങ്ഷൻ വരെ ഞങ്ങളെ നടത്താതെ, നേവി കട്ടുമാതിരി ഒരുപാട് മൊട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ഗ്രാമത്തിലെ ഒരുകാലത്തെ ഈ രണ്ട് 'മെൻസ് ബ്യൂട്ടി പാർലറുകളും'  കണ്ണിൽനിന്നും മനസ്സിൽനിന്നും മാഞ്ഞ് മാഞ്ഞുപോവുകയാണ്. എങ്കിലും താലോലിക്കാൻ ഒരുപിടി ഓർമ്മകൾ ആണ് അവയൊക്കെ ഇന്നും സമ്മാനിക്കുന്നത്.

പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനടക്കാൻ ഇത്തരം ഓർമ്മകൾ   നമ്മളിൽ വസന്തവും, പൂക്കാലവും  തീർക്കുകയാണ്.

ഇന്നും ആ മുടിവെട്ട് കടകളിലെ  മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന സാധനങ്ങൾ  കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അവയുടെയൊക്കെ സുഗന്ധം മൂക്കിനെ താലോലിക്കുന്നു.  'കിഡുക്ക്'  'കിഡുക്ക്' മെഷീൻറെ ശബ്‌ദവും, ചീപ്പും കത്രികയും  പുറപ്പെടുവിക്കുന്ന താളവും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

No comments:

Post a Comment