Wednesday, June 24, 2015

എത്തിക്സ്

നഗരം. തിരക്കിൻറെ പ്രഭവസ്ഥാനം. രഹസ്യങ്ങളുടെ കേന്ദ്രബിന്ദു. നഗരത്തിൽ ഇല്ലാത്തത് വേറെങ്ങും ഇല്ല, വേറെങ്ങും ഇല്ലാത്തത് നഗരത്തിൽ ഉണ്ടുതാനും.

മൂവന്തിയായി.

നിർമ്മല മെഡിക്കൽമിഷൻ - നഗരത്തിലെ ജീവന്റെ കാവലാൾ എന്ന് ലോഗയിൽ മുദ്രണം ചെയ്തിരിക്കുന്ന കോണ്‍ക്രീറ്റ് മന്ദിരം. പ്രധാനവീഥി നിശ്ചലംആക്കിക്കൊണ്ട്  ഒരു ആംബുലൻസ് അതിവേഗം പഞ്ഞു.  മരണത്തിനും ജീവിതത്തിനും ഇടക്കുള്ള സ്പന്ദനംപോലെ അതിന്റെ ബീക്കൻലൈറ്റ് പ്രകാശിച്ചു കൊണ്ടേയിരുന്നു. അതുവന്ന് എമർജൻസി വിഭാഗത്തിനു മുന്നിൽ കിതപ്പടക്കി. എമർജൻസി വിഭാഗം ഉണർന്ന്  തൂവെള്ളധാരികളായ മാലാഖമാർ കർമ്മനിരതരാവുകയും, ആംബുലൻസിൽ നിന്നും  പുറത്തേക്ക് എടുത്ത അത്യാസന്നനിലയിലുള്ള രോഗിയും, ബന്ധുജനങ്ങളും, ഡോക്ടർമാരും, നേഴ്സുമാരും ആശുപത്രിയുടെ എല്ലാമെല്ലാം  ഇടനാഴിയിലൂടെ ഉള്ളിലേക്ക് പോയി മറയുകയും ചെയ്തു.

ക്ഷയം ബാധിച്ചപോലെ ചോരതുപ്പി സൂര്യൻ പടിഞ്ഞാറ് മറഞ്ഞപ്പോൾ അലക്ഷ്യമായിക്കിടന്ന തലമുടി വാരിക്കെട്ടി കാർമേഘം നിറഞ്ഞ അന്തരീക്ഷം കൂടുതൽ കോപിച്ചു. അപ്പോൾ നിയോണ്‍ വിളക്കുകൾ ഇരുട്ടിനോട്‌ കുശുമ്പുകുത്തി നിൽക്കുകയായിരുന്നു.

അടുത്ത പുലർച്ച.

നിർമ്മല മെഡിക്കൽമിഷൻറെ ഇടനാഴികൾ ഖദർധാരികളെ കൊണ്ട് നിറഞ്ഞു. തലേദിവസം വൈകുന്നേരം അത്യാസന്നനിലയിൽ  അഡ്മിറ്റ്‌ ആയത്  മലയോരകർഷകരുടെ നേതാവ് പണിക്കർസാർ ആണെന്ന് രാവിലെ ആണ് പലർക്കും മനസ്സിലായത്. ചോദ്യങ്ങൾ കൂടുതലും ഉത്തരം കുറവുമായി ആശുപത്രി വരാന്തയിൽ അണികളും ബന്ധുക്കളും തിക്കും, തിരക്കും  ഉണ്ടാക്കികൊണ്ടിരുന്നു.

ഹാർട്ട്അറ്റാക്ക്. നേതാവ് പാർട്ടി മീറ്റിങ്ങും കഴിഞ്ഞു വന്നതാണ്. നെഞ്ചു തിരുമ്മി ഒന്ന് കസേരയിൽ ഇരുന്നു. പിന്നെ കുഴഞ്ഞുവീണു. വാക് ശരങ്ങൾകൊണ്ട് എതിരാളികളെ വീഴ്ത്തിയ ചാണക്യൻ ഐ.സി.യു വിൽ ഡോക്ടർമാരുടെ കരങ്ങളുടെ കാരുണ്യവും, ഈശ്വരന്റെ അത്ഭുതവും മാത്രം കാത്തു കിടക്കുകയാണ്.

ഒരു ജീവൻ പിടിച്ചു നിർത്താനുള്ള തത്രപ്പാടിലാണ് എല്ലാവരും.  ടിവി ചാനലുകളിൽ ഫ്ലാഷ് ന്യൂസുകൾ നാട വലിച്ചുകെട്ടി. പ്രസ് ക്ലബ്ബിൽ  രാഷ്ട്രീയ നേതൃത്വം പ്രസ്താവിച്ചു. "എന്തുവില കൊടുത്തും നമ്മൾ പ്രിയനേതാവിൻറെ ജീവൻ നിലനിർത്തും.

ഡോക്ടർമാർ തമ്മിൽ ഡിസ്കഷൻ തുടർന്നു.  മാലാഖകുഞ്ഞുങ്ങൾ ആജ്ഞ കാത്തു നിന്നു. മെഡിക്കൽ ബുള്ളറ്റിനായി പൊതുജനം കാതോർത്തു. ഉള്ളിൽ നിന്ന് പുറത്തേക്ക് പോവുകയും, പിന്നീട് തിരിച്ച് അകത്തേക്ക് കയറുകയും ചെയ്യുന്ന കേവല ശ്വാസത്തിന് ഇത്ര മാത്രം വിലയോ എന്ന് ചിലർ കൌതുകം പൂണ്ടു.

******                                    ******                                    *****

അടുത്ത ദിവസം നേരം പുലർന്നു.

ഞാൻ പാതിമയക്കത്തിൽ ഫോണിൻറെ അലാറം ഓഫ് ചെയ്തു. ഡ്രസ്സ്‌ മാറി പുറത്തേക്ക് നടക്കുമ്പോൾ അലസമായി ഭാര്യയെ ഒന്നു നോക്കി. ആരോഗ്യം അധരവ്യയാമത്തിലൂടെ നേടാം എന്ന് കരുതിക്കിടന്നുറങ്ങുന്നവളെ  നോക്കി ഊറിച്ചിരിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി.

എൻറെ ഫോണ്‍ ശബ്ദിച്ചു. ഡോക്ടർ ദത്തൻ ആണ്. "ഞാൻ ഇറങ്ങിയെടോ .. ദാ എത്തി"

ബാഡ്മിന്റണ്‍ കോർട്ടിൽ അന്തരീക്ഷം ഞങ്ങളുടെ വിയർപ്പിന് വളമിട്ടുകൊണ്ടിരുന്നു. അവിടെ നിന്നാൽ അങ്ങ് ദൂരെ മരക്കൂട്ടങ്ങൾക്കപ്പുറത്ത്  നിർമ്മല മെഡിക്കൽമിഷന്റെ വാട്ടർടാങ്ക് ഒളിഞ്ഞുനിൽക്കുന്നത് കാണാം. പതിവുപോലെ കളിക്കിടയിലെ ബ്രേക്കിൽ ഞങ്ങൾ പുൽപ്പരപ്പിൽ ഇരിക്കവേ ഡോക്ടറുടെ മൊബൈൽ ചിലക്കാൻ തുടങ്ങി.  ഡോക്ടർ ഫോണെടുത്ത് മുന്നോട്ട് നടന്നു.  ഫോണ്‍ നിർമ്മല മെഡിക്കൽമിഷനിൽ നിന്നാണ്.  എന്താണ് സംസാരിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല എങ്കിലും, ഏതോ സീരിയസ് മാറ്റർ ആണെന്ന് ഡോക്ടറുടെ ശരീരഭാഷയിൽ നിന്നും മനസിലായി.

ഞങ്ങൾ വീണ്ടും ബാറ്റെടുത്തു. മുന്നോട്ടു നടന്നപ്പോൾ ഞാൻ ചോദിച്ചു. "ആരായിരുന്നു വിളിച്ചത്?

ഡോക്ടർ എൻറെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. "കോണ്‍ഫറൻസ് ആയിരുന്നു. ഹോസ്പിറ്റൽ മാനേജുമെന്റുമായി"

അന്ന് കളികഴിഞ്ഞ് തിരികെ നടക്കവേ ഡോക്ടർ പറഞ്ഞു. "എടൊ, തനിക്കറിയാമോ പണിക്കർസാറിൻറെ ചികിത്സയുടെ ചുമതല എനിക്കാണ്?

"ആണോ? അത് ഞാൻ അറിഞ്ഞില്ല....ന്യൂസ് ഒക്കെ കണ്ടു. ഓഫീസിൽ നല്ലപോലെ ഡിസ്കഷനും നടക്കുന്നുണ്ട്"

"ങുഹും .." ഡോക്ടർ ഒന്ന് മൂളി. അപ്പോൾ എന്നിലെകൌതുകം പുറത്ത് ചാടി.

"അയാൾക്ക് എങ്ങിനെ? എനി ഹോപ്‌? "

"വീ ആർ ട്രൈയിംഗ്...ബാക്കിയൊക്കെ ഈശ്വരന്റെ കയ്യിൽ "

ആ പറച്ചിലിൽ ഒരു നിർവികാരതയോ, നിരാശയോ തളംകെട്ടി നിൽക്കുന്നപോലെ എനിക്ക് തോന്നി. എൻറെ നയനങ്ങൾക്കും വായിക്കാൻ കഴിയുന്നതിനപ്പുറം ആയിരുന്നു ഡോക്ടറുടെ മുഖഭാവം.

നടത്തയ്ക്ക്  വേഗംകൂട്ടി ഞങ്ങൾ അന്നത്തെ വഴിപിരിഞ്ഞു.

******                                    ******                                    *****

ഡോക്ടർ ദത്തന്റെ ഫോണ്‍ ബാഡ്മിന്റെൻ കോർട്ടിൽ റിംഗ് ചെയ്ത അതേ സമയത്ത് നിർമ്മല മെഡിക്കൽമിഷനിൽ പണിക്കർസാറിന്റെ ഐ.സി.യുവിനു മുന്നിലും, വാർഡിലും ഉദ്വേഗത്തിന്റെ നിമിഷങ്ങൾ ആയിരുന്നു.  എങ്ങും പരിഭ്രാന്തി. ആകാംഷ. കൂടുതൽ ചോദ്യങ്ങൾ, കുറച്ച് ഉത്തരങ്ങൾ.

ഒരു ഡോക്ടർ മുന്നോട്ടു നടന്നു വന്നു. പണിക്കർ സാറിന്റെ മകളെയും കുടുംബത്തിലെ തലമുതിർന്ന ഒരാളെയുംമുറിയിലേക്ക് വിളിപ്പിച്ചു.

"സാറിന്റെ ജീവൻ പിടിച്ചുനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. അത്യാവശ്യ ചില മരുന്നുകൾ കൂടി വാങ്ങണം. ട്രീറ്റ്‌മെൻറ് കോസ്റ്റിലി ആകും"

ചോരവാർന്നു പോയപോലെ തോന്നിച്ച മുഖം ഉയരത്തി പണിക്കർസാറിന്റെ മകൾ പറഞ്ഞു "ഡോക്ടർ... പണം പ്രശ്നമല്ല... രക്ഷപെട്ടാൽ മതി"

"ഒകെ... ബി പൊസിറ്റീവ് ... ദൈവത്തോട് പ്രാർത്ഥിക്ക്  "

മുറിയിൽ നിന്നും പുറത്തിറങ്ങിയ ആ പെണ്‍കുട്ടിയെ പലയിടത്ത് നിന്നവർ ഈച്ച പിതിയുംപോലെ വന്നുപൊതിഞ്ഞു. "എന്ത് പറ്റി ? എന്താണ് ഡോക്ടർ പറഞ്ഞത്?!"

പണിക്കർസാറിന്റെ ജീവൻ നിലനിർത്താൻ നഗരത്തിലെ ആരോഗ്യത്തിന്റെ കാവലാളായ നിർമ്മല മെഡിക്കൽമിഷനാകുമോ? ചാനലുകളിലും നാലാൾ കൂടുന്നിടത്തും എല്ലാം ചർച്ചകൾ കൊഴുത്തു. ഇനി അഥവാ അദ്ധേഹം മരിച്ചു പോയാൽ ?! പലർക്കും അത് ചിന്തിക്കാൻ പോലുമാകില്ല. ആ ചിരിക്കുന്ന മുഖം ഇല്ലാത്ത പാർട്ടി മീറ്റിങ്ങുകൾ??  ഒന്നുമില്ലായ്മയിൽ നിന്നും അദ്ദേഹം പടുത്തുയർത്തിയ പാർട്ടിയും, സ്വത്തും, അധികാരവും.. എല്ലാമെല്ലാം...?? ഭയത്തിന്റെ വിസ്ഫോടനം പല മസ്തിഷ്കങ്ങളിലും നടന്നുകൊണ്ടേയിരുന്നു.

നിർമ്മല മെഡിക്കൽമിഷനിലെ ക്യാഷ് കൌണ്ടറിലെ ഡോട്ട്മാട്രിക്സ് പ്രിൻറർ നിർത്താതെ ചിലച്ചുകൊണ്ടിരുന്നു. പണിക്കർ സാറിന്റെ ചികിത്സയുടെ ബില്ലുകൾ നൂറ് ആയിരമായി, ആയിരം ലക്ഷങ്ങളായി പ്രിൻറർ ചർദ്ദിക്കുകയാണ്.

ഏവരെയും ഞെട്ടിച്ചുകൊണ്ട് അന്നുച്ചക്ക് നിർമ്മല മെഡിക്കൽമിഷനിൽ നിന്നും ഔദ്യോഗിഗമായി അറിയിപ്പുണ്ടായി. "മലയോരകർഷകരുടെ ജീവസ്പന്ദനമായ പണിക്കർസാർ എന്ന രാഷ്ട്രീയ ഇതിഹാസം ലോകത്തോട് വിടപറഞ്ഞു!!"

ചാനൽ അവതാരകർ വാർത്ത ഏറ്റെടുത്തു. ഒ. ബി വാനുകൾ ലൈവ് ടെലികാസ്റ്റ് തകർത്തു. പത്രമാപ്പീസുകളിൽ അടുത്ത ദിവസത്തേക്കുള്ള ഡി.ടി.പി സംവിധാനം സുഗന്ധം പൂശിയ ജീവച്ചരിത്രതിനായി അച്ചുകൾ നിരത്തി.

കഴിഞ്ഞു. എല്ലാം കഴിഞ്ഞു. സോഷ്യൽ മീഡിയകൾ മൂന്ന് അക്ഷരങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പി, R.I.P.

******                                    ******                                    *****

നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ  അടുത്ത ദിവസവും നേരം വെളുത്തു.

അന്നും ഡോക്ടർ ദത്തൻ എന്നേക്കാൾ മുൻപ് ബാഡ്മിന്റണ്‍ കോർട്ടിൽ എത്തി. കളിതുടങ്ങും മുൻപ് മനസ്സിൽക്കിടന്ന ചില സംശയങ്ങൾ  ഞാൻ പുറത്തേക്കെടുത്തിട്ടു.

"എടോ, എന്തുകൊണ്ട് പണിക്കർസാറിന്റെ ജീവൻ നിങ്ങൾക്ക് നിലനിർത്താനായില്ല ?"

"ലുക്ക്‌ .. ഈ ജീവൻ എന്നൊക്കെ പറയുന്നത് ഡോക്ടർമാരുടെ മാത്രം കയ്യിലാണോ? തനിക്കറിയാമോ അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തപ്പോൾ തന്നെ പകുതി ഡെഡ്ബോഡി ആയിരുന്നു ..."

ഞാൻ ഡോക്ടറുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. "പിന്നെ എന്തിനായിരുന്നു ഈ കോലാഹലം എല്ലാം? എന്തിനു നിങ്ങൾ എല്ലാവർക്കും ഇത്രപ്രതീക്ഷ കൊടുത്തു?"

ഡോക്ടർ ദത്തൻ കയ്യിലിരുന്ന ബാറ്റ് അന്തരീക്ഷത്തിലേക്ക് ഒന്ന് ചുഴറ്റി.  എൻറെ തോളിൽ കൈ വച്ചു. എന്നിട്ട് പറഞ്ഞു "നമുക്ക് തമ്മിൽ പറയാൻ പറ്റാത്ത പലതും ഉണ്ടെടോ. മെഡിക്കൽ എത്തിക്സും, മാനേജ്മെന്റ് എത്തിക്സും തമ്മിൽ ഉള്ള പോരാട്ടമാണ് ഞങ്ങളുടെ മുന്നിൽ നടക്കുന്നത്. സത്യം, ധർമ്മം , നീതി, ആതുരസേവനം,  മഹത് വചനങ്ങൾ ഒക്കെ ആശുപത്രിയുടെ ഭിത്തികളിൽ മനോഹരമായി ചില്ലിട്ടു വച്ചിരിക്കുന്ന ഫോട്ടോകളിലും, വാൾപേപ്പറുകളിലും, ലോഗോകളിലും മാത്രം ഒതുങ്ങിപ്പോകുന്ന എത്തിക്സ്"

ഞാൻ കേട്ടതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഒരുകാര്യം കൂടി ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു. "തനിന്നലെ കാലത്ത് കളിക്കിടെ എന്താണ് സംസാരിച്ചത്? കോണ്‍ഫ്രൻസ് എന്ന് താൻ പറഞ്ഞില്ലേ...."

"അതെ .. ഹോസ്പിറ്റൽ മാനേജ്മെന്റ്. അതൊരു മീറ്റിംഗ് ആയിരുന്നു. വിഷയം പണിക്കർസാർ തന്നെയായിരുന്നു" ഡോക്ടർ ചിരിച്ചു.

"തനെന്നോട് സത്യംപറ. സത്യത്തിൽ അയാൾ എപ്പോളാണ് മരിച്ചത് ?"

"സംശയിക്കണ്ട. എനിക്ക് ഫോണ്‍ വരുന്നതിനു ഒരു മണികൂർ മുൻപ്..!!"

ഞാൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചു. "പക്ഷെ നിങ്ങൾ ഹോസ്പിറ്റൽ പറഞ്ഞത് പണിക്കർസാർ മരിച്ചത് ഉച്ച കഴിഞ്ഞാണ് എന്നാണല്ലോ??! എന്തിനാണ് ഇത്ര താമസിച്ചത് അത് പുറത്ത് പറയാൻ?"

ഡോക്ടർ ദത്തൻ ബാറ്റ് ചുഴറ്റികൊണ്ടേയിരുന്നു. അങ്ങ് ദൂരെ ഉദിച്ചുയരാൻ പോകുന്ന  സൂര്യന്റെ സ്ഥാനം നോക്കി നെടുവീർപ്പിട്ടു. "മാനേജ്മെന്റ് തീരുമാനം. ആ മണികൂറുകൾ ഉണ്ടാക്കിയത് ലക്ഷങ്ങൾ ആണ്. എത്ര മാത്രം വിലയേറിയ മരുന്നുകൾ കുറിക്കപ്പെട്ടു എന്നറിയാമോ?.... സോറിഡോ ... എന്റെയും തന്റെയും  കരങ്ങളും നാക്കുകളും ഒക്കെ ഒദ്യോഗിഗമായി കെട്ടപ്പെട്ടതല്ലേ?"

ഡോക്ടർ പറഞ്ഞത് ശരിയാണ്. അവർ തീരുമാനിക്കുന്നു. നമ്മൾ വേദവാക്യം പോലെ അനുസരിക്കുന്നു.

ഓട്ടിസം ബാധിച്ച നഗരം വീണ്ടും തിരക്കിലേക്ക് വീണു.  നിർമ്മല മെഡിക്കൽ മിഷൻ ആശുപത്രിയുടെ അധികം അകലെ അല്ലാതെ ഗ്യാസ്ട്രബിൾ ബാധിച്ച കോർപ്പറേഷൻ പൈപ്പിന് മുന്നിൽ  നഗരത്തിലെ ഫ്ലൈഓവറിനുകീഴെ കൂരകെട്ടി താമസിക്കുന്ന നാടോടിപയ്യന്മാർ കുടങ്ങളുമായി തിരക്കു കൂട്ടി. പൈപ്പിന് അതിസാരംബാധിക്കുന്നതും കാത്ത്.

അന്നത്തെ ബാഡ്മിന്റണ്‍ കളികഴിഞ്ഞ്  ഞങ്ങൾ തിരികെനടന്നു. പക്ഷെ, അന്നത്തെ കളിയിൽ ഞാൻ തോറ്റു. ജയിച്ചത് ഡോക്ടർ ദത്തൻ തന്നെയായിരുന്നു !!

No comments:

Post a Comment