Saturday, June 13, 2015

പ്രതീക്ഷയുടെ സുഭാഷിതങ്ങൾ

രാത്രിയുടെ നിശ്ബ്ധതയിൽ, പകലിൻറെ ഏകാന്തതയിൽ ഞാൻ എന്നോട്തന്നെ ചോദിച്ചു. ഈ തകർച്ചയിൽ നിന്നും എന്നെ കരകയറ്റാൻ ആര് വരും?

പാതാളത്തിന്റെ അഗാതതയിലേക്ക് ഞാൻ കാൽവഴുതി വീണുപോകുന്നു. പടുഗർത്തങ്ങൾ എനിക്കായി അവർ ഒരുക്കിയിരിക്കുന്നു. അവർ എന്നെ നോക്കി ചിരിക്കുന്നു. അവർക്ക് ചിന്തിക്കാൻ അറിയില്ല. അവർക്ക് ചിരിക്കാൻ മാത്രമേ അറിയൂ. പരിഹാസത്തിന്റെ മാത്രം ചിരി.

നാഥാ... അവരുടെ പരുഷഭാവം എന്റെ ഹൃദയത്തെ തകർത്തുകളയരുതേ. അവരുടെ ആർപ്പുവിളികൾ എൻറെ മരണമണിയായിഭവിക്കരുതേ.  നീ മധുരം ഒഴുക്കിത്തന്ന എൻറെ കണ്ഠത്തിൽ കയ്പുനീർ ചാലുകൾ വെട്ടിത്തുറക്കാൻ അവരെ നീ അനുവദിക്കരുതെ.

ഭവാൻ എവിടെയാണ് അങ്ങ്?  ഈ മരുഭൂമിയിലെ ചൂടുകാറ്റിൽ, എൻറെ ആശ്രയമായി നീ കടന്നുവരുമോ? വേദന അരിച്ചിറങ്ങിയ  എൻറെ ഹൃദയത്തിൽ സ്വാന്ത്വനത്തിന്റെ കുളിർമഴയായി നീ പെയ്തിറങ്ങുമോ? നീയെൻറെ ശിലയും കോട്ടയുമായിത്തീരുമോ?

അതിരാവിലെ എറ്റിസലാത്തിൽ നിന്നും ജതാഫിലേക്ക് മുരൾച്ചയോടെ നിരങ്ങിത്തുടങ്ങുന്ന മെട്രോട്രെയിൻപോലെ എൻറെ മനസ്സിരമ്പുന്നു. ബുർജുഖലീഫായുടെ മുകളിൽ നിന്നും ഞാൻ താഴേക്ക് പതിക്കുന്നു. ഷിന്താഗാ ടണലിൽ പാഞ്ഞുപോയൊരു വാഹനത്തിൽ നിന്നും തറയിൽ വീണമാതിരി വാഹന സമുച്ചയങ്ങൾക്കിടയിൽ ഞാൻ കൈ കാലിട്ടടിക്കുന്നു. അൽമംസാർബീച്ചിനപ്പുറത്തെ  ശക്തമായ തിരമാലകൾ പോലെ എൻറെ അന്തരംഗം പ്രക്ഷുബ്ധമായിരിക്കുന്നു. ജബൽഹഫീസ് പർവതനിരകളിൽ അരുണകിരണത്തിന്റെ താപമേറ്റ് എന്നിലെ ഞാൻ മഞ്ഞുപാളികൾ പോലെ ഉരുകിയൊലിക്കുന്നു.

എൻറെ അങ്കിക്ക്  അവർ ചീട്ടിട്ട്  എൻറെ മനസാക്ഷിക്ക് വിലപറഞ്ഞ്‌ ആർത്തു ചിരിക്കുന്നു.

ഞാൻ ചെയ്ത നന്മ ഒന്നും അവർ കാണുന്നില്ല. ഞാൻ കണ്ടതൊന്നും അവർ കണ്ടതേയില്ല മാത്രമല്ല എന്നിൽ അവർ തിന്മയുടെ എല്ലാ കറുപ്പും വാരിതേക്കുകയും ചെയ്തു.

നാഥാ, നീ കടന്നു വരേണമേ. എനിക്ക് ശക്തിയായി, തുണയായി, എൻറെ രക്ഷയായി നിൻറെ കരങ്ങൾ എന്നെ ഒന്ന് സ്പർശി ക്കേണമേ.

നാദ്അൽ ഷേബയിൽ മൈദാൻ കുതിരയോട്ട മത്സരത്തിൽ എന്നപോലെ എൻറെ ശത്രുക്കൾ എന്നെ തകർക്കാനായി പായുന്നു. അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു. അവരുടെ വിജയം മാത്രം അവർ ലക്ഷ്യം വയ്ക്കുന്നു. എന്നിട്ടവർ പറയുന്നു "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു "

എൻറെ സങ്കേതമേ, എനിക്കിനിആശ്രയം നീ മാത്രം.  ഈ നഗരത്തിനും അപ്പുറമുള്ള ഏകാന്തവും ക്രൂരവുമായ  മരുഭൂമിയിൽ ഞാൻ എകയാവുകയില്ല. എന്തെന്നാൽ എൻറെമേൽ നിൻറെ തുണയുണ്ട്. എൻറെ നാഥന്റെ തുണ.  എൻറെ ദേവന്റെ കരുണ.  ദൂരെ അബ്രയിൽ ഒഴുകി നടക്കുന്ന ചെറുവഞ്ചികളിൽ നിന്നെന്നപോലെ നിന്റെ വെള്ളിവെളിച്ചം എന്നിലേക്കുവീശുന്നു.

എനിക്കറിയാം, ആനന്ദത്തിരമാല എന്നിലിളക്കി മണവാളനെപ്പോലെ നീ കടന്നുവരും. യുദ്ധം ജയിക്കാനായി മാത്രം പടച്ചട്ടയണിഞ്ഞ യോദ്ധാവിനെപ്പോലെ നീ വന്നെൻറെ കരം പിടിക്കും.

അങ്ങനെ എൻറെ ജീവൻറെ വെളിച്ചമായി നീ കടന്നുവരുമ്പോൾ എൻറെ തകർച്ചയിൽ കരുതലായ്‌, തുണയായി നീ എന്നെകരം പിടിച്ചു നടത്തുമ്പോൾ .... അപ്പോൾ, അപ്പോൾ ഞാൻ സന്തോഷിക്കും. പരിശുദ്ധമായ ഒരു ഉന്മാദം എൻറെ സിരകളിൽ വ്യാപിക്കും. അപ്പോൾ ഞാൻ എൻറെ വൈരികൾ കാണ്‍കെ പുഞ്ചിരിപോഴിക്കും. അതുകണ്ട് അവർ ഇരുട്ടടി ഏറ്റപോലെ നടുങ്ങും. കള്ളമോ, കപടമോ, സുരപാനമോ ഒന്നുമല്ല യഥാർത്ഥ വഴി എന്ന് അന്നവർ അറിയും. അപ്പോൾ ആകാശവിതാനം തുറക്കും. ദിഗന്തങ്ങൾ നടുങ്ങുമാറ് ആ ശബ്ദം ഉയർന്നു കേൾക്കും  "ഇവൾ എൻറെ പ്രിയപുത്രി.... ഇവളിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു"

അതുകേട്ട് എൻറെ ശത്രുക്കൾ തകർന്നുപോകട്ടെ. എൻറെ മാംസത്തിനും ചുടു രക്തത്തിനുമായി നൊട്ടി നുണഞ്ഞ ഉമ്മുനീർ അവരുടെ കണ്ഠങ്ങളിൽ അവരുടെ തന്നെ നിണമായി തീരട്ടെ. അവർ തീജ്ജ്വാലക്ക് ചുറ്റും നൃത്തം വയ്ക്കുന്ന ഈയ്യാംപാറ്റകൾ പോലെ ആയിത്തീരട്ടെ. നൃത്തത്തിന്റെ ലഹരിയിൽ അഗ്നിയെ പുൽകി അവർ കരിഞ്ഞു, കരിഞ്ഞു വീഴുന്നു. അവർ എനിക്കായി കൂർപ്പിച്ച് വിഷംതേച്ച കുന്തം അവരുടെ തന്നെ നെഞ്ചിലേക്ക് തുളഞ്ഞുകയറുന്ന കാലം വരുന്നു.

എൻറെ ശത്രുക്കൾ തകരുമ്പോൾ നീയെന്നെ ആനന്ദത്തിന്റെ തേനും പാലും ഒഴുകുന്ന ദേശത്തേക്ക് നയിക്കും. ഈ മരുഭൂമിയിൽ മരുപ്പച്ച കാട്ടിത്തന്ന് നിൻറെ അദൃശ്യകരങ്ങൾ എന്നെ താങ്ങിനടത്തുന്നു.

ഞാൻ തളരില്ല....ഞാൻ ഇനി വീഴില്ല. ഞാൻ നശിച്ച് പോവുകയും ഇല്ല. തേർത്തട്ടിൽ നിൻറെ ഗീതികൾ എനിക്ക് ഉണർത്തുപാട്ടാകുന്നു. നിൻറെ ഗീതോപദേശം എന്നിലെ പോരാട്ടത്തെ  ജ്വലിപ്പിച്ച്  നിർത്തുന്നു.

ഷാർജയുടെ പുൽപ്പരപ്പുകൾ പകലിൽ എന്നോട് മന്ത്രിക്കുന്നു "ചിരിക്കൂ... നിങ്ങളിപ്പോൾ ഷാർജയിലാണ്"

ദുബായിയുടെ രാത്രികാല വെളിച്ചം എന്നോട് പറയുന്നു "നീയിപ്പോൾ സുരക്ഷിതമായ നഗരത്തിലാണ്‌"

അപ്പോൾ  ഞാൻ ചിരിക്കും..... വീണ്ടും, വീണ്ടും ഊറിചിരിച്ചു കൊണ്ടേയിരിക്കും.

No comments:

Post a Comment