Monday, August 25, 2014

ഒരു അതിസാഹസികമായ കഥ


കഥ തുടങ്ങുന്നതിന് മുമ്പേ കാര്യം അങ്ങ് പറഞ്ഞേക്കാം. ഇത് ഇച്ചിരി കള്ളുകഥയാണ്. നിങ്ങൾ മദ്യം എന്ന സുന്ദര വസ്തുവിനെ ഇഷ്ടപ്പെടാത്ത മാന്യൻ ആണെങ്കിൽ ദയവുചെയ്ത്, ഇത് വായിക്കാതെ ഇടതു വശം ചേർന്നങ്ങു പൊക്കോണം. അല്ലാതെ എന്റെ തന്തക്കും തള്ളക്കും വിളിക്കാൻ വന്നേക്കല്ലെ.

ദാണ്ട്‌... ഞാൻ നേരിട്ട് വിവരം അങ്ങ് പറഞ്ഞേക്കാം. കഥ തുടങ്ങുന്നത് ബ്രോക്കർ മുക്കിൽ. തോടിനോട് ചേർന്ന് വൈറ്റിങ്ങ് ഷെഡിന്  പുറകിൽ ഇത്താക്കിന്റെ ചായക്കടയിൽ. തൊട്ടടുത്ത്‌ ഇസാക്കിന്റെ എതിരാളി പിള്ളച്ചേട്ടന്റെ  ചായക്കടയുണ്ട് ( ഈ രണ്ടു ചായക്കടയുടെയുടെയും ചരിത്രം സഹൃദയർ ഇപ്പോൾ ഈ എളിയവനോട്‌ ചോദിക്കരുത്. അത് വലിയ ഒരു കലാസൃഷ്ടി ആയി വൈകാതെ പുറത്തു വരുന്നതാണ്!). എന്നാൽ കഥയുടെ മർമ്മഭഗം നടകുന്നതാകട്ടെ ബ്രോക്കർമുക്ക് തോട്ടിൽ, വിഷ നഗത്താന്മാർ വലയം ചെയ്യുന്ന കമ്മ്യുണിസ്റ്റ് കാട്ടിനുള്ളിൽ !

"തോമാച്ചോ ... ദേണ്ടെ .. കള്ള്ഷാപ്പെല്ലാം നിർത്തൻ പോകുന്നൂന്ന് .."

അലച്ചു വിളിച്ചുകൊണ്ട്, ഒരു കയ്യിൽ പത്രവും മറുകൈയ്യിൽ തനോടിക്കുന്ന സൈക്കിളിന്റെ ഹാൻ ഡിലും പിടിച്ചുകൊണ്ട് പത്രക്കാരൻ ഞാഞ്ഞൂൽ കുട്ടൻ ഇത്താക്കിന്റെ കടക്കുമുമ്പിൽ  കൊണ്ട് സഡൻ ബ്രേക്കിട്ടു.

ബ്രെക്കിട്ടതിനോപ്പം ഞാഞ്ഞൂൽ പത്രമെടുത്ത് കടയുടെ മുന്നിലേക്ക്‌ ഇന്നാ പിടിച്ചോ എന്നാ രീതിയിൽ ഒരേറ് . ഇതുകേട്ട് തലേന്നത്തെ കെട്ടു വിട്ടു രാവിലെ   ക്വാട്ട അടിക്കാൻ റെഡി ആയിരിക്കുന്ന അൽമാരു ചെറഞ്ഞുകൊണ്ട് പുറത്തേക്ക് നോക്കി (അൽമാരുവിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുള്ള സഹൃദയർ ഈയുള്ളവൻറെ  'ബ്രോക്കർ ജങ്ങ്ഷൻ കഥകൾ: മൂർഖൻ പാമ്പിനെ നോവിക്കരുത്' എന്ന ചരിത്ര ആഖ്യായിക വായിക്കാൻ അപേക്ഷ).

"പിന്നെ... ഇതവനാ ഷാപ്പ്‌ നിർത്തുന്നെ?? ... അതൊന്നു കാണണം..... അവന്റെ അമ്മെ കെട്ടിക്കാൻ..."

ഇത് കേട്ട് ഞാഞ്ഞൂൽ തല വെട്ടിച്ചു പറഞ്ഞു...

"ദാണ്ട്‌ നിങ്ങ എൻറെ  തോളേൽ കേറാൻ വരാതെ ദൈരം ഉണ്ടേൽ സർക്കാരിനു  തന്തക്കു വിളിക്ക്.... അവന്മാരാ കള്ളുഷാപ്പ് പൂട്ടുന്നെ.... അല്ല ഞാനല്ല "

സർക്കാരിനെ  തന്തക്കു വിളിക്കാനോ ? സർക്കാരിനു  തന്തയുണ്ടോ? സർക്കാരിന്  തള്ളയുണ്ടോ .... തള്ളയും തന്തയും ഇല്ലാതെ സർക്കാർ എങ്ങിനെ ഉണ്ടായി? ആ ചോദ്യം ഈയുള്ളവന്റെ  മനസ്സിൽ  തികട്ടി വന്നെങ്കിലും പുറത്തു  പറയാനൊക്കുമോ ? എന്നിട്ട് വേണം ദേശദ്രോഹം എൻറെ  മേൽ ചുമത്തി കയ്യാമം വച്ചു നടത്താൻ! അയ്യട മനമേ.. പൂതി അങ്ങ് മനസ്സിൽ  ഇരിക്കട്ടെ.

"സർക്കാർ  എന്നാ.. ഒണ്ടാക്കി എന്നാ?"  മീശ കുഞ്ഞുമോൻ  മീശ പിരിചോണ്ട്  ചോദിച്ചു.

" ദാണ്ടേ കിടക്കുന്നു...." ചായക്കടയുടെ അകത്തളത്തിൽ നിന്നും പുറത്തേക്ക് വന്ന ഇത്താക്ക് പത്രത്തിൽ വിരൽ  ചൂണ്ടി.

സംഭവം സത്യമാണ്. പത്രത്തിന്റെ തലക്കെട്ട് തഴെക്കിടന്നു മേളിലൊട്ട് പല്ലിളിച്ചു. 'ഒന്നാം തീയതി മുതൽ നാട്ടിൽ  എല്ലാ ചാരായ ഷാപ്പുകളും നിർത്താൻ പോകുന്നു'. ഒപ്പം മുഖ്യ മന്ത്രിയും ചാരായ മന്ത്രിയും വളിച്ച ഒരു ചിരിയും ചിരിച്ചു കൊണ്ട് നിൽക്കുന്ന  ഒരു ചിത്രവും.

"ഒണ്ടാക്കിയത് തന്നെ ..... ഹും.... " ഉള്ളിലെ അരിശം മുഴുവൻ പുറത്തെടുക്കാതെ അൽമാരു ഒരാട്ടാട്ടി. എന്നിട്ട്. "ത്ഫൂ" എന്നൊരു തുപ്പും റോഡിലേക്ക് തുപ്പി.

ഇതുകേട്ട് മുഖം പ്രസന്നമായ ഒരേ ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് മറ്റാരുമല്ല.  തൊട്ടടുത്ത പിള്ളച്ചേട്ടന്റെ  കടത്തിണ്ണയിൽ ബഞ്ചിന്റെ മേലെ കാലും കേറ്റിവച്ച് നിന്നിരുന്ന വാറ്റുകാരൻ അവറാൻ. പത്രത്തിലെ വാർത്ത  സത്യമാണെങ്കിൽ തനിക്ക് ഉണ്ടാകാൻ പോകുന്ന കച്ചവട അഭിവൃത്തി ഓർത്ത്   അവറാൻ ഊറി ചിരിച്ചു. പിള്ളേച്ചന്റെ  ചായക്ക് അന്ന് എന്തെന്നില്ലാത്ത ഒരു സ്വാദ്  അവറാനു തോന്നുകയും ചെയ്തു.

"എടാ അവറാനെ ... നിനക്ക് കോളയല്ലോടാ ..." മീശയിൽ നിന്ന് പിടിവിടാതെ മീശകുഞ്ഞുമോൻ  വിളിച്ചു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ആണ് ഈയുള്ളവന് പറയാൻ വന്ന കഥ ഓർമ്മ  വന്നത്. അപ്പൊ ഇതുവരെ പറഞ്ഞത് എന്ത് കുന്തമാ എന്ന് സഹൃദയർ എന്നോട് ചോദിച്ചേക്കല്ലേ . വാറ്റുകാരൻ  അവറാന്റെ   തിരുമോന്ത കണ്ടപ്പോൾ ഇമ്മിണി കാലം മുമ്പ് നടന്ന ഒരു അതിസാഹസമായ സംഭവം  ഓർമ്മ  വന്നു. അത് നിങ്ങളോട്  ഉണർത്തിക്കണം  എന്ന് എനിക്കൊരു വെളിപാടും ഉണ്ടായി.

അതെ അതാണ്‌ ഈ എളിയവൻ പറയാൻ പോകുന്നത്. എല്ലാരും ശ്വാസം അടക്കി പിടിച്ചോണം. അത്ഭുത പരതന്ത്രരായി കണ്ണും തള്ളി കുത്തിയിരുന്നു കേട്ടോണം. കയ്യോ കാലോ വിറക്കുന്നവർ അടുത്തുള്ള വല്ല തൂണിലോ  തുരുമ്പിലൊ  പിടിച്ചോണ്ട് നിന്നോണം. പിന്നെ പറഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞു എൻറെ  നേരെ തുള്ളിക്കൊണ്ട്‌ വന്നെക്കല്ലെ .

ഒന്നൂടെ ഞാൻ ഊന്നി പറഞ്ഞേക്കാം.... കള്ളു കുടിയന്മാരുടെ കഥ ഇഷ്ടം ഇല്ലാത്ത ആശ്രീകരങ്ങൾ ഇവിടെ വച്ച് വായന നിർത്തി അങ്ങ് പോയെക്കണം.

അന്ന് ഇന്നത്തെപ്പോലെ സർക്കാർ ചാരായഷാപ്പോ .. പൊടി കലക്കിയ കള്ളോ, അനമയക്കിയോ... യേശുക്രിസ്തുവോ, ഷക്കീലയൊ, മണവാട്ടിയൊ ഒന്നും കിട്ടാത്തകാലം. മുക്കിനു മുക്കിനു എസ് .ടി.ഡി. ബൂത്തുകൾ പോലെ ബിവറേജസ് കോർപറേഷന്റെ ഷോപ്പുകളൊ, വിദേശ മദ്യഷപ്പുകളൊ ഇല്ല. നാട്ടുകാർക്ക് ഒന്ന് പൂസാകണം എന്നുണ്ടെങ്കിൽ അവറാന്റെ വാറ്റു തന്നെ ശരണം.

അവറാൻ വാറ്റുന്നതും  വിൽക്കുന്നതും നാട്ടിൽ പരസ്യമായ രഹസ്യമാണ്. സത്യത്തിൽ അത് അവറാന് പാരമ്പര്യമായി ചാർത്തി കിട്ടിയതും, ആരും ക്വസ്റ്റ്യൻ  ചെയ്യാൻ പാടില്ലാത്തതും ആകുന്നു. അതുകൊണ്ടല്ലേ പോലീസ് ഏമാന്മാർ ഇടക്കിടെ അവറാനേ  പിടിച്ചുകൊണ്ടു പോയാലും പിറ്റേദിവസം തന്നെ  പുറത്ത് വിടുന്നത് ! (ചില അസൂയക്കാർ അവറാൻ പടി കൊടുക്കുന്നത് കൊണ്ടാണ് എന്ന് പറയുന്നുണ്ടെങ്കിലും).

അവറാൻ വാറ്റുകയോ  വിൽക്കുകയോ  ചെയ്യട്ടെ. ഈയുള്ളവനും , ഈയുള്ളവൻറെ  കൂട്ടുകാർക്കും  പുല്ലാണ്, പുല്ല്. ബൈ ദ  ബൈ, ഈയുള്ളവൻറെ  കൂട്ടുകാർ  എന്ന് പറയുമ്പോൾ അവർ ആരാണെന്ന് കൂടി പറഞ്ഞില്ലേൽ സത്യമായിട്ടും ഗീവറുഗീസ് പുണ്യവാളൻ  മുട്ടൻ  പാമ്പിനെ വിട്ടു ഈയുള്ളവനെ  കടിപ്പികും, സത്യം!  ശരി.. ഇന്നാ പിടിച്ചോ.
  1. പൊണ്ണൻ ചാക്കോ (പേരിനു കാരണം അവൻറെ  തടി തന്നെ... വേറെ ഒന്നുമല്ല)
  2. ബിച്ചൻ  (ബിജു എന്നാ പേര്.. എന്നാൽ ആരാന്നറിയില്ല പഹയനെ പണ്ടേ എല്ലാരും ഇങ്ങനാ വിളിക്കുന്നെ)
  3. മത്തി (മാത്യു എന്നാ പേരെങ്കിലും, നമ്മക്ക്  അറിയാവുന്ന എന്തിൻറെയെങ്കിലും പെരാണേൽ വിളിക്കാൻ ഒരു സുഖം അല്ലെ, യേത്!)
ഈയുള്ളവൻറെ  കൂട്ടുകാർ  ഇനിയും ഉണ്ടെങ്കിലും ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല. അവരാരും ഈ ഭീകര കഥയിൽ വരുന്നില്ല. പൂച്ചക്കു പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?

ഓക്കെ, അവറാൻ വാറ്റുകയോ  വിക്കുകയോ ചെയ്യട്ടെ. നമ്മൾ പിള്ളാർക്ക്  ഇതിലെന്ത് കാര്യം? കാര്യം ഉണ്ട്. അതിപ്രകാരം ആകുന്നു.

അവറാൻ തൻറെ വാറ്റുചാരായം സൂക്ഷിക്കുന്നത് വെളുപ്പും, കറുപ്പും നിറത്തിലുള്ള വലിയ കന്നാസുകളിൽ ആണ്. അത് കണ്ടു പിടിച്ചത് വേറാരുമല്ല, സാക്ഷാൽ പൊണ്ണൻ ചാക്കോ! അവൻറെ  അപ്പൻ അന്തിക്ക് വാറ്റടിക്കാൻ പോകുന്നത് ഒരു ദിവസം ചാക്കോ കണ്ടു. അപ്പൻറെ  പുറകെ അവനും മണ്ടി മണ്ടി നടന്നു. മരുന്നടി ആശാൻറെ  വീടുനു  കുറെ താഴെ, ബ്രോക്കറു മുക്ക് തോടിൻറെ അകത്തു വലിയ പാമ്പിൻ പൊത്തുകൾ  ഉണ്ട്. ആ പൊത്തുകൾക്കുള്ളിൽ ആണ് അവറാൻ പല തരത്തിലുള്ള കന്നാസുകൾ കേറ്റി വക്കുന്നത്. പലതരത്തിൽ എന്ന് പറഞ്ഞാൻ എന്തോന്നാ എന്ന് ചോദിക്കുന്ന മഹാന്മാരുടെ അറിവിലേക്കായി അതും പറഞ്ഞേക്കാം. അവ താഴെ പറയുന്നത് പ്രകാരം ആകുന്നു.
  1. മുന്തിരി ഇട്ടു വാറ്റിയത് .
  2. അട്ടയെ ഇട്ടു വാറ്റിയതു 
  3. അമോണിയ ഇട്ടു വാറ്റിയത് 
  4. ബാറ്ററി ഇട്ടു വാറ്റിയത് 
  5. സാദാ വാറ്റ് 
അടിക്കുന്നവന്റെ കപ്പാസിറ്റി അനുസരിച്ച് യഥേഷ്ടം സാധനം തിരഞ്ഞെടുക്കാം. അടിക്കാർ മരുന്നടി ആശാന്റെ വിടിനടുത്ത് മൂത്രമൊഴിക്കാൻ ഇരിക്കുന്ന പോലെ ഇരുന്നോണം. (അപ്പോൾ അനുവാചകർ ചോദിച്ചേക്കും ഈ മരുന്നടി ആശാൻ ചീത്ത ഒന്നും വിളിക്കില്ലേ എന്ന്. ഇല്ല, കാരണം ഉണ്ട്. ആശാൻ ചത്തു മോരിന്റെ പുളിയും പോയി. അല്ലേൽ ഈ കുടിയൻ മാരായ കുടിയന്മാരെല്ലാം മൂവന്തിക്കും, തോന്നുമ്പോൾ ഒക്കെയും പൊളിഞ്ഞു  വീഴാറായ മരുന്നടി ആശാൻറെ ഓലപ്പുരയുടെ പുറകിൽ  പോയി കുത്തിയിരിക്കുമോ?). ഒരേ ഒരു നിർബന്ധം മാത്രം. അവറാൻ സാധനം എടു ക്കാൻ  തോട്ടിനകത്ത് പോകുന്നതിനു മുമ്പ് ഇതു ബ്രാൻഡ്‌ എന്ന് പറഞ്ഞേക്കണം. അല്ലേൽ  അവറാൻ പുളിച്ച ഒരു നോട്ടവും എന്നിട്ട് ഒരു ഡയലോഗും പറഞ്ഞുകളയും.

"ഹാ കള്ളക്കഴുവേറി .... നക്ക് നേരത്തെ പറഞ്ഞൂടാരുന്നോ ..അവൻറെ  അമ്മെടങ്ങ്‌..."

അത് ഏതു ദൈവം തമ്പുരാൻ അന്നേലും  അവറാൻ അങ്ങ് പറയുമേ .

അങ്ങനെ അപ്പൻ വാറ്റടിക്കാൻ പോകുന്നത് നോക്കി മണ്ടി, മണ്ടി പാത്ത്, പാത്ത് പിന്നാലെ കൂടിയ പൊണ്ണൻ  ചാക്കോ, വാറ്റു കാരാൻ അവറാന്റെ  ഒളിസങ്കേതം കണ്ടു പിടിച്ച സന്തോഷത്തിൽ അറിയാതെ ഒന്ന് ചിരിച്ചുപോയി. കമ്യുണിസ്റ്റു  ചെടിയുടെ കാട്ടിനകത്ത് ഇരുന്നാണ് ചാക്കോ ചിരിച്ചതെങ്കിലും അതീവ ജാഗരൂഗനായിരുന്ന അവറാൻ ചാക്കോയെ കണ്ടു പിടിച്ചു. കണ്ടു പിടിച്ചു എന്നു  മാത്രമല്ല, അവൻറെ ചെവിക്കിട്ട് ഒരു നല്ല കിഴുക്കും വച്ചു കൊടുത്തു. കിഴുക്ക് എന്ന് പറഞ്ഞാല അതാണ്‌ മോനെ കിഴുക്ക്‌ .... ചാക്കോയുടെ കണ്ണിൽ  നിന്ന് പൊന്നീച്ച പറന്നു. നിന്ന നിപ്പിൽ ചാക്കോ അങ്ങ് മുള്ളീം പോയി!!  നിക്കറിനു  പുറത്തേക്ക് വലത്തേ തുടയിലൂടെ ചാക്കോ പേടിച്ചു പെടുത്ത മൂത്രം പുറത്തേക്ക് ചാടി. ചെവിക്കു കിഴുക്കി അവറാൻ ചാക്കോയെ ഒറ്റ തള്ളും  എന്നിട്ട് ഒരലർച്ചയും .

"കള്ള കാഴുവേറിയുടെ  മോനെ... എന്തോ ഒണ്ടാക്കാൻ വന്നിരിക്കുവാടാ ? ഓടിക്കോണം.."

ഇത് കണ്ടു ചാക്കോയുടെ അപ്പനാകുന്ന കള്ളക്കഴു വേറി ... കണ്ണിളിച്ചു  നോക്കി. പിന്നെ കിഴുക്കു കൊണ്ട് പേടിച്ചു പെടുത്ത്‌ വീട്ടിലീക്ക് ഓടിക്കൊണ്ടിരുന്ന ചാക്കോയെ  ചാടി എണീറ്റ് അന്തരീക്ഷത്തിൽ അടിക്കുന്ന മാതിരി കൈവീശി പേടിപ്പിച്ചു. എന്നിട്ട് ഒരു അമറലും.

"എന്തോ കാണാൻ വന്നതാടാ മൈത്താണ്ടി ?? അങ്ങ് വീട്ടീ വരട്ടെ... കാണിച്ചു തരാം..."

ചാക്കോ ഓടിയ വഴിക്ക് വല്ല പുല്ലും കിളിക്കുമോ? അല്ല കിളിക്കുമോ? അഭ്യുദയകാംഷികൾ ഒന്ന് പറഞ്ഞാട്ടെ?

അന്ന് തുടങ്ങിയതാണ്‌ ചാക്കോക്ക് വാറ്റുകാരൻ അവറാൻ എന്ന പന്നനോട് ഉള്ള ദേഷ്യം. ദേഷ്യം എന്നു വച്ചാൽ പെരുവിരലിൽ നിന്നും അതങ്ങോട്ട് ഇരച്ചു കയറും. ചാക്കോ പറഞ്ഞു.

"അവറാൻ കള്ളതിരുമാലി ആണ്... ഒന്നാന്തരം കള്ളതിരുമാലി.."

ചക്കോക്ക് ഒരു പ്രശ്നം വന്നാൽ അത് നമ്മുടെ കൂടി പ്രശ്നം അല്ലേ? അത് പൊതുസമൂഹത്തിൻറെ പ്രശ്നം അല്ലെ? അങ്ങനെ അവറാനേ ഒരു പാഠം പഠിപ്പിക്കാൻ ഞങ്ങൾ നാലുപേരും ചേർന്ന്  ആലോചിച്ചു. ആലോചിക്കുക എന്ന് പറഞ്ഞാൽ  അത് ഒരു ഒന്ന് ഒന്നര ആലോചന ആയിരുന്നു. ആ മീറ്റിങ്ങിനു ഞങ്ങൾ ഒരു സ്ഥലം കണ്ടു പിടിച്ചു. കല്ലട ഇറിഗേഷൻ  പ്രോജക്ട് എന്ന  മഹാസംഭവത്തിൻറെ  പണികഴിഞ്ഞു വരുന്ന അക്വാഡിറ്റിന്റെ  കീഴിൽ, ചക്കിപ്പൂച്ച പെറ്റു കിടന്നതിനടുത്ത്,  പൊന്തക്കാട്ടിനകത്തു വച്ച് (ഇനിയിപ്പോ കല്ലട ഇറിഗെഷൻ  പ്രൊജക്റ്റ് അഥവാ കെ. ഐ. പി. എന്താന്ന് അറിയാത്ത മാന്യന്മാർ വല്ല ഗൂഗിളിലോ, വിക്കിപീടിക തിണ്ണയിലൊ ചെന്ന് അങ്ങ് നോക്കിയെക്കണം, ഈ എളിയവന്  വേറെ പണിയുണ്ട്!!)

ആ മഹാസംഭവം ആയ മീറ്റിംഗ്  വലിയ ഒരു തീരുമാനം എടുത്തു പിരിഞ്ഞു. പലപല അഭിപ്രായങ്ങൾ  വന്നെങ്കിലും അവസാനം എടുത്ത തീരുമാനം കടുത്തത്‌ ആയിരുന്നു. നടപ്പാക്കാൻ പ്രയാസം ഉള്ളതായിരുന്നു. പക്ഷെ ഈ ഇച്ച്ഛാശക്തി എന്നൊരു സാധനം ഉണ്ടല്ലോ... മാത്രമല്ല മലയാളം പഠിപ്പിക്കുന്ന ഗോപിസാറ് പറഞ്ഞിട്ടുള്ളത് എന്താ? 'ഐക്യമത്യം  മഹാബലം...ഒരുമ ഉണ്ടെങ്കിൽ ഉലക്കയുടെ മേലെ വേണേലും കിടക്കാം '

അങ്ങോട്ട്‌ നടപ്പാക്കുക തന്നെ. ഹല്ലാ പിന്നെ...!

പ്ലാനിംഗ്. അതി നിഗൂഡമായ പ്ലാനിംഗ്. അവസാനം മത്തി ഒരു ദിവസം പറഞ്ഞു. ബിച്ചൻ  ഒരു സമയവും പറഞ്ഞു.

വരുന്ന വെള്ളിയാഴ്ച.  നാട്ടപാതിരാ! എല്ലാവരും അവരവരുടെ വീട്ടിൽ നിന്നും കൃത്യം രാത്രി പന്ത്രണ്ടു മണിക്ക് ഇറങ്ങുക. ഇറങ്ങുമ്പോൾ  പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഉറുമ്പ്‌ പോലും അറിയരുത്. ഒരു തരത്തിലുള്ള ശബ്ദവും പുറപ്പെടുവിക്കരുത് , ജാഗ്രതൈ! എല്ലാവരും നേരെ മരുന്നടി ആശാന്റെ വീടുനു പുറകിൽ  എത്തുക. ഒന്നുകൂടി പറഞ്ഞേക്കാം. സൂക്ഷ്മത.... ജാഗ്രത... പിന്നെ പറഞ്ഞില്ലാ, കേട്ടില്ല എന്ന് പറഞ്ഞേക്കരുത്.

വെള്ളിയാഴ്ച. പന്ത്രണ്ടു മണി. കുറ്റാകുറ്റിരുട്ട് .  ബ്രോക്കർ ജങ്ങ്ഷനിലെങ്ങും നിശബ്ധത. സെന്റ്‌ജൂഡ് പള്ളിയുടെ മേൽക്കൂരയിലെ പ്രാവുകൾ പോലും കുറുകൽ  നിർത്തി . പ്രേതവും, ഭൂതവും ഇറങ്ങുന്ന ദിവസമാ വെള്ളിയാഴ്ച. അതും,  നാട്ടപാതിരാ. പ്രാവുകൾക്ക്  ആയാലും ജീവനിൽ പേടി ഇല്ലേ? ചീവീടുകളുടെ കരച്ചിൽ മാത്രം ബാക്കി. ശവക്കോട്ടയിലെ നിശബ്ദതയിൽ  അങ്ങുമിങ്ങും ഉയർന്നു നിൽകുന്ന കുരിശുകൾക്കിടയിൽ കൂടി എപ്പോൾ വേണമെങ്കിലും പ്രേതങ്ങൾ ഇറങ്ങിവരാം!!

നാല് പേർ, നാല് വീടുകളിൽ നിന്ന് കഠോര, കഠോരമായ ആ രാത്രിയിൽ പുറത്തിറങ്ങി. ഞാൻ പേടിച്ചില്ല. പൊണ്ണൻ  ചാക്കോ പേടിച്ചില്ല. ബിച്ചനും മത്തിയും പേടിച്ചില്ല. ഒന്നാമത്തെ ദൌത്യം കറക്ട്!

പതിനഞ്ചു മിനിട്ടിനുള്ളിൽ എല്ലാവരും മരുന്നുകാരൻ അശാന്റെ  കൂരയ്ക്കു പുറകിൽ  എത്തി. രണ്ടാമത്തെ ദൗത്യവും പഷ്ട്!

ഇനി ആണ് അതിസാഹസികമായ മൂന്നാം ദൌത്യം. അതിന് ഇച്ചിരി ചങ്കൂറ്റം തന്നെ വേണം, സത്യമായിട്ടും. തോട്ടിലേക്ക് ഇറങ്ങണം. നീരൊഴുക്ക്  തോട്ടിൽ കുറവാണ്. എന്നാലും സൂക്ഷിക്കണം. വെള്ളത്തിൽ കൂടി നടക്കുമ്പോൾ ഒച്ച ഉണ്ടാക്കാൻ പാടില്ല. വട്ടാനും, വരാലും, പരൽമീനും, മുഷിയും ഒക്കെ കാലേൽ കേറി കടിക്കുകയോ കൊത്തുകയോ, ഇക്കിളിപ്പെടുത്തുകയോ ചെയ്യും. തോട്ടിലെ പൊത്തുകളിൽ  ഒരുത്തനെയും പേടിയില്ലാതെ വളഞ്ഞു പുളഞ്ഞു നടക്കുന്ന പാമ്പുകൾ ഉണ്ടാകാം. തോടിനു അലങ്കാരമായി ഒരു പണിയും ഇല്ലാതെ തേരാ, പാരാ നടക്കുന്ന പുളവന്മാൻ . അവന്മാർ  കടിച്ചാലും അത്താഴം മുടങ്ങും എന്നാ പ്രമാണം (എന്തായാലും അത്താഴം കഴിച്ചതു കാര്യമായി!). നാലുപേരും പരമാവധി ശബ്ദം ഉണ്ടാക്കാതെ തോട്ടിലേക്ക് ഊർന്നിറങ്ങി . എൻറെ  നിക്കറിന്റെ ചന്തിക്ക് എവിടെയോ ചെളി പറ്റി (സാരമില്ല). ഇനി മെല്ലെ, മെല്ലെ വാറ്റുകാരൻ  അവറാൻ ചാരായം വച്ചിരിക്കുന്ന കന്നാസുകളുടെ അടുത്തേക്ക് കുനിഞ്ഞു, കുനിഞ്ഞു പദയാത്ര. പക്ഷെ മനധൈര്യം കൈവിടരുത്. എന്തെന്നാൽ ഏതു നിമിഷവും കൊത്താൻ റെഡിയായി ഇരിക്കുന്ന മൂർഖൻ പാമ്പുകളുടെ ആവാസ കേന്ദ്രത്തിലേക്ക് ആണ് അടിവച്ച്, അടിവച്ച് നീങ്ങേണ്ടത്!

ബലേഭേഷ്! അതീവ സാഹസം നിറഞ്ഞ മൂന്നാം ദൗത്യവും സക്സസ്. റോക്കറ്റ് വിടുമ്പോൾ ഐ.എസ്.ആർ. ഒ ക്കാർക്ക് ഉണ്ടാകുന്ന ആകാംഷയെക്കാൾ  എൻറെ അഭ്യുദയ കാംഷികൾക്ക് ഉണ്ടാകും എന്ന് എനിക്കറിയാം. അനുവാചകർ ശ്വാസം അടക്കി പിടിച്ചിരുന്നു കൊള്ളണം എന്ന  മുന്നറിയിപ്പ് തന്നുകൊണ്ട് അടുത്ത ദൗത്യത്തിലേക്ക് കടക്കാം.

നാലാമത്തെ ദൌത്യം ആണ് ദൌത്യം! മനധൈര്യം എന്ന  സാധനം കടുപ്പിച്ചു പിടിച്ചു വേണം അത് ചെയ്യാൻ. പാമ്പിൻ പൊത്തുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ കന്നാസും പുറത്തെടുക്കണം. ആകാശത്ത് നല്ല നിലാവുണ്ട്. എന്നാലും തോട്ടിനുള്ളിലെ കാടും പടലും, കമ്മ്യൂണിസ്റ്റ് ചെടികൾക്കുമിടയിൽ വെളിച്ചം കഷ്ടിയാണ്‌. പക്ഷെ പൊണ്ണൻ  ചക്കോക്ക് നല്ല തിട്ടമാ. അവൻ ഒന്നൊന്നായി അതീവ സാഹസികമായി കന്നാസുകൾ പുറത്തെടുത്തു! തോട്ടിൽ വെള്ളം കുറഞ്ഞ സ്ഥലത്തേക്ക് ഞങ്ങൾ കന്നാസു എടുത്തു വച്ചു. മൊത്തം നാലു  കന്നാസുകൾ. മത്തി കന്നസിന്റെ അടപ്പ് തുറന്നു. എൻറെ  പുണ്ണ്യാളച്ചാ! എന്തൊരു നാറ്റം... !! ഇതാണോ ഈ തന്തമാര്  അണ്ണാക്കിലേക്ക്  ദിവ്യ ഔഷധം പോലെ വലിച്ചു കേറ്റുന്നത്‌ ??!!

ഓരോരുത്തരുടെ കയ്യിലും ഓരോ കന്നാസ്. എല്ലാവരും ഒരുപോലെ കന്നാസിലെ  അമൃത് പകുതിയോളം തോട്ടിലെ വെള്ളത്തിൽ ഒഴിച്ചു കളഞ്ഞു! എന്നിട്ട് കന്നാസ്  നേരെ നിറുത്തി.  നാലുപേരും അവരവരുടെ നിക്കറിന്റെ ബട്ടണ്‍ അഴിച്ചു.

നിക്കറിന്റെ ബട്ടണ്‍ അഴിക്കുന്നത്  എന്തിനാണെന്നയിരിക്കും നിങ്ങളുടെ ചോദ്യം. ദാണ്ടേ, തോക്കിൽ കേറി വെടിവെക്കല്ലേ .... സമാധാനപ്പെട്, പറഞ്ഞു തരാം. അതാണ് അഞ്ചാമത്തെ ദൌത്യം! ദൈവം തമ്പുരാൻ ബ്രോക്കറു മുക്കിലെ എല്ലാ ആമ്പിള്ളർക്കും നിക്കറിനകത്ത് കിടക്കുന്ന ഈ സാധനം തന്നിരിക്കുന്നത് എന്തിനാ? പെടുക്കാൻ തോന്നുമ്പോൾ  പറമ്പിലോട്ടു ചാടി ഇറങ്ങി ഞെളിഞ്ഞു നിന്ന് ഒരു കൈകൊണ്ടു സപ്പോർട്ട് ഒക്കെ കൊടുത്ത് അങ്ങ്  മൂത്രിക്കാൻ! അല്ല പിന്നെ!

ശരി. അഞ്ചാമത്തെ ദൌത്യം കിറുകൃത്യമായി നാലുപേരും അവരവർക്ക്  തന്നിരിക്കുന്ന കന്നാസിനകത്തേക്ക് മൂത്രം ഒഴിക്കണം! ഒരു തുള്ളി പുറത്തേക്ക് പോകാൻ പാടില്ല. മുൻപ് പ്ലാൻ ചെയ്ത പ്രകാരം വൈകുന്നേരം മുതൽ പെടുത്തു കളയാതെ സ്റ്റോക്ക് ചെയ്ത്  പിടിച്ചു നിർത്തിയിരുന്ന മൂത്രം നാല് കന്നാസുകളിലേക്ക് പ്രവഹിക്കാൻ തുടങ്ങി. വലിയ ഒരു മഴപെയ്തു ഭാരം ഒഴിഞ്ഞപോലെ ഈയുള്ളവന്  തോന്നിയതിൽ അത്ഭുതപ്പെടാനു ണ്ടോ? അങ്ങനെ അഞ്ചാമത്തെ ദൗത്യവും സക്സസ്!!

"അവൻറെ  ഒരു കള്ളക്കഴുവേറി വിളി.... ഇന്നാ ... ഇനി എല്ലാവനും പെടുമൂത്രം കുടിച്ചാ മതി... കള്ളിന്റൂടെ .."  ചാക്കോ ഒച്ച അടക്കി ദേഷ്യം തീർത്തു . ആ പറഞ്ഞത് ന്യായം!

ഇനി ഒന്നുമില്ല. ഇത്രയം പെട്ടന്ന് മൂർഖൻ പാമ്പിന്റെ കടിയേക്കാതെ കന്നാസ് തിരികെ വച്ചു രക്ഷപെടുക! ഒരു കുഞ്ഞിനും സംശയം വരരുത്. എല്ലാം പെട്ടെന്നായിരുന്നു. കന്നാസു തിരികെ വച്ചതും, ചളുക്കോ, പിളുക്കൊ, ചളുക്കൊ, പിളുക്കൊ എന്ന്  വെള്ളത്തിൽ ചവിട്ടി ഒച്ചയുണ്ടാക്കി മത്തി നടക്കാൻ തുടങ്ങി.

"സബ്ദം ഒൻഡാക്കതെഡാ പുല്ലേ.."

അഞ്ചു മിനിട്ടിനകം ഞങ്ങൾ റോഡിൽ കേറി... എന്നിട്ട് എന്ത് സംഭവിച്ചു? എന്ത് സംഭവിക്കാൻ.. അവനവന്റെ വീടുകളിലേക്ക് വച്ചങ്ങു പിടിച്ചു!

പിറ്റേ ദിവസം ബ്രോക്കറു മുക്കിനെ കുടിയന്മാർ എല്ലാം കുടിച്ചത് ഞങ്ങളുടെ മൂത്രം ലയിച്ച ചാരായം ആയിരുന്നു. മൂത്രച്ചാരായം !

മാന്യമഹാ ജനങ്ങൾ ഒരു കാര്യം ഓർത്തോണം. ഞാനീകാര്യം വേണമെന്ന് വച്ചു പറഞ്ഞതല്ല. ഈ പത്രത്തിലെ കൊച്ചുവെളുപ്പൻ കാലത്ത് കണ്ട വാർത്തയാണ് എന്നെ ക്കൊണ്ട് ഈ പാതകം പറയിപ്പിച്ചത്.  വർഷങ്ങളോളം ഞങ്ങൾ നാലുപേർക്കല്ലതെ ഈ ഭൂമി മലയാളത്തിൽ  ഒരുത്തനും അറിയാത്ത  പരമ രഹസ്യം!! അല്ലാതെ മനപ്പൂർവ്വം  ഒന്നുമല്ല.

അല്ല ഇനിയും ഇതുകേട്ട് അത്രക്കങ്ങ്‌  സോക്കെടാന്നേൽ...  കൊണ്ട് കേസുകോട്... അല്ല പിന്നെ!!

ഇത്താക്ക് പത്രം നിവർത്തി , ഭൂതക്കണ്ണാടി വച്ച് പത്രം വായിക്കാൻ തുടങ്ങി....

"കേരളത്തിൽ സമ്പൂർണ്ണ ... മദ്യ നിരോധനം.....മദ്യ വിമുക്ത കേരളം സ്വപ്നം എന്ന് മുഖ്യമന്തി...."

ഇത് കേട്ടിട്ട് അൽമാരു  ഒരു ചോദ്യം ചോദിച്ചു ... അതൊരു ചോദ്യം തന്നെ ആയിരുന്നു താനും...

"അല്ല ഇത്താക്കേ .... ഇപ്പൊ ഇതവനാ ഈ മുഖ്യമന്തി?  ഇതിയാൻ കമ്യൂണിസ്റ്റൊ അതോ കാണ്‍ഗ്രസ്സൊ? "

No comments:

Post a Comment