Tuesday, May 20, 2014

പകരത്തിനു പകരം

രാവിലെ ഉണർന്നു  എണീക്കുന്നതിനു മുമ്പ് ഞാൻ കിടക്കുന്നത് നാട്ടിൽ ആണെന്ന് അങ്ങ് തോന്നിപ്പോയി (പ്രവാസിയുടെ ഒരു വിഡ്ഢിത്തം). മൂക്കിൽ എവിടെ നിന്നോ നാടൻ മാങ്ങയുടെ ചുനയുടെ  ഗന്ധം. കാതിൽ കൂട്ടമായി മുറ്റത്തു വന്നിരുന്നു നാദസ്വരം വായിക്കുന്ന കരിയിലകിളികളുടെ ഗാനധാര. കണ്ണിൽ പച്ചപ്പിന്റെ പുതപ്പെടുത്തു ആരോ ഇട്ടപോലെ ഒരു കുളിർമ.

ഇന്ന് എൻറെ  ജന്മദിനം ആകുന്നു!

നഗരത്തിലെ കലപില ശബ്ദങ്ങൾക്കിടയിൽ തുറക്കാത്ത ഒരു കടതിണ്ണയുടെ മൂലക്ക് വാലും ചുരുട്ടികിടന്ന് ഉറങ്ങുന്ന ചാവാലി പട്ടിയെപ്പോലെ ആണ് എനിക്ക് എൻറെ  ജന്മദിനങ്ങൾ തോന്നിയിട്ടുള്ളത്. തിരക്കിനിടയിൽ ആരോ ശല്യപെടുത്തിയ പോലെ അതൊന്നു ഉണരും, കണ്ണ് തുറക്കും, പിന്നെയും പഴയപോലെ വാല് പൂർവാധികം ഉള്ളിലേക്ക് കേറ്റിവച്ച് അങ്ങുറങ്ങും - പിന്നല്ലാതെ!

നാട്ടുമാങ്ങാ ചുനയുടെ മണം  മൂക്കിൽ നിന്നും വിട്ടകന്നപ്പോൾ ചുമ്മാതെ ഇത്തിരി നേരം പുതപ്പിനുള്ളിൽ കിടക്കാൻ തോന്നി. നാട്ടിൽ നിന്ന് വന്നിട്ട് ഒരാഴ്ചയായി. ഇപ്പോളും, പലപ്പോഴും ഭാര്യ പുതപ്പിനുള്ളിൽ ഉണ്ടെന്നു തന്നെ ആണ് വിശ്വാസം (പ്രവാസിയുടെ ഓരോ ചിന്ത).  ആ കിടപ്പിലാണ്  ഇന്ന് ജന്മദിനം ആണല്ലോ  എന്ന് ഉൾവിളി  ഉണ്ടായത് .

സമയം രാവിലെ നാലര ആയതേ ഉള്ളൂ. രണ്ടു മണിക്കൂറോളം ഇനി ജോലിക്ക് പോകാൻ ബാക്കിയുണ്ട്. പുതപ്പിനുള്ളിൽ കൊക്കൂണ്‍ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ ഉള്ള മടി. ഹുസൈൻ സൈദിയുടെ പുതിയ ബുക്ക്‌  'ബൈക്കുള ടു ബാങ്കൊക്' തലയിണക്ക് അടുത്തു തന്നെ യുണ്ട്. രാവിലെ തന്നെ അധോലോകത്തൂടെ സഞ്ചരിക്കണോ? മനസ്സിനൊരു സന്ദേഹം..

ജോലിക്ക് പോകുന്നതിന്  മുമ്പ് എന്നും ഭാര്യയെ ഫോണിൽ വിളിക്കുന്നതാണ്. എന്നാൽ ഇന്ന് അവൾ ഇങ്ങോട്ട് വിളിച്ചാൽ കൊള്ളം  എന്ന് തോന്നി. ഒന്നുമല്ലെങ്കിലും ഭർത്താവിന്റെ  ജന്മദിനം അല്ലെ?

കുറെ നേരം അങ്ങനെ കിടന്നു. ഒരു വിളിയും വരുന്നില്ല. 'പിന്നെ... നാട്ടിൽ കിടക്കുന്നവർക്ക് പണി ഒന്നും ഇല്ലല്ലോ.. ഇയ്യാളുടെ ജന്മദിനം.. ഫൂ..' എനിക്കു തന്നെ മനസ്സിൽ  ഒരു ചിന്ത തോന്നി.

അവസാനം അവളെ ഒന്ന് വിളിച്ചു നോക്കാം എന്ന ആശയം തോന്നി. ഫോണെടുത്ത് ഞെക്കി. ഒന്നടിച്ചു.. രണ്ടടിച്ചു... എടുക്കുന്നില്ല. ഒന്നുകൂടി ശ്രമിച്ചു. ഒന്നാമത്തെ അടിക്കുതന്നെ എടുത്തു (ആരുടെയോ ഭാഗ്യം).

"ഹ.....ലോ....."

ഉറക്കച്ചുവയോടെ ഉള്ള ആ ഹലോ പറച്ചിൽ കേട്ടപ്പോൾ സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേൾക്കാൻ  ഇട്ട കാസറ്റ് മാറി  ജൂഡാസ്  പ്രീസ്റ്റിന്റെ 'ബ്രേക്കിംഗ് ദ ലോ' കേട്ട പോലെയായി.

"ടീ ...ത് ഞാനാ "
"ഉം .."

എന്തോന്ന് 'ഉം'? ദൈവമേ ഇത് എൻറെ  ഭാര്യതന്നെ അന്നോ? കൊച്ചുവെളുപ്പാൻ കാലത്ത് വല്ല റോങ്ങ്‌ നമ്പരും? ഞാൻ ഫോണിൻറെ തലമുതൽ ചന്തിവരെ ഒന്ന് നോക്കി. കുഴപ്പം ഇല്ല. അവൾ തന്നെ.

"ടീ.. ഇന്നൊരു പ്രത്യേകത ഉണ്ട്... അറിയാമോ?

"നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ആന്നോ?"

ഈശ്വര ൻ മാരെ ......കാര്യം സ്റ്റേറ്റ് വിട്ട് കേന്ദ്രത്തിലേക്ക് പോയോ? സത്യത്തിൽ ഇവൾ  അറിയില്ല എന്ന് നടിക്കു വാന്നോ? എനിക്കാണേൽ   ഇലക്ഷന് പൊട്ടുന്ന തിനു മുമ്പുള്ള 'പരനാറി' പ്രയോഗമോ, പൊട്ടിയശേഷം ഉള്ള 'ചെറ്റ' പ്രയോഗമോ ഒന്നെടുത്തു അലക്കാൻ  തോന്നിയ നിമിഷം.

"എടീ പുല്ലേ.. ഇന്ന് എന്റെ ബർത്ത് ഡേ ആണ്... അറിയാമോ നിനക്ക്?"

ഞാൻ എൻറെ  അമർഷം  പുറത്ത് പ്രകടിപിക്കാൻ ശ്രമിച്ചു.

"അയ്യോ... അന്നോ?  സത്യമായിട്ടും ഞാൻ മറന്നു പോയി.... മെനി  മെനി ഹാപ്പി റിട്ടേണ്‍സ്  ഓഫ് ദ  ഡേ" അവൾ ഞെട്ടലിൽ നിന്നും ഉയിർത്തെഴുന്നേറ്റു.

"സോറി... ഞാൻ മറന്നു പോയി..." വീണ്ടും ക്ഷമാപണം.

ഞാൻ ഒന്നും മിണ്ടിയില്ല. ദേഷ്യമോ... വിഷമമോ ഒക്കെ എന്നിൽ മാറിമറഞ്ഞു.  ഇലക്ഷന് ജയിക്കും എന്ന് പറഞ്ഞവന് കെട്ടിവച്ച കാശ് പോയപോലെ ആയിപ്പോയി.

"പ്ലീസ്... സോറി..."

ആ വശീകരണ തന്ത്രം, നായ്ക്കരുണപ്പൊടി ദേഹത്ത് വിതറിയ ഒരു സുഖം !!

"എന്നോട് മിണ്ടണ്ടാ... എന്നിട്ടും നീ എൻറെ  ബർത്ത്ഡേ ഓർത്തില്ലല്ലോടീ .."

"അതിനല്ലേ സോറി പറഞ്ഞത്....അയ്യടാ.. ബർത്ത് ഡേ ഓർത്തിരിക്കുന്ന  ഒരാള്... എൻറെ  കഴിഞ്ഞ ബർത്ത് ഡേ കഴിഞ്ഞു, നാലു ദിവസം കഴിഞ്ഞല്ലേ ഇയ്യാൾ ഓർത്തത് .. അതും ഞാൻ അങ്ങോട്ട്‌ ചോദിച്ചപ്പോൾ..??"

ഒന്നാം റാങ്കുകാരനെ പരീക്ഷക്ക്‌ കോപ്പിയടിച്ച് പിടിച്ചു ഡീബാർ  ചെയ്തപോലെ ആയിപ്പോയി എൻറെ  അവസ്ഥ. അല്ലേലും ഈ പെണ്ണുങ്ങൾക്ക്‌ വേണ്ടാത്ത സമയത്ത് ആവശ്യമില്ലാത്തത് ഓർമ്മയിൽ വരും. ആവശ്യമുള്ള സമയത്ത് അരണയുടെ ബുദ്ദിയും .. സംഭവം സത്യമാണ്. അവളുടെ കഴിഞ്ഞ ജന്മദിനം ഞാൻ വിഷ് ചെയ്തില്ല (സത്യം ഇനിയെങ്കിലും പറയാമല്ലോ.. മറന്നു പോയതാ). അതിൻറെ  ചൊരുക്ക് ഒരാഴ്ച യോളം അവൾക്കുണ്ടായിരുന്നു. എന്തൊക്കെയോ ചുരിദാർ വാങ്ങിത്തരാം,  സ്വർണ്ണം വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞ് സമാധാനമാക്കി എടുത്തപാട് എനിക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ.

"അതു പോട്ടെ...കഴിഞ്ഞ വിവാഹ ദിവസം എനിക്ക് തരണ്ട ഗ്രീറ്റിങ്ങ് കാർഡ്  മൂന്നു ദിവസം കഴിഞ്ഞ് അല്ലേ  തന്നത്?"

അതും ശരി ആണ്.  കല്യാണ ദിവസം ആഘോഷിക്കാൻ കൂടി ആണ് അവധിക്ക് നാട്ടിൽ  പോയത്. പക്ഷേ അന്ന് മഴയും, പുറത്ത് പോയി ഭക്ഷണം കഴിപ്പും ഒക്കെയായി ദുബായിൽ നിന്ന് അന്നേദിവസം കൊടുക്കാൻ വാങ്ങിക്കൊണ്ട് പോയ ഗ്രീറ്റിങ്ങ് കാർഡ്  കൊടുക്കാൻ മറന്നു. പോരുന്നതിനു രണ്ടു ദിവസം മുമ്പാണ് അതും ബോണസ്സായി ഒരു ചുംബനവും കൊടുത്തത് (പെണ്ണുങ്ങളുടെ ഒരു കാര്യം, ചിലപ്പോൾ  ഒരു ചുംബനത്തിൽ എല്ലാം അങ്ങ് മറന്നു പോകും )

ഇപ്പോൾ വാദി  പ്രതിയായല്ലോ. കസ്തൂരി രംഗനും, മുല്ലപ്പെരിയാർ വിധിയും, സലിം രാജും, സരിതയും എല്ലാംകൂടി തലക്ക് വന്നുവീണ കുഞ്ഞൂഞ്ഞു സാറിനെപ്പോലെ ഞാൻ നിന്നുപോയി.

"എടീ.. അപ്പോൾ നീ പ്രതികാരം ചെയ്യുവാരുന്നു.. അല്ലെ?... പകരത്തിനു പകരം?"

"ഓ.. ഞാനെന്തോ പ്രതികാരം ചെയ്യനാ... സത്യം പറഞ്ഞാൽ  ഞാൻ കഴിഞ്ഞ ദിവസവും ഓർത്തതാ .. എന്നാൽ ഇന്ന് രാവിലെ അങ്ങ് മറന്നു പോയി... സോറി"

"ഉം..."  ഞാൻ ഇതൊന്നും അറിയാത്തപോലെ ഒരു മൂളങ്ങു മൂളി. ഇതിപ്പോ ആരാ പ്രതി, ആരാ വാദി എന്ന് വക്കീലമ്മർക്കു  പോലും  കോടതിക്കുള്ളിൽ തെറ്റിയ പോലെയായിപ്പോയി.

"എന്നോട് കെറുവ് അന്നോ???"  അവൾ കൊഞ്ചുന്നു.

"അല്ല...."

"സത്യമായിട്ടും???"

"ഉം..."

"അല്ല എനിക്കറിയാം.... എന്നോട് കെറുവാ ...... പറ..."

എൻറെ  അത്തിപ്പാ റ  അമ്മച്ചീ... ഇനി ഇവളെ എന്ത് പറഞ്ഞാണ് കെറുവ് ഇല്ല എന്ന് മനസ്സി ലാക്കുന്നത്?

"പോടീ.. പുല്ലേ... എനിക്ക് നിന്നോട് കെറുവാ ... ഒത്തിരി.. ഒത്തിരി.. ഒത്തിരി..." ഇതും പറഞ്ഞു ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. എന്തോ എനിക്ക് ചിരി അടക്കാൻ ആകുന്നില്ല.

അവളും ചിരിച്ചു. അതിൽ എന്തൊക്കെയോ വികാരങ്ങൾ  ഒലിച്ചുപോയി. പകരം വേറെ എന്തൊക്കെയോ വികാരങ്ങള വന്നു കയറി.

"ഒകെ.. ബൈ .... വക്കട്ടെ... വൈകിട്ടു  വിളിക്കാം...."

ഞാൻ ഫോണ്‍  താഴെ വച്ചു.

അങ്ങനെ ഒരു വയസ്സ് കൂടി എൻറെ  ദേഹത്ത് കേറിയങ്ങ് ആവാഹിച്ചു.

No comments:

Post a Comment