Monday, April 28, 2014

പ്രവാസിയുടെ അവധിക്കാലം

എന്താണു  നീയിങ്ങനോമനെ എന്നിലെ
വിചാര വികാര കേന്ദ്രമായ് മാറുന്നു?
കണ്ണടച്ചാലും തുറന്നാലും നിന്നുടെ 
കണ്ണിണകൾ തന്നുടെ വശ്യമാം ചാരുത.

ഓടി നിൻ ചാരത്തൊന്നെത്തുവാൻ വെമ്പുന്നു 
മനവും  തനുവും ഓരോരോ നിമിഷവും 
മരുഭൂമി തന്നിലെ മരുപ്പച്ചയാണ്‌ നീ 
മാറ്റുരക്കാൻ ആവാത്ത മൂല്യമല്ലേ 

കാറ്റെന്നെ തഴുകുമ്പോൾ നീയാണ് എന്നോർക്കും 
വെയിലെന്നെ പുണരുമ്പോൾ നിൻ ചൂടതെന്നോർക്കും 
ശീതീകരിച്ചെൻ ചുമരുകൾക്കുള്ളിലെ 
കുളിരും അതിൻ തളിരും നീ... നീമാത്രമെന്നോർക്കും 

നിൻ ഗന്ധം എൻ തലയിണക്കുണ്ടെന്ന് 
വെറുതെ ഞാൻ ചിന്തിച്ചു കെട്ടിപ്പുണരുന്നു 
ചിരിക്കുന്നു, കളിക്കുന്നു പിന്നെ ഒന്നോർത്തു ഞാൻ 
കേഴുന്നു, തളരുന്നു, ശപിക്കുന്നു എന്നിലെ എന്നെയും 
എൻ മാറാ വ്യാധിയാം പ്രവാസ പ്രതിയേയും 

നിൻ കിളികൊഞ്ചലിൻ  ചുഴിയിൽ ഞാൻ വീണുപോയ്‌ 
നിന്നധരത്തിൻ മധുഞാൻ നുകർന്നുപോയ്
സ്വപ്നമാം മഞ്ചലിൽ യാത്രയാകുമ്പോൾ രാവതിൽ

തള്ളിയാൽ നീങ്ങാത്ത അവധിതൻ ദിനമെത്തി
സ്വപ്നങ്ങൾ സത്യമായ് തീരുന്ന ദിനമെത്തി
ആകാശ വിതാനത്തിൽ നിന്നെയങ്ങൊർത്തൊർത്തു 
മണിക്കൂറുകൾ പിന്നിട്ടു, വിമാനത്താവളം പിന്നിട്ടു ...

ആരും കാണാതെ ഒരു മൃദുചുംബനം 
ആരും കേൾക്കാതെ ചെറു ചിരിതൻഭാഷണം 
ആരും അറിയാതെ ഒരു നൂറു പരാതി തൻ 
ഭണ്ടാരക്കെട്ടെന്റെ മേലക്കുനീ  അഴിച്ചിട്ടു 

അതിന്നുമേൽ കിടന്നറിയാതെ  ഞാൻ ചിരിച്ചുപോയ്‌ 
കള്ളിപെണ്ണെ നീയൊരു കുറുമ്പിൻറെ  കനിയല്ലേ 

മറന്നു ഞാൻ എല്ലാ പ്രവാസ ദുസ്മരണകളും  
ഓർമ്മതൻ കയ്പു നീരാകുന്ന വെള്ളിയാഴ്ച്ചകളും 
ഏകാന്തമാം ചിന്തയും അനന്തമാം ആധിയും 
ഇനിയും ഒരവധി വരെയുള്ള പ്രശ്നോത്തരികളും 

അവളുടെ കരവലയത്തിൽ, ആ വളകൾതൻ താളത്തിൽ 
ആ സിന്ദൂര പോട്ടെന്നുടെ മുഖത്തേക്ക് പടരുമ്പോൾ 
എന്തു  പ്രവാസം? എന്തു  പ്രയാസം?
എല്ലാമേ  മറഞ്ഞുപോം .. മറന്നുപോം  അറിയാതെ !

ഇനി ഞാൻ ഇത്തിരി ചിരിക്കട്ടെ അറിയാതെ 
ഇനി ഞാൻ ഇത്തിരി നുകരട്ടെ ജീവിതം 
എങ്ങെങ്ങൊ  മറന്നുപോയ  എന്നുടെ  പകലുകൾ രാവുകൾ..

അതിമധുരമാം ഇണയുടെ സ്നേഹത്തിൻ പൂമാലകൾ
എടുത്തു ഞാൻ ചാർത്തട്ടെ ഇനി ഞാൻ
പ്രവാസത്തിലേക്ക് തിരികെ പോകുംവരെ....

No comments:

Post a Comment