Friday, May 3, 2013

മകളെയോർക്കുമ്പോൾ .....

കണ്ണുകൾ കർപ്പൂരമാകുന്ന സന്ധ്യയിൽ
കാതുകൾ, കാതുകൾകിമ്പമേകുന്നൊരു വീചികൾ
നിൻചുണ്ടിൽ നിന്നുരുവായി എന്നോമലേ
പ്രപഞ്ചത്തിൻ വലിയോരു സാക്ഷ്യമായ്‌ താരമേ

നീയെന്റെ രക്തവും ജീവനും ഒന്നായ
സ്നേഹത്തിൻ മുത്താണ്‌ വിജയത്തിൻ സത്താണ്
കാത്തുകാത്തിന്നു സർവേശ്വൻ  കനിഞ്ഞൊരു
കൽക്കണ്ട മുത്തേ  നിൻ പുഞ്ചിരിപാൽചിരി !

ഏറ്റു നിന്നമ്മ സഹനമാം വേദന
കണ്ണുനീരിൻ കരകാണാകടലുകൾ
എൻനെഞ്ചിൽ  നിന്നമ്മ ചാരിഉറങ്ങവേ ഞാൻ കേട്ടു
നിന്നുടെ ചിരിയും,കളിയും ആ വയറ്റിലായ്

ഒമ്പത് മാസം ഒരമ്പതു വർഷംപോൽ
കാത്തു കാത്തുഞാൻ കണ്ണടക്കാതെ ഹാ
മനസ്സും കരളും ഞാൻ നിൻ രൂപചിന്തയാൽ
തള്ളി നീക്കീ ആ മുഖമൊന്നു കാണുവാൻ

ചർദ്ദിച്ചു, ചർദ്ദിച്ചു   സഹികെട്ടഹോ നിന്നമ്മ
എന്തുഭുജിച്ചാലും പുറത്തേക്കെടുക്കുന്നു സദാ
നിൻ ചലനം അന്നു സ്കാൻ ചെയ്തു കണ്ടപ്പോൾ
കെട്ടിപ്പിടിച്ചൊന്നു മുത്തം തരാൻ തോന്നി

ഇരിക്കുവാൻ കിടക്കുവാൻ എത്രയോ പാടായി
വലിയൊരു വയറും ആ നീരുള്ള കാല്കളും
ഉറക്കമില്ലാത്ത രാവുകൾ നിന്നമ്മ 
നിൻചലനസുഖത്തിൽ വിസ്മയം പൂണ്ടല്ലോ

നടക്കുവാൻ വയ്യല്ലോ ഇരിക്കുവാൻ വയ്യല്ലോ
ചിരിക്കുവാൻ മോഹമുണ്ടെങ്കിലുംവയ്യല്ലോ
ഓരോ നിമിഷവും തട്ടാതെ മുട്ടാതെ
കാത്തു, കാത്തന്നവൾ കാലം കഴിച്ചല്ലോ

അന്നൊരു നാളിലാദിനം വന്നടുത്തപ്പോൾ
എൻകൈ പിടിച്ചമ്മ മിടിക്കുന്ന ഹൃദയത്താൽ
ആശുപത്രിക്കുള്ളിലെ ഇടനാഴികടന്നല്ലോ
ആശ്വാസ വാക്കുമായ് ഞാൻ നിന്നുപോയ്
സത്യം പേടിച്ചു നിന്നുപോയ്

മണിക്കൂറിനിടവേള  മന്ദിച്ചു കഴിയവേ
കൈകുമ്പിളിൽ പൂത്ത താമരക്കുടം പോലെ
നിന്നെയും ഏന്തി ആ തൂവെള്ള മാലാഖ
എന്നുടെ കൈകളിൽ നിന്നെ കിടത്തി ഹാ....

കുഞ്ഞിക്കരങ്ങളും വിറക്കുന്ന കാൽകളും
ഇമവെട്ടി ചലിക്കുന്ന കുഞ്ഞിളം കണ്‍കളും
ഒന്നു ഞാൻ ഉമ്മവച്ചു പോയ്‌ കുഞ്ഞേ നിന്നെ
യുദ്ധം ജയിച്ചൊരുമന്നവൻ പോലന്നു !

ഇന്നു നിൻമുഖത്തൊരു  പുഞ്ചിരി പൂക്കുമ്പോൾ
നിന്നമ്മയും ഞാനും പിന്നിട്ട വേദന
നിസ്സാരമായ് തോന്നുന്നു വികാരമായ് മാറുന്നു
ജീവൻറെ ജീവനാം ചേതനയാകുന്നു

മറക്കുവാനാകുമോ മർത്യനീ  ഈ ജന്മത്തിൽ
മക്കൾക്കായ്‌ സഹിച്ചൊരു സഹനമാം പാതകൾ
എന്നാലും അവയൊക്കെ നിസ്സാരമായ് മാറുന്നു
"അമ്മേ " എന്നുള്ളോരു വിളിയിൽ  ഒതുങ്ങുന്നു

കാലമാം ചക്രം തിരിയുമ്പോൾ കുഞ്ഞേ നീ
വിസ്മരിക്കരുതേ  ഈ പാവങ്ങളെദയാ
നീയല്ലോ ഞങ്ങളെ ജീവിക്കുവാനുള്ള
ഓരോ ദിനത്തിനും കാരണഹേതു ഹാ !

******************************************************************



No comments:

Post a Comment