Monday, October 8, 2012

തിരുവോസ്തി

നാഥാ  നിന്‍ മുമ്പില്‍  ഞാന്‍  കൈകൂപ്പി  നില്‍ക്കുന്നു
എന്‍  മനവും  തനുവും  നിന്നില്‍ അലിഞ്ഞിടുന്നു
തിരുവോസ്തി  തന്നിലെ നിത്യമാം  ചൈതന്യം
അകതാരില്‍ നൊമ്പര പാടുണക്കി

നിന്‍ തിരു രക്തത്താല്‍ കഴുകിടും വേളയില്‍
നിര്‍മലനാകാന്‍ ഞാന്‍ നിനച്ചു പോയി
അറിഞ്ഞിട്ടും അറിയാത്ത ശക്തമാം സ്പര്‍ശനം
കാരുണ്യ ദേവാ നിന്‍ തിരുമുറിവില്‍




ആകുല നേരത്ത് ആശ്രയം തേടുവാന്‍
നിന്‍ ഗാത്ര  രുധിരങ്ങള്‍  ശക്തിയേകി
നിറഞ്ഞിട്ടും നിറയാത്ത എന്‍മനം തന്നിലായ്
നിറ ദീപമാകുമാ നറു ചേതന

കരളിലെ കന്മഷം നീക്കി നിന്‍ മാധുര്യം
മനനം ചെയ്തീടുവാന്‍ നീ ത്രാണിയേകി
മറഞ്ഞിട്ടും  മറയാത്ത ഓര്‍മ്മകള്‍ തന്നുനീ
ആത്മാവിനന്നമായ് തീര്‍ന്നിടുന്നു

താതനും പുത്രനും പരിശുദ്ധ റൂഹായും
ഒന്നിച്ചിറങ്ങുന്ന അള്‍ത്താരയില്‍
ത്രിത്വത്തിന്‍ ചൈതന്യം അമൂര്‍ത്ത്മായ് നിറയുന്നു
ഒസ്തിയിലൂടെന്‍ സിരാതന്തുവില്‍ !

അവാച്യമാം ആനന്ദ തിരകളുയര്‍ന്നീടുന്നു
മാനസ ജോര്‍ദാന്‍റെ തീരങ്ങളില്‍
ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ എന്നുള്ളശരീരി
കേള്‍ക്കുവാന്‍ കാതുകള്‍ കാത്തിരുന്നു !

ജീവന്‍റെ അപ്പമെന്‍ പാപക്കറകളെ-
തീര്‍ക്കുന്ന അവാച്ച്യമാം നേരങ്ങളില്‍
എന്നില്‍ നീ നിറയേണെ ജീവിതാന്ത്യം വരേയും
നിന്‍ പുണ്യ പാതയില്‍ ചരിച്ചീടുവാന്‍
 ----                                      ------








No comments:

Post a Comment