Saturday, July 21, 2012

നെല്ലിക്ക അപ്പൂപ്പന്‍

റോഡരുകിൽ  സ്കൂള്‍ മതിൽക്കെട്ടിനുപുറത്ത് പടർന്നുപന്തലിച്ച് നില്‍ക്കുന്ന മരം. മരത്തിന്‍റെ ഇലകൾക്കിടയിലും, പൊത്തുകളിലും കിളികൾ നിർത്താതെ ചിലച്ചുകൊണ്ടിരുന്നു.


മരച്ചുവട്ടിലിരിക്കുന്ന അയാളുടെ രൂപം കൗതുകം പകരുന്നതായിരുന്നു. മഞ്ചാടിക്കുരുവിനെത്രയോളം പോന്ന ചെറുകണ്ണുകൾ. ഉണക്കമുന്തിരിയെ ഓർമ്മിപ്പിക്കുന്ന ചുക്കിച്ചുളിഞ്ഞ മുഖം. ചോരകുടിച്ച് വീർത്ത ദേഹമാസകലം നീണ്ടുകിടക്കുന്ന ഞരമ്പുകൾ. നരച്ചുചെമ്പിച്ച മുടിയിഴകള്‍, ചെവിക്കുമുകളില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന കറുപ്പും വെളുപ്പും നിറഞ്ഞ കട്ടിയുള്ള രോമങ്ങൾ.

അയാളെ കുട്ടികള്‍ "നെല്ലിക്കാ അപ്പൂപ്പാ" എന്ന് വിളിച്ചു. അതുകേട്ട് വേലിക്കല്ല് ആടുംപോലെ കാലത്തികവിൽ ശക്തിക്ഷയിച്ച് കുലുങ്ങുന്ന പല്ലുകളുള്ള മോണകാട്ടി അയാൾ  ചിരിക്കും.

മരച്ചുവട്ടില്‍ ഒരു ചാക്ക് വിരിച്ച്, സുഷിരങ്ങളുള്ള  നരച്ച കാലൻകുട നിലത്ത് ബാലൻസിൽ ഉറപ്പിക്കും. പിന്നെ ഋതുക്കൾ മാറിമാറി വരുന്നതനുസരിച്ച്  അതിൽ നെല്ലിക്ക, ചാമ്പക്ക, സബര്‍ജെല്ലി, ലോലോലിക്ക  തുടങ്ങിയവ കൂട്ടിവയ്ക്കും. കുട്ടികള്‍ മരച്ചോട്ടിൽ സമ്മേളിക്കുമ്പോളൊക്കെ കച്ചവടം പൊടിപൊടിക്കും.

പ്രായമായെങ്കിലും ചാക്ക് നിവര്‍ത്തിവച്ചുകഴിഞ്ഞാല്‍ അയാൾ ഒന്ന് നിവർന്ന് നിൽക്കും. എന്നിട്ട് തൻറെ ശക്തി  മുഴുവൻ പുറത്തെടുത്ത് കിരുകിരുപ്പുള്ള  ശബ്ദത്തില്‍ ഉറക്കെ വിളിച്ചു കൂവാന്‍ തുടങ്ങും.

"നെല്ലിക്ക .. നല്ല നാടൻ നെല്ലിക്ക...
നെല്ലിക്ക ..  സുന്ദരന്മാരും, സുന്ദരിമാരും ആകാൻ നെല്ലിക്ക...
നെല്ലിക്ക .. വരട്ടെ തടി പാലം പോലെ..."

അതിനുശേഷം അടുത്ത വിളിക്ക് ഊർജ്ജം പകരാനെന്നപോലെ ശക്തമായി ചുമയ്‌ക്കും, ശ്വാസം അകത്തേക്ക് വലിക്കും.

സൗന്ദര്യം എന്തെന്നറിയാത്ത ആൺകുട്ടികൾ സുന്ദരന്മാരാകാൻ കൊതിച്ചില്ല. എന്നാൽ കുളിച്ച് കുറിതൊട്ട്, വാലിട്ട് കണ്ണെഴുതി, മുല്ലപ്പൂ തലയിൽ ചൂടി, സെന്റ്‌പൂശി നടക്കുന്ന രജനിയെപ്പോലെയുള്ള  പെൺകുട്ടികൾ നെല്ലിക്ക തിന്ന് കൂടുതൽ  സുന്ദരികൾ ആകാൻ കൊതിച്ചു.  ആരുംകാണാതെ രജനി ഇടയ്ക്കിടെ പത്ത് പൈസയ്ക്കും, ഇരുപത്തിയഞ്ച് പൈസായ്ക്കും നെല്ലിക്ക വാങ്ങിത്തിന്നും. വീട്ടിൽചെന്ന് ആരും കാണാതെ കണ്ണാടിയെടുത്ത് നോക്കി അവൾ സ്വയം അടക്കിപ്പിടിച്ച് ചോദിക്കും 'സുന്ദരി ആയിട്ടുണ്ടോ?... ഞാൻ സുന്ദരി ആയിട്ടുണ്ടോ?..'. അപ്പോളും അവളുടെ ചെവിയിൽ നെല്ലിക്ക അപ്പൂപ്പൻറെ ആ ശബ്ദം മുഴങ്ങും.

"നെല്ലിക്കാ.. നെല്ലിക്കാ.. സ്വര്‍ണ നെല്ലിക്കാ...അത്ഭുത നെല്ലിക്കാ...
കിളവനെ ചെറുപ്പമാക്കും, പെൺകുട്ടികളെ സുന്ദരികളാക്കും...
ഓടിവരുവിന്‍ വാങ്ങിക്കുവിന്‍...ഇതാ തീരാന്‍പോകുന്നു...
പത്ത് പൈസക്ക് രണ്ട്,  ഇരുപത്തഞ്ചു പൈസക്ക് അഞ്ച്‌... ഓടി വരുവിന്‍..."

കമര്‍പ്പും, പുളിപ്പും ഒക്കെയാണെങ്കിലും ആ നെല്ലിക്കാ വാങ്ങാനും, ഉപ്പുകൂട്ടി തിന്നാനും കൊതിച്ചു കൊതിച്ചു എത്രയോ പ്രാവശ്യം ഞാനും മരത്തിനു ചുറ്റും വട്ടംതിരിഞ്ഞിട്ടുണ്ട്?  നിധിപോലെ വല്ലപ്പോഴും കൈകളില്‍ വീണുകിട്ടുന്ന നാണയ തുട്ടുകള്‍ കൊടുത്ത് ആ നെല്ലിക്കകള്‍ വാങ്ങി വായിലിട്ടു ചവച്ചിറക്കുമ്പോൾ  ഉണ്ടാകുന്ന അനുഭൂതി അവർണ്ണനീയമായിരുന്നു.

നെല്ലിക്കഅപ്പൂപ്പന് ഒരുപാട് കഥകൾ അറിയാം. എന്നാൽ അതെല്ലാം നെല്ലിക്കാ സംബദ്ധമായ കഥകൾ മാത്രമായിരുന്നു. നെല്ലിക്ക ബന്ധമില്ലാത്ത കഥകൾ അപ്പൂപ്പന് അറിയില്ലായിരുന്നു, പറയുകയുമില്ലായിരുന്നു.

"പ്രായമായവർ ഈ നെല്ലിക്ക കഴിച്ചാൽ ചെറുപ്പമാകും" വായിൽ മുറുക്കാൻ ചുരുട്ടികേറ്റികൊണ്ട് അപ്പൂപ്പൻ പറയും.

"എന്നാൽ അപ്പൂപ്പന് ഇത് കഴിച്ചുകൂടേ?" എൻറെ ചോദ്യം അപ്പൂപ്പനെ ചിന്താധീനനാക്കി.

"ഡാ... എനിക്കെത്ര പ്രായമുണ്ടെന്നാ നിൻറെയൊക്കെ വിചാരം?  ഈ നെല്ലിക്ക തിന്നുന്നത് കൊണ്ടുമാത്രമാ നടുനിവർത്തി നടക്കാൻ പറ്റുന്നെ... അറിയുമോ നെനക്ക് ?"

എന്നാൽ ആൺകുട്ടികൾ ആരും നെല്ലിക്ക കഴിച്ച് ചെറുപ്പമാകാൻ ആഗ്രഹിച്ചില്ല.  കാരണം എത്രയും പെട്ടെന്ന് വളര്‍ന്നു വലുതാകനാണ്  ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. വലുതായാല്‍ മൂത്തവർ വഴക്ക് പറയില്ല, സ്കൂളില്‍ പോകണ്ട, മുണ്ട് മടക്കിയുടുത്ത് നടക്കാം. ബീഡി വലിക്കാം. അങ്ങനെ വലിയ ചിന്തകൾ ആയിരുന്നു മനസ്സിൽ.  എങ്കിലും ഞങ്ങള്‍ കൊതിയോടെ നോക്കി. വായ്ക്കുമുന്നിൽ വേദാന്തത്തിന് സ്ഥാനമെവിടെ?  കമർപ്പും, പുളിപ്പും, മധുരവും ഞങ്ങൾ ചവച്ചിറക്കി.

നെല്ലിക്കാഅപ്പൂപ്പൻ  കുത്തകയായി മരച്ചുവട് കയ്യടിക്കിവച്ചിരിക്കുന്ന കാലഘട്ടത്തിലാണ് അയാളിൽ ഭീതിവിതച്ചുകൊണ്ട്  പുതിയൊരു തമിഴന്‍ നെല്ലിക്ക കച്ചവടവുമായി വന്നത്.  മലയാളം പറയാന്‍ അറിയാത്ത അണ്ണാച്ചി ആദ്യം അപ്പൂപ്പനെ തമിഴിൽ പല്ലിളിച്ചുകാണിച്ചു. ലോഹ്യം കൂടാൻ നോക്കി.  എന്നാൽ  അപ്പൂപ്പനുണ്ടോ അയാളുമായി കൂടുന്നു? അപ്പൂപ്പൻ അയാളെ അവഗണിച്ചു.  മരത്തണലിൽ നിന്നുമാറി അയാൾ പൊരിവെയിലത്ത് കുത്തിയിരുന്ന് കച്ചവടം തുടങ്ങി.  അപ്പൂപ്പൻറെ നാടൻ നെല്ലിക്കയ്ക്ക്‌ മുമ്പിൽ അയാൾ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന മുഴുത്ത് കൊഴുത്ത നെല്ലിക്ക ഞെളിഞ്ഞുനിന്നു.  മരത്തണൽ ഇല്ലെങ്കിലും ക്രമേണ അയാള്‍ അപ്പൂപ്പന്റെ ബിസിനസ്സിനു  പ്രഹരമായി മാറി. വര്‍ഷങ്ങളായി താന്‍ കൈവശം വച്ചിരുന്ന സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറിയ അയാള്‍ നല്‍കിയ പ്രഹരം ഒരുതരം വിഭ്രാന്തി അപ്പൂപ്പനില്‍ സൃഷ്ടിച്ചു. ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്കാ അപ്പൂപ്പനായതേയില്ല.

പ്രായവും, അവശതയും പിന്നീടുള്ള അപ്പൂപ്പന്‍റെ കച്ചവടത്തെ നന്നായി ബാധിച്ചു. അണ്ണാച്ചിയാകട്ടെ  പറ്റുന്ന രീതിയിൽ മലയാളം പഠിച്ചെടുത്തത് അപ്പൂപ്പന്‍റെ കച്ചവടത്തിൻറെ നടുവൊടിച്ചു.  തമിഴൻറെ മുറിമലയാളവും കച്ചവടത്തിലെ അഡ്ജസ്റ്മെന്റുകളും  അപ്പൂപ്പന് താങ്ങാന്‍ പറ്റാത്തതായിരുന്നു.

ആൺകുട്ടികൾക്ക്കഷ്ടം തോന്നി. പാവം! അയാളുടെ നെല്ലിക്കകള്‍ വാങ്ങാന്‍ കുട്ടികള്‍ കുറഞ്ഞു കുറഞ്ഞുവന്നു.  സ്വതവേ പിശുക്കനായിരുന്ന  അപ്പൂപ്പന്‍ തന്‍റെ കച്ചവടത്തില്‍ മെല്ലെ മെല്ലെ ചെറിയ ഇളവുകള്‍ ഒക്കെ ചെയ്യാന്‍ തുടങ്ങി.

ഒരു ദിവസം അണ്ണാച്ചി നെല്ലിക്കാ അപ്പൂപ്പൻറെ കച്ചവടത്തിനുമേൽ  അവസാന ആണിയടിക്കാനെന്നോണം പറഞ്ഞു.

"താത്താക്ക് വളിവ് ....ആസ്മാ.. നീങ്കൾ അതു സാപ്പിട്ടാൽ ആസ്മാ വന്ത് സത്തുപോവിടുവിൻകെ !"

വാർത്ത കാട്ടുതീ പോലെ പടർന്നു. വീട്ടിൽനിന്നും കുട്ടികൾ സ്‌കൂളിലേക്ക് ഇറങ്ങുമ്പോൾ അമ്മമാർ കുട്ടികൾക്ക് ഉമ്മയോടൊപ്പം താക്കീതും നൽകി.

"ആ അപ്പൂപ്പൻറെ കയ്യിലെ നെല്ലിക്ക വാങ്ങിക്കഴിക്കരുത്... ട്ടോ.."

മരച്ചുവട്ടിൽ അപ്പൂപ്പൻ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ച് കൂകി.

"നെല്ലിക്ക .. നല്ല നാടൻ നെല്ലിക്ക
നെല്ലിക്ക .. സുന്ദരന്മാരും, സുന്ദരിമാരും ആകാൻ നെല്ലിക്ക"

കുറച്ച് ആൺകുട്ടികൾ  ഒഴികെ ആരും അയാളുടെ അടുത്ത് വന്നില്ല. അയാളുടെ നെല്ലിക്കകൾ വെയിലേറ്റ് വാടിക്കരിഞ്ഞു. ഉണങ്ങി.

നഷ്ടം നെല്ലിക്കാഅപ്പൂപ്പന് മാത്രമായിരുന്നു! അയാളുടെ ആകെയുണ്ടായിരുന്ന വരുമാന ശ്രോതസ് നിന്നു. ഇനി കച്ചവടത്തിന് എവിടെപ്പോകാൻ?

നാട്ടുകാർ രണ്ടു ചേരിതിരിഞ്ഞു. "വരത്തൻ തമിഴനോ നാട്ടുകാരൻ അപ്പൂപ്പനോ വലുത്... പറയിൻ.." ചായക്കരക്കാരൻ കുഞ്ഞിക്കണ്ണൻ അലറി.

"എൻറെ കൊച്ചുങ്ങൾക്ക് ആസ്മാ വന്നാൽ നിൻറെ അപ്പൻ വന്നു ചികിൽസിക്കുമോ ?" അന്തോണി കാലികയറി മുണ്ട് ചുരച്ച്കയറ്റി.

വാക്കേറ്റം പലരും ഏറ്റുപിടിച്ചു.  സ്‌കൂൾ രാഷ്ട്രീയം കലങ്ങിമറിഞ്ഞു.

കാര്യങ്ങള്‍ അതിരുവിടുന്നു എന്നുകണ്ട ഹെഡ് മാസ്റ്റര്‍  അന്ത്യവിധി പ്രഖ്യാപിച്ചു. "സ്കൂള്‍ പരിസരത്ത് വഴിയോരക്കച്ചവടം നിര്‍ത്തിയിരിക്കുന്നു"

ഇന്റർവെൽസമയത്ത് സ്‌കൂൾ മതിൽക്കെട്ടിനുപുറത്ത് പോകാൻ നിരോധനാഞ്ജ.  പോയവർകൊക്കെ ചന്തിക്ക്കിട്ടി-ചൂരലിൻറെ രുചി.

കുറേദിവസത്തെ ഇടവേളക്ക് ശേഷം നെല്ലിക്ക അപ്പൂപ്പൻ വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഒരുകുട്ടിപോലും അയാളുടെ നെല്ലിക്ക വാങ്ങാൻ വന്നില്ല.  രാവിലെമുതൽ വെകുന്നേരം വരെ കാത്ത്, കാത്ത് അയാളിരുന്നു.  ആരും വന്നില്ല.  വൈകുന്നേരം സ്‌കൂളിലെ സാറന്മാരാരോ അയാളോട് പറഞ്ഞു.

"മൂപ്പീന്നേ ... മേലാൽ ഇവിടെ നെല്ലിക്കാ കച്ചവടത്തിന് വന്നേക്കരുത്... വേറെ എവിടെങ്കിലും പൊയ്ക്കോണം.."

പഴംചാക്കിൽ നെല്ലിക്കയും വാരിക്കെട്ടി, നരച്ചുതുളവീണ കാലൻകുടയും പിടിച്ച്  ഏന്തിയേന്തി അയാൾ നടന്നു നീങ്ങി. പടിഞ്ഞാറുനിന്നും സൂര്യൻറെ ചെങ്കിരണം ആ കാലൻകുടയിൽ തട്ടിച്ചിതറിയപ്പോൾ  ദൂരെയെങ്ങോ അയാൾ പോയിമറഞ്ഞു.

പിന്നീടാരും നെല്ലിക്കാഅപ്പൂപ്പനെ കണ്ടട്ടില്ല. ഒരിക്കലും.

രജനി സ്‌കൂളിൽ വരുമ്പോളും പോകുമ്പോളും ആ മരത്തിൻറെ ചുവട്ടിൽ നോക്കും. വിജനമായിക്കിടക്കുന്ന മരച്ചുവട് അവളുടെ സൗന്ദര്യത്തെ ഒത്തിരി പിന്നോട്ടടിച്ചപോലെ.  നെല്ലിക്ക അപ്പൂപ്പനെ കാണാതായശേഷം അവൾ വീട്ടിൽ രഹസ്യമായി കണ്ണാടിയെടുത്ത് മുഖം നോക്കാതെയുമായി.

അപ്പൂപ്പനിൽനിന്നും നെല്ലിക്കാ വാങ്ങിക്കഴിച്ച ആര്‍ക്കും വലിവ് വന്നതായി രജനിക്കറിയില്ല.

ആ മരത്തിൻറെ ചുവട്ടിൽ നിൽക്കുമ്പോൾ ഞാൻ എന്നോടുതന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്  'സത്യത്തിൽ അയാൾക്ക്  വലിവുണ്ടായിരുന്നുവോ?'

2 comments: