Thursday, March 3, 2011

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ - ഭാഗം ഒന്ന്

കിഴക്കോട്ടു വണ്ടി കാത്തുനില്‍കുമ്പോള്‍ പടിഞ്ഞാറോട്ട് ആയിരിക്കും പോകുന്നത്. വെറുതെ കവലയില്‍ ഇറങ്ങി നിന്നാല്‍ തരുണീമണികളുടെ ജാഥ ആയിരിക്കും. ഒരു പെണ്ണുകെട്ടാന്‍ നാട്ടില്‍ മുപ്പതു ദിവസത്തെ അവധി എടുത്തു പോകുന്നവന് പോകുന്നിടത്തൊന്നും നല്ല ഒരു  പെണ്ണിനെപോലും കിട്ടില്ല. ഏതാണ്ടിതുപോലെ ആയിപ്പോയി 2010-ലെ എൻറെ ഒരു  നാട്ടില്‍പോക്കും. അപശകുനങ്ങളുടെ ഒന്നിച്ചുള്ള ഘോഷയാത്ര  ആയിപ്പോയി ആ പോക്ക്. 

നാട്ടില്‍ പോകാന്‍ ഇന്റര്‍നെറ്റില്‍ ടിക്കറ്റ് പരതുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന അഡ്രസ്സ് ആണ് www.airindiaexpress.in. അതിലെ റേറ്റ്  നോക്കിയിട്ടേ ഇതര വിമാന കമ്പനികളുടെ വിലാസത്തിലേക്ക് പ്രവേശിക്കൂ. ഇപ്രാവശ്യവും അതുപോലെ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്, എമിരേറ്റ്സ്, ഇത്തിഹാദ് എല്ലാം നോക്കി. എയര്‍ ഇന്ത്യയും എയര്‍അറേബ്യയും ഏതാണ്ട് ഒരേ നിരക്ക്. സമയനിഷ്ഠക്കും സേവനത്തിനും എയര്‍അറേബ്യ എയര്‍ ഇന്ത്യയെക്കാള്‍ ആ സമയത്ത് മുമ്പിലാണ്, എങ്കിലും മഹാകവി "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം" എന്ന് പാടിയതിനാൽ രാജ്യസ്നേഹം തിളച്ചുപൊന്തി എയര്‍ ഇന്ത്യക്ക് തന്നെ ടിക്കറ്റ് എടുത്തു.  മംഗളൂരിൽ ഉണ്ടായ വിമാന ദുരന്തത്തിൻറെ മാറ്റൊലി അടങ്ങിയിട്ടില്ലാത്ത സമയം.  എയര്‍ ഇന്ത്യ എന്നത് "ഫിയര്‍ ഇന്ത്യ"  എന്ന് തോന്നിയെങ്കിലും സംഗതി ശുഭം ... ബുക്കിങ്ങും കഴിഞ്ഞു .. ടിക്കറ്റിന്റെ പ്രിൻറ് എടുത്ത് ഭദ്രമായി സൂക്ഷിച്ചുവച്ചു.

മാസങ്ങള്‍ കഴിഞ്ഞു. നാട്ടിലേക്ക് യാത്ര പോകേണ്ട ദിവസം ആയി. എല്ലാ പ്രവാസിയെയുംപോലെ മനസ്സില്‍ ഉത്സവമേളവുമായി അബുദാബിയില്‍ നിന്നും നാടകട്രൂപ്പുകാര്‍ ഉത്സവപറമ്പില്‍ കെട്ടുകെട്ടി പോകുന്നപോലെ വിമാനകമ്പനി അനുവദിക്കുന്ന അത്രയും ലഗ്ഗേജുമായി സഹപ്രവര്‍ത്തകന്‍ ശ്രീകുമാറിനൊപ്പം യാത്രതിരിച്ചു. അബുദാബിയില്‍ നിന്ന്  ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് വഴി (DIP) ഹെഡ് ഓഫീസിലേക്ക് ... HRDയില്‍ പേപ്പറുകൾ ഒപ്പിട്ട് പാസ്പോര്‍ട്ട് വാങ്ങി  തുടർയാത്ര.

ഒരു പതിനഞ്ചുമിനിട്ട് ആയിട്ടുണ്ടാകും, കാറിന്റെ ഇടതുവശത്ത് ഒരു പാളിച്ച അനുഭവപ്പെട്ടു. എന്‍റെ സുഹ്യുത്ത് റോഡിന്‍റെ അരികിലേക്ക് കാര്‍ നിർത്തി.  പുറത്തിറങ്ങിനോക്കിയപ്പോൾ  ഞങ്ങള്‍ ഞെട്ടിപ്പോയി! മുമ്പിലെ ഒരു ടയര്‍ വെടി തീര്‍ന്നിരിക്കുന്നു...!!??

ഞങ്ങള്‍ രണ്ടും അവിശ്വസനീയതയോടെ  മുഖത്തോടു മുഖം നോക്കി.  'ഈ കാര്‍ ആദ്യമായിട്ടാണ് പണി മുടക്കുന്നത്' ശ്രീകുമാർ പറഞ്ഞു. വല്ലാത്തോരു അപശകുനം തന്നെ.. ആലോചിക്കാനൊന്നും ഇല്ല അടുത്ത കാലത്ത് പഞ്ചർ ശരിയാക്കിയെടുത്ത ഒരു ടയറുണ്ട്. ഒന്നും ആലോചിക്കാനില്ല, അതെടുത്ത് ഇടുകതന്നെ. മരുഭൂമിയിലെ റോഡ് വാഹനങ്ങള്‍ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നു. നട്ടുച്ച നേരത്ത് വിയര്‍പ്പില്‍ കുളിച്ചു ഞങ്ങള്‍ ജാക്കി വച്ചു വണ്ടി ഉയര്‍ത്താന്‍ തുടങ്ങി.  ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചെയ്യുന്ന കാർ റിപ്പയർ. ചെറിയ കാര്‍ ആയതിനാല്‍ അടിവശം ഒന്നും കാണാനില്ല. ഒരു ഊഹത്തിന്റെ പുറത്താണ് ജാക്കിവച്ച് ഉയർത്തൽ കർമ്മം നിറവേറ്റുന്നത്. നാട്ടിലേക്ക് പോകാന്‍ ഇട്ടിരുന്ന കാല്‍ശ്രായി മരുഭൂമിയിലെ മണലില്‍ പൊതിഞ്ഞു. പെർഫ്യുമിന്റെ ഗന്ധം വിയർപ്പിൽ മുങ്ങിത്താണു.

കവിന്ന്വീഴുന്ന കുട്ടികള്‍ തറയില്‍ കിടക്കും പോലെയായിരുന്നു എൻറെ ശരീരത്തിൻറെ അവസ്ഥ. ആ കിടപ്പിൽ കാറിന്റെ നഗ്നത നോക്കും പോലെ ജാക്കി യഥാസ്ഥാനത്താണോ എന്ന് ഇടയ്ക്കിടെ ഞാൻ നോക്കുന്നുണ്ട്. ഏതാണ്ട് അരമണിക്കൂര്‍ ഞാനും സുഹ്യുത്തും പ്രയത്നിച്ച്ചപ്പോള്‍ കാര്‍ ജാക്കിയുടെ പുറത്തുകേറി നെഞ്ചും വിരിച്ചങ്ങനെനിന്നു.

സ്റെപ്പിനി എടുത്തു പുറത്തേക്കിട്ടു ഞങ്ങള്‍ അതിന്റെ പുറത്ത് ഒന്ന് ചവിട്ടി നോക്കി. ഇനി ഇത് ഒന്ന് ഫിറ്റു ചെയ്‌താല്‍ എത്രയും പെട്ടെന്ന് ശ്രീകുമാറിനു ഷാര്‍ജയിലും എനിക്ക് ദുബായ് എയര്‍പ്പോട്ടിലും എത്താം. നാട്ടില്‍ പോകാനുള്ള ഊർജ്ജം സിരകളിൽ നിറഞ്ഞുനിന്നതിനാൽ അതിവേഗം സ്റെപ്പിനി ഇട്ടു. ഒരുവിധത്തില്‍ ജാക്കി അഴിച്ചു പണി തീര്‍ത്ത സന്തോഷത്തില്‍ തിരിച്ചു കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആണ് ചങ്ക് പൊട്ടുന്ന ആ ദൃശ്യം കണ്ടത്. സ്റ്റെപ്പിനിയിൽ നിന്നും "ശൂ " എന്ന ശബ്ദത്തിൽ കാറ്റ് പുറത്തേക്ക് പോകുന്നു! ഇനി എന്തുചെയ്യും?  പൊരിവെയിലത്ത് ഞാനും സുഹൃത്തും നിന്നു വിയര്‍ത്തു.  ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിക്കാന്‍ തുടങ്ങി. പലരും ജോലിയുടെ തിരക്കിലാണ്. പെട്ടെന്ന് എത്താൻ പറ്റിയ ഒരു സ്ഥലത്തല്ല ഞങ്ങൾ നിൽക്കുന്നത്.  അവസാനം ഒരു കൂട്ടുകാരന്‍ വരാമെന്നേറ്റു . പാഞ്ഞു പോകുന്ന വണ്ടിക്കൊക്കെ ഞാന്‍ കൈ കാണിക്കാന്‍ തുടങ്ങി. ഒരുത്തനും നിര്‍ത്തുന്നില്ല.

സമയം നീങ്ങിക്കൊണ്ടേയിരുന്നു. ഞാന്‍ റോഡിലേക്ക് നീങ്ങിനിന്ന് കൈ ഉയര്‍ത്തി "സഹായം" ചോതിക്കുകയാണ്. ഭാഗ്യം !! മുന്നോട്ടു പോയ ഒരു പിക്കപ്പ് പുറകോട്ടു വരുന്നു! ദൈവത്തിനു നന്ദി. അതൊരു മലയാളി ആയിരുന്നു. ഇനി ഈ കാറ്റില്ലാത്ത ടയര്‍ ഊരി ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കൊണ്ടു കാറ്റടിച്ചു കൊണ്ടുവന്നു ഇടണം.   മലയാളി  സുഹൃത്ത്   അദ്ദേഹത്തിന്‍റെ പിക്കപ്പിലെ കമ്പി എടുത്തുകൊണ്ടു വന്നു. ഞങ്ങളുടെ കാറിന്‍റെ ജാക്കി തിരിക്കുന്ന കമ്പി ഞങ്ങളുടെ പ്രയോഗം കാരണം വളഞ്ഞു ഒരു പരുവമായി. അങ്ങനെ മൂവര്‍ ചേര്‍ന്ന് ടയര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിവേഗം പോയ ഒരു വാഹനം പെട്ടെന്ന് ബ്രെകിട്ടു നിര്‍ത്തി. ഭഗ്യം അത് ഞങ്ങളുടെ കമ്പനി വണ്ടി ആയിരുന്നു... പരിജയക്കരനായ ഡ്രൈവര്‍ വിവരം തിരക്കി...അപ്പോളേക്കും മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞിരുന്നു...ഊരിയ ടയര്‍ പുറത്തേക്ക് ഇട്ടു ആ പാവത്താന്‍ ഒന്ന് നടു നിവര്‍ത്തി. നന്ദിയുടെ വാക്കുകള്‍ പറഞ്ഞു ഞങ്ങള്‍ അയാളെ യാത്രയാക്കി. ഇനി കമ്പനി ഡ്രൈവര്‍ പാകിസ്ഥാനിയുടെ ഊഴം. തന്‍റെ വണ്ടിയില്‍ ടയര്‍ എടുത്തിട്ടു അയാള്‍ എന്നെയും കൂട്ടി അടുത്ത പെട്രോള്‍ പമ്പിലേക്ക്‌....സുഹൃത്ത് തന്‍റെ സുഹൃത്തിന്‍റെ വരവും നോക്കി ഫോണ്‍ വിളിച്ചു നിന്നു. .

ഞങ്ങള്‍ അതിവേഗം അടുത്തുള്ള പെട്രോള്‍ പമ്പില്‍ എത്തി. എത്രയും പെട്ടെന്ന് എയര്‍പോര്‍ട്ടില്‍ എത്തേണ്ട ആവശ്യം ഡ്രൈവറും മനസ്സില്‍ ആക്കിയിരിക്കുന്നു..!! ദൈവദൂതനെ പോലെ എത്തിയ ഡ്രൈവര്‍ക്ക് ഞാന്‍ നന്ദി പറഞ്ഞു... പെട്രോള്‍ പമ്പിലെ കാറ്റടിക്കുന്ന മെഷിന്റെ മുമ്പിലെ ഇഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നത്നോക്കാതെ   കാറ്റടിക്കാന്‍ മുന്നോട്ടു നീങ്ങി...ഞാന്‍ ആ നോട്ടീസിലേക്ക്‌ നോക്കി..." Machine is out of order" ദൈവമേ...കഷ്ടകാലത്തു മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്തോ? ഇനി എന്ത് ചെയ്യും??!

" അടുത്ത പെട്രോള്‍ പമ്പിലേക്കു പോകാം" ഡ്രൈവറുടെ തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉടനെ തന്നെ അടുത്ത പെട്രോള്‍ പമ്പിലേക്കു ഡ്രൈവര്‍ പറന്നു. ഭാഗ്യം!! മെഷീന്‍ പ്രവര്‍ത്തനക്ഷമമാണ്. ഈശ്വരന് നന്ദി. ടയറില്‍ ആവശ്യത്തിനു കാറ്റ് കുത്തി നിറച്ചു ഞങ്ങള്‍ തിരികെ ടയര്‍ ഊരി എടുത്ത വണ്ടിക്കരികിലേക്ക്. വീണ്ടും വണ്ടി ജാക്കി വച്ച് പൊക്കല്‍... കൈ റോഡില്‍ ഉരഞ്ഞു ചോര പൊടിയാന്‍ തുടങ്ങി.. ഒരു വിധത്തില്‍ ഞങ്ങള്‍ കാറ്റ് നിറച്ച ടയര്‍ ഇട്ടു. ശ്രീകുമാറിന്റെ സുഹൃത്ത് തന്‍റെ കമ്പനി ഡ്രൈവറുമായി കൂട്ടത്തില്‍ ഉണ്ടായിരുന്നു...

അങ്ങനെ ടയര്‍ മാറി, ഞങ്ങളുടെ കമ്പനി ഡ്രൈവെരോടും ശ്രീകുമാറിന്റെ സുഹൃത്തിനോടും യാത്ര പറഞ്ഞു ഞങ്ങള്‍ മുന്നോട്ടു യാത്രയായി...ഒരു വലിയ ദൌത്യം പൂര്‍ത്തിയാക്കിയ പോലെ...ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇനി ദുബായില്‍ ചെന്ന് വേണം പര്ച്ചസ് ചെയ്യാന്‍. അപ്രതീക്ഷിതമായി എത്തിയ കഷ്ടകലത്തെ ചീത്ത പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്ന്.. അങ്ങനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ ഒന്ന് നിര്‍ത്തി ടയര്‍ എങ്ങനെ ഉണ്ട് എന്ന് ഒന്ന് നോക്കാന്‍ തീരുമാനിച്ചു..ഒരു മനസമാധാനത്തിന്. റോഡരികില്‍ വണ്ടി നിര്‍ത്തി. ടയറിലേക്ക് നോക്കിയ ഞങ്ങളുടെ കണ്ണ് തള്ളിപോയി!! കാറ്റു അതിവേഗത്തില്‍ പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു നാള്‍ മുമ്പ് പഞ്ചര്‍ ആയിട്ട് ശരിയാക്കിയ ടയര്‍ ആണ്...  ബാധകള്‍ വിട്ടൊഴിയാതെ പിടികൂടിയിരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു. ഇനി അടുത്ത പെട്രോള്‍ പമ്പ് തന്നെ ശരണം. അവിടെ നിന്ന് കാറ്റടിച്ചാലും അത് എത്ര  നേരത്തേക്ക്?

ഇനി അടുത്ത പെട്രോള്‍ പമ്പ് തപ്പുക തന്നെ ശരണം.  അങ്ങനെ മുന്ന് നാല് പെട്രോള്‍ പമ്പില്‍ കയറി കാറ്റടിച്ചു , കാറ്റടിച്ചു ഒരു വിധത്തില്‍ ദുബായില്‍ എത്തി. എന്‍റെ സുഹൃത്ത് തന്‍റെ കാര്‍ ഇടണ്ട സ്ഥലത്ത് പാര്‍ക്ക് ചെയ്തു. ആകെ അവശരായ ഞങ്ങള്‍ അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു..... വലിയൊരു ഗര്‍ത്തത്തില്‍ നിന്നും കരകയറിയ പോലെ ഞങ്ങള്‍ക്ക്  ആശ്വാസം.. എനിക്ക് ഇനി ദുബായില്‍ ദയിരയിലേക്ക് പോണം .... സുഹൃത്തിന് ഷാര്‍ജക്കും... ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു... വലിയൊരു ആശ്വാസം എന്‍റെ മനസ്സില്‍ ചേക്കേറി.

പക്ഷെ അത് ഇതിലും വലിയ തലവേദനകളിലേക്ക് പോകുന്നതിന്റെ ആരംഭം ആണെന്ന് ഞാന്‍ അപ്പോള്‍ ഒരിക്കലും കരുതിയില്ല...

കഥ തീരുന്നില്ല...തുടരുകയാണ്...അത് രണ്ടാം ഭാഗത്തില്‍...!!!


No comments:

Post a Comment