Thursday, November 25, 2010

കാലത്തിന്റെ കുത്തൊഴുക്ക്...ജീവിതത്തിന്റെയും

കാലം. അതൊരു നദിപോലെയാണ് ജീവിതത്തില്‍. വര്‍ഷകാലത്ത് കൂലംകുത്തി കലങ്ങി മറിഞ്ഞും വേനല്‍ക്കാലത്ത് നഗ്നതകാട്ടിയും ഒഴുകി പോകുന്നു. ആ കുത്തൊഴുക്കില്‍ പലതും വിസ്മരിച്ചു പോവുകയും, പില്‍കാലത്ത് ഏതങ്കിലും അവസരത്തില്‍ കുത്തിഉണര്‍ത്തുകയും ചെയ്യുന്നു.

വെള്ളക്കാര്‍ ഇട്ടെറിഞ്ഞു പോയ ഭാരത്തെപോലെ ആയുരുന്നു പത്താം തരം ജയിച്ചുകഴിഞ്ഞ എന്‍റെ അവസ്ഥ. സര്‍ക്കാര്‍  സ്കൂളിലെ പത്താം ക്ലാസില്‍ നാല്പതു പേരില്‍ ജയിച്ച ഏഴുപേരില്‍  ഒരാള്‍. വിദ്യാഭ്യാസം എന്തിനെന്നോ, അതിന്‍റെ വില എന്തെന്നോ ചിന്തിച്ചിട്ടില്ലാത്ത പാമരനായ ഒരു വിദ്യാര്‍ഥി. തീര്‍ച്ചയായിട്ടും വീട്ടുകാര്‍ക്ക് വേണ്ടി നേര്‍ന്ന ഒരു വഴിപാടായി പോയിരുന്നു സ്കൂള്‍ ജീവിതം.

പതിനൊന്നാം  തരത്തിലേക്ക് കാല്‍ എടുത്തു വച്ചത് ഏറെ പ്രതീക്ഷ ഒന്നും ഇല്ലാതെ മേല്‍പറഞ്ഞ വഴിപാട്‌ തുടരാനായിട്ടു തന്നെയാണ് .  പഠിക്കന്‍ മിടുക്കരായ കുട്ടികളെ അത്ഭുതത്തോടെ നോക്കി നില്‍ക്കും ഞാന്‍ . എന്നെകൊണ്ട് സാധിക്കാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഉള്ള ഒരു കൌതുകം.അതില്‍ ഞാന്‍ ഏറ്റവും ആരാധനയോടെ നോക്കിനിന്നത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഇഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സില്‍ അതിവേഗം ഉത്തരം എഴുതുന്ന, അകൌണ്ടാന്സി ക്ലാസ്സില്‍ വേഗം പ്രോബ്ലം ചെയ്തു തീര്‍ക്കുന്ന, കോമ്മെര്‍സ് ക്ലാസ്സില്‍ അധ്യാപകരുടെ  ചോദ്യത്തിന് മണി മണി പോലെ ഉത്തരം പറയുന്ന ആ പെണ്‍കുട്ടി. കൂര്‍മ്മ ബുദ്ധിക്കാരി ആയിരുന്ന പെണ്‍കുട്ടി.

ജ്യോതി എന്ന ജ്യോതിര്‍മയി...

എനിക്ക് ജ്യോതി കൌതുകമായിരുന്നു. ഈ കുട്ടി എങ്ങനെ ഇത്ര മിടുക്കിയായി ഒക്കെ പഠിക്കുന്നു എന്ന് ഞാന്‍ സ്വയമേ പലവട്ടം ചോദിച്ചുപോയിട്ടുണ്ട്. ഇംഗ്ലീഷ് നേരെചൊവ്വേ കൂട്ടിവയിക്കാനറിയാത്ത ഞാന്‍ (നാലാം ക്ലാസ് മുതല്‍ പത്തുവരെ ഇംഗ്ലീഷ് ഒരു വിഷയം ആയി പഠിച്ചിരിക്കണം എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയം !!) മണി മണിയായി അട്യാപകരോടു ഉത്തരം പറയുന്ന ആ കുട്ടിയെ എനിക്ക് ഉള്ളില്‍ ഒത്തിരി ബഹുമാനം ആയിരുന്നു. അതിനു ആലങ്കാരികമായി ആ കുട്ടിയുടെ എളിമയും നാടന്‍ ശൈലിയില്‍ ഉള്ള വസ്ത്ര ധാരണവും (പാവാടയും ബ്ലൌസും ) പിന്നെ ചില ദിവസങ്ങളില്‍ നെറ്റിയില്‍ കാണപ്പെടുന്ന ചന്ദനക്കുറിയും...ഒക്കെ മിടുക്കിയായ ഒരു മലയാളി പെണ്‍കൊടിയുടെ ചിത്രം എന്നില്‍ വരച്ചിട്ടു.

പന്ത്രണ്ടാം ക്ലാസ്സില്‍നിന്നും അഞ്ചുപേരാണ് ജയിച്ചത്‌. അതിലൊരാള്‍ തീര്‍ച്ചയായിട്ടും ജ്യോതി ആയിരിക്കുമല്ലോ. ഈ പാമരന്റെ സ്ഥിതി വീടിനടുത്തുള്ള ശ്രീദേവി ക്ഷേത്രത്തില്‍  വെടി വഴിപാട്  നടത്തിയ സ്ഥിതിയും. എന്‍റെ ദുരവസ്ഥ അവിടെ നില്‍ക്കട്ടെ (മലര്‍ന്നു കിടന്നു തുപ്പെണ്ട ആവശ്യം ഇല്ലല്ലോ), നായികയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

പന്ത്രണ്ടാം ക്ലാസ്സിലെ വിജയം അറിഞ്ഞ ദിവസം ആരൊക്കെ ജയിച്ചു എന്നാ കൌതുകത്തിന് സ്കൂളിലേക്ക് പോയ ഞാന്‍ അവിടെ കണ്ടത് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി നില്‍ക്കുന്ന വിജയികളെയും അതില്‍ സ്വതസിദ്ധമായ എളിമയോടും  ചിരിയോടും നില്‍ക്കുന്ന ആ കുട്ടിയെ ആണ്.

അതിനു ശേഷം ജ്യോതിയെ ഞാന്‍ അപൂര്‍വ്വം ആയിട്ടെ കണ്ടിട്ടുള്ളു. ബികോമിന്  ചേര്‍ന്ന്  പഠിക്കുക്കുകയാണെന്ന് ഇടയ്ക്കു അറിഞ്ഞു. പില്‍ക്കാലത്ത് പഠിക്കാന്‍ മിടുക്കരായ കുട്ടി എന്നൊക്കെ ആരെങ്കിലും പറയുമ്പോള്‍ ആ മുഖം മനസ്സില്‍ ഓടിയെത്തുമായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. അതായതു ആദ്യം പറഞ്ഞ കാലത്തിന്റെ കുത്തൊഴുക്ക്. ഏന്തി വലിഞ്ഞു ഞാന്‍ പന്ത്രണ്ടാം തരാം കയറിക്കൂടി. പാമരന്റെ അലക്ഷ്യമായ യാത്ര വീണ്ടും അങ്ങനെ മുന്നോട്ടുപോകുന്നു. സഹപാടികളുടെ ഒക്കെ മുഖം അങ്ങനെ മനസ്സിന്റെ ചിത്രപ്പുരയില്‍ നിറം മങ്ങിത്തുടങ്ങി . പലരും പലവഴിക്ക് പിരിഞ്ഞു പോയി. ജീവിതത്തില്‍ നിലനില്പിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍. സഹപാഠികള്‍ ആയ പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചു പല സ്ഥലങ്ങളിലേക്ക് ചേക്കേറുകയും,  ആണ്‍കുട്ടികള്‍ പല  സംസ്ഥാനങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക് ഒക്കെ ജോലിക്കായി ചിന്നിചിതറുകയും  ചെയ്തു.

ഇതിനിടയില്‍ ഒരിക്കല്‍ എന്‍റെ ബിരുദാനന്തര ബിരുദത്തിന്റെ ഒന്നാം വര്ഷം ഞാന്‍ അപ്രതീക്ഷമായി നമ്മുടെ കഥാനായികയെ കണ്ടു , ഒരു ബാങ്കില്‍ വച്ച്. നാലഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ  കുട്ടിയില്‍ ഒരു വ്യത്യാസവും തോന്നിയില്ല. വേഷവിധാനം ഹാഫ് സാരിയിലേക്ക് മാറിയതല്ലതെ. തടിച്ച കുറെ ബുക്കുകള്‍ കയ്യില്‍പിടിച്ചു കുറെ കൂട്ടുകാരികള്‍ക്കൊപ്പം ബാങ്കില്‍ നിന്ന് പോകുന്നതിനു മുമ്പ് ജ്യോതി എന്നോട് ഒരു കാര്യം പറഞ്ഞു.
"എന്‍റെ കല്യാണമാണ്...അടുത്ത ആഴ്ച..."
തീയതിയും സമയവും ഒക്കെ പറഞ്ഞ ശേഷം, എന്നെ കല്യാണത്തിന്  ക്ഷണിക്കുകയും  ചെയ്തു, സ്വതസിതമായ ചിരിയോടെ ആ കുട്ടി  നടന്നകന്നു.

കാലം വീണ്ടും നിറഞ്ഞും, തെളിഞ്ഞും ഒഴുകികൊണ്ടിരുന്നു. ആ ഒഴുക്കില്‍  ഞാന്‍ ഗള്‍ഫിന്റെ തീരത്തേക്ക് വന്നടിഞ്ഞു. പഴയ സഹാപാടികളുമായി ഉള്ളബന്ധം ഒക്കെ ഈ കാലയളവില്‍ വേരറ്റു പോയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ്, അതായത് പന്ത്രണ്ടാംതരം കഴിഞ്ഞിട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി ആ കുട്ടിയുടെ ഫോണ്‍ നമ്പര്‍ എനിക്ക് കിട്ടി.നഷ്ടമായ കുറെ ബന്ധങ്ങള്‍  തിരികെ വന്നപ്പോള്‍ അതിലൂടെ  കിട്ടിയതാണ് ആ നമ്പര്‍. പഴയബന്ധങ്ങളില്‍ മലയാലപുഴക്കാരന്‍ ബിനു ഗുജറാത്തിലെ സൂറത്തില്‍, ഊട്ടുപാറയില്‍ നിന്നുള്ള സുനു ജോര്‍ജ്ജു സുഡാനിലെ കാര്ത്തുമില്‍, ഷിജു, ഷിജുഅച്ചനായി ഇടവകപള്ളിയില്‍, ഷാജി കമ്മ്യൂണിസ്റ്റുകാരനായി പിന്നിട് ജോലിചെയ്യുന്ന ഫാക്ടറി പൂട്ടിയപ്പോള്‍ ഓട്ടോ ഡ്രൈവറായി, സുനില്‍ സിനിമാ സംവിധായകനായി .......അങ്ങനെ ബന്ധങ്ങള്‍ക്കിടയില്‍ വന്നുഭവിച്ച വ്യതിയാനങ്ങള്‍ എത്രയോ വ്യത്യസ്തം!!

ഒരു വലിയ ജിജ്ഞാസ എന്‍റെ മനസ്സില്‍ ചെക്കെരിയിട്ടുന്റയിരുന്നു ജ്യോതിയുടെ നമ്പര്‍ കിട്ടുമ്പോള്‍. ഇന്ന് ആ കുട്ടി ഏതവസ്ഥയില്‍ ആയിരിക്കും? ഏതെങ്കിലും ബാങ്കിലോ, സര്‍ക്കരുദ്യോഗതിലോ ഉയര്‍ന്ന തസ്തികയില്‍ ആയിരിക്കണം. ഒരിക്കല്‍ ക്ലാസില്‍ കോമ്മെര്‍സ് പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ ഓരോരുതരയെയും വിളിച്ചു ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടി ഒരു അദ്ധ്യാപിക ആകണം എന്ന് പറഞ്ഞതോര്‍ക്കുന്നു. ഒരു പക്ഷെ ഏതെങ്കിലും സ്കൂളില്‍ കുട്ടികള്‍ക്ക് വിദ്യ ഓതി കഴിയുകയാരിക്കും ???

എന്തായാലും മനസ്സിനുള്ളിലെ കൌതുകവും ജിജ്ഞാസയും അധികം വച്ച്പൊറുപ്പിക്കാന്‍ പറ്റാതായപ്പോള്‍ ഞാനെന്‍റെ മൊബൈല്‍ എടുത്തു ... ജ്യോതിയുടെ നമ്പറിലേക്ക് വിളിച്ചു. വളരെ നേരം റിംഗ് ചെയ്തശേഷം മറുതലക്കല്‍ "ഹലോ"  എന്നാ ശബ്ദം കേട്ടു...ആദ്യം ഞാന്‍ എന്നെ പരിജയപെടുത്തി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും അധികം മിനകെടാതെ ആ കുട്ടിയെ മനസ്സിലായില്‍. ഞാന്‍ സുഖവിവരങ്ങള്‍ ഒക്കെ അന്വേഷിച്ചു. ഞാന്‍ എന്താണ് പ്രതീഷിച്ചതെന്നും ഏത് ജോലിയിലാണ് ഇപ്പോള്‍ എന്നും അന്വേഷിച്ചു. കിട്ടിയ മറുപടി തികച്ചും അത്ഭുതപെടുത്തുന്നതയിരുന്നു!!

അധികം വൈകാതെ ഞാന്‍ നാട്ടില്‍ അവധിക്കു പോയി. ആ യാത്രയില്‍ തമ്മില്‍ കാണാം എന്ന് ഞാന്‍ ജ്യോതിക്ക് വാക്ക് കൊടുത്തിരുന്നു. കാണാം എന്ന് പറഞ്ഞത് ആ വിളിയില്‍ ഞാനറിഞ്ഞു എന്‍റെ ഭാര്യയുടെ വീടിനടുത്താണ് ആ കുട്ടിയെ വിവാഹം കഴിച്ചു അയച്ചിരിക്കുന്നത് എന്ന്.

ഒരു ചാറ്റല്‍ മഴ പെയ്യുന്ന ദിവസം. ഞാന്‍ ആ കുട്ടിയെ വിളിച്ചു വീട്ടിലേക്കു വഴി ചോദിച്ചു. ആ വഴികളിലൂടെ കേവലം ഒരു നാടന്‍ മലയാളിയായി ഞാന്‍ നടന്നു തുടങ്ങി. ഇടക്കിടെ മൊബൈലില്‍ വിളിച്ചു ഞാന്‍ അവരുടെ വീടിനടുതെത്തി. വീടിന്‍റെ മുന്നില്‍ വിക്യതികളായ രണ്ടു കുട്ടികളോടൊപ്പം ജ്യോതി നില്‍ക്കുന്നു. സ്വതസിദ്ധമായ ചിരി. സസന്തോഷം എന്നെ വീട്ടിലേക്കു ക്ഷണിച്ചു.ഞങ്ങളുടെ സംസാരം തുടങ്ങവെ നല്ലൊരു ചായ കിട്ടി. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. അതത്രയും പതിനൊന്നും, പന്ത്രണ്ടും ക്ലാസ്സുകളിലെ വികുതികളും അന്നത്തെ സഹപാടികളുടെ ഇന്നത്തെ വിശേഷങ്ങളും ഒക്കെ തന്നെ.

അപ്പോള്‍ ഞാന്‍ എന്റെ കൌതുകത്തോടെ, ജിജ്ഞാസയോടെയുള്ള ബാക്കിഭാഗം സംസാരിച്ചു. ജ്യോതി ഇന്ന് ഒരു നല്ല വീട്ടമ്മയായി കഴിയുന്നു !! രണ്ടു ആണ്‍കുട്ടികള്‍, പട്ടാളക്കാരനായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ശാരീരിക സുഖം ഇല്ലാത്ത മാതാപിതാക്കള്‍....അവരെ ശുശ്രൂഷിച്ചും കുട്ടികളെ നോക്കിയും ഒക്കെ ജീവിതം മുന്നോട്ടുപോകുന്നു. അന്ന് ഫോണ്‍വിളിയില്‍ പൂണ്ട അത്ഭുതം ആ നാവില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ എന്‍റെയുള്ളില്‍ നേരിയ ഒരു വേദന തോന്നി. 
"താന്‍ പഠിച്ചതും , കഷ്ടപെട്ടതും, എല്ലാത്തിലും ഒന്നാമതും ഒക്കെ പാഴായി പോയല്ലോ"
എന്‍റെ വാക്കുകള്‍ ഒക്കെ കേട്ട് ആ പാവം വെട്ടം ഒന്ന് ചിരിച്ചു. ആ ചിരിയില്‍ മൂടിക്കിടക്കുന്ന വേദന എനിക്ക് അനുഭവിക്കാനായി. ഒരു ജോലി നേടുക എന്നത് ആ കുട്ടിയുടെ ഏറ്റവും വലിയ അഭിലാഷമായിരുന്നു. 

'ഒക്കെ എന്‍റെ വിധിയാണ്....ഇപ്പോള്‍ ഈ തിരക്കിനിടെ എനിക്കതൊന്നും ചിന്തിക്കാന്‍ സമയം പോലും കിട്ടുന്നില്ല"

അതായിരുന്നു ആ കുട്ടി അവസാനം കണ്ടെത്തിയ ആശ്വാസം. 

പ്രതീക്ഷകള്‍ അതെങ്ങും എത്തുന്നില്ല....വേദനയുടെ കാഠിന്യം ഏറിയ മുരിപ്പെടുത്തലുകള്‍ക്കും ഇടയില്‍ ഒന്ന് ചിരിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്.....നിഷ്കളങ്കമായ ചിരി..!!

ഞാന്‍ തിരികെ നടന്നു. ജ്യോതിയും കുസൃതികളായ മക്കളും വേടൂ പുറത്തു എന്നെ യാത്ര അയക്കാന്‍ നില്‍ക്കുന്നു. ഞാന്‍ യാത്രപറയുമ്പോള്‍ അവരെ എന്‍റെ വീട്ടിലക്ക് ക്ഷണിച്ചു. അവരത് സ്വീകരിക്കുകയും ചെയ്തു...
ചാറ്റല്‍ മഴ വീണ്ടും തുടങ്ങി...കിഴക്ക് വലിയൊരു കാര്‍മേഖം ഉരുണ്ടുകൂടി. വലിയൊരു പേമാരിയെ ഗര്‍ഭത്തില്‍ ഏറിയ കാര്‍മേഘത്തിന്റെ കൂട്ടങ്ങള്‍. അവ താഴെ പതിക്കും മുമ്പെ വീട്ടില്‍ എത്തണം. എന്‍റെ യാത്ര നോക്കി പുറകില്‍ നിക്കുന്നു....ആറുകണ്ണുകള്‍ !

 " സാര്‍ എനിക്കൊരു ടീച്ചര്‍ ആകണം..." അധ്യാപകന്റെ മുന്നിലെ ആ പെണ്‍കുട്ടിയുടെ സ്വരം കാതില്‍ വന്നലച്ച്ചു കൊണ്ടേയിരുന്നു... 

**********                         ***************                             **************
വാല്‍കഷണം: കഴിഞ്ഞ ദിവസം ഒരു വര്‍ക്കര്‍ അവധിക്ക് അപേക്ഷിക്കാന്‍ എന്‍റെ മുന്നില്‍ വന്നു. എന്‍ജിനീയര്‍ ആ അവധി പാസാക്കാന്‍ പറ്റില്ല എന്ന് എന്നോട് ഇംഗ്ലീഷില്‍ ഘോര ഘോരം സംസാരിക്കുന്നു...അപ്പോള്‍ അതെ ഭാഷയില്‍ ഞങ്ങളോട് ആ ജോലിക്കരരനും ന്യായീകരിക്കാന്‍ തുടങ്ങി...ഞാന്‍ അയാളോട് എന്താണ് പഠിച്ചത് എന്ന് ചോദിച്ചു.. ബി.യെ എകനോമിക്സ് .... അതും കേരളത്തിലെ പ്രസസ്തമായ ഒരു കോളേജില്‍ നിന്ന്... പിന്നെ ആന്ദ്രയില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികളെ പഠിപ്പിക്കല്‍....ഇവിടെ ഇപ്പോള്‍ ഈ മരുഭൂമിയില്‍ പ്ലംബിംഗ് ഹെല്‍പര്‍ ..... എന്താണിങ്ങനെ ഒരു അവസ്ഥയില്‍ എത്തിയത് എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ അതിനു പറഞ്ഞ മറുപടി ഇതായിരുന്നു...."എന്‍റെ ജീവിതത്തില്‍ എല്ലാം അബദ്ധങ്ങള്‍ ആണ്...ഞാന്‍ ഇങ്ങനെ ഒക്കെ ആയി പോയി...."

അയാളുടെ മുഖത്ത്  പക്ഷെ ഒരു തരാം നിര്‍ജീവമായ അവസ്ഥ ആയിരുന്നു....സ്മശാന മൂകത....
------ ശുഭം -------

No comments:

Post a Comment