Tuesday, May 10, 2016

ഞാനും പഠാനും

ഏപ്രിൽ മാസത്തിലെ ഒരു  തിങ്കളാഴ്ച.  ഈസ്റ്ററ്റിന്റെ ഗന്ധം ദൂരെനിന്ന് കാറ്റിൽ അടുത്തടുത്ത് വരുന്നു.  ചില സത്യക്രിസ്ത്യാനികൾ അമ്പത് ദിവസം നോമ്പ് നോക്കുകയും, വേറെ ചില സത്യക്രിസ്ത്യാനികൾ നോമ്പ് നടിക്കുകയും, ചിലർ ഇനി മേളീന്നു ശാപം എങ്ങാനം വന്നു തലേൽ വീഴണ്ടാ  എന്നുവച്ച് അവസാന 25 ദിവസമോ,  പത്തു ദിവസമോ ഒക്കെ കഠിനവൃതം നോക്കുന്ന കാലം. നാട്ടിലാണേൽ 364 ദിവസവും പള്ളിയിൽ കേറാത്ത  കള്ളുകുടിയൻ പാപ്പി പോലും ദുഃഖ വെള്ളിയാഴ്ച്ചയോ ഈസ്റ്റർദിനത്തിലോ പള്ളിയിൽ കേറും. അല്ലേൽ എന്നാ?  ചത്തുകഴിയുമ്പോൾ നേരെ ശവപറമ്പീന്ന് നരകത്തിലോട്ട് ഒരെടുപ്പങ്ങേടുക്കും.  ഇത് ഞാൻ പറയുന്നതല്ല. പള്ളീലച്ചൻമാർ കാലാകാലം വിളംബരം ചെയ്തുകൊണ്ടിരിക്കുന്ന പരമസത്യം ആകുന്നു.

നമ്മൾ പറഞ്ഞുവരുന്ന സംഭവുമായി ഈ പള്ളി-ഈസ്റ്റർ പുരാണത്തിന് വലിയ ബന്ധമൊന്നുമില്ല കേട്ടോ.  ഒരു കഥ തുടങ്ങും മുമ്പ് എന്തെങ്കിലും പറഞ്ഞുവെച്ചില്ലെങ്കിൽ എഴുതുന്നവർക്ക് എന്ത് സുഖം? (വായനക്കരെന്റെ സുഖം ആർക്കു വേണം?) എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്.  സഹൃദയരായ വായനക്കാർ ഇതൊക്കെ മനസ്സിലാക്കിക്കോണം.

പുറത്ത് ക്രയിനുകൾ, ട്രക്കുകൾ,  ബോബ് ക്യാറ്റുകൾഎന്നിവയുടെ കാതടപ്പിക്കുന്ന ശബ്ദം.  അതിനു താളം പിടിക്കാൻ എഫ്.ജി. വിൽസൻ  ജനറേറ്ററുകൾ, ഫോർമാൻമാരുടെ ശബ്ദകോലാഹലം....ശബ്ദമലിനീകരണം പുറത്തെവിടെയും നീണ്ടുനിവർന്നു കിടക്കുന്ന കൺസ്ട്രക്ഷൻ സൈറ്റ്.  ഏതോ കാരണവന്മാർ ചെയ്ത സുകൃതം- എനിക്ക് ആപ്പീസിനകത്താണ് ജോലി.

വലതുകൈ മൗസിലും, കണ്ണുകൾ മോണിട്ടറിൽ തെളിഞ്ഞു നിൽക്കുന്ന എക്സെൽ ഷീറ്റുകളിലും വ്യാപൃത മായിരിക്കുമ്പോൾ  ഓഫീസിലെ പഠാൻ ഡ്രൈവർ വന്ന് മുന്നിൽ നിന്നത് അറിഞ്ഞില്ല.

"സർജി .... ആപ് ബിസി ഹേ ക്യാ?"

ഞാൻ തല ഉയർത്തി നോക്കി. "ഖാൻ". മൌസിന് വിശ്രമം കൊടുത്തുഞാൻ അയാൾക്ക്‌ കൈകൊടുത്തു.

"ആജ് കാ ഡ്യൂട്ടി...."

അയാൾ പറഞ്ഞു മുഴിപ്പിക്കുന്നതിനു മുമ്പ് ഞാൻ രാവിലെ തയ്യാറാക്കിയ ട്രാൻസ്പോർട്ട് ഷെഡൂൾ ഒന്നെടുത്ത് നോക്കി.  ഉള്ളത് പറയാമല്ലോ, ഷെഡൂൾ ഉണ്ടാക്കുന്നതിനേക്കാൾ പാടാണ് പഠാനെ അത് പറഞ്ഞു മനസ്സിലാക്കുന്നത്. ലോകത്ത് ഉറുദു അല്ലാതെ വേറെ ഒരു ഭാഷയും വഴങ്ങത്ത, ഡ്രൈവിംഗ് ഒഴിച്ച് ബാക്കിയെല്ലാം തൻറെ പണിയാണ് എന്ന മട്ടിലുള്ള ആ നിൽപുണ്ടല്ലോ .. ആഹാ!  പലപ്പോഴും എനിക്ക് സംശയം ഉള്ള ഒരു കാര്യമാണ് ഞാൻ ഇയാൾക്കാണോ ഇയാൾ എനിക്കാണോ പണി കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന്.

ഈ ബാധയെ എങ്ങേനെലും ഒന്ന് ഒഴിപ്പിച്ചു ഓഫീസിൽ നിന്നിറക്കിയാലേ എനിക്ക് വല്ല പണിയും ചെയ്യാൻ പറ്റൂ.  ഒരു വിധത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി.  ഇനി ബാക്കി അങ്കം പഠാൻ പോകുന്ന വഴിയിൽ എന്നോട് ഫോണിൽ കൂടിയായിക്കോളും.

അയാൾ പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുമ്പോൾ  ഓഫീസ് ബോയി, നേപ്പാളി പയ്യൻ കയറി വന്നു.  ക്യാനിലെ പാലുകൊണ്ട് ഉണ്ടാക്കിയ റബ്ബർ പാലിൻറെ മണമുള്ള ചായയും താലത്തിൽ വച്ചാണ് അവൻ വരുന്നത്.  വന്നവഴി അവനും പഠാനും തമ്മിൽ എന്തോ രഹസ്യം പറയുന്നു,  ചിരിക്കുന്നു.  എന്താണാവോ ഇവർ തമ്മിൽ ഇത്ര വലിയ രഹസ്യം?  നേപ്പാളി പയ്യൻറെ മുഖത്ത് നാണം ഇരച്ചു കയറിയ പോലെ!   അവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ ആശയങ്ങൾ കൈമാറുന്നു.  പഠാൻ പോയി, പയ്യൻ വന്ന് ചായ എൻറെ മേശപ്പുറത്ത് വച്ചു.  റബ്ബർ പാലിൻറെ മണം  മൂക്കിലിടിച്ചു കയറി.

"ചോട്ടൂ.... നാളെമുതൽ എനിക്ക് സുലൈമാനി മതി...."

"ജി സാബ്..." അവൻ തല ചൊറിഞ്ഞു തിരിഞ്ഞു നടന്നു.

"ചോട്ടൂ.... ഒന്ന് നില്കൂ... നിന്നോട് ഖാൻ എന്താ പറഞ്ഞത്?"

അവൻ എനിക്ക് അഭിമുഖമായി തിരിഞ്ഞു.  അവൻറെ മുഖത്ത് ഒരു പരുങ്ങൽ. അവൻറെ പ്രൈവസിയിൽ  എവിടെയോ ഞാൻ കേറിയങ്ങ് തൊട്ടപോലെ പറയണോ അതോ വേണ്ടയോ എന്ന മാതിരി ആണ് ആ നിൽപ്പ്.

"സർ .. അത്..."

"ക്യാ ഹുവാ.... കുച്ച് പ്രോബ്ലം?... സീക്രട്ട് വല്ലതും ആണോ? എങ്കിൽ വേണ്ട.."

"നഹി സാബ്‌..."

അതങ്ങേറ്റു. എനിക്ക് സാറിനോട് ഒളിപ്പിക്കാൻ ഒന്നുമില്ലേ എന്ന മട്ടിൽ എന്നെ അവനൊന്നു നോക്കി.  ലോകത്തെ ഏറ്റവും സത്യസന്ധനായ വ്യക്തി താനാണെന്ന് പറയാൻ അവൻറെ മുഖം വെമ്പുകയായിരുന്നു.

ഓഫീസിലേക്ക് ആൾക്കാർ വന്നും പോയുമിരുന്നു.  അത് കണ്ടിട്ട് അവൻ എന്റെ അടുത്തേക്ക് വന്നു.

"സർ ... ബാത് മേം ബോലേഗാത്തോ ചലേഗാ?..  ചായ ദേനെ കേ ബാത് ?"

"ഒകെ.. ചലോ.. മുഷ്കിൽ നഹി " ചായ കൊടുത്ത ശേഷം വന്നു പറഞ്ഞോളൂ. ഞാൻ ചിരിച്ചു.

മുഖത്ത് വലിയ സസ്പെന്സ് ഒന്നും കാണിച്ചില്ലെങ്കിലും എൻറെ മനസ്സ് അങ്ങിനെ അല്ലായിരുന്നു.  പഠാനും ഇവനും തമ്മിൽ എന്തോ ഉടായിപ്പ് ഉണ്ട്...എന്തോ രഹസ്യ ഇടപാട്! എന്താണത്?  എന്തോ, സസ്പെൻസ് പണ്ടേ എനിക്ക് ഇഷ്ടമാല്ലത്തതാണ് ...

ഉച്ചയായി. ഡ്യൂട്ടിക്കിടയിലെ വലിയ ഡ്യൂട്ടിയായ ലഞ്ചുകഴിക്കാൻ ഫോർമാന്മാർ, എഞ്ചിനീയർമാർ ഒക്കെ ദേശാടനപക്ഷികൾ സങ്കേതം തേടി എത്തുന്ന പോലെ സൈറ്റിൽ നിന്നും ഓഫീസ് ക്യാബിനുകളിലേക്ക് ചേക്കേറാൻ തുടങ്ങി.  ഇടയ്ക്കിടെ നേപ്പാളിപയ്യൻ  മുന്നിൽ വന്നുപോയെങ്കിലും ക്യാബിനിലെ ആൾത്തിരക്ക് കാരണം സസ്പെൻസ് ഇതുവരെ പുറത്തായിട്ടില്ല.

ഊണ് സമയം. ചെക്കൻ വെള്ളവുമായി വന്നു.  ആരുമില്ല. ഇത് തന്നെ തക്കം!

"ചോട്ടൂ...."

" ജി സർ .."

"രാവിലത്തെ കാര്യം നീ ഇതുവരെ പറഞ്ഞില്ല....." ഞാൻ എൻറെ നീരസം പുറത്ത് കാണിച്ചു.  അവൻ നിന്ന് തലചൊറിഞ്ഞു.

"സർജീ ....."  അവൻ പരുങ്ങുന്നു.

"ക്യാ ഹുവാ?  ബോലോതോ സഹി..?!"

അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.  ചാരന്മാർ ആരും ചാരെയില്ലെന്ന് ഉറപ്പു വരുത്തി.

"നമ്മുടെ ഖാൻ ഭായിക്ക് ഒരു സെറ്റപ്പ് ഉണ്ട്..."

"സെറ്റപ്പ് ? എന്ത് സെറ്റപ്പ്?"

ഞാൻ പാവം... ശിശു.  ഒന്നും അറിയാത്തവൻ.  അവൻ എന്നെ ഒന്നുഴിഞ്ഞുനോക്കി.  ഇയാൾ എന്ത് ഊളനാ എന്നൊരു ഭാവം അവൻറെ നേപ്പാളി കണ്ണുകളിൽ  ഒളിച്ചിരിക്കുന്നുണ്ടോ?  എന്നാലും വേണ്ട,  ഇവൻ സസ്പെൻസ് ഒന്ന് പൊളിച്ചുകിട്ടിയാൽ മതി.

"സെറ്റപ്പ് എന്ന് വച്ചാൽ.... ഒരു പെണ്ണ്! ശ്രീലങ്കകാരിയാ...."

അവൻറെ കുഞ്ഞികണ്ണ് പുറത്തേക്ക് ഉന്തിവരുന്നുണ്ടോ?  എൻറെ മുഖത്തെ സംശയഭാവം കണ്ടിട്ടാകണം അവൻ സംഭവം ഒന്ന് കൂടി കോണ്ക്രീറ്റ് ഇട്ട് ഉറപ്പിച്ചു.

"സത്യമായിട്ടും സാർ...."

പിന്നീട് അവൻ പറഞ്ഞതിൻറെ സംഷിപ്തരൂപം എൻറെ വായനക്കാർക്ക് വേണ്ടി ഞാൻ പങ്കു വയ്ക്കുന്നു.  പഠാന് ഒരു ശ്രീലങ്കകാരി സ്ത്രീയുമായി വർഷങ്ങളായി  സെറ്റപ്പ് ഉണ്ട്.  എല്ലാ ആഴ്ചയിലും പഠാൻ അവരെ ഒരു വട്ടമെങ്കിലും കണ്ടിരിക്കും.  പ്രത്യേകിച്ച് വ്യാഴാഴ്ച.   ഈ സീക്രട്ട് നേപ്പാളി പയ്യൻ കണ്ടുപിടിച്ചു. അവൻറെ കുഞ്ഞി മനസ്സിൽ ഒരാഗ്രഹം.  അവനു കൂടി അവരെ ഒന്ന് ട്യൂൺ ചെയ്തു കിട്ടണം. അവസാനം പഠാൻ അവന് ഉറപ്പു കൊടുത്തു.  അത് എന്നാണെന്ന് ഉറപ്പിക്കാൻ ആണ് അവൻ അയാളുടെ പുറകെ നടക്കുന്നത്!

കൊള്ളം.  നല്ല ഇൻഫർമേഷൻ!  അമ്പെടാ നേപ്പാളീ.... ഞാൻ അവനെ ഒന്ന് മൊത്തത്തിൽ നോക്കി.  നാണം നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് അവൻ എൻറെ അടുത്ത് നിന്ന് രക്ഷപെട്ടു.

വൈകുന്നേരം. പഠാൻ ഞാൻ കൊടുത്ത പണി ഒക്കെ ഒരു വിധത്തിൽ തീർത്ത് (അഥവാ എനിക്ക് പണി തന്ന ശേഷം) തിരികെ വന്നു.  ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ താൻ അനുഭവിച്ച പ്രയാസങ്ങൾ നിരത്താൻ  തുടങ്ങി.  വളരെ കഷ്ടപെട്ട്, ബുദ്ധിമുട്ടി എല്ലാം ചെയ്തു തീർത്തു എന്ന് സ്ഥാപിച്ചു.  ഇനി ഒന്ന് വിശ്രമിക്കട്ടെ എന്നമാതിരി അയാൾ തിരികെ നടന്നപ്പോൾ എൻറെ ഒരു ചോദ്യം അയാളെ പിൻപറ്റി.  പഠാനെ അത്ഭുതത്തിൽ ആക്കിയ ചോദ്യം.

"ആപ്കാ  ഗേൾ ഫ്രെണ്ട് ശ്രീലങ്കവാലി കൈസാ ഹൈ ?"

അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എൻറെ അടുത്തേക്ക് തിരിഞ്ഞു നടന്നു. എന്നിട്ട് ഒരു ചോദ്യം.

"കോൻ ??!!"

"ശ്രീലങ്ക വാലി.... ലട്കി..."  കിലുക്കത്തിൽ നിശ്ചലിനെ അടിക്കാൻ വരുന്ന സമദ്ഖാനെ എനിക്ക് ഓർമ്മ വന്നു.  എന്നെ ഇയാൾ ഒരു നിമിഷം സ്റ്റിൽ ഫോട്ടോഗ്രാഫി ഓഫ് ഇന്ത്യ ആക്കുമോ എന്ന് ഞാൻ ചിന്തിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് പഠാൻമാരെ അറിയുന്നവർക്ക് മനസ്സിലാകും.

"സർജീ .... അങ്ങയോട് ഇതാരാണ് പറഞ്ഞത്?"

ഓഫീസിൽ ഇരിക്കുന്ന എനിക്ക് ഇതല്ല ഇതിനപ്പുറവും കണ്ടു പിടിക്കാൻ സാധിക്കുമെടാ കൂവേ എന്ന് ഞാൻ ഒരു കീച്ചങ്ങു കീച്ചി. അതേറ്റു.  അയാൾ മനസ്സ് തുറന്നു. ഇതൊക്കെ അല്ലാതെ നമ്മൾക്കൊക്കെ ഗരീബുകൾക്ക് എന്ത് ജീവിതം എന്ന രീതിയിൽ കുറെ തത്വങ്ങളും.

എനിക്ക് ഒരു കുസൃതി തോന്നി.  ഇയാൾ പോകും മുമ്പ് ഒന്ന് പറ്റിച്ചാലോ?

"ഖാൻ ഇനി അവിടെ  പോകും മുമ്പ് എന്നെ കൂടി വിളിക്കുമോ?"

അയാൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.  എന്നിട്ടൊരു ചിരി.  ഇന്ത്യയുടെ മേൽ പാകിസ്ഥാന്റെ അനിവാര്യമായ ജയം പോലെ.  'ഗൊച്ചുഗള്ളൻ ' അയാൾ മനസ്സിൽ നൂറുശതമാനം പറഞ്ഞിട്ടുണ്ടാകും.

"കോയി ബാത്ത് നഹീ... ജുഗാട് കരേഗാ..."

അയാൾ പോയികഴിഞ്ഞപ്പോൾ ആണ് ഒരു സത്യക്രിസ്ത്യാനി നോമ്പ്കാലത്ത്  പറായാൻ പറ്റാത്തത് പറഞ്ഞുപോയല്ലോ എന്ന് ഓർത്തത്.  പാപത്തിൻ ശമ്പളം മരണം! ഞാൻ ഈശോ മറിയം യൌസേപ്പേ മനസ്സിൽ വിചാരിച്ചു മോണിട്ടറിൽ നോക്കിയിരുന്നു.  പരിഹാരം എന്ന നിലയില ഗൂഗിൾ ഇമേജ് സെർച്ചിൽ കേറി ഒന്ന് രണ്ട് വിശുദ്ധൻമാരുടെ ഫോട്ടോ നോക്കി മനസ്താപം കൂടി  നടത്തി.

മരുഭൂമിയിൽ  ദിവസങ്ങൾ എത്ര വേഗം കൊഴിഞ്ഞു പോകുമെന്ന് ഞാൻ ആരോടും പറയണ്ട കാര്യമില്ല.  വ്യാഴാഴ്ച വന്നെത്തി.  എങ്ങും വീകെൻഡ് പ്രതീതി.  ഇന്ന് ഹാഫ്ഡേ ആണ്.  ഒരുമണി വരെ ജോലി. പണികൾ തീർത്ത് കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്യാനുള്ള പുറപ്പാടിലാണ് ഞാൻ .  പെട്ടെന്ന് മാനത്തു നിന്നെന്ന പോലെ പഠാൻ മുന്നിൽ പ്രത്യക്ഷപെട്ടു.

"സർജീ .... എന്തുണ്ട്. സുഖമാണോ?"

ഇവനെന്ത് പറ്റി?  ഇന്ന് രാവിലെയും കണ്ടപ്പോൾ ചോദിക്കാത്ത കുശലാന്വേഷണം?  ഞാൻ മുഖമുയർത്തി അവൻ തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി.  അതെ. ഇയാൾക്ക് ഇപ്പോൾ സ്റ്റാഫ് ട്രിപ്പ്‌ ഉണ്ടല്ലോ, പിന്നെന്താണ്? മനസ്സിൽ കരുതി.

"ടീകെ.... ക്യാ ഹുവാ.... ബോലിയെ .."

"ഓർ ....വൈകിട്ട് എന്താ പരിപാടി?"  ലാലേട്ടന്റെ പരസ്യം ഓർമ്മിപ്പിക്കുന്ന ചോദ്യം.

"പ്രത്യേകിച്ച് ഒന്നുമില്ല. ഭാര്യയുമായി ഫോൺ വിളി... ചാറ്റിങ്ങ്..."

പഠാൻ എൻറെ അടുത്തേക്ക് നീങ്ങിനിന്നു. എന്നിട്ട് ഒച്ചകുറച്ച് പറഞ്ഞു.

"അത് കള ... ഭാര്യയുമായി എന്നും സംസാരിക്കുന്നതല്ലേ.... ഒരു ദിവസം സംസാരിച്ചില്ലേലും കുഴപ്പമില്ല..."

ഇയാൾ എന്താ പറഞ്ഞു വരുന്നത്? ഞാൻ ചിന്ത മുഴുപ്പിക്കുന്നതിനു മുമ്പ് പരിസരം ഒന്നു വീക്ഷിച്ച് അയാൾ തുടർന്നു.

ഇന്ന് വൈകിട്ട് മറ്റേ സെറ്റപ്പ് റെഡിയാക്കിയിട്ടുണ്ട്....!!

എൻറെ ഉള്ളൊന്നു പാളി. ഏതു സെറ്റപ്പ്?  ഞാൻ നിഷ്കളങ്കത ഭാവിച്ചു.  അയാൾ എന്നെ കൌതുകത്തോടെ നോക്കി.

"അപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞത് സർജി മറന്നോ? മറ്റേ സെറ്റപ്പ് .... ശ്രീലങ്ക വാലി...?"

ഞാൻ കുടുങ്ങി. പഠാന്റെ ചോദ്യം ശരിക്കും ധൃധരാഷ്ട്രാലിംഗനം പോലെ തോന്നി.

"ഖാൻ... എനിക്ക് സുഖമില്ല.... ഇനി ഒരിക്കലാവട്ടെ..."

"വേണ്ട.. വേണ്ട... ഞാൻ പല പരിപാടികൾ മാറ്റി വച്ചാണ് ഇതൊപ്പിച്ചത്‌.... ഒന്നും പറയണ്ടാ.. വൈകിട്ട് ഏഴുമണിക്ക് ഞാൻ റൂമിൽ എത്തും.. നമുക്ക് ഒന്നിച്ചുപോകാം.."

പെട്ടു. ഇത് ഒരുനടക്ക് പോകുന്ന ലക്ഷണം ഇല്ല.  ഈ ഊരാക്കുടുക്കിൽ നിന്ന് ഊരാൻ എന്താ വഴി?  പഠാൻ ആകട്ടെ ദേവേൻമാരിൽ നിന്നും അമൃത് അടിച്ചു മാറ്റി കൊണ്ടുവന്ന് നില്ക്കുന്ന പോലെ ഒരു നിൽപ്പും.

"ഖാൻ ഭായീ.... ഞാൻ വെറുതെ.. തമാശക്ക് പറഞ്ഞതല്ലേ?"  ഞാൻ ഒഴിയാൻ ഉള്ള അടുത്ത അടവെടുത്തു.

"ക്യാ..... എന്ത് തമാശ?  ഇതാണോ തമാശ.."  ആ ചോദ്യത്തിൽ കാര്യമുണ്ട്.  കളി കാര്യം ആവുകയാണ്.  എഴാം പ്രമാണം തമാശിക്കാനുള്ളതല്ല.

"നോക്കൂ... ഖാൻ,  ഞാൻ കല്യാണം ഒക്കെകഴിച്ചു നാട്ടിൽ ഭാര്യയും കൊച്ചും ഒക്കെയുള്ളതല്ലേ ?.."

"പിന്നെ ഞാനോ?  എനിക്കാന്നേൽ  അഞ്ചുപിള്ളാരും ഉണ്ട്. അതും ഇതുമായി എന്ത് ബന്ധം?  പിന്നെ ഒരു കാര്യം... അമ്പത് രൂപക്കാണ്  ഞാൻ സെറ്റ് ചെയ്തിരിക്കുന്നെ "

ഒത്തു.  എൻറെ ഭാര്യ കേൾക്കണ്ടാ. പഠാൻ മുന്നിൽ ഗോലിയാത്തിനെ പോലെയങ്ങു നിൽക്കുകയാണ്. എന്നിട്ട് പറഞ്ഞു.

"സബ് ചോടോ.... ആപ് സാത് ബജേ റെഡി ഹോജാവോ...."

ഈ മറുതായെ ഒന്ന് ഓടിക്കാൻ ആരെങ്കിലും വായോ... എന്ന് ഞാൻ മനസ്സാ പറഞ്ഞുപോയി.  ഇയാളോട് തമാശ ഒരിക്കലും പറയരുത്. കാര്യമായി എടുക്കും.  മാത്രവുമല്ല ഇന്നിയാൾ എൻറെ ചാരിത്ര്യവും നശിപ്പിക്കും! (എനിക്കും അങ്ങനെ ഒരു സംഭവം ഉണ്ട് കേട്ടോ). അമ്പത് നോമ്പ്... ഈസ്റ്റർ പുണ്യം.... നരകം...!!  ഈശ്വരൻ മാരെ....!!  രാജസഭയിൽ പാഞ്ചാലി വസ്ത്രാക്ഷേപ വേളയിൽ വിളിച്ച പോലെ ഞാനും മനസ്സിൽ ഒന്ന് വിളിച്ചു.   ചേർപ്പിക്കാൻ കൊണ്ടുവന്നു നിർത്തിയിരിക്കുന്ന കാളയെപ്പോലെ മുക്രയിടുന്ന ഇയാളോടാണോ ഏഴാം പ്രമാണവും സുന്നഹദോസും?

അവസാനം എന്തും വരട്ടെ എന്ന മട്ടിൽ ഞാൻ ഒരു പറഞ്ഞു.

" പൈസാ വിട്ടുകള.  ഭായി.....ഞാൻ ഒരു തമാശക്ക് പറഞ്ഞാതാണ്. എനിക്ക് ഇതിൽ ഒട്ടും താൽപര്യം ഇല്ല. എന്നെ വിട്ടേര് .."

ഒരു നിമിഷം.  നിശബ്ധത. പഠാൻ തല ഒന്ന് താഴ്ത്തി.  എന്നിട്ട് എന്നോട് പറഞ്ഞു.

"ബസ് .... ചോടോ..... എനിക്കെല്ലാം മനസ്സിലായി..!  എങ്കിൽ അമ്പത് പോട്ടെ... ഇരുപത്.... നമുക്ക് ശരിയാക്കാം.  ഞാൻ പറഞ്ഞാൽ അവൾ കേൾക്കും... ഇരുപത്"

സത്യസന്ധമായ ആ വിലപേശൽ കേട്ട് ഞാൻ ഒരപരാധിയെപോലെ നിന്നു.  എൻറെ നെഞ്ചത്ത് പൊങ്കാലഇട്ടേ ഇയാൾ പോകൂ.

"ഇല്ല.  ഭായി, അമ്പതും, ഇരുപതും ഒന്നുമില്ല..... എന്നെ വിട്ടേര് ...."

നിഷ്കരുണമുള്ള എൻറെ നിരസിക്കൽ കേട്ട് അയാളുടെ മുഖം ചുവന്നു തുടുത്തു.  തൻറെ ആതിഥ്യം ഞാൻ നിരസിച്ചത് അയാൾക്ക് നല്ല ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട്.

"ഖാൻ......" ഞാനത് പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് നമ്മുടെ നേപ്പാളിപയ്യൻ എവിടുന്നോ ഓടിക്കേറി വന്നു.

"നീ വരുന്നുണ്ടോ?...." പഠാൻ ഇരച്ചു കയറി വന്ന ദേഷ്യം അവൻറെ മുഖത്ത് നോക്കി തീർത്തു. നേപ്പാളി എന്നെ ഒന്ന് നോക്കി.  ആ നോട്ടം പുന്നെല്ലുകണ്ട എലിയുടെപോലെ എനിക്ക് തോന്നി. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു!

പഠാൻ  നേപ്പാളിയുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി.  പോകുന്ന പോക്കിൽ പിറുപിറു ക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

"കന്ജൂസ് മാർവാഡി ..... 20 രൂപ ചിലവാക്കാൻ ഇല്ല... കഷ്ടം!.. ബന്ദർ കാ ഹാത്ത് മേം ഫൂൽ  ദേഗാതോ...... ?? "

ഞാൻ കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്തു പുറത്തേക്കിറങ്ങി.

വീണ്ടും അതേ ശബ്ദ കോലാഹലം. ഷവൽ, ബുൾഡോസർ, ക്രെയിൻ, ഓഫ് റോഡ്‌ട്രക്കുകൾ, ജനറേറ്റർ .....  എല്ലാ ശബ്ദങ്ങൾക്കിടയിലും പഠാൻ അവസാനം പറഞ്ഞത് എൻറെ കാതിൽ മുഴങ്ങി...

"കന്ജൂസ് മാർവാഡി ....കന്ജൂസ് മാർവാഡി ....ബീസ് റുപ്പയാ കർച്ച കർനേകേലിയെ നഹി ...??!!"

No comments:

Post a Comment