Thursday, December 27, 2012

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും 

കുറെ ദിവസമായി,  ശവപ്പെട്ടിക്കാരന്‍ തന്‍റെ  മുന്നിലിരിക്കുന്ന കറുപ്പ് നിറത്തില്‍ കുരിശു പതിപ്പിച്ചതും ഉള്ളില്‍ വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞതുമായ ശവപ്പെട്ടികളിലേക്ക് നോക്കിയിരിക്കുകയാണ് . ദിവസങ്ങളായി  താന്‍ ഈ മേശക്കുമുന്നില്‍ തല കുമ്പിട്ട്‌ കുത്തിയിരിക്കുന്നതു മാത്രം മിച്ചം. എന്തോ,  ഇപ്പോള്‍ ആരും മരിക്കുന്നില്ലേ?

വര്‍ഷങ്ങളായി ജീവന്‍ വിട്ടകന്ന എല്ലാ ശരീങ്ങളെയും പള്ളികളില്‍ സംസ്കരീക്കുന്നനതു ഗ്രാമത്തിലെ അയാളുടെ കടയിലെ പെട്ടികളിലാണ്. പകല്‍ മുഴുവന്‍ ശവപെട്ടികള്‍ക്ക് കവലെന്നോണം അയാള്‍ അവിടെ കുത്തിയിരിക്കും. രാത്രിയുടെ യാമത്തില്‍ അയാള്‍, കടക്കുള്ളിലേക്ക് വലിയും. അവിടെ പണിപ്പുരയില്‍ ഉളിയും, കൊട്ടുവടിയും, കട്ടികുറഞ്ഞ മരത്തടികളും ഒക്കെയാണ് രാത്രി മുഴുവന്‍ അയാള്‍ക്ക്‌ കൂട്ടുകാര്‍. ലോകം ഉറങ്ങുമ്പോൾ നിത്യമായ ഉറക്കത്തിൻറെ അടയാളങ്ങളുടെ നിർമ്മിതിയുടെ താളം ഉളിയിൽനിന്നും കൊട്ടുവടിയിൽനിന്നും ഉയരും.  നേരം വെളുക്കുമ്പോള്‍ അയാള്‍ വീണ്ടും പുറത്തുവരും.

അയാള്‍ ഓര്‍ത്തു.. തന്‍റെ മുത്തച്ഛന്‍റെ കാലം തൊട്ടു തുടങ്ങിയ താണ് ഈ പണി . അഛ്നും , മുത്തച്ചനും മരണം നടക്കുന്ന വീട്ടില്‍ പോയി അവിടെ വച്ചു തന്നെ ശവപ്പെട്ടി ഉണ്ടാക്കുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ്‌  ഇതില്‍ താല്‍പര്യം തോന്നിയത്.

ഇന്ന് ആധുനിക മരുന്നുകള്‍ ഒക്കെ മരണത്തെ കീഴടക്കിയോ? പണ്ട് അങ്ങിനെയാണോ? പകര്‍ച്ച വ്യാധികള്‍ ഒക്കെ വന്ന് എത്ര പേരാണ് മരണപ്പെടുക? അഛനും, മുത്തച്ചനും ഒക്കെ നല്ല കോളായിരുന്നു...

ദിവസങ്ങളായി  ആരും ഇങ്ങോട്ട് എത്തി നോക്കുന്നുപോലുമില്ല. നരച്ച താടിരോമങ്ങളിലൂടെ  ശക്തി ക്ഷയിച്ച കൈത്തലം പരതികൊണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു. "...... ക്കെ യാണെങ്കിലും ആരും മരിക്കാതിരിക്കട്ടെ.."

വിഷമത്തോടെ അവിടെ വേറെ ഒരാള്‍കൂടിയുണ്ടായിരുന്നു . ഏറ്റവും മുകളിലെ ശവപ്പെട്ടി!

ശവപെട്ടി ഓര്‍ത്തു.. ഞങ്ങള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. ഒരേ അളവിലും, ഒരേ മരത്തിലും ഞങ്ങള്‍ മൂന്നുപേരെ അയാള്‍ ഉണ്ടാക്കി. ഒരാഴ്ച മുമ്പാണ് ഞങ്ങളില്‍ മൂന്നുപേരില്‍ ഒന്നാമനെ ഒരാള്‍ വാങ്ങിക്കൊണ്ടു പോയി. പിന്നെ താനും രണ്ടാമനും മാത്രമായി. ഇനി വരുന്നവര്‍ തങ്ങളില്‍ ആരെ ആണ് തിരെഞെടുക്കുക എന്നതിനെ ചൊല്ലി ഞങ്ങള്‍ രണ്ടും സ്ഥിരമായി തര്‍ക്കിക്കുമായിരുന്നു.

പിറ്റേദിവസം വന്നയാള്‍ രണ്ടാമനെ എടുത്തുകൊണ്ടു പോയപ്പോള്‍ മനസ്സില്‍ ഒത്തിരി വേദന തോന്നി. തന്നെ ആര്‍ക്കും വേണ്ടയല്ലോ എന്നതോന്നല്‍ കലശലായി. അതിനു ശേഷം ഇന്നുവരെ താന്‍ കാത്തിരുന്നു... കഷ്ടം.. ഞാന്‍ മാത്രം ഒറ്റക്കയല്ലോ. ഇനി വരുന്നവരും ഒരുപക്ഷെ തന്നെ തഴഞ്ഞ് മറ്റുപെട്ടി തിരെഞ്ഞെടുത്തു എന്നുവരും. തന്‍റെ  കഷ്ടകാലം! അല്ലെങ്കില്‍ ജന്മദോഷം!

ഇങ്ങനെ, കച്ചവടക്കാരനും, ശവപെട്ടിയും രണ്ടു ധ്രുവങ്ങളില്‍ നിന്ന് ഒരേ കാര്യം ചിന്തിച്ച് അന്നത്തെ പകലും എരിഞ്ഞടങ്ങി.

രാത്രി. കച്ചവടക്കാരന്‍  വൃദ്ധന്‍ പണി ആയുധങ്ങള്‍ കൈയ്യിലെടുത്ത് പണിപ്പുരയിലേക്ക് കയറി.  ഭക്ഷണം പോലും കഴിക്കാന്‍ അന്ന് അയാള്‍ക്ക്‌ തോന്നിയില്ല അഥവാ കഴിഞ്ഞില്ല.... തന്‍റെ കാഴ്ച്ചകുറഞ്ഞ കണ്ണുകള്‍ കൊണ്ട്, അളന്നുതിട്ടപ്പെടുത്തി ഉളിയും, കൊട്ടുവടിയും പ്രയോഗിച്ചു തുടങ്ങി. അയാളുടെ ഈ നിര്‍മ്മിതിക്ക് ഇപ്പോള്‍  കിട്ടുന്നതിനേക്കാള്‍ പ്രതിഫലം കിട്ടേണ്ടതാണ് .. അത്രയ്ക്കാണ് അയാളുടെ ബുദ്ധിമുട്ട്. കാഴ്ച കുറഞ്ഞ കണ്ണുകളും, ബലം കുറഞ്ഞ  കൈകളും... ബുദ്ധിമുട്ടുകള്‍ കൂടിക്കൂടി വരുന്നു. അയാള്‍ക്ക്‌ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. അന്നന്നത്തെ അന്നം. അത്രമാത്രം. എന്നാല്‍ ഇപ്പോള്‍ കച്ചവടം നടന്നിട്ട് ദിവസങ്ങള്‍ ആയതോടെ പരുങ്ങലിലായി.


ഭക്ഷണം ഒന്നും കഴിക്കാതതിലവാം ജോലി ചെയ്യാന്‍ അയാള്‍ക്ക് കഴിയുന്നില്ല. പുറത്തുനിന്നു കടം വാങ്ങി ക്കഴിക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല! ജീവിതത്തില്‍ ഇന്നുവരെ ആരുടെ കൈയ്യില്‍നിന്നും കടം വാങ്ങി കഴിച്ചിട്ടില്ല. ഇനി ശിഷ്ടകാലം ഇല്ലാത്ത ശീലം തുടങ്ങുകയും വേണ്ട.

രാത്രിക്ക് ഏറെ കടുപ്പ മേറി ..പാതിരാ കഴിഞ്ഞു. പുറത്ത് നിശബ്ദതയെ കുത്തി തുളക്കുന്ന ചീവീടുകളുടെ സീല്‍ക്കാരം, ഒപ്പം മന്ദമായ് മരച്ചില്ലകളെ ഇളക്കിപ്പോകുന്ന മാരുതനും... അയാള്‍ ക്ഷീണത്താല്‍ കീറപ്പായയിലേക്ക്  ചരിഞ്ഞു. ഉറക്കം ആ കണ്ണുകള്‍ തഴുകിയുറക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല.

എന്നാല്‍ ശവപ്പെട്ടിക്ക് ഉറങ്ങാന്‍ കഴിയുമോ? തന്‍റെ യജമാനന്‍ പട്ടിണി കിടന്ന് ഉറങ്ങുന്നത് അതിനെ ഒത്തിരി വേദനപ്പിച്ചു. തന്നെ ആരെങ്കിലും വാങ്ങിയാല്‍ പാവത്തിന്‍റെ  പട്ടിണിയെങ്കിലും  മാറിയേനെ... അങ്ങനെ വിവിധങ്ങളായ ചിന്തകള്‍ ചേക്കേറിയ മനസ്സുമായി ശവപ്പെട്ടിയും രാത്രി വെളുപ്പിച്ചു.

നേരം പുലര്‍ന്നു. വാതില്‍പ്പാളികളിലൂടെ  പ്രകാശം തന്നെ ആലിംഗനം ചെയ്തപ്പോള്‍ തന്‍റെ യജമാനന്‍ എന്താണ് വാതില്‍ തുറക്കത്തത് എന്ന് ശവപ്പെട്ടി ചിന്തിച്ചു.

നാട്ടുകാരും അത് ശ്രദ്ധിച്ചു. കവലയില്‍ ആദ്യം തുറക്കുന്നത് ഈ ശവപ്പെട്ടി കടയാണ്. എന്നെന്തുപറ്റി? അയാള്‍ക്ക്‌ വല്ല വ്യാധിയും?? കവലയില്‍ നടന്ന ചെറിയ ഒരു ചര്‍ച്ചക്ക് ശേഷം  എന്താണ് അയാള്‍ക്ക്‌ സംഭവിച്ചത് എന്നറിയാന്‍ ചിലര്‍ അയാളുടെ കടയിലേക്ക് നടന്നു.

കതക് അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്. കാലപ്പഴക്കം ബാധിച്ചിരിക്കുന്ന കതക് അധികം ബുദ്ധിമുട്ടില്ലാതെ തുറക്കാന്‍ അവര്‍ക്ക് സാധിച്ചു. വാതില്‍ തുറന്നു അകത്തു കയറിയ നാട്ടുകാര്‍ ചേതനയറ്റ ശവപ്പെട്ടിക്കരന്‍റെ  ശരീരമാണ്‌  കണ്ടത്!!!

പിന്നെ ആള്‍ക്കാരെ കൊണ്ട് ആ ചെറുപീടിക നിറഞ്ഞു. അവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്  ശവപ്പെട്ടി നോക്കികണ്ടു.

അവസാനം നമ്മുടെ ശവപ്പെട്ടിയെ അവര്‍ പൊക്കിയെടുത്തു. യജമാനന്‍റെ  തന്നെ ശവം എട്ടുവങ്ങേണ്ടിവന്നപ്പോള്‍ ശവപെട്ടി ഓര്‍ത്തു..."വേണ്ടായിരുന്നു... എന്നെ എടുക്കണ്ടായിരുന്നു.."
--------------------------------------------------------------------------------------------
കുറിപ്പ്: എനിക്ക് ആദ്യമായി പ്രതിഫലം കിട്ടിയ കഥയാണിത്. 1994 ജൂണ്‍ 35 മത് ലക്കം മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച ഈ കഥ (+2 കഴിഞ്ഞ് എഴുത്തിന്‍റെ ചെറു, ചെറു ചിന്തകള്‍ മനസ്സില്‍ ചേക്കേറിയ കാലം) അതിനാല്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

No comments:

Post a Comment