Sunday, November 4, 2012

ആദ്യത്തെ പെണ്ണുകാണല്‍

Y2K ഭീതിയില്‍ നിന്നും ലോകം മുക്തമായി അധികംനാള്‍ കഴിഞ്ഞിട്ടില്ലാത്ത;  പള്ളിമണിയുടെ മുഴക്കവും, സുപ്രഭാതത്തിന്‍റെ   ചന്ദനവുംചാര്‍ത്തിയ ഒരു തണുത്ത ദിനം.

വിജനതയില്‍ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന  മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ  ഞങ്ങളുടെ സ്കൂട്ടറിന്‍റെ പതറിയ ശബ്ദം മുന്നോട്ടു പോകുന്നു. പച്ചപ്പിന്‍റെ  പരമാര്‍ത്ഥതക്കിടയിലൂടെ ജാരനെപ്പോലെ നുഴഞ്ഞുകയറുന്ന പകലോന്‍റെ പാരവശ്യം. ഒരു വശത്ത് മുള്ളുവേലി കെട്ടുകള്‍.. മറുവശത്ത് പറക്കൂട്ടങ്ങളെ  മുത്തം നല്‍കി ഇക്കിളി പൂണ്ട് ചേലകള്‍ വാരിവലിച്ചുടുത്ത് കുണുങ്ങി, കുണുങ്ങി പോകുന്ന നാടന്‍പുഴ. അതിന്‍റെ  സീല്‍ക്കാരവും, സൌന്ദര്യവും ആരെയും ആകര്‍ഷിച്ച് പോകും.

ഇതെന്‍റെ  ആദ്യത്തെ പെണ്ണുകാണല്‍ !

ഇതു പറയുമ്പോള്‍തന്നെ എനിക്കൊരു  നാണംതോന്നുന്നു. നമ്മുടെ... നാണം കുണുങ്ങി, തലകുമ്പിട്ട്  തറയില്‍ ചിത്രം വരക്കുന്ന പെണ്‍കിടാവിന്‍റെ  സങ്കല്‍പംഇല്ലേ ? ഏതാണ്ട് അതു പോലെ... എന്തു കാര്യത്തിനും ആദ്യമായി  ഇറങ്ങി തിരിക്കുമ്പോള്‍ തോന്നുന്ന ഒരു തുടക്കപ്പേടി !  ജീവിതത്തില്‍  ആദ്യമായി  ഒരു പെണ്ണുകാണാന്‍പോകുന്നു. എവിടെ.. എങ്ങനെ തുടങ്ങണം? പത്താം ക്ലാസ്സില്‍ അവസാനവര്‍ഷ പരീക്ഷക്ക് ഇരിക്കാന്‍ പോകുന്ന അവസ്ഥ പോലെ.

അളിയന്‍ സ്കൂട്ടര്‍ നിര്‍ത്തി.  അടുത്തുള്ള പീടികയിലേക്ക് സ്കൂട്ടറിന്‍റെ  കൊമ്പില്‍ പിടിച്ചു  തള്ളി നടന്നു. "രണ്ടു സോഡാ നാരങ്ങാ.." അളിയന്‍റെ  കല്‍പനകേട്ടതും  കടക്കാരന്‍  ഓഫ്‌ചെയ്തു വച്ചിരുന്ന  മെഷീന്‍  ആരോ ഓണാക്കിയ  പോലെ  ഒരു പ്രവര്‍ത്തനം !  ഗ്ലാസ്,  സപൂണ്‍ വച്ച്  തല്ലിപ്പോട്ടിക്കുന്ന മാതിരി ഒരു  പ്രയോഗംനടത്തി  സോഡാനാരങ്ങാവെള്ളം തയ്യാര്‍.
"ഇനി സ്കൂട്ടര്‍  പോകില്ല. മുകളിലേക്ക്  നടന്നുപോകണം.."  മുന്നില്‍  കാണുന്ന ഉയരത്തിലുള്ള മണ്‍പാത  നോക്കി  സോഡാ നാരങ്ങയുടെ പുളിമധുരസമ്മിശ്ര ണം അകത്തേക്ക്  പായിച്ച് അളിയന്‍ പറഞ്ഞു.

മുന്നില്‍ കാണുന്ന ചെമ്മണ്‍പാതയിലേക്ക്  ഞാന്‍ നോക്കി. എത്ര മനോഹരമായ  പച്ചപ്പിന്‍റെപശ്ചാത്തലം.  ദൂരം താണ്ടി, കുണ്ടും, കുഴിയും നിറഞ്ഞ പാതയില്‍ക്കൂടിയുള്ള യാത്ര ഇവിടെ അവസാനിക്കുമ്പോള്‍ ഈ പ്രകൃതിഭംഗി നല്‍കുന്ന സുഖശീതളമായ തലോടലില്‍ എല്ലാം മറന്നുപോകുന്നു.

ഞാന്‍  പ്രകൃതിഭംഗി ആസ്വദിക്കുമ്പോള്‍ അളിയന്‍ കടക്കാരനോട്  ഞങ്ങള്‍ പോകുന്ന വീടിനെപ്പറ്റി അന്വേഷിക്കുകയായിരുന്നു. കുഞ്ഞളിയന് നല്ലൊരു വീട്ടില്‍ നിന്നും പെണ്ണിനെകിട്ടണം എന്നുള്ള സ്വതസിദ്ധമായ ചിന്ത. എന്നിലെ പ്രകൃതിസ്നേഹിയെ പിന്തിരിപ്പിച്ച്,  അളിയന്‍ എന്നെ തട്ടിവിളിച്ച് മുന്നോട്ടു നടക്കാന്‍ തുടങ്ങി.

സത്യത്തില്‍ എന്തിനാണീ പെണ്ണുകാണല്‍? ഇങ്ങനെയൊരു ചടങ്ങി ന്‍റെ  ആവശ്യമുണ്ടോ? കൂടെ വരുന്നവര്‍ക്ക് ബേക്കറി സാധനങ്ങള്‍ കഴിച്ച് കുശലം പറയാനുള്ള വേദിയാണോ ഇത്? അറിയില്ല. സത്യത്തില്‍ എനിക്ക് കല്യാണ പ്രായമായോ? ദൈവമെ.. അതൊരു ചോദ്യമാണല്ലോ...ഇതുവരെ ഞാന്‍ എന്നോടു ചോദിക്കാത്ത ചോദ്യം. ഒരു പെണ്ണിനെ കൂടെ  കൂടെ താമസിപ്പിച്ചു പോറ്റാനുള്ള പിന്‍ബലം എനിക്കുണ്ടോ? പച്ചക്കറി മാത്രം കഴിക്കുന്ന, നാല്പതു കിലോയില്‍ താഴെമാത്രം തൂക്കമുള്ള, സാധാരണ ഉയരമുള്ള , കൃശഗാത്രനായ ...... ദൈവമേ, പോരായ്മകളുടെ  ഒരു കുന്നാണല്ലോ ഞാന്‍. ആ  മണ്‍പാതയിലൂടെ നടക്കുമ്പോള്‍  അപകര്‍ഷതാബോധത്തിന്‍റെ  അണുബാധ  എന്നില്‍ അതിവേഗം പടര്‍ന്നുപിടിച്ചു.

ഏതോ ഒരു പ്രശ്നസന്ധിയിലേക്ക്  കാലെടുത്തുവക്കും പോലെ മനസ്സ് മന്ത്രിക്കുന്നു. അളിയനോട് പറഞ്ഞു അങ്ങ് തിരിച്ചുപോയാലോ?  അളിയന്‍റെ  നിര്‍ബന്ധത്തിനു ഇറങ്ങിത്തിരിച്ചപ്പോള്‍  ഇത്രയും കരുതിയില്ല. നാട്ടില്‍ അവധിക്കു വന്ന എന്നെ ഈ അളിയന്‍ എന്തുകരുതിയാണ്‌  വിളിച്ചോണ്ടു വന്നിരിക്കുന്നത്?  മുന്നില്‍ നടക്കുന്ന മുണ്ടുധാരിയോട്  അപ്പോള്‍ ദേഷ്യം തോന്നി. പെണ്ണുകാണല്‍ ഇത്ര പ്രശ്നമുള്ള സംഗതി ആണെന്ന് ഇറങ്ങി പുറപ്പെടുമ്പോള്‍ തോന്നിയില്ല. ദൈവമെ.. ഇനി ആ പെണ്ണുവീട്ടുകാര് എന്നെ പിടിച്ച് ഇന്‍റര്‍വ്യൂ  ചെയ്യുമല്ലോ.. ഒരിക്കലും കാണാത്ത ഒരു പെണ്ണിന്‍റെ  മുന്നില്‍ ചെന്നുപെട്ട്  ചമ്മല്‍  മറച്ച് നില്ക്കണമല്ലോ....  ഈ നെഗറ്റീവ് ചിന്തകള്‍ ഒക്കെ മനസ്സില്‍ തിളക്കുമ്പോള്‍  നെഞ്ചുയര്‍ത്തി  എങ്ങനെ ആ പെണ്ണിനോട്  സംസാരിക്കും? എന്നിലെ ദുര്‍വ്വാസാവ്  അളിയനെ രൂക്ഷമായി നോക്കി.

അളിയന്‍ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. " ദേണ്ടെ... അതാണ്‌ പെണ്ണിന്‍റെ വീട്.." മുന്നിലേക്ക്‌ കൈചൂണ്ടി ഒന്ന്ചിരിച്ചു.  പിന്നീടു ഞാന്‍ അളിയനില്‍ കണ്ടത് ഒന്നാന്തരം പ്രോഫഷണല്‍  ബ്രോക്കര്‍മാരുടെ  ഒരു രൂപാന്തരീകരണം ആണ്.  വീട്ടില്‍ നിന്ന് റോഡിലേക്കിറങ്ങി  വന്നു നില്‍ക്കുന്ന  പെണ്ണിന്‍റെ  അപ്പന്‍റെ  കൈയ്യിലൊരുപിടിത്തവും, കുശലാന്വേഷണവും, യാത്രയുടെ വിശേഷവും എന്ന് വേണ്ട നിമിഷനേരം കൊണ്ട് ആശാന്‍ അവിടുത്തെ അംഗം ആയിക്കഴിഞ്ഞു.  ഇതിനാണോ  കൂടുവിട്ടു കൂടുമാറുക എന്ന് പറയുന്നത്??

പെണ്ണിന്‍റെ  അപ്പനും അമ്മയും സംസാരത്തില്‍ മോശമല്ലാത്ത രീതിയില്‍  അളിയനുമായി വാക്പയറ്റില്‍ മത്സരിക്കുകയാണ്. പറഞ്ഞു, പറഞ്ഞു വന്നപ്പോള്‍  വന്നപ്പോള്‍  അളിയന്‍ ഏതാണ്ട് അവരുടെ ദൂരത്തുള്ള ബന്ധുവായി വരും! പോരേ പൂരം!?  ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കു ന്നതിനിടയില്‍ ഞാന്‍ എന്‍റെ പ്രതിശ്രുത വധുവിനെ തേടു കയായിരിന്നു. എവിടെ ആ പെണ്‍കുട്ടി?

അപ്പനും അമ്മയും അടുക്കള ഭാഗത്തേക്ക് പോയപ്പോള്‍, അളിയന്‍ എന്നോടു ഇത്തിരി  വിവാഹ കമ്പോളത്തിന്‍റെ  വിവരങ്ങള്‍  പറയാന്‍ തുടങ്ങി.
"ഡാ... ദേണ്ടെ...ആ  മുറിമുഴുവന്‍  ചാക്കിനകത്ത്‌ കുരുമുളകും,  പുറത്ത് റബ്ബര്‍ ഷീറ്റും ഒക്കെ കെട്ടിവച്ചിരിക്കുവാ....  ഡൈലി പത്ത് ഷീറ്റ് ഉണ്ടെന്നാ പറഞ്ഞെ...പിന്നെ അവര്‍ക്ക് ഒരേ ഒരു  പെങ്കൊച്ച് ...  ആങ്ങള ഗള്‍ഫിലാ.. അവന്‍റെ കൈയ്യിലും പൂത്തകാശുകാണും....നിനക്ക് ഭാഗ്യം ഉണ്ടേല്‍ ഇതൊക്കെ അനുഭവിക്കാം.. കൊച്ചിന് നല്ല വിദ്യാഭ്യാസവും ഉണ്ടെന്നാ പറഞ്ഞെ.."

"ഇത് വല്ലതും നടന്നിട്ടു വേണ്ടേ അളിയാ" എന്നാണു മനസ്സില്‍ തോന്നിയതെങ്കിലും  ഞാനൊരുമൂളലില്‍ അങ്ങ് നിര്‍ത്തിക്കളഞ്ഞു. ഒരു ശുഭാപ്തി വിശ്വാസിയെ ഞാനെന്തിനു എതിര്‍ക്കണം? സത്യത്തില്‍ അപ്പോള്‍ എനിക്ക് വേറൊരു ചോദ്യം മനസ്സില്‍ ഓടിവന്നു... ' സത്യത്തില്‍ ഈ കല്യാണം നടന്നു കിട്ടിയാല്‍ അളിയന് കമ്മീഷന്‍ വല്ലതും കിട്ടുമോ?'

"എന്നാല്‍ പെണ്ണിനെ ഒന്ന് വിളിച്ചാട്ടെ " അളിയന്‍ എന്നെ നോക്കി കണ്ണിറുക്കി അന്തരീക്ഷത്തിലേക്ക് ഒരു ആവശ്യം  ഉന്നയിച്ചു.

എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി. ആദ്യമായി ഒരു പെണ്ണ് നമ്രശിരസ്കയായി ചായകപ്പുമേന്തി വരാന്‍ പോകുന്നു...തമ്മില്‍ കണ്ടു ഇഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ കല്യാണം കഴിക്കും.  പിന്നെ ജീവിതകാലം മൊത്തം...അവള്‍ എന്‍റെ  ഭാര്യ !! തലയില്‍ ഒരു മരവിപ്പ് പെരുവിരലില്‍ നിന്നും മുകളിലേക്ക് കയറാന്‍ തുടങ്ങി...

വിശിഷ്ടാ തിഥി കള്‍  വരും പോലെ അപ്പനും അമ്മയും ഇടവലം നിന്ന് പെണ്‍കുട്ടി മന്ദം, മന്ദം നടന്നു വരാന്‍ തുടങ്ങി.... ഉടു രാജ മുഖി.........
എന്‍റെ നേരെ  അവള്‍ ചായകപ്പു നീട്ടി. ഞാന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് അലസമായി ഒന്ന്നോക്കി. നാല് കണ്ണുകള്‍  കൌതുകത്തോടെ തമ്മിലിടഞ്ഞെന്നു തോന്നുന്നു.  ചായ നല്‍കി അവള്‍ അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി. ഞാന്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍  അവളെ വീണ്ടും  നോക്കി. എന്നെ തന്നെ സൂക്ഷിച്ച് നോക്കി നില്‍ക്കുകയാണ്.  ഈശ്വരാ.. ഈ വീട്ടുകാര്‍ എല്ലാം കൂടി എന്നെ സ്കാന്‍ ചെയ്തു നശിപ്പിക്കുമോ?

അളിയന്‍ എന്‍റെയും, വീട്ടുകാരുടെയും ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുക എന്ന  ചടങ്ങിലേക്ക് കടന്നു.  ഹോ...! എന്നെപ്പറ്റിയാണോ അളിയന്‍ വാചാലനാകുന്നത്?  ആ വീട്ടുകാരുടെ മുന്നില്‍, ലോകത്തെ ഏറ്റവും നല്ലവനായ പയ്യന്‍ ഞാന്‍ ആണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ അളിയന്‍ പെടുന്നപാട്??

സംസാരം അങ്ങനെ നീണ്ടപ്പോള്‍ അളിയന്‍ ഒരു കടും വാക്ക് പറഞ്ഞു കളഞ്ഞു... " ഇനി ചെക്കനും, പെണ്ണും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ..."
ഇതും പറഞ്ഞു ആശാന്‍ മുറ്റത്തേക്ക്‌ എന്നമട്ടില്‍ എണീറ്റു. കൂടെ അപ്പനും അമ്മയും മുറ്റത്ത് ഇറങ്ങി. പിന്നെ അവിടെ വിഷയം കാലാവസ്ഥാപ്രവചന ത്തിലേക്ക് കടന്നു " വടക്കൊരു മഴക്കോളുണ്ട്‌ ... വൈകിട്ട് തകര്‍ക്കുന്ന ലക്ഷണമാ..."

പുറത്ത് കാലാവസ്ഥ നിരീക്ഷണം നടക്കുമ്പോള്‍ ഞാന്‍ പെണ്ണിന്‍റെ അടുത്തേക്ക് ഉഷ്ണമഴയുമായ് ചെന്നു. എന്താണ് ചോദിക്കുക? മനസ്സില്‍ ഒരു പഴയ ഹിന്ദിപാട്ട്‌ ഓളം തള്ളി വരുന്നു ' ഹം തും ഏക്‌ കമരെമെ.. ബന്ദ് ഹോ...'

" എന്താ പേര്?..."
"മിനി..." ചോദ്യത്തിന്  റെഡിമേഡ്  ഉത്തരം.
"എന്താ പഠി ക്കുന്നെ? "
"പി. ജി  അവസാന വര്‍ഷം.."
"ഞാന്‍ പിജി കഴിഞ്ഞു.. ഇപ്പോള്‍ ബോംബയില്‍ ജോലി ചെയ്യുന്നു.."
"ഉം... അമ്മ പറഞ്ഞിരുന്നു.."
ചെറിയ ചെറിയ കാര്യങ്ങള്‍.. എല്ലാത്തിനും അവള്‍ ഉത്തരം നന്നായി പറഞ്ഞു. ഇനി എന്താണ് ചോദിക്കുക?  ഞാന്‍ ചോദിക്കുകയല്ലാതെ ഇവള്‍ എന്നോട് ഒന്നും ചോദിക്കുന്നില്ലല്ലോ... എന്നെ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാലോ? ചോദിക്കണോ? അഥവാ ഇഷ്ടംഅല്ല എന്നെങ്ങാനം പറഞ്ഞു പോയാലോ? വേണ്ട.  അത് ചോദിക്കണ്ടാ.  അനുകൂലമല്ലാത്ത മറുപടി അല്ലെങ്കില്‍ അതെന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും.  ജീവിതത്തിന്‍റെ ചില സന്ധികളില്‍ ഈ പെണ്ണുങ്ങള്‍ തരുന്ന സര്‍ട്ടിഫിക്കറ്റിന്  ഭയങ്കര വിലയാണ്!!

"മിനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?"
"ഇല്ല.."

ഞാന്‍ നല്ലൊരു ചിരി അവള്‍ക്ക് സമ്മാനിച്ചു.  പകരം അതുപോലൊന്നു ബൂമറങ്ങ് പോലെ എനിക്കും കിട്ടി. . പതുക്കെ ഞാന്‍ പുറത്തെ കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധ യാകര്‍ഷിക്കാന്‍ "അളിയാ..." എന്ന് ഉറക്കെ വിളിച്ചു.

"ഇത്രപെട്ടെന്നു സംസാരിച്ചു കഴിഞ്ഞോ? ഒന്നും സംസാരിച്ചില്ലേ? ഇതും പറഞ്ഞു മുണ്ട് വലിച്ചു കേറ്റിയുടുത്ത് അളിയന്‍ കയറിവന്നു.
ഞാന്‍ ചായയുടെ ബാക്കി കുടിച്ചു തീര്‍ത്തു. വയര്‍ വിശന്നുപൊരിയുന്നു. പക്ഷെ മുന്നിലിരിക്കുന്ന വിഭവങ്ങള്‍ ഒന്നും കഴിക്കാന്‍ തോന്നിയില്ല. രാവിലെ സമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടാണ് വന്നത് എന്ന് അളിയന്‍ ഒരു അലക്ക് അലക്കിയിട്ടുണ്ട്. അതിനിടെ ഞാന്‍ ആക്രാന്തം കാണിക്കുന്നത് ശരിയല്ലല്ലോ.

സംസാരം പിന്നെയും കുറച്ചു നീണ്ടു. അളിയന്‍ എന്നെപ്പറ്റിയും, വീട്ടുകാരെ പറ്റിയും ഒരു മഹാ കാവ്യം അവിടെ രചിച്ചു.  മറ്റുള്ളവര്‍ നമ്മെ പുകഴ്ത്തുന്ന പാഴ്വേലയുടെ ചൂടും, ചുളിപ്പും ഞാന്‍ അപ്പോള്‍ അനുഭവത്തില്‍ അറിഞ്ഞു.

മാനത്ത് സൂര്യന്‍റെ പ്രകാശകിരണങ്ങള്‍ക്ക് മേഘത്തിന്‍റെ  കമ്പിളിപുതപ്പ് വലിച്ചിട്ടിരിക്കുന്നു. ചാക്കില്‍ ഉണക്കി കെട്ടി വച്ചിരി ക്കുന്ന കറുത്ത സ്വര്‍ണ്ണ ത്തിന്‍റെ ഗന്ധം മൂക്കിലേക്ക് വന്നടിക്കാന്‍ തുടങ്ങി.  മിനിമോള്‍ക്കും ഇതേ  ഗന്ധം ആയിരിക്കുമോ? (മിനിമോളോ? ഒരു കപ്പു ചായയും മൂന്നു നാലു ചോദ്യോത്തരങ്ങളും മാത്രമായി ഒതുങ്ങുന്ന ഈ നൈനിമിഷിക ബന്ധത്തിനു ഇത്ര  സ്വാതന്ത്ര്യം ഉപയോഗിക്കാമോ?).

യാത്ര പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. 'വിവരം' ഗള്‍ഫിലുള്ള ചെക്കനുമായി ആലോചിച്ച് വിളിച്ച റിയിക്കം എന്ന് അപ്പനും അമ്മയും അളിയനെ ഉണര്‍ത്തി ച്ചു.  ഇറങ്ങും മുമ്പ് ഞാന്‍ ആ പെങ്കൊച്ചിനെ (അതോ മിനിമോളോ?) ഒന്നുകൂടി നോക്കി.  ഇളംചിരിയില്‍ തോര്‍ത്തിയ ഒരു ചിരിയുടെ നിര്‍വികാരത...

മണ്‍ പാതയിലൂടെ  തിരികെ സ്കൂട്ടറി ന്‍റെ  അടുത്തേക്ക് നടക്കുമ്പോള്‍  അളിയന്‍ കലപില, കലപില സംസാരിച്ച കൊണ്ടിരുന്നു .  ഈ ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ !!!??

പുഴയുടെ കൊഞ്ചലും, പച്ചപുതച്ച മലയോരശീതളിമയും കടന്നു,  തിരികെ വരുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു? ചിന്തയുടെ വേലിയേറ്റമോ? വേലി യിറ ക്കമോ?
***************************
ആ കല്യാണം നടന്നില്ല!
എവിടെയെക്കെയോ ബന്ധമില്ലാത്ത ബിന്ദുക്കള്‍ പോലെ ആ യാത്രയുടെ ആലസ്യം അങ്ങനെ മനസ്സില്‍ കിടക്കുന്നു...

ഒന്ന് ചീഞ്ഞുവേറൊന്നിനു വളമാകുന്നു.  ഒരു നല്ലതിന് വേണ്ടി വേറൊരു നല്ലത് നഷ്ടമായേക്കാം. ആ യാത്ര മനസ്സിലുണ്ടെങ്കിലും ആ പെണ്‍കുട്ടിയുടെ മുഖം കാലം മനസ്സില്‍നിന്നും ഭാഗിഗമായി മായിച്ചു കളഞ്ഞു.

ജീവിതം ഒരു മാന്ത്രിക ചക്രം. അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു... നിര്‍ത്താതെ.. നിലക്കാതെ..അനസ്യൂതം.. കയറ്റം,  ഇറക്കം..സുഖം.. സുഖത്തിനു ദുഃഖം. പൊയ്പോയ കാലത്തെ പാഴ്ചിന്തുകള്‍ പില്‍ക്കാലത്ത് സ്വാന്ത്വനത്തി ന്‍റെ വര്‍ണ്ണശബളതയിലേക്ക്‌  വാതായനം തുറന്നിടുന്നു!

എന്‍റെ ഓര്‍മ്മയുടെ ചുമരുകള്‍ക്കുള്ളില്‍ ഇളം ചായം പൂശി നിന്‍റെ നമ്ര ശിരസ്കയായ (ഭാഗിഗമായ)  മുഖഭാവം... അതെനിക്ക് ഓര്‍ക്കാം.. എന്തെന്നാല്‍ അത് എന്‍റെ  കന്നി പെണ്ണുകാണല്‍ ആയിരുന്നല്ലോ!!??
--------------------------------------------------------------------------------------------------------
കുറിപ്പ്: 
പെണ്ണു കാണലിന്‍റെ രസമുകുളങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരു പെണ്ണിനെ 'കെട്ടുന്നത്' വരെ ആ അന്വേഷണം നീളുമല്ലോ .. അത് ഇനി ഒരിക്കല്‍.

1 comment:

  1. വളരെ രസകരമായി എഴുതി .... ഗംഭീരം...

    ReplyDelete