Thursday, February 9, 2012

റാസല്‍ഖൈമയിലേക്ക് ഒരു തിരിച്ചു പോക്ക് !

കണ്ണിമ പൂട്ടി  സാബു പേനാ കറക്കികുത്തി. മുന്നിലെ ലിസ്റ്റിലേക്ക്. നൂറില്‍നിന്നും തിരഞ്ഞെടുത്ത പത്തുപേരിലേക്ക് .  പേനാ ചെന്ന് കുത്തിയത് എട്ടാമത്തെ തലയ്ക്കു എന്‍റെ തലയ്ക്കു തന്നെ !!??

അതൊരു തുടക്കം ആയിരുന്നു. മലര്‍ക്കെ തുറന്നിട്ട ജാലക വാതിലുകള്‍ ആത്മനൊമ്പരത്തിന്റെ കുംകുമപൊട്ടു തൊടുവവിച്ചു പ്രവാസത്തിന്റെ അഗാധത്തിലേക്ക്  തള്ളിയിട്ട തുടകം. നിറവും ചിന്തയും മനസ്സിനെ മത്തുപിടിപ്പിക്കുന്ന നിര്‍വൃതിയുടെ  നിമിഷത്തില്‍നിന്നും നീറുന്ന മരുഭൂ പ്രയാണത്തിന്റെ തുടക്കം !

ബോംബയില്‍ മസ്ജിദില്‍ തമ്പാക്കിന്റെയും ഗുട്ഗയുടെയും തുപ്പലുകള്‍ മൂലം ചുവന്ന കോണി പ്പടികളിലൂടെ ട്രാവല്‍സിന്റെ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ജോസഫ് സാര്‍ പണഞ്ഞു
"ഇനി കൊച്ചിയില്‍ അടുത്ത പത്തിന് കാണാം .... രണ്ടാമത്തെ ഇന്റര്‍വ്യു "

ജീവിതത്തിലെ ആദ്യ ഗള്‍ഫു ജീവിതത്തിലേക്കുള്ള ഇന്റര്‍വ്യുവിന്‍റെ ചവര്‍പ്പിന്‍റെ  തുടര്‍ച്ച കൊച്ചിയിലെ കടല്‍ തിരമാലകളാല്‍ തഴുകുന്ന കാറ്റിന്റെ മടിത്തട്ടിലേക്ക് ... ബോംബയില്‍ ഇന്റര്‍വ്യൂവിനു നൂരില്‍പരം ആളുകളിനിന്നു പത്തുപേരെ തിരഞ്ഞെടുക്കാന്‍ ജോസഫ്സാര്‍ സാബുവിനോടു പറഞ്ഞു. സാബു പത്തുപേരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ അതില്‍ നിന്നും ഒരാളെ ചികഞ്ഞെടുക്കാന്‍ ജോസഫ്സാര്‍ നിര്‍ബന്ധിച്ചു.കാരണം കൊച്ചിയിലെ ഇന്റെര്‍വൂവിനു ഒരാള്‍ മാത്രം മതി ബോംബയില്‍ നിന്നും എന്ന് തീരുമാനിച്ചിരുന്നു. പത്തിലെ ഒരാളെ കണ്ടെത്താന്‍ സാബു വിഷമിച്ചപ്പോള്‍ ജോസഫ്സാര്‍ തന്നെ കണ്ടുപിടിച്ച  തത്വം ആണ് കറക്കി കുത്തല്‍. ആ കുത്ത് ചെന്ന് വീണത്‌ എന്‍റെ നെഞ്ചത്തും.

കൊച്ചിയിലെ  കടല്‍കാറ്റിനു അന്ന് എന്നത്തെക്കള്‍ ഉപ്പുരസച്ചുവ  കൂടുതല്‍ ഉണ്ടായിരുന്നോ? അറിയില്ല ... എന്നാല്‍ അന്ന് മനസ്സില്‍ ഉപ്പുചാക്കുകള്‍ കെട്ടിയടുക്കുകയായിരുന്നു.

ഇന്റര്‍വ്യു വിനു വന്ന ഹോളണ്ടുകാരന്‍ ബെരണ്ട് ജാന്‍ കൂപ്പര്‍ ഒരുപാട് മോഹിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. ഗള്‍ഫു സ്വര്‍ഗം ആണെന്നും കമ്പനി സ്വര്‍ഗത്തിന്റെ വാതയങ്ങള്‍ ആണെന്നും ഒക്കെയുള്ള മട്ടില്‍. ഇന്റര്‍വ്യു വിനു വന്ന ആള്‍തിരക്ക് കാരണം തിരികെ പോകുമ്പോള്‍ മറൈന്‍ ഡ്രൈവില്‍  അങ്ങ് ദൂരെ കപ്പലിനും അക്കരെ സായാന്തനതിലേക്ക് ചഞ്ഞുപോയ സൂര്യനെ പോലെ ആയിരുന്നു എന്‍റെ പ്രതീക്ഷ.

എങ്കിലും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ നിന്നും തിരഞ്ഞു പിടിച്ച അഞ്ചുപേര്‍. കേരള ക്കരയിലെ  പലദേശത്ത് നിന്നുംവന്ന അഞ്ചുപേര്‍ .. ഒരേ പ്രായം, ഒരേ ചിന്തകള്‍....ഞാന്‍ വിനോദ് ശിവരാമന്‍, രഞ്ജിത്ത് മാത്യു, സണ്ണി ജോസഫ്, സജീവ്‌ തോമസ്‌ ...വിവിധ തരത്തില്‍ഉള്ള കേരളകരയിലെ ഭാഷാ വൈകൃതങ്ങള്‍ ഒന്നിച്ചു! അങ്ങ് ദൂരെ കടലിനും അക്കരെ, പാറകെട്ടുകള്‍ക്കും, മൂടുപടം അന്തരീക്ഷത്തില്‍ വിതക്കുന്ന പൊടിപടലങ്ങള്‍ക്കും, ട്രക്കുകളുടെ മൂളലുകള്‍ക്കും ഇടയില്‍ ...

റാസല്‍ ഖമയില്‍ വന്നിറങ്ങിയത് ഒരു തണുത്ത രാത്രിയില്‍. ഉള്ളിലെക്കിറങ്ങുന്ന കുളിര് . നക്കിലില്‍നിന്നും പാറക്കെട്ടുകള്‍ മുത്തം ചെയ്യുന്ന ക്യാമ്പിന്റെ പോട്ടക്യാബിനിലേക്ക്‌ തല്ക്കാല താമസം. പുതിയ ക്യാബിന്‍, കട്ടില്‍, കമ്പിളി പുതപ്പ്‌..എത്ര പുതച്ചിട്ടും അകലാന്‍ കൂട്ടാകാത്ത ശല്യക്കാരനായ തണുപ്പ്. എത്ര തെറി പറഞ്ഞിട്ടും അകലാന്‍ കൂട്ടാക്കാതെ അത് ഞങ്ങളെ വാരി പുണര്‍ന്നു.

പുതുതായി കമ്പനിയില്‍ വന്ന അഞ്ചുപേരും പഴയ താപ്പാനകളുടെ കണ്ണില്‍ നോട്ടപുള്ളികള്‍ ആയി. വെള്ളക്കാരന്‍ തെരഞ്ഞെടുത്തു കൊണ്ടുവന്നതിനാല്‍ "വെള്ളക്കാരന്റെ കുട്ടികള്‍" എന്ന് ഞങ്ങളെ വിളിക്കാന്‍ തുടങ്ങി. ഓഫീസ് ജോലി ഒരു പാശം പോലെ കഴുത്തില്‍ കുരുങ്ങാന്‍ തുടങ്ങി. മറ്റൊരു തലക്കല്‍ നാടിന്റെ മണവും മത്തും മനസ്സിനെ കാര്‍ന്നു തിന്നു.

നക്കീലിലെ റാന്തല്‍ റൌണ്ട് എബൌട്ടിനു അടുത്തു വൈകാതെ പഞ്ച പാണ്ഡവന്മാര്‍ ഒരു വില്ല കണ്ടു പിടിച്ചു. ദിനേശന്‍ എന്ന തൃശൂര്‍ക്കാരന്‍ വില്ലയുടെ താക്കോല് തന്നു.

പറിച്ചു നടലിന്റെ പ്രാരബ്ധങ്ങള്‍ പിച്ച വച്ച രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ചിന്തക്ക് മൂര്‍ച്ച കൂട്ടി. സ്കൂളില്‍ ആദ്യ ദിവസം ഒറ്റയ്ക്ക് ഇരുന്നു കരഞ്ഞത് ഓര്‍മവന്നു. നിഴലും നിറവും മനസ്സിന്റെ കോണില്‍ നൃത്തം വച്ചു. നീറുന്ന ചിന്തയുടെ കയത്തിലേക്ക് ആത്മാവും ശരീരവും എടുത്തു ചാടി.

കാറ്റടിച്ചു. കാറ്റിനു കറുപ്പായിരുന്നു നിറം. തണുപ്പും കറുപ്പും. ഗ്രാമത്തിന്റെ നീരളിപിടുത്തം ശരീരമാകെ മുറുകിതുടങ്ങുന്ന രാത്രികള്‍. അനന്തമായ് ആകാശത്തേക്ക് പാതിരാവില്‍ കൌതുകത്തോടെ താരശേഖരങ്ങളെ നോക്കി കൈകാലുകളില്‍ കണക്കെടുക്കുന്ന കുട്ടിയായിപ്പോയി ഞാന്‍ അപ്പോള്‍. വീടിനു മുന്നിലുള്ള സെമിത്തേരിയില്‍ പാതിരാത്രിയില്‍ മരിച്ചവര്‍ ഉയിര്‍ക്കുന്നുണ്ടോ എന്ന് കൌതുകത്തോടെ നോക്കിയിരുന്ന അതെ വികാരം കമ്പിളി പുതപ്പിനുള്ളിലേക്ക് കടന്നു വന്നു.

ഞങ്ങള്‍ തമാശ പറഞു, കളിച്ചു, ചിരിച്ചു...പ്രവാസ ജീവിതം ആസ്വദിച്ചു തുടങ്ങിയപ്പോള്‍ അതൊരു വലിയ തുടക്കം ആയിരുന്നു എന്ന് കരുതിയില്ല. പരല്‍മീനിന്‍റെ പിടച്ചില്‍ പോലെ തുടങ്ങി പില്‍കാലത്ത് നെഞ്ചാംകൂട് തകര്‍ക്കുന്ന കൊള്ളിമീനുകള്‍ പായാന്‍ തക്കവണ്ണം ഉള്ള തുടക്കം. കാറ്റും കോളും നിറഞ്ഞ ദിനങ്ങളില്‍ ഏകാന്തതയും, പ്രിയതമയും ആശ്വാസ വാക്കുകള്‍ ചൊല്ലി തന്നു. നിറഞ്ഞ കണ്‍ തടങ്ങള്‍ താനെ വറ്റിവരണ്ടു. പ്രതീക്ഷയുടെ എല്ലാ വഴികളും ഒരിടത് അടയുകയും പുതിയ പ്രകാശം പ്രേതിക്ഷകള്‍ക്ക് തിരി കൊളുത്തുകയും ചെയ്യുന്നു!  കാലം അത് ഒരു സിദ്ധവൈദ്യനാകുന്നു..മുറിവുണക്കി..  മുറിവ് കെട്ടി..വിധി വൈപരീത്യതിന്റെ കലുഷിതമായ പാതയിലേക്ക് കാലുകള്‍ അമര്‍ത്തി നടക്കുവാന്‍...

കാലമാകുന്ന വൈദ്യന്‍ ഉണക്കിയ മുറിപ്പാടുകള്‍ കാലാന്തരെ പഞ്ചപാണ്ഡവന്മാരെ എല്ലാവരയും എത്ര ബാധിച്ചു എന്നറിയില്ല. ചിലപ്പോള്‍ ഉര്‍വശി ശാപം ഉപകാരം ആകുന്നു!
*************                         ***********
അഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ ഇന്ന് റാസല്‍ ഖൈമക്ക്  തിരിച്ചു വന്നിരിക്കുന്നു. റാന്തല്‍ റൌണ്ട് എബുടില്‍  നിന്നും നക്കീലിലേക്കുള്ള പൊട്ടി പൊളിഞ്ഞ റോഡ്‌ . മനാര്‍ മാള്‍, ലുലു സെന്‍റര്‍ , ഗള്‍ഫ് സിനിമ, പഴയ ദോശക്കട, കേരള സൂപ്പര്‍ മാര്‍കെറ്റ് ... എല്ലാം പഴയപോലെ.. പക്ഷെ അംബരചുംബികളായി പുതിയ കെട്ടിടങ്ങള്‍ അടുത്തടുത്ത്‌ നഗരത്തില്‍ തോരണം കെട്ടിയിരിക്കുന്നു. പാരകെട്ടുകള്‍ വീണ്ടും ഇടിച്ചു നിരത്തപെടുന്നു. ഷവലുകളും, ഗ്രബുകളും, ബുള്ടോസരുകളും നിരന്തരം പാറകെട്ടുകളോട് മത്സരിക്കുന്നു. ടണ്‍ കണക്കിന് സ്ഫോടക വസ്തുക്കള്‍ പാറക്കൂട്ടങ്ങളെ ചിന്നഭിന്നമാക്കി തെറിപ്പിക്കുന്നു.ആദ്യമായി ഞങ്ങളെ ക്വാറി കാണിക്കാന്‍ കൊണ്ടുപോയ ബെരണ്ട് ജാന്‍ കൂപ്പര്‍ പറഞ്ഞത് ഓര്‍മ വന്നു "Breaking Mountains... Making Pieces..."

പില്‍കാലത്ത് അത് ജീവിതത്തിലും സത്യമായി തീര്‍ന്നു !

ഇന്ന് പഴയ ദിനേശന്‍ എന്ന ത്രുശൂര്‍ക്കാരന്‍ നാത്തൂരായ പത്താം നമ്പര്‍ വില്ലയില്‍ വീണ്ടു ഒരു രാത്രി..അന്നത്തെ അഞ്ചു പാവങ്ങില്‍ ഇപ്പോള്‍ ഇവിടെ മൂന്നു പേര്‍ .. അതിഥി ആയ ഞാനും അന്തേവാസികള്‍ ആയ വിനോദ്, രഞ്ജിത്ത്. ഓര്‍മയുടെ ചെപ്പില്‍ നിന്നും കാലങ്ങള്‍ പുറത്തിട്ടു ഉറങ്ങാന്‍ പോവുകയാണ്.....

അഞ്ചുപേര്‍ ചേര്‍ന്ന് എടുത്ത വില്ല കാലക്രെമേണ ആള്‍ക്കാര്‍ മാറി മാറി വന്നു. പുതിയ ബന്ധങ്ങള്‍ നൂലിഴ തീര്‍ത്ത് പത്താം നമ്പര്‍ വില്ല നിറഞ്ഞു നിന്നു തോബിയാസ് റോമല്‍, വിനീഷ്, റിനു തോമസ്‌ ... അങ്ങനെ പുതുമുഖങ്ങള്‍ വന്നു ചേക്കേറി..

നാളെ കല്യാണം ഒക്കെ കഴിഞ്ഞു ഭാര്യയും കുട്ടിയുമായി കഴിയുന്ന റിനുവിന്ടെ വീട്ടില്‍ പോകണം. കരിങ്കല്‍ ക്വാറിയിലെ ഓഫീസുകളുടെ ചുമരുകളുടെ ഇടയിലെ നല്ല സുഹൃത്തായ ചാക്കോയെ കാണണം (പാവത്തിന്റെ കഷണ്ടിയുടെ ആദിക്യം എത്രമാത്രം കൂടിയിട്ടുണ്ട് എന്നറിയില്ല).

അഞ്ചു വര്‍ഷത്തിനു ശേഷം ദുബായില്‍ നിന്നും റാസല്‍ ഖൈമയിലേക്ക് എത്തുമ്പോള്‍ എട്ടു വര്‍ഷം മുമ്പ് പഴഞ്ചനായ ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും ഗള്‍ഫിന്റെ തീരത്തേക്ക് വന്നിറങ്ങി എമിരേറ്റ് ട്രന്‍സ്പോര്ടില്‍ ഒരു മഞ്ഞ വണ്ടിയ്ല്‍ കയറി കാറ്റത്തും, പൊടിയിലും റംസാനിലെ രാത്രിയില്‍  വീട്ടില്‍ നിന്നും കൊടുത്തു വിട്ട അച്ചാറും, ചമ്മന്തിപൊടിയും ... പിന്നെ സ്നേഹവും, വിരഹ നൊമ്പരവും പൊതിഞ്ഞു കെട്ടി ഇരുന്ന ഇരുപ്പു ഓര്‍ത്തു പോവുകയാണ്.

ആകാശത്തിനു നീല നിറമല്ല. കറുപ്പും അല്ല. അത് വെള്ളയാണ്..തൂവെള്ള. പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത്, വെളുത്ത് ആകാശം ചിരിക്കുന്നു. റാസല്‍ ഖൈമയിലെ ആകാശവും, ദുബായിലെ ആകാശവും പിന്നെ അങ്ങ് കേരളത്തിലെ ഗ്രാമത്തിലെ ആകാശവും എല്ലാം ഒന്ന് തന്നെ ആണോ? റാസല്‍ ഖൈമ എന്നാല്‍ എന്‍റെ മസ്സില്‍ നീറ്റല്‍ ആണ്. കാലാന്തരേ മുറിവ് ഉണങ്ങിയിട്ടുണ്ട് ...എന്നാല്‍ ഞാനിപ്പോള്‍ ഈ വെളുത്ത ആകാശവിതാനത്ത് ഒന്ന് ഉറങ്ങിക്കോട്ടെ? മെല്ലെ മെല്ലെ മാലാഖ കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുറങ്ങുന്ന കുരുന്നിനെ പോലെ പുഞ്ചിരിച്ചു..പുഞ്ചിരിച്ചു...!!
-------------------------------------------------------------------------------------------------------------
കടപ്പാട്: 
എന്നെ ശല്യപെടുത്തി തിരികെ റാസല്‍ ഖൈമയില്‍ എത്തിച്ച രഞ്ജിത്ത് , വിനോദ്.  നല്ല സദ്യ ഉണ്ടാക്കി തന്നു സല്കരിച്ച റിനുവിനും ഭാര്യക്കും  ഒപ്പം അവരെ സഹായിച്ച അനൂപിനും ഭാര്യക്കും. പിന്നെ യാത്ര മംഗളം പോലെ കണ്ടിറങ്ങിയ ജാക്സ് എന്ന് ഞാന്‍ വിളിക്കുന്ന സന്തോഷ്‌ എന്ന ചാക്കോച്ചന്

2 comments:

  1. ആ യാത്ര എനിക്കു മിസ്സായി ജോയ്...എൻകിലും ഇതു വായിച്ചപ്പോൾ ഒരു യാത്ര പോയതുപോലെ തോന്നി..

    ReplyDelete
    Replies
    1. A blend of travel to RAK & Feelings !!

      Delete