Friday, July 6, 2018

പേരിലെ പാര

വീട്ടിലേക്ക് വന്നപ്പോൾ പല്ലിളിച്ച് കാണിക്കുകയും പ്രത്യുപകാരമായി കൈമടക്ക് കൊടുക്കാത്തതുകൊണ്ടോ എന്തോ ഒരു കാലഹരണപ്പെട്ട ചിരി നൽകി പോസ്റ്റുമാൻ തിരികെപോവുകയും ചെയ്തപ്പോൾ ഞാൻ  ആ കത്തിലേക്ക് സൂക്ഷിച്ച് നോക്കി.  ഈ അത്യാധുനിക കാലത്ത് ഏതവനാണ് കത്തയക്കാൻ? അതും പെമ്പ്രന്നോത്തിയുടെ പേരിൽ?!

കത്തിന്റെ കവറിൽ തന്നെ ഫെഡറൽ ബാങ്കിൻറെ പേരും ഊരും കണ്ടതുകൊണ്ട് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്തോ കുന്തമെങ്കിലും ആകട്ടെ എന്ന ചിന്തയിൽ  കത്ത് പൊട്ടിച്ചു.  കണ്ടവൻറെ കത്ത് പൊട്ടിക്കാൻ കിട്ടുന്ന സുഖം അനുഭവിച്ച് ഞാൻ  കുറിമാനം പുറത്തെടുത്തതും അവളുടെ പേര് കണ്ട് ഒടയതമ്പുരാനാണെ ഒന്നു ഞെട്ടി കേട്ടോ.

ഇതെന്ത് കൂത്ത്? ഞാൻ അറിയാതെ എൻറെ പെണ്ണുമ്പുള്ളയുടെ പേര് ബാങ്കുകാർ മാറ്റിയിരിക്കുന്നു!!? അവളെ താലികെട്ടി കൊണ്ടുവന്ന്, എൻറെ കൊച്ചിന്റെ തള്ളയായി വാഴിച്ച് കൊണ്ട് നടക്കുന്ന ഈ വീട്ടിൽ, എൻറെ പേരല്ലാതെ വേറേതോ പൂത്തക്കോടന്റെ പേരിടാൻ ഫെഡറൽ ബാങ്കിന്റെ ഗാന്ധിമുക്ക് ബ്രാഞ്ചല്ല ആലുവാ ഹെഡ്ഡോഫീസിനുപോലും അധികാരം ഇല്ലെന്നിരിക്കെ, എന്നാലിതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടിൽ ഭർത്താവിന്റെ എല്ലാ അധികാരത്തോടെയും ഗർവ്വോടെയും അടുക്കളയിൽ ദോശചൂടിൽ എന്ന സർജിക്കൽ സ്ട്രൈക്ക് നടത്തിക്കൊണ്ടിരുന്ന സഹധർമിണിയെ ഞാൻ ഉറക്കെ വിളിച്ചു.

ഭാഷ ഉണ്ടാകുന്നതിന് മുമ്പ് കാടുകളിൽ കഴിഞ്ഞ മനുഷ്യൻ 'പൂ ഹോയ്' എന്നോ മറ്റോ വിളിക്കുന്ന ആ മാറ്റൊലി കേട്ട് ഭവതി ചട്ടുകവുമായി അത്യാഹിതം കാണാനെന്നപോലെ ഓടിവന്നു. ചുടുന്ന ദോശ രണ്ടു മൂന്നെണ്ണം എൻറെ അണ്ണാക്കിൽ കുത്തിത്തിരുകി  വായടപ്പിക്കാൻ ഒരു ആഗ്രഹം അവളുടെ ചിന്താധാരയിൽ എവിടെയോ മിന്നിച്ച്, പിള്ളേരെ അടിക്കാൻ സാറന്മാർ വടിയും പിടിച്ച് നിൽക്കുന്ന മാതിരി ഒരു നിൽപ്പ് നിന്ന് തിരിച്ചോരു ചോദ്യം.

"എന്നതാ? ഇവിടെന്നാ പറ്റി? കെടന്ന് തൊള്ളതൊറക്കാൻ?"

ങ് ഹാ ഇപ്പോൾ ചോദ്യം എന്നോടായോ? ചോദ്യം ചോദിക്കുന്ന പിള്ളാർക്ക് ഹോം വർക്കിട്ട് കൊടുത്ത് സാറന്മാർ ഒതുക്കുന്ന എടപാടുപോലാണല്ലോ ഇത്! ഞാൻ വിട്ടുകൊടുക്കുമോ?   ഈ മൊതലിനെ പശുവിനെ റബ്ബർതോട്ടത്തിൽ കെട്ടിയിടുന്നപോലെ പള്ളീം പട്ടക്കാരും കാൺകെ കഴുത്തിൽ ഓഞ്ഞ നൂലിൽ മിന്നുകെട്ടിയവനാ ഞാൻ. സത്യത്തിൽ കെട്ടിയത് ഞാനാണെകിലും എന്നെ കാണുന്ന മരങ്ങോടന്മാർ ഒക്കെ അന്നുമുതൽ അവൾ എന്നെ കെട്ടിയപോലെ  'പെണ്ണുകെട്ടി.. പെണ്ണുകെട്ടി' എന്ന് പറയുന്നത് ഗീവറുഗീസ് പുണ്യവാളനാണെ ഇന്നും എനിക്ക് വെളിവാകാത്ത ഒരു ഗൂഢ തത്വമാണ്.

ഒരുമാതിരി കവലയിൽ ഗുണ്ടകൾ നിൽക്കുന്ന പോലെ കരിപുരണ്ട ചട്ടുകവുമായി നിൽക്കുന്ന അവളെക്കണ്ട് ഒരു ചെറിയ അപായഭീതി അന്തരംഗത്തിൽ ഉണ്ടായെങ്കിലും വിട്ടുകൊടുക്കാൻ പറ്റുമോ? ഞാനേ ഈ വീടിൻറെ ഗൃഹനാഥനാ..ഗൃഹനാഥൻ.

"എടിയേ ... ഇത് എന്നാ കൂത്താ?"

ബാങ്കിൻറെ കത്ത് ഉയർത്തിക്കാട്ടി ഞാൻ  കാര്യത്തിലേക്ക് കടന്നു.

"എന്തോ കുന്തമാ? നിങ്ങൾ കാര്യം പറ!! അടുക്കളയിൽ പിടിപ്പത് പണിയുണ്ട്"

എടാ എടാ !!  എന്നാപ്പിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

"ടീ സത്യം പറ... ഇതേതവനാ?"

ചെറഞ്ഞു നിൽക്കുന്ന എൻറെ മുഖത്തേക്ക് ടോം ആൻഡ് ജെറിയിലെ പൂച്ചക്ക് ഷോക്കടിച്ച് നിർത്തിയപോലെ ഒരു നോട്ടം അവൾ നോക്കി.

"സത്യമാണല്ലോ..! ഇതേത്തവനാ ഇച്ചായാ?" ഒന്നുമറിയാത്ത ശിശുവിനെപ്പോലെയും തൻറെ അടുക്കളയിലെ കർത്തവ്യത്തിന് വിഘ്‌നം വരുത്തിയതിന്റെ കലിപ്പും തിരയിളക്കി ഫ്യൂഷൻ രീതിയിൽ ഒരു ചോദ്യവും നോട്ടവും അവളിൽ നിന്നുമുണ്ടായി.

"എടീ നിൻറെ പേര് സൂസി... നിന്റെ അപ്പൻറെ പേര് മത്തായി. അപ്പൊ പേരിൻറെ കൂടെ നിൻറെ അപ്പൻറെ പേരോ എൻറെ പേരോ അല്ലേ വരേണ്ടത് ?"

"ങാ.. സത്യമാ... ഞാനൊന്ന് നോക്കട്ടെ.." ഇതും പറഞ്ഞ് അവൾ  ബാങ്കിൽ നിന്നും വന്ന കത്ത് തിരിച്ചും മറിച്ചും നോക്കി. യേശുതമ്പുരാൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്ത സംശയക്കാരനായ തോമാശ്ലീഹായുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് "തോമയെ.. ഡാ ഇങ്ങോട്ട് നീങ്ങി നിന്നേ... നിൻറെ കണ്ണ് തുറന്ന് കാണുകയും തൊള്ള തുറന്ന് അത്ഭുതപ്പെടുകയും മത്തിയെപിടിക്കുന്ന കൈവിരൽ കൊണ്ട് എൻറെ ആണിയടിച്ച കയ്യിലെ പാട് തൊട്ടുനോക്കി തൃപ്തിയാകുകയും ചെയ്താട്ട്" എന്ന് തമ്പുരാൻ പറഞ്ഞത് പോലെ പെണ്ണുമ്പുള്ള കത്തിൽ നോക്കി. ആംഗലേയത്തിന്റെ സർവ്വ തന്ത്രങ്ങളും അറിയാവുന്ന മാതിരി ഒരു നോട്ടമായിരുന്നു അത്. എന്നിട്ട് എന്നെനോക്കി  പറഞ്ഞു.

"ഇതെന്ത് കൂത്താ എൻറെ കർത്താവെ..?? ഇതിപ്പോ പേരുമാറ്റാൻ ഞാൻ അപേക്ഷ കൊടുത്തിട്ട് ബാങ്ക് കാണിച്ച പണികണ്ടോ? എവിടോ കിടന്ന ഒരുത്തൻറെ പേര് എൻറെ കൂടെ എഴുതി വച്ചേക്കുന്നു?!!"

കംപ്യൂട്ടറിലും മറ്റും അടിക്കുമ്പോൾ പേരും നാളും ഒക്കെ മാറിപ്പോകാം. എന്നാൽ ഇത് അതുപോലാന്നോ? സാക്ഷാൽ ബാങ്കിൻറെ കാര്യമല്ലേ? സംഗതി കൈവിട്ട കേസാണ് - ഞാൻ ചിന്തിച്ചു.

ഇവിടെ കൊമേർഷ്യൽ ബ്രേക്ക് ഇല്ലാതെ ഒരു ഫ്‌ളാഷ്ബാക്ക് ആവശ്യമാണ്.

ഞാൻ അവധിക്ക് നാട്ടിൽ വരുംമുമ്പ്,  സർക്കാർ നിയമപ്രകാരം എല്ലാവരും ബാങ്ക് അക്കൗണ്ട്  അപ്‌ഡേറ്റ് ചെയ്യുന്ന സമയത്താണ് ബാങ്കിൽനിന്നും മുന്നറിയിപ്പ് ഉണ്ടായത്.  ഭാര്യയുടെ എല്ലാ റെക്കാർഡിലും അവളുടെ പേരിൻറെ കൂടെ അപ്പൻറെ പേരും ബാങ്കിൽ മാത്രം എൻറെ പേരുമാണെന്ന സത്യം.  കല്യാണം കഴിഞ്ഞ ഉടൻ ഗൾഫിൽ പോയി പ്രിയതമയുടെ പേരിൽ നാല്  പേർഷ്യൻ മണി അയക്കുവാൻ വേണ്ടി തുടങ്ങിയ അക്കൗണ്ട് ആയതിനാൽ, 'കിടക്കട്ടെ ഒരു തുക ലിസിലും' എന്ന മട്ടിൽ, സൂസി എന്ന പേരിൻറെ കൂടെ എൻറെ പേരും അങ്ങോട്ട് ഇട്ടുകൊടുത്തു. ഈ പേരിടീൽ  വശപ്പെശകാവുകയും സൂസിയുടെ പേരിൻറെ കൂടെ ഭർത്താവായ എൻറെ പേരാണ് ചേർത്തിരിക്കുന്നതെന്നും, ഭർത്താവുദ്യോഗം അബദ്ധത്തിൽ പറ്റിയതാണെന്നും, സൂസി എന്ന ഈ മൊതൽ അവളുടെ അപ്പന്റെ സന്തതിയായതിനാലും, കൂടുതൽ കാലം അപ്പനാരുടെ ചിലവിൽ കഴിഞ്ഞതിനാലും, ഈ അണ്ഡകടാഹത്തിലുള്ള സകലമാന എഴുത്തുകുത്തുകളിലും മൂപ്പിലാന്റെ പേരാണ് അവളുടെ പേരിനൊപ്പം ചാർത്തികൊടുത്തിരിക്കുന്നതെന്നും അപ്പൻറെ പേരും ഭർത്താവിന്റെ പേരും വഹിക്കുന്ന ഈ മഹതി രണ്ടല്ല ഒരാൾതന്നെയാണെന്ന് തെളിയിക്കേണ്ട ചുമതല അക്കൗണ്ട് ഉടമസ്ഥയുടെ തലയിൽ വന്നുവീണു. ഇമ്മിണി മുറ്റിയ കേസാണ് ഇതെന്ന് കളത്തിൽ ഇറങ്ങി കളിയ്ക്കാൻ തുടങ്ങിയപ്പോളാണ് സൂസിമോൾക്ക് മനസിലായത്.

അങ്ങനെ അപ്പനും ഭർത്താവും രണ്ടുപേരാണെങ്കിലും ഞാൻ സാക്ഷാൽ സൂസിയാണെന്ന് തെളിയിക്കേണ്ട വള്ളിക്കെട്ട് തലയിൽ വീണ് കുരുങ്ങി പാവംപിടിച്ചവൾ പഞ്ചായത്ത് ഓഫീസിലും വില്ലേജാഫീസിലും അഭയാർഥിയെപ്പോലെ പോയിനിന്ന് എഴുത്ത്കുത്തൊക്കെ നടത്തി ബാങ്കിൽ കൊടുത്തു. വലിയൊരു തലവേദന ഒഴിഞ്ഞമട്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോൾ.

അങ്ങനെ ചട്ടുകം പിടിച്ച് എൻറെ മുമ്പിൽ നിൽക്കുന്ന ഈ മഹതിയുടെ ബാങ്കിൽ നിന്നുള്ള അപ്‌ഡേറ്റ് ഡീറ്റെയിൽസ് ആണ് പോസ്റ്റുമാൻ 'ഇന്നാ പിടിച്ചോ' എന്ന മട്ടിൽ ഇട്ടേച്ചുപോയത്.

"എടീ നീ  ബാങ്കിൽ കൊടുത്തപ്പോൾ പേര് വല്ലതും മാറിപ്പോയാതാണോ?"

കുന്തം വിഴുങ്ങിയപോലെ നിൽക്കുന്ന ഭാര്യയോടായിരുന്നു എൻറെ ചോദ്യം.

"മാറാനോ?! പിന്നെ ഞാൻ അത്ര പൊട്ടിയാന്നോ ...? ഞാനും കോളജിൽ ഒക്കെ പഠിച്ചതാ. എനിക്ക് തെറ്റത്തില്ല"

"തെറ്റത്തില്ലെങ്കിൽ പിന്നെ ഇതെന്ത് കുന്തമാ?" നിൻറെ പേരിന്റെ കൂടെ കണ്ടവന്മാരുടെ പേര് എങ്ങിനെ കേറിവന്നു? ഇതിലെന്തോ കുനഷ്ടുണ്ട്.  നീയൊരു കാര്യം ചെയ്യ്; ദോശേം, കീശേം ഒക്കെ പിന്നെയുണ്ടാക്കാം. ഇതൊക്കെ കയ്യോടെപോയി മാനേജരോട് ചോദിച്ചിട്ട് തന്നെ കാര്യം.

അതുകേട്ടതും ദോശകല്ലേൽ കിടക്കുന്ന ദോശയുടെ അവസ്ഥയോർത്ത് പെണ്ണുമ്പുള്ള അടുക്കളയിലേക്ക് വെടികൊണ്ട പന്നിയെപ്പോലെ ഒറ്റയോട്ടം.

******

ബാങ്കിൻറെ അകത്തേക്ക് കയറുമ്പോൾ വാതിലിന് പുറത്ത് ഊരിയിട്ടിരിക്കുന്ന ചെരുപ്പുകൾ കണ്ട് ഇതെങ്ങാനം  പള്ളിയോ അമ്പലമോ ആക്കിമാറ്റിയോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. നമ്മുടെ ആൾക്കാർ ഒക്കെ എത്ര ഡീസന്റാ.. ആരാധനാലയവും പണാലയവും ഒന്നാണെന്ന് അവർക്കറിയാം (ലക്ഷ്മിയല്ലിയോ, ലക്ഷ്‌മി). എന്നാപ്പിന്നെ ചെരുപ്പ് ഊരാതെ തന്നെ കയറിയിട്ട് കാര്യം. വഴിയിൽ കിടന്ന ഏതോ ഒരുത്തന്റെ പേരെടുത്ത് എൻറെ സൂസൂവിന്റെ പേരിനൊപ്പം കയറ്റിയ ബാങ്കിനകത്തല്ല, മാനേജരുടെ വീട്ടിനകത്തുവരെ ചെരുപ്പില്ലാതെ കയറാനുള്ള ദേഷ്യത്തിലാണ് സുനാമിപോലെ  മാനേജരുടെ ക്യാബിനകത്തേക്ക് കയറിയത്. ചെന്നപാടെ മരിപ്പുനടന്ന വീട്ടിൽ ചെന്നമാതിരി മോങ്ങലോടെ സൂസൂ ഒരു പതംപറച്ചിൽ.

"എൻറെ സാറേ... ബാങ്ക് അക്കൗണ്ടിൽ എൻറെ പെരുമാറ്റാൻ പറഞ്ഞിട്ട് ഇതെന്തോ അന്യായമാ കാണിച്ച് വച്ചേക്കുന്നെ??"

"എന്തുപറ്റി?" മാനേജർ വാ പൊളിച്ചു. അക്കൗണ്ട് ഹോൾഡറോടൊപ്പം വന്നിരിക്കുന്നത് തൻറെ ബാങ്കിൽത്തന്നെ അക്കൗണ്ട് ഉള്ള ഒരു എൻ.ആർ.ഐ. ആണെന്നത് ആ വാപൊളിപ്പിന്റെ ശക്തി ഇത്തിരി കൂട്ടി. അതിന് മറുപടി ഞാനാണ് പറഞ്ഞത്.

"എൻറെ പൊന്നു സാറേ... കഷ്ടകാലത്തിന് എന്റെ പെണ്ണുമ്പുള്ള നിങ്ങടെ നിയമപ്രകാരം പേരിൽ ഒരു ചേഞ്ച് വരുത്തി... അതിന് പേരിൻറെ കൂടെ കണ്ട അണ്ടന്റെയും അടകോടനേയും കേറ്റിവച്ചിരിക്കുന്നത് എന്നാ സൂക്കേടാ.?"

മാനേജർ എന്നെയും ഭാര്യയേയും മാറിമാറി നോക്കി.

"സാറിതൊന്ന് നോക്കിയേ... എന്റെയും ഇവളുടെ അപ്പന്റെയും പേരിനിടയ്ക്ക് ഏതോ ഒരു മരങ്ങോടന്റെ പേര് കൊണ്ടിട്ടിരിക്കുന്നത്..!!"

മാനേജർ ഞാൻ കൊടുത്ത ബാങ്കിലെ കത്ത് നോക്കി. ഓളവും ബഹളവും കേട്ട് അപ്പോളേക്കും ലേഡി അസിസ്റ്റന്റ് മാനേജരും ഓടിവന്നു.

"ഇതിലിപ്പോ എന്താ കുഴപ്പം?" മാനേജർ പൊട്ടൻ ആനയെ കണ്ടപോലെ ഊശിയാക്കുന്ന ഒരു നോട്ടവും ചോദ്യവും.

എനിക്കാണേൽ വെറുപ്പടിച്ചുവന്നു.

"സാറെ, എൻറെ ഭാര്യയുടെ പേരിൻറെ കൂടെ ഈ ഏലിയാസ് എന്നൊരുത്തൻ എവിടെനിന്ന് കേറി വന്നു? അതായത് എൻറെയും അവളുടെ അപ്പന്റെയും പേരിനിടയിൽ എവിടുന്നോ ഒരു ഏലിയാസ് കേറിക്കിടക്കുന്നത് കണ്ടോ? സൂസി ഏലിയാസ് എന്നപേര് നിങ്ങൾ എവിടെനിന്ന് എഴുന്നെള്ളിച്ചോണ്ട് വന്നതാ?"

ഇതിന്റെ തുടർച്ചയെന്നോണം പെണ്ണുമ്പുള്ളയും പറഞ്ഞു "സാറേ ദാണ്ടെ, ഇങ്ങോട്ട് നോക്കിയേ... ഞാൻ ഈ കണ്ട ഫോമുകൾ ഒക്കെ പൂരിപ്പിച്ചപ്പോളും, പഞ്ചായത്തീന്നും വില്ലേജാഫീസിനും പേപ്പറുകൾ കൊണ്ടുതന്നപ്പോളും ഇല്ലാത്ത ഏതോ ഒരുത്തന്റെ പേര് എൻറെ പേരിൻറെ കൂടെ ഇട്ടതിന്റെ വ്യവസ്ഥ ഒന്നറിയണമല്ലോ"

ഞാനും ഭാര്യയും  ഒരുമാതിരി ചീറിനിൽക്കുമ്പോൾ അസിസ്റ്റന്റ് മാനേജർ പെണ്ണുമ്പുള്ള ആണ്ടെടാ മുല്ലപെരിയാർ ഡാം പൊട്ടിയപോലെ ഒരൊറ്റ ചിരി. ആ ചിരി മാനേജർ സാറിന്റെ മുഖത്തും പടർന്നുകയറി. എന്നിട്ട് മാനേജർ എൻറെ കയ്യേൽ ഒരു പിടുത്തം.

"എൻറെ പൊന്നു സാറേ... ഈ 'ഏലിയാസ്' എന്ന് നിങ്ങൾ പറയുന്നത് ഒരുത്തനെയും പേരൊന്നുമല്ല. 'അല്ലെങ്കിൽ'... 'അഥവാ' എന്നൊരർത്ഥമേ അതിനുള്ളൂ  ഇഗ്ളീഷിൽ"

"എന്നുവച്ചാൽ?" ഞാൻ മനസ്സിലാകാതെ ഇരുന്നു. ഏലിയാസ് എന്നുവച്ചാൽ ഏലിയാസ് അല്ലാതെ വേറെ ആരെങ്കിലുമാകുമോ? ഗാന്ധിമുക്കിന് പലചരക്ക് കച്ചവടം നടത്തുന്ന മാക്രി ഏലിയാസ് പിന്നെയാരാ? ഞാൻ എന്നോടുതന്നെ ചോദിച്ചുപോയി.

"എന്നുവച്ചാൽ.. മാഡത്തിന്റെ പഴയ പേരും ഇപ്പളത്തെ പേരും ഒന്ന് തന്നെയാണെന്ന്. രണ്ടു പേരുകളിലും അറിയപ്പെടുന്ന വ്യക്തി ഒരാളാണെന്ന് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇഗ്ളീഷ് വാക്കാണ് 'ഏലിയാസ്' (ALIAS) അല്ലാതെ അതൊരു ആളുടെ പേരൊന്നുമല്ല.

കാര്യം മാനേജർ ഒന്നുകൂടി വിശദമാക്കിയപ്പോൾ  സത്യം പറഞ്ഞാ, എന്റേം പെണ്ണുമ്പുള്ളയുടെയും ഗ്യാസുപോയി. 'എന്നാപ്പിന്നെ അങ്ങോട്ട് ....' എന്നമട്ടിൽ തെളിവിനായി കൊണ്ടുവന്ന പേപ്പറുകൾ മടക്കി ലോകത്ത് എന്തുസാധനവും കുത്തിക്കയറ്റിവക്കാൻ പാകത്തിലുള്ള പേഴ്‌സിനകത്തേക്ക് വച്ച്  ഇറങ്ങുമ്പോൾ പുലിപോലെ വന്നത് എലിപോലെ എന്ന മട്ടിൽ അവൾ മാനേജരോട് പറഞ്ഞു.

"പുണ്യവാളച്ചൻ സത്യമായിട്ടും പേടിച്ചുപോയി സാറേ. ങാ... നമ്മളൊക്കെ സദാ മലയാളം മീഡിയത്തിൽ പഠിച്ചതല്ലിയോ? ചെറിയ തപ്പുകേടൊക്കെ പറ്റാം"

പെണ്ണുമ്പുള്ളയുടെ ന്യായീകരണവും കേട്ട് ഞാൻ പുറത്തിറങ്ങി. ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കാതിരുന്നതിന്റെ കുഴപ്പം  ഇത് കുത്തിപ്പൊക്കി കൊണ്ടുവന്ന എനിക്കാണല്ലോ കൂടുതൽ.

വായുഗുളികയ്ക്ക് എന്നപോലെ  ഓടിവന്ന ഒരു ഓട്ടോയ്ക്ക് കൈകാണിച്ച്  അകത്തേക്ക് കേറുമ്പോൾ എൻറെ കയ്യിൽ നല്ല ഒരൊന്നാന്തരം ഞോണ്ടുതന്നുകൊണ്ട് തനിക്കുണ്ടായ മാനഹാനിയുടെ ബാഹുല്യം ഭാര്യ   ചെവിയിലേക്ക് ഓതി.

"വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തുവച്ചപോലെ ആയിപ്പോയല്ലോ ഇച്ചായാ ഇത് ? രാവിലെ അടുക്കളയിൽ ദോശേം ചുട്ടോണ്ടിരുന്ന എന്നെ മെനക്കെടുത്തിയതും പോരാ, ഒടുക്കത്തെ നാണക്കേടും. എൻറെ വ്യാകുല മാതാവേ.. ഏതവനെയാണോ ഇന്ന് കണികണ്ടത് ?!"

'സൂസൂ.. നീ കണികണ്ടത് എന്നെത്തന്നെയാ.. പക്ഷേ ഞാൻ കണികണ്ടത് നമ്മുടെ തപാൽ വകുപ്പിലെ പോസ്റ്റുമാനെയാ!!'

ഇങ്ങനെ പറയണം ഇന്നുണ്ടായിരുന്നെങ്കിലും ഞാൻ മിണ്ടിയില്ല. മൗനം വിദ്ധ്വാനുതന്നെയാണ് ഭൂഷണം എന്ന് സ്വയം  മനസ്സിലാക്കി 'എന്നാലും എൻറെ ഏലിയാസേ ....'  എന്നൊരു ഒരു നെടുനിശ്വാസം ഉതിർത്ത്  വിഗ്രഹമോഷണത്തിന് പിടിക്കപെട്ടവൻ പോലീസ്‌റ്റേഷനിലേക്കെന്നപോലെ  ഞാൻ ഓട്ടോയിലിരുന്നു.

No comments:

Post a Comment