Tuesday, December 5, 2017

അപ്പൻറെ ദുശീലം

എനിക്ക് ഒരുപാട് ദുശീലങ്ങൾ ഉണ്ടെന്നുള്ള സത്യം  അടുപ്പക്കാർക്കേ അറിയൂ (മാങ്ങാണ്ടിയോടടുത്താലല്ലേ പുളി അറിയൂ).  അതിലൊന്നാണ് രാവിലെ നാലുമണിക്ക് മുമ്പ് ഒരുമാതിരി ഉറുമ്പിൻകൂട്ടിൽ കൊണ്ട് കാലിട്ടമാതിരി ദേഹത്താകമാനം ചൊറിഞ്ഞുകേറുന്നപോലെ തോന്നുന്നത്.   എന്തിനാ ഈ ചൊറിച്ചിൽ  എന്ന് അഭ്യുദയകാംക്ഷികൾ ചോദിക്കുമ്പോൾ, അതിനുള്ള മറുപടിയാണ് ഞാനിന്ന് അനൗൺസ്‌ചെയ്യുന്നത്.

നിങ്ങൾക്കറിയാം, ഒരു കാരണം ഇല്ലാതെ ഒരു പട്ടിപോലും കുരയ്ക്കുന്നില്ല, ഒരു കോഴിപോലും കൂകുന്നുമില്ല. 

അപ്പൻറെ ഒരുപാട് ദുശീലങ്ങൾ എനിക്ക് പാരമ്പര്യമായിട്ടങ്ങ് കിട്ടിയിട്ടുണ്ട് (നല്ല ശീലങ്ങൾ പലതും കിട്ടിയിട്ടുമില്ല),   അതിലൊന്നാണ് മേൽപറഞ്ഞ ചൊറിഞ്ഞുകേറ്റം.   ഇതിൻറെ പിന്നിലുള്ള ഗുട്ടൻസ്  ഇനിയെങ്കിലും തുറന്നുപറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവുകേല, അതോണ്ടാ.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്,  എന്നും അതിരാവിലെ അറക്കവാളിന്റെ മാതിരി, കർണ്ണപുടങ്ങളിൽ ഒരു ശബ്ദം വന്ന് പതിക്കും.  എൻറെ സുഷുപ്തി കളഞ്ഞുകുളിക്കുന്നത്  അനന്തശയനത്തിൽ നിന്നെണീറ്റു വരുന്ന അപ്പൻറെ  ചുമയാണ്.  എന്നുവച്ചാൽ ഒരു കാരണമില്ലേലും പരമ്പരാഗതമായി കിട്ടിയ ശീലംപോലെ അപ്പൻ ചുമച്ചിരിക്കും.  എന്നാൽ കാരണമില്ലെന്നു പറയുന്നതൊട്ടു ശരിയുമല്ല. അപ്പന് വ്യക്തവും ശക്തവുമായ കാരണമുണ്ട്. അതെന്താണെന്നാണ് പറയാൻ പോകുന്നത്.

'ഉറങ്ങിക്കിടക്കുന്നവരെല്ലാം എണീക്കുവിൻ...ഞാനിതാ എണീറ്റിരിക്കുന്നു' എന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ് അപ്പൻ.  ആ പ്രഖ്യാപനം അമ്മയെ ഉണർത്താനാണ്. എന്നാൽ അമ്മ ആരാ മോൾ? അപ്പൻറെ ഒരുമാതിരിപ്പെട്ട ചുമയിലും, കുരയിലിലുമൊന്നും അമ്മയെണീക്കില്ല. രാത്രിയുടെ ഏതോ യാമത്തിൽ ലോകമെല്ലാം ഉറങ്ങുംവരെയും അടുക്കള ജോലിയൊക്കെ ചെയ്തു ഷീണിച്ച് കിടന്നുറങ്ങുമ്പോളാണ് ഒരുമാതിരി ചുമ!?  കുംഭകർണ്ണനോട് കോംപറ്റീഷൻ നടത്താനെന്നമാതിരി അമ്മയൊരു തിരിഞ്ഞുകിടത്തം അങ്ങ് കിടക്കും.  അത്ര തന്നെ.

പിന്നെ അപ്പന് ഞോണ്ടിവിളിക്കാൻ  വേറെ ആരാ ഉള്ളത്?  ഈ ഹതഭാഗ്യൻ.  അല്ലേലും ഞങ്ങൾ പിള്ളേർ  പലർക്കും ഞോണ്ടിക്കളിക്കാനുള്ള പൊതുമുതൽ പോലെയാണല്ലോ. വീട്ടിൽ വീട്ടുകാർക്കും,  സ്‌കൂളിൽ സാറന്മാർക്കും, നാട്ടിൽ നാട്ടുകാർക്കും. പ്യൂപ്പദിശയിൽ കിടക്കുന്ന ഈ ഹതഭാഗ്യനോട്  ചുമയുടെ അകമ്പടിയോടെ അപ്പൻ ഉറക്കെവിളിച്ച് പറയും.

"എണീക്കേടാ... നിനക്കൊന്നും പഠിക്കാൻ ഇല്ലേ?  നേരംവെളുത്ത്  ഉച്ചിയിൽ സൂര്യനുദിച്ചല്ലോ"

ആദ്യത്തെ വിളിയിൽ നമ്മൾ സ്വാഭാവികമായും അനങ്ങാതെ കിടക്കുമല്ലോ.  അപ്പോൾ ടോൺ മാറും. ഒരുമാതിരി വിരട്ടൽ നയം പുറത്തെടുക്കും.  നിസഹായത എന്താണെന്ന് നിങ്ങൾ അപ്പോൾ വന്ന് എൻറെ മുഖത്ത് നോക്കണമായിരുന്നു.  ഉള്ളിൽ ദുർവ്വാസാവിന്റെ ദേഷ്യവും, പുറമെ നിസ്സംഗതയും, അതാണാവസ്ഥ.  എൻറെ ക്രോധവും ശാപവും അപ്പൻറെ മുറിയിലേക്ക് നീളുമ്പോൾ ആശാൻ കതക് തുറന്ന് വാതിൽപ്പടിയിൽ വന്നിരുന്ന് ഒരൊന്നാന്തരം തൊറുപ്പ് ബീഡി ചുണ്ടത്ത് കത്തിച്ചങ്ങ് വച്ചിട്ടുണ്ടാകും.  ആ ബീഡിവലിയോടെ അപ്പൻറെ ഒരു ദിവസത്തെ ബീഡിവലി ഔദ്യോദികമായി ഉത്‌ഘാടനം ചെയ്യപ്പെടുകയാണ്.

ബീഡിയുടെ പുക അകത്തേക്ക് ചെല്ലുമ്പോൾ അപ്പൻറെ അഡിക്‌ഷൻ  പുറത്തേക്ക് വരും (For every action, there is an equal and opposite reaction എന്നെങ്ങാണ്ട്‌ പണ്ട് പുരാതനകാലത്ത് ആൽബർട്ട് ഐൻസ്റ്റീൻ  മൂന്നാമത്തെ ലാ പറഞ്ഞുവച്ചതിനു കാരണം അയാളുടെ അപ്പൻ ഒരുപക്ഷെ ഒരൊന്നാന്തരം കട്ടൻബീഡി വലിക്കാരൻ ആയിരുന്നതാണോ എന്ന് അന്നോക്കെ ഞാൻ ചിന്തിച്ചിട്ടുമുണ്ട്).  അപ്പൻറെ ഇനിവരുന്ന വരുന്ന വാചകങ്ങൾ ഒക്കെ ഡിഫോൾട്ട് ആണ്.

"പരീക്ഷ അടുക്കാറായി, നിനക്കൊന്നും പഠിക്കാനുമില്ലേ, തോറ്റ് തൊപ്പിയിട്ടേച്ച്, മൊട്ടം മേടിച്ച് പോഗ്രസ്സ് കാർഡുമായിട്ടിങ്ങ് വാ... ഒപ്പിട്ട് തരാം"

ദാണ്ട് കിടക്കുന്നു!  എന്നെപ്പോലുള്ള എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ മൊണ്ണകൾ എന്ന് നാട്ടുകാരെക്കൊണ്ട് മൊത്തം പറയിക്കാൻ സർക്കാർ മൂന്ന് പരൂക്ഷയിടും. ഓണം, ക്രിസ്‌മസ്‌  പിന്നെ ഇത് രണ്ടും പോരാഞ്ഞ് വല്യപരൂഷ.  ഈ ഓണം ക്രിസ്‌മസ്സ്‌  ഒക്കെ നമുക്ക് ആഘോഷിക്കാനുള്ളതല്ലിയോ?   ഊഞ്ഞാലുകെട്ടിയും, ക്രിസ്മസ് ട്രീ ഇട്ടും ആഘോഷിക്കേണ്ട സമയത്ത് ഈ പരൂഷ ഒക്കെ കൊണ്ടുവയ്ക്കുന്നത് പിള്ളേരെ കഷ്ടപെടുത്താനുള്ള സാഡിസമല്ലേ? മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോകത്തുള്ള സകലമാന അമ്പലങ്ങളിൽ ഉത്സവവും, പള്ളികളിൽ പെരുന്നാളും ഉള്ള സമയമാണ്.  അപ്പോളാണ് സർക്കാർ  പരൂഷ മോണ്ടുവരുന്നത്!  കൊച്ചുപിള്ളാരുടെ നെഞ്ചത്തോട്ട് കേറി പൊങ്കാലയിട്ടാൽ ആര് ചോദിക്കുകയും പറയുകയും ചെയ്യാനാ?  സർക്കാറിന്റെ വകതിരിവില്ലാത്ത ഇത്തരം പരിപാടികൾ കാരണം പരൂഷക്ക് ആനമൊട്ട വാങ്ങുന്ന എന്നെപ്പോലുള്ള ഹതഭാഗ്യർ ക്ലാസ്ടീച്ചർ കുഞ്ഞമ്മ സാറുമുതൽ വിദ്യാഭ്യാസ മന്ത്രിക്കിട്ടുവരെ കൂടോത്രം ചെയ്യണം എന്നാലോചിച്ചു നടക്കുമ്പോഴാണ്  അപ്പൻറെ മൊട്ട കിട്ടുമെന്നുള്ള ഈ  ഭീഷണി.

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി  ഒരു സംശയം തോന്നാം,  എന്നെ പഠിപ്പിച്ച്  ഏതാണ്ട്  മജിസ്രേട്ട് ആക്കാനുള്ള പ്രോഗ്രാമ്മിലാണ് അപ്പൻ വഴക്കുപറയുന്നതെന്ന്.  ചുമ്മാ.... അപ്പൻ ആ വിരട്ടൽ വിരട്ടിയതിൻറെ മൂലകാരണം, ആശാന് രാവിലെ ഒരു കട്ടനടിക്കണം.  എന്നുവച്ചാൽ നമ്മുടെ ഈ ഉലുവ ഒക്കെ പൊടിച്ച് ചേർത്ത നാടൻ കാപ്പിപൊടിയിട്ട് നല്ല കടുപ്പത്തിൽ ടാറിന്റെ കളറുമാതിരി ഒരെണ്ണം.  ഒപ്പം ഒരു കട്ടൻ ബീഡിയും.  കള്ളും-കപ്പയും, കേക്കും-വൈനും, കപ്പയും-മത്തിയും എന്നൊക്ക പറയില്ലേ? ഏതാണ്ട് അതുപോലൊരു പൊരുത്തം, കട്ടനും-കട്ടനും.  ഈ കട്ടൻ കാപ്പി അകത്തേക്കും, കട്ടൻ പുക പുറത്തേക്കും വിടുമ്പോൾ അപ്പനുണ്ടാകുന്ന ഉന്മേഷം..! എൻറെ ശൂലമേന്തിയ പുതുപ്പളി പുണ്യവാളച്ചാ; അത് വർണിച്ചീടാൻ  ഈ ടോമിൻ തച്ചങ്കരിക്ക് വാക്കുകൾ പോരാ.

"ദാണ്ടെ.. അമ്പലത്തിൽ പാട്ടിടാറായി.. കിടന്നുറങ്ങുന്നകണ്ടതില്ലേ.. ഡാ..."

ഇനി രക്ഷയില്ല.  ഉറക്കം തൂങ്ങി, എന്ടോസൾഫാൻ അടിച്ചിടത്തുണ്ടായ പിള്ളേരെപ്പോലെ ഞാൻ ചുറ്റും നോക്കിയിട്ട്, പ്രാകികൊണ്ട് തലയും ചൊറിഞ്ഞങ്ങ് എണീക്കും.  അപ്പോളേക്ക് അപ്പൻ മഴക്കാലത്ത് കണ്ടത്തിൽ മാക്രി കിടന്നലയ്ക്കുന്നപോലെ  ചുമയും ചുമച്ച് എൻറെ അടുത്തേക്ക് വരും.

"ഡാ... ഒരു കട്ടനിട്" ദേഷ്യം മാറി ഇപ്പോളത് റിക്വസ്റ്റ് ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിയുണർത്തപെട്ട് എൻറെ വൃണമാക്കപ്പെട്ട വികാരത്തെ മാനിച്ചുകൊണ്ടാണ് അപ്പൻ അടുത്തേക്ക്  സോഫ്റ്റായി വരുന്നത്.  ചിലപ്പോൾ തോളിൽ വന്നൊരു പിടിത്തം അങ്ങ് പിടിച്ചുകളയും. സത്യം പറയാല്ലോ, ഞാനും ഒരു മോനല്ലിയോ?  കുമാരനാശാന് മാത്രമല്ല എനിക്കും കരുണയൊക്കെ വരികയും അപ്പന്റെ ആഗ്രഹപൂർത്തീകരണം നടത്താൻ ഞാൻ വീണപൂവുപോലെ എണീക്കുകയും ചെയ്യും.  അപ്പൻറെ ആ സ്നേഹത്താലോടലിൽ ഒരു ബിസ്സിനസ്സ് ടെക്‌നിക് ഒളിഞ്ഞുകിടപ്പുണ്ടെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.  കാരണം ഇഷ്ടമില്ലാതെ ഞാൻ ഉണ്ടാക്കുന്ന പ്രൊഡക്ടിന് ഗുണമേന്മ കുറവായിരിക്കുമല്ലോ (കാപ്പിക്ക് ചിലപ്പോൾ ചൂട്ടിന്റെയോ, മണ്ണെണ്ണയുടെയോ മണം വന്നുകൂടെന്നില്ലല്ലോ).

വെള്ളകീറും മുമ്പ്  എണീക്കുന്നതിൻറെ മാത്രം ദേഷ്യമല്ല എനിക്ക്.  പക്കാ പെണ്ണുങ്ങളുടെ പണിയായ അടുപ്പിലെ ചാരം വാരി കളയലും, ചൂട്ടും വിറക്കുമെടുത്ത്‌വച്ച് തീകത്തിക്കാൻ  വേണ്ടി ഷോർട്ട്കട്ടായി വിളക്കിൽ നിന്നും ഇത്തിരി മണ്ണെണ്ണ അടുപ്പിൽ തൂകി, തീപെട്ടിയെടുത്ത് ഉരച്ച്  തീ കത്തിക്കുക എന്നത് എൻറെ  ആണത്വത്തിനെതിരെയുള്ള  മഹാവെല്ലുവിളിയാണെന്ന് ഞാൻ ചിന്തിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ?!

അങ്ങനെ എൻറെ ദുഃഖത്തിൽ മുങ്ങിയ തീകത്തിക്കലിൽ നിന്നും മൂന്ന് കാപ്പി ഉണ്ടാക്കപെടും. ഒന്ന് അപ്പന്, രണ്ട് അപ്പൻറെ ചുമയും, കുരയും കേട്ട്  തീകായാനിരിക്കുന്ന പോലെ ഒരിരിപ്പിരിക്കാൻ പോകുന്ന അമ്മയ്ക്ക്, പിന്നെ മൂന്നാമത്തേത് എനിക്കും.  ഫൈവ് സ്റ്റാർ ഹോട്ടലിലെ സപ്ലൈയറെപ്പോലെ അത് സപ്ലൈ ചെയ്യമ്പോൾ  'ഈ വീട്ടിൽ എത്രയോ ആൾക്കാർ കിടന്നുറങ്ങുന്നു, എങ്കിലും എൻറെ അപ്പാ, എൻറെ തോളിലോട്ടു തന്നെ എന്നും കാപ്പിയിടാൻ വന്നു കേറിക്കോണം' എന്നൊക്കെ ചിലപ്പോൾ ഞാൻ ചിന്തിച്ചെന്നിരിക്കും.

കാപ്പിയും മൊത്തിക്കുടിച്ച് ആനന്ദത്തിലാറാടിയിരിക്കുമ്പോൾ അപ്പൻ ചില വീട്ടുകാര്യവും, നാട്ടുകാര്യവും ഒക്കെ ചർച്ചയ്‌ക്കെടുത്തിടും.  അതിനിടയിൽ കൂട്ടുകാരുടെ കയ്യിൽനിന്നും കടംവാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും ഒക്കെ സൂത്രത്തിൽ പഠിക്കുന്ന പുസ്‌തകത്തിന്റെ നടുക്ക്  കയറ്റിവച്ച് ഞാൻ വിജ്ഞാനവിപുലീകരണവും  നടത്തും.  ദൈവം സഹായിച്ച് നമ്മുടെ സർക്കാരായിട്ട്  ആയിടയ്ക്ക് പാഠപുസ്തകത്തിൻറെയൊക്കെ വലിപ്പമങ്ങ് കൂട്ടിതന്നു.  ഞങ്ങൾ അതിനെ 'പാളപുസ്തകം' എന്നായിരുന്നു വിളിച്ചിരുന്നത്.  എന്തായാലും ഞങ്ങളെപ്പോലെ കുറേപേർക്ക് പുസ്തകത്തിനുള്ളിൽ പുസ്തകം വച്ചുപഠിക്കാനുള്ള ഭാഗ്യം ആ വിദ്യാഭ്യാസ ഭരണപരിഷ്‌കാരംകൊണ്ടായി എന്നത് ഇവിടെ വിസ്മരിക്കാനാവില്ല.

ഈ കാപ്പിയിടൽ പ്രക്രിയ അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു.  സ്‌കൂൾ കഴിഞ്ഞ് ബിരുദപഠനം ഒക്കെ ആരംഭിച്ചപ്പോൾ  കല്ലടുപ്പിൽനിന്നും നീലക്കളർ തീയുള്ള ഗ്യാസ് അടുപ്പിലേക്ക് പ്രൊമോഷൻ കിട്ടിയെന്ന് മാത്രം.

ലോകത്ത് ഏതുകോണിലാണെങ്കിലും അതിരാവിലെ എണീക്കുമ്പോൾ എൻറെ കാതിൽ രണ്ട് ശബ്ദവീചികൾ വന്നു വീഴുന്നതായി തോന്നും.   ആദ്യത്തേത് "ഡാ.. കട്ടനിട്" എന്ന അപ്പൻറെ വിളിച്ചുണർത്തലും, രണ്ടാമത്തേത്  എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതവുമാണ് (അമ്പലത്തിലെ പാട്ട് എന്ന് അപ്പനാർ പറയുന്നത് ഈ രണ്ടാമത്തെ സംഭവമാണ്!).

ഇങ്ങനെ അതിരാവിലെ ഈ ഉണർത്തുപാട്ടുകൾ ഒക്കെ കേട്ട് എണീറ്റാൽ കിട്ടുന്ന എൻറെ അധികസമയം ഇതുപോലുള്ള ഭീകരകഥകൾ എഴുതി നിങ്ങളെപ്പോലെയുള്ള സാധുക്കളെ ഉപദ്രവിക്കാൻ  ഉപയോഗിക്കുന്നു എന്നതാണ് പച്ചപരമാർത്ഥം.  പണ്ട് അപ്പൻ എനിക്കിട്ട് തന്ന പണി ഇന്ന് ഞാൻ പലർക്കായിട്ട് പകുത്തുനൽകുന്നു, അത്രയേ ഉള്ളൂ.  എന്നെക്കൊണ്ട് ചെയ്യാവുന്ന ഒരെളിയ സേവനം.

ഇനിയെങ്കിലും അടിയന്റെ  ദുശീലങ്ങളെപ്പറ്റി വേണ്ടാത്ത കുശ്മാണ്ഡൻ ചോദ്യങ്ങൾ ചോദിക്കുന്നവർ ഈ കുറിപ്പ് മനസിൽവയ്ക്കും എന്ന ഉത്തമബോധ്യത്തോടെ നിർത്തട്ടെ.

കുറിപ്പ്:
എൻറെ ഉറക്കത്തിന് ഞാൻ അമ്മയോടും, ഉണർവിന് അപ്പനോടും കടപ്പെട്ടിരിക്കുന്നു.

No comments:

Post a Comment