Wednesday, November 15, 2017

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 7 - 8

റോങ് നമ്പർ 

നേരം വെളുത്ത് പത്തുമണിയായിക്കാണും. പ്രവാസിയുടെ അവധിദിവസത്തിന്റെ പ്രഭാതം ഉദിച്ചുയരുന്നതേയുള്ളൂ.  ഞാൻ കുറേനേരംകൂടി പുതപ്പിനുള്ളിൽതന്നെ പ്യൂപ്പദിശയിൽ കഴിഞ്ഞു.  ഇങ്ങനെ കിടക്കുമ്പോൾ തിരമാലകൾ പോലെ ഒത്തിരിയൊത്തിരി ചിന്തകൾ വന്നടിച്ചുകയറും.  വിൻഡോ എസിയുടെ മുരൾച്ചയിൽ,  ബ്ളാങ്കറ്റിനുള്ളിൽ ഇങ്ങനെയാലോചിച്ച് കിടക്കാൻ ഒരു സുഖം. എന്നും അതിരാവിലെ ഒരു യന്ത്രത്തെപോലെ അലാറമടിയെ പ്രാകികൊണ്ട് കുളിമുറിയിലേക്ക് നടന്നുപോവുകയും കുറെ അസസ്‌ഥതയൊക്കെ DEWA യുടെ പൈപ്പുവെള്ളത്തിൽ കഴുകിക്കളഞ്ഞ് തിരികെ വരികയും, ചടുലമായ നീക്കങ്ങളിലൂടെ വസ്ത്രധാരണവും അലസമായ മേക്കപ്പും നടത്തി ബായ്ക്പായ്ക്കും പേറി അൽഫുട്ടയിൻ മോസ്കിന്റെ മുന്നിലുള്ള ബസ്സ് സ്റ്റോപ്പിൽ കാത്തുനിന്ന് കമ്പനിയുടെ മുപ്പത്തിരണ്ട് സീറ്റ് ബസ്സിനുള്ളിലേക്ക് പാതിമയക്കത്തിലും സമ്പൂർണ്ണ സുഷുപ്തിയിലും ഇരിക്കുന്നവരുടെ ഇടയിലെ ഏതെങ്കിലും കാലിസീറ്റിലേക്ക് ഊളിയിരുന്നതുവരെയുള്ള ധൃതിയും ചങ്കിടിപ്പും ഇന്നില്ലല്ലോ എന്നചിന്തയായിരിക്കാം എനിക്കും  ഈ പുതപ്പിനുള്ളിലെ  ഇളംചൂടിൽ ഇണയായി തലയിണയും ആലിംഗനംചെയ്ത് കിടക്കുമ്പോൾ സുഖംപകരുന്നത്.  സത്യത്തിൽ ഈ തലയിണ എൻറെ രണ്ടാം ഭാര്യയാണോ എന്നുപോലും തോന്നിയിട്ടുണ്ട്.  തലയിണയും മോശമല്ല - കുസൃതിക്കാരിതന്നെ!

സഹമുറിയന്മാർ രണ്ടുപേർ നാട്ടിൽപോയിരിക്കുകയാണ്. പിന്നെ റൂമിൽ ബാക്കിയുള്ളത് ഇക്കയും ഞാനും. ഇക്കയാകട്ടെ അത്യാസന്നനിലയിലുള്ള  കൂർക്കവലിയിലൂടെ തൻറെ ശക്തി അറിയിച്ചുകൊണ്ടിരിക്കുകയും.  വല്ല താബൂകും കയ്യിൽകിട്ടിയിരുന്നേൽ ഉന്നംനോക്കിയൊരു ഏറ് പാസ്സാക്കാം എന്നെനിക്ക് തോന്നിപ്പിക്കുന്ന വലിച്ചുകേറ്റലും ഇറക്കിവിടീലും!

എൻറെ നോക്കിയാ 3310 ഫോൺ ചിലച്ചപ്പോൾ ഒരു ഞെട്ടലിൻറെ വെട്ടലോടെ കൈ ഫോണിലേക്ക് നീണ്ടു.  രണ്ടാം ഭാര്യയെ വിട്ട് ഒന്നാം ഭാര്യയിലേക്ക്.  കട്ടിലിൽ നിന്നും ചാടി എണീറ്റ് ഞാൻ അടുക്കളയിലേക്ക് നടന്നു.  കതകടച്ച് മറുതലയ്ക്കലേക്ക് കാതോർത്തു.

"ഹലോ"  ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മറുവശത്തുനിന്നും ഭീതിയുടെ പ്രവാഹം.  പേടിച്ചരണ്ട ഒരിരയെപ്പോലെ അവൾ സംസാരിക്കുന്നതാദ്യമായിട്ടാണ്.  എൻറെ നെഞ്ചുപിടിഞ്ഞൂ!  തലയിൽ നിന്നും ശക്തമായ അഡ്രെനലിൻ പ്രവാഹം ശരീരമെമ്പാടും പാഞ്ഞു.  എന്താണെന്ന് പലവട്ടം ചോദിച്ചതിനെല്ലാം കരച്ചിൽ മാത്രമായിരുന്നു മറുപടി.

"ഞാൻ രണ്ടു ദിവസമായി രാത്രി ഉറങ്ങീട്ടില്ല... പേടിച്ച്"

"രണ്ടു രാത്രി? പേടിച്ച്?! എന്തിന്?" എനിക്കത്ഭുതവും ആശങ്കയും തോന്നി. പേടിക്കേണ്ടതായി എന്താണിപ്പോൾ?  ഒന്നല്ല പലവട്ടം ഞാൻ കാര്യം തിരക്കി.

ആദ്യത്തെ ഭീതിയുടെ നിഴൽ മാറിയപ്പോൾ, എൻറെ സ്വാന്തനമേറ്റപ്പോൾ  അവൾ കാര്യം പറഞ്ഞു.  കഴിഞ്ഞ മൂന്നു ദിവസമായി അവളിൽ ഭീതിയുടെ വിത്ത് മുളപ്പിച്ച് പടർത്തിയ കാരണം.
അതൊരു മൊബൈൽ കാൾ ആയിരുന്നു!  050 തുടങ്ങുന്ന യു.എ.ഇ യിൽ നിന്നുള്ള കാൾ!

ഞാനല്ലാതെ യു.എ.ഇ യിൽ അവളുടെ നമ്പർ അറിയുന്നവരാരും ഇല്ല.  +97150  എന്ന ഇന്തർനാഷണൽ കോഡുതന്നെ എനിക്ക് വേണ്ടിമാത്രം അവളുടെ ഫോണിൽ രജിസ്റ്റർ ചെയ്തുവച്ചിരിക്കുന്നതാണ്.  ഞങ്ങൾ രണ്ടുപേർക്കും ഹൃദയം കൈമാറാനുള്ള സീക്രട്ട് കോഡാണത്.  അതിലേക്ക് വേറൊരാൾ വിളിക്കുക ...??!!

ആരാണത്? എന്തിന്?  അതും തുടർച്ചയായി മൂന്നുദിവസം...?  ഞാൻ കാതുകൾ കൂർപ്പിച്ചുനിന്നു.

ബുധനാഴ്ച രാത്രിയിൽ അവളുടെ മൊബൈലിലേക്ക് ഒരു വിളിവന്നു.  ഒന്നിനൊന്നായി വിളികൾ തുടർന്നപ്പോൾ  ചെറിയ ഭീതിയോടെയെങ്കിലും അവൾ ഫോൺ എടുത്തു.  സംസാരം തുടങ്ങും മുമ്പ് സഭ്യമല്ലാത്ത വാചകങ്ങൾ ഫോണിൽനിന്നും വേലിചാടി. ആദ്യ മൂന്നുനാലു വാചകങ്ങൾ കേട്ടപ്പോൾ തന്നെ 'മേലിൽ എന്നെ വിളിക്കരുത്' എന്ന താക്കീത് നൽകി അവൾ ഫോൺ കട്ടുചെയ്തു.

വീണ്ടും ഫോൺ ചിലച്ചു.  ഒന്നല്ല.  നിരവധി തവണ.  അവൾ ഫോൺ സൈലൻസിൽ ഇട്ടു.  എങ്കിലും ഇടയ്ക്കിടെ മിന്നിത്തിളങ്ങുന്ന വിളിയുടെ പ്രകാശം രാത്രിമുഴുവൻ അരോചകമാക്കിത്തീർത്തുകൊണ്ടിരുന്നു.  അവസാനം അവൾ ഫോൺ ഓഫ് ചെയ്തുവച്ചു.  അപ്പോളേക്കും ആ രാത്രിയിലെ ഉറക്കം മുഴുവൻ നഷ്ടപെട്ടുകഴിഞ്ഞിരുന്നു.

നേരം വെളുത്ത് ഫോൺ ഓൺ ചെയ്തപ്പോൾ,  ഒന്നിനുപുറകെ ഒന്നൊന്നായി എസ്.എം.എസ്സ്  ആക്രമണം! അതേ നമ്പറിൽ നിന്ന് തന്നെ.  വായിച്ചു നോക്കാൻ നിൽക്കാതെ മെസേജുകൾ എല്ലാം ഡിലീറ്റ് ചെയ്ത് കാര്യം അവൾ അമ്മയോടും അപ്പനോടും പറഞ്ഞു.  കോപത്താൽ ഉറഞ്ഞുതുള്ളാൻ തുടങ്ങിയ അവളുടെ അമ്മ പറഞ്ഞു  'ഇനി  വിളിക്കുകയാണെങ്കിൽ ഫോൺ എനിക്ക് തരണം .. അവനെ ഞാൻ കൈകാര്യം ചെയ്തോളാം.... അവനെ (എന്നെ) ഇപ്പോൾ അറിയിക്കണ്ടാ'

രാത്രി.  അവൻറെ ഫോൺവിളിക്കായി മൂന്നുപേർ കാതോർത്തു.  ഒൻപത്.. പത്ത്, പത്തര.... പതിനൊന്ന്... അതാ, ഫോൺ റിങ്ങ് ചെയ്യുന്നു. അതേ നമ്പർ! മുൻപദ്ധതിപ്രകാരം അവൾ എടുത്ത് 'ഹലോ' പറഞ്ഞ് ഉടനെ ഫോൺ അമ്മയ്ക്ക് കൈമാറി. പഞ്ചാരപൊതിഞ്ഞ വാക്കുകളുമായി വന്ന അവനെ ശകാരവർഷംകൊണ്ട് അമ്മ പൊതിരെ തല്ലി.  ഉറഞ്ഞുതുള്ളൽ  അധികം ഏൽക്കും മുമ്പ് അവൻ ഫോൺ കട്ടുചെയ്തുകളഞ്ഞു!

നിശബ്ദത... ശാന്തത.  നിശ്വാസങ്ങൾ മാത്രം ബാക്കി.

അതോടെ അവൻറെ കഥ കഴിഞ്ഞു എന്നവർ കരുതി.  വീണ്ടും ഏറെനേരം കാത്തിരുന്നെങ്കിലും പിന്നീട് വിളി വന്നില്ല.  എസ്.എം.എസും വന്നില്ല.  പുറത്ത് റബ്ബർ മരങ്ങൾക്കിടയിലിരുന്ന് ചിലയ്ക്കുന്ന ചീവിടിന്റെ ശബ്ദവും അകത്ത് സീലിംഗ് ഫാനിന്റെ മുരൾച്ചയും മാത്രം.  ലൈറ്റണഞ്ഞു.  മൂന്നുപേരും കിടക്കകൾ തേടിപ്പോയി.  പക്ഷേ അവൾക്കുറക്കം വന്നില്ല. പതിയിരിക്കുന്ന ഏതോ അപായം പോലെ മേശപ്പുറത്ത് ഏതുസമയവും റിംഗ് ചെയ്യാവുന്ന ടൈംബോംബ് ഫോൺ.  അതുനോക്കി, നോക്കി ഉറങ്ങാതെ അവൾ കിടന്നു.

വെള്ളിയാഴ്ച നേരം വെളുത്തു.  ജോലിദിവസങ്ങളിൽ ഞാൻ വിളിക്കുന്ന സമയം.  അവളുടെ ഫോൺ ചിലച്ചു. മറ്റൊരുചിന്തകൾക്കും ഇടംകൊടുക്കാതെ അവൾ ഫോണെടുത്തു.

"എന്നോട് പിണക്കമാണോ?..... എത്ര ചീത്തവിളിച്ചാലും ഞാൻ വിളിക്കും... സത്യം"  അതേ ശബ്ദം!! അവൾ ഫോൺ കട്ടുചെയ്തു. അപ്പോൾ ഫോണിൽ ഒന്നിനുപുറകെ ഒന്നായി എസ്.എം.എസ്സുകൾ  പൊട്ടിവിരിഞ്ഞു.

വീണ്ടും കുടുംബസഭ സമ്മേളിച്ചു.  അപ്പനും, അമ്മയും അവളും.  അമ്മയുടെ ഭീഷണി വിലപ്പോവില്ലെന്നുകണ്ട് വിവരം എന്നെ അറിയിക്കാൻ ധാരണയായി.

അങ്ങനെ ഒരു പ്രവാസിയുടെ ഞരമ്പുരോഗത്തിന് വേറൊരു പ്രവാസിയെ ഒറ്റമൂലി കണ്ടെത്താൻ നിയോഗിക്കപ്പെട്ടു.

അങ്ങനെയായാണ് വെള്ളിയാഴ്ച പുതപ്പിനുള്ളിലെ ഇളംചൂടിൽക്കഴിഞ്ഞ എന്നെത്തേടി അവളുടെ ഫോൺവിളിയെത്തുന്നത്.

എല്ലാം കേട്ട്  എന്നിൽ കനലുകൾ കത്തിയെരിയാൻ തുടങ്ങി.  രണ്ടുദിവസം ഇതുപറയാൻ വൈകിയതിന് ശാസിച്ച് ഇതിനൊരു പരിഹാരം ഞാൻ കണ്ടെത്തിക്കൊള്ളാം എന്ന ഉറപ്പുനൽകി ഫോൺ വച്ചു.

അടുക്കളയുടെ ജനാലയിലൂടെ ഞാൻ പുറത്തേക്ക് മിഴികൾ പായിച്ചു.  പ്രഭാതകിരണങ്ങൾക്ക് കനംകൂടി തിളങ്ങുന്നു.  ജനൽപാളിക്കിടയിലൂടെ ശക്തമായി അകത്തേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്ന ചൂടുകാറ്റിന്റെ നേരിയ ശബ്ദം.  പുറത്തെ ചൂടിനേക്കാൾ അപ്പോൾ എൻറെ അകത്തായിരുന്നു ചൂട്.  തലമുതൽ പെരുവിരൽവരെ പുറത്തേക്ക് ആവിയായി തെറിക്കാൻ വെമ്പുന്ന തിളയ്ക്കൽ.  അവൾ തന്ന ആ നമ്പർ കൈവെള്ളയിൽനിന്നും ഞാൻ മൊബൈലിലേക്ക് പകർത്തി. കാൾ പ്രസ്സ്‌ചെയ്ത ചെവിയോടടുപ്പിച്ചു.

മറുതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്.  ഒന്ന്.. രണ്ട് ... മൂന്ന്.... നാല്.  ഇല്ല ഫോൺ എടുക്കുന്നില്ല.  വീണ്ടും അടുത്ത ശ്രമം.  ഒന്ന്... രണ്ട്... മൂന്ന്...

"ഹലോ..."  മറുതലയ്ക്കലെ ശബ്ദം ഞാൻ കേട്ടു. ശബ്ദത്തിൻറെ റേഞ്ചിന് ഏകദേശം ഇരുപത്തിയഞ്ചിനും മുപ്പത്തിനുമിടയ്ക്കുള്ള പ്രായം.

"നിൻറെ പേരെന്താ?"  എൻറെ സ്വരം കനത്തതായിരുന്നു.
"നിങ്ങൾ ആരാ...?"  തിരിച്ചു ചോദ്യം.  ഫോൺവിളിക്കുമ്പോൾ പാലിക്കേണ്ട മര്യാദ ഞാൻ പാലിക്കുന്നില്ല എന്നായിരിക്കാം അതിന്റെ ഉദ്ദേശം.

"ആരെങ്കിലുമാകട്ടെ... നീ നാട്ടിലേക്ക് സ്ത്രീകളെവിളിച്ച് ശല്യം ചെയ്യുന്നതെന്തിനാ??" എൻറെ സ്വരം വീണ്ടും പരുഷമായി.

"നാട്ടിൽ വിളിച്ചെന്നോ?.. ഞാനോ?  ആരെ ..?? നിങ്ങൾ ആരാണ്?"

"നിൻറെ തന്ത... എടാ നാറി വേഷംകെട്ടെടുക്കരുത്.  ഇത് നിൻറെ തന്നെ ഫോൺ അല്ലേടാ?  ഇതിൽനിന്നും നീ സ്ഥിരം നാട്ടിൽ സ്ത്രീകളെ വിളിച്ച് ശല്യംചെയ്യുമല്ലേ? @@ ## $$$ ... ഇനി മേലാൽ നാട്ടിലുള്ള ഏതേലും പെണ്ണുങ്ങളെ നീ വിളിച്ച് ശല്യം ചെയ്തൂ എന്നറിഞ്ഞാൽ......  മോനെ, നിൻറെ പതിനാറടിയന്തിരം നാട്ടിൽ നടത്തും,  കേട്ടോടാ...@@ ## $$$  ഫൂ... ഇത് ആദ്യത്തെയും അവസാനത്തെയും വാണിംഗാ... കേട്ടോ. വിടില്ല നിന്നെ ഞാൻ.."

പെട്ടെന്ന് മറുതലയ്ക്കൽ ഫോൺ കട്ടായി.  വൈദ്യുതി തരംഗംപോലെ കയറിവന്ന ഉറഞ്ഞുതുള്ളൽ മുഴുവൻ തീർക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഞാൻ തറയിൽ ചവിട്ടി.  വീണ്ടും അവനെ ഫോണിൽ വിളിച്ചു. ഒന്നല്ല, പലവട്ടം... ഫോൺ എടുക്കുന്നില്ല.

"ഷിറ്റ്" ഞാൻ വീണ്ടും നിലത്ത് ചവിട്ടി. കുളിമുറിയിൽ കയറി ഒന്ന് ഫ്രഷായി.  ഇക്കയുടെ കട്ടിലിലേക്ക് ഒന്നൊളികണ്ണിട്ടുനോക്കി. ബഹളം കേട്ട് പാവം ശ്വാസത്തിന്റെ ലോഡിങ് അൺലോഡിങ് നിർത്തി എണീറ്റിരുന്നു.  അടുപ്പ് കത്തിച്ച് രണ്ട് സുലൈമാനി ഇട്ട് ഞാൻ കട്ടിലിനരികത്തേക്ക് തിരികെ വന്നു.

"എന്താടോ...എന്തുപറ്റി?"  ചായ ചുണ്ടോടടുപ്പിക്കുമ്പോൾ ഇക്കാ കൗതുകത്തോടെ ചോദിച്ചു.  അഞ്ചുനേരം നിസ്കരിക്കുകയും നല്ലവനായി ജീവിക്കാൻ പാടുപെടുകയും ചെയ്യുന്ന ഇക്കായ്ക്ക് എന്നിൽനിന്നും കേട്ട വിവരം കോപം ഇരച്ചുകയറ്റി.

"നീയാ നമ്പർ ഒന്ന് തന്നേ ..."

ഇക്കാ ആ നമ്പറിൽ ഡയൽ ചെയ്തു.  ആദ്യവിളിയിൽ തന്നെ അവൻ ഫോൺ എടുത്തു.

"ഫാ... നാക്കിന്റെ മോനെ... നീ നാട്ടിലുള്ള പെങ്കുട്ട്യോളെ ഫോൺവിളിച്ച് ശല്യപ്പെടുത്തുമല്ലേ... ബ്ലഡി ബാസ്റ്റഡ്...."  പിന്നീട് ഇക്കയുടെ വായിൽനിന്നും പൊഴിഞ്ഞതെല്ലാം നല്ല മുട്ടൻ ആംഗലേയത്തിലുള്ള തെറിയാണ്.  അതൊക്കെ ആദ്യം കേൾക്കുന്നവനെപ്പോലെ ഞാൻ ആശ്ചര്യംപൂണ്ടുനിന്നു.

"ഓൻ ഫോൺ കട്ടാക്കികളഞ്ഞടോ ..."  വീണ്ടും ഡയൽചെയ്ത് പരാജയം അറിഞ്ഞും, കലി മുഴുവൻ അടങ്ങാതെയും ഇക്കാ എൻറെ നേരെനോക്കി പറഞ്ഞു.  ഏതുനല്ലവനും ആവശ്യംവന്നാൽ പച്ചത്തെറി വിളിക്കുമെന്ന്  ഇക്കാ അന്നെന്നെ പഠിപ്പിച്ചു.

ഒന്നുറപ്പിച്ചു.  ഇനിയവൻ എന്റെയോ ഇക്കയുടെയോ ഫോൺ എടുക്കില്ല. രോഷം അടങ്ങാത്ത ഞാൻ എന്തുചെയ്യണം എന്നറിയാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.  ഇക്ക എന്തൊക്കെയോ പുലമ്പുന്നുണ്ട്.  കോപത്താൽ എന്റെ താപം ഉയർന്നുവന്നു.  ഞരമ്പുകളിൽ ചോര തിളക്കാൻ തുടങ്ങി.

ഇനിയൊരിക്കലും അവൻ ഒരു സ്ത്രീകളെയും വിളിച്ച് ശല്യം ചെയ്യരുത്.  അവൻറെ കാമപ്രാന്ത് ഇന്നവസാനിപ്പിക്കണം. അവനാകട്ടെ  ഫോണെടുക്കുന്നില്ല. അവസാനം എസ്.എം.എസ്സുകൾ ഒന്നിനുപുറകെ ഒന്നായി ഞാൻ അയക്കാൻ തുടങ്ങി. 'ഞാൻ എത്തിസലാറ്റിലും ദുബായ് പോലീസിലും അൽ അമീൻ സർവീസിലും പരാതി കൊടുക്കാൻ പോവുകയാണ്.  നിന്നെയവർ തൂക്കിയെടുത്ത് അകത്തിടും' എന്നായിരുന്നു എല്ലാ മെസേജുകളുടെയും സാരം.

അതുകൊണ്ടും കഴിഞ്ഞില്ല. ഞാൻ ഫോണെടുത്തു.  നാട്ടുകാരൻ പൊടിമോനെ  ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കാര്യം പറഞ്ഞൂ. അവിടെയും ചോരതിളച്ചു.  ബാറ്റൺ ഏറ്റുവാങ്ങി പൊടി അവനെ വിളിച്ച്, സരസ്വതി അഭിഷേകം തുടർന്നു.  പൊടി അടുത്ത നാട്ടുകാരനെ വിളിച്ചു, ബാറ്റൺ കൈമാറി. അങ്ങനെ ആ വെള്ളിയാഴ്ച യു.എ.ഇ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന കാളുകൾ കൊണ്ട് ആ ഞരമ്പുരോഗി വലഞ്ഞുകാണും. നാട്ടിലെ ഒരു നമ്പരിൽ വിളിച്ചതിനുപകരം നൂറുകണക്കിന് യു.എ.ഇനമ്പറുകൾ അവനെ തേടി വന്നു.   മോറൽ പോലീസുകാർ അവനെ നന്നായി കൈകാര്യം ചെയ്തു.

അന്ന് വൈകിട്ട് ഞാൻ ഭാര്യയെ വിളിച്ചു. "ഇനി അവൻ നിന്നെ വിളിക്കില്ല".  ഒരു വലിയ ഭാരം ഒഴിച്ചുവച്ചപോലെ അങ്ങേത്തലക്കൽ നിന്നും ശ്വാസ്വോച്ഛാസം ഉയരുന്നത് ഞാനറിഞ്ഞു.

അന്ന് രാത്രി അവൾ ശാന്തമായി ഉറങ്ങി.  പക്ഷേ എനിക്കുറക്കം വന്നില്ല.  ചിന്തകൾ എന്നെ മേഞ്ഞുകൊണ്ടേയിരുന്നു.

എനിക്ക് മാത്രം അറിയാവുന്ന അവളുടെ ബി.എസ്.എൻ.എൽ നമ്പർ ഇവിടെ ഈ ദേശത്ത് വേറൊരുത്തന്റെ കയ്യിൽ എങ്ങിനെയെത്തി?  ഞാൻ ഓർമ്മകളെ പൊടിതട്ടിനോക്കി.  രക്ഷയില്ല.

എങ്ങിനെയാണ് അവന് ആ നമ്പർ കിട്ടിയത്?  ആരാണ് ആ നമ്പർ അവൻ കൊടുത്തത്?  ഉറക്കംതരാത്ത ചോദ്യങ്ങളുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

ശനിയാഴ്‌ച നേരം വെളുത്തു.  ദുബായ് നഗരം ഉണർന്നെണീക്കുന്നു.  അൽ ഫുട്ടൻ മോസ്‌കിനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ കമ്പനി വണ്ടി കാത്തുനിൽക്കുമ്പോഴും എന്നെ വലച്ചുകൊണ്ടിരുന്നത് ആ ചോദ്യങ്ങൾ തന്നെയായിരുന്നു.

ഞാൻ ഫോൺ എടുത്ത് അവൻറെ നമ്പർ ട്രൈ ചെയ്തു. culprit  എന്ന വാക്ക് കറുത്ത അക്ഷരത്തിൽ സ്ക്രീനിൽ തെളിഞ്ഞുവന്നു. ഞാൻ അവനിട്ടിരിക്കുന്ന പേരാണത്.

"The mobile phone you are calling is either currently switched off or outside the coverage area.  Please try again later... thank you"

ഒന്നല്ല. പലവട്ടം ഇതേ പല്ലവി അറബിയിലും ആംഗലേയത്തിലും ഞാൻ കേട്ടു.  അവൻ ഫോൺ ഓഫ് ചെയ്തുകളഞ്ഞിരിക്കുന്നു!!  ഇന്നലെ കിട്ടിയ സുനാമിയുടെ ഫലം.  വണ്ടി വന്നു. ഞാൻ ചാടി ഉള്ളിലേക്ക് കയറി.

വണ്ടിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ റോഡിൽകൂടി പോകുന്ന ഓരോ വാഹനങ്ങളെയും നോക്കി, നോക്കി കണ്ണും കാതും കൂർപ്പിച്ചങ്ങനെയിരുന്നു.  പെട്ടെന്ന് ഒരു വാൻ എൻറെ കൺമുമ്പിൽ വന്നുപെട്ടു. 'റൂബി കാർഗോ'.  ഞാൻ ആ കാർഗോ കമ്പനിയുടെ ലോഗോയിൽ നോക്കിയിരുന്നു.  ട്രേഡ് സെന്റർ സിഗ്നൽ കഴിഞ്ഞപ്പോൾ ആ കാർഗോ വാഹനം കണ്ണിൽനിന്നും അപ്രത്യക്ഷമായി.  അപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കൊള്ളിയാൻ പോലെ ആ പദം തിരികെക്കയറി വന്നു.

'കാർഗോ...... കാർഗോ..!!'

ചിന്ത മൂന്ന് നാല് മാസം പിന്നിലേക്ക് പാഞ്ഞു.  ഫ്രേമുകൾ ഒന്നൊന്നായി ഞാൻ അടുക്കി നോക്കി.

"യെസ്"  ഞാൻ അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി. എന്നിലെ ഷെർലോക് ഹോംസ് ഉണർന്നെണീറ്റിരിക്കുന്നു!  എൻറെ ഉറക്കം നഷ്ടപ്പെടുത്തിയ ആ ചോദ്യത്തിനുത്തരം കണ്ടെത്തിയിരിക്കുന്നു!  ആ നമ്പർ culprit ന്  കിട്ടിയ വഴി!

മൂന്നു നാല് മാസം മുമ്പ് അടുത്തൊരു ബന്ധുവിൻറെ ഭാര്യ വിസിറ്റിന് നാട്ടിൽ നിന്നും വന്നു.  തിരികെപോകുമ്പോൾ വയർ അറിയാതെ കഴിച്ച് വയറിളക്കവും ഛർദ്ദിലും പിടിച്ചപോലെ കുറെ ലഗേജുകൾ ബാക്കി വന്നു. അത് ഏതെങ്കിലും ഡോർ ടു ഡോർ കാർഗോ വഴി നാട്ടിലെത്തിക്കാൻ അവർ തീരുമാനിച്ചു.  കാർഗോ കമ്പനിയിൽ അഡ്രസ് കൊടുക്കവെ നാട്ടിലുള്ള ഏതെങ്കിലും മൊബൈൽ നമ്പർ വേണം.  അന്ന് മൊബൈൽ നാട്ടിൽ നമ്മുടെ സ്ഥലത്തൊന്നും ഇത്ര പ്രചാരമായിട്ടില്ല.  ചേട്ടായി എന്നെ വിളിച്ചു.  എൻറെ ഭാര്യയുടെ മൊബൈൽ നമ്പർ ഒന്ന് വേണം.  ഇതിയാൻറെ വിഷമസ്ഥിതി മനസ്സിലാക്കി ഞാൻ ആ ബി.എസ് .എൻ.എൽ നമ്പർ കൊടുത്തു.  ഒരുവിളിപോലുമില്ലാതെ കാർഗോ നാട്ടിലെത്തി.  അവൾ ഇതൊട്ടറിഞ്ഞിട്ടുമില്ല. ഒരടഞ്ഞ അദ്ധ്യായമായി അതങ്ങിനെ മനസ്സിൽ നിന്നും മാഞ്ഞുംപോയി.

അന്ന് ആ കാർഗോയുടെ രസീതിൽ കുറിച്ച നമ്പർ ആരോ ചൂണ്ടി ഒന്ന് ചൂണ്ടയിട്ട് നോക്കിയതാണ്!

അവൻറെ ശല്യം പിന്നീടുണ്ടാകാത്തതിനാൽ ഭാര്യയും, നമ്പർ പോയ വഴി കണ്ടുപിടിക്കാനായതിൽ ഞാനും സമാധാനത്തോടെ ഉറങ്ങി.  എങ്കിലും എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും ആ culprit ൻറെ നമ്പറിൽ ഞാൻ ഡയൽ ചെയ്തുനോക്കുമായിരുന്നു. ഏകദേശം നാലുവർഷം വരെ.  എന്നും സ്വിച്ച് ഓഫ് എന്ന മെസേജ് മാത്രം. രണ്ടായിരത്തിൽപരം  രൂപ മുടക്കി അവൻ പുതിയ സിം എടുത്തിട്ടുണ്ടാകണം!!

നാലുവർഷത്തിനിടയിൽ ഞാൻ പല ഫോണുകൾ മാറി. എങ്കിലും ഒരിക്കലും മാറാതെ ആ culprit ൻറെ നമ്പർ ഞാൻ കൊണ്ടുനടന്നു. അവസാനം 2011 ലെ ഒരു തണുത്ത പ്രഭാതത്തിൽ ആ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തുകളഞ്ഞു.  എന്നന്നേക്കുമായി.....

ആ റോങ് നമ്പർ അങ്ങനെ അവസാനിച്ചു.
-----------------------------------------------------------------


വാഗ്‌ദാനങ്ങൾ 

തിരുവന്തപുരം വിമാനത്താവളത്തിലെ ഡിപ്പാർച്ചറിലേക്ക് കയറുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.   വീർത്തുകെട്ടിയ ദുഃഖമേഘക്കൂട്ടങ്ങൾ ആ കണ്ണുകളിലാകെ തളംകെട്ടിക്കിടക്കുന്നു.  എൻറെ വലതുകൈയ്യിൽ അവളുടെ ഇളംകൈവിരലുകൾ അമരുമ്പോൾ ഞാൻ ആ മുടിയിഴകളിലൂടെ മെല്ലെ തലോടിക്കൊണ്ടിരുന്നു.

ബോർഡിങ് പാസ്സിനായി കാത്തുനിൽക്കവെ അവൾ ചോദിച്ചു.

"പാപ്പാ, ഇനിയെന്നാ നമ്മൾ തിരികെ വരുന്നേ..?"

ആ ചോദ്യത്തിൽ അലിഞ്ഞുകിടക്കുന്നത് ഒരുപാട് ആഗ്രഹങ്ങൾ. ആശകൾ, നിരാശയുടെ പ്രതിഫലനം.   ഇതേ ചോദ്യം അവൾ ഇതിനുമുമ്പ് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്ന് അവൾക്കോ, എനിക്കോ അവളുടെ അമ്മയ്ക്കോ നിശ്ചയമുണ്ടായിരുന്നില്ല.

ബാല്യത്തിൻറെ കൗതുകമോ, ചാപല്യമോ ആ മുഖത്തില്ല.  ആകെയുള്ളത് നഷ്ടപ്പെടലുകളുടെ വികാരം.  സ്വന്താമായിരുന്നതെന്തൊക്കെയോ അറുത്തെറിഞ്ഞ് പറക്കുന്നതിന്റെ നഷ്ടബോധം മാത്രം.

"എന്താ മിണ്ടാത്തെ?   പറ..!"

"ആറു മാസം കഴിഞ്ഞ്.."
"സത്യം?"
"സത്യം"

അവൾ കൂടുതൽ ഉറപ്പിനുവേണ്ടി അമ്മയുടെ മുഖത്തേക്ക് നോക്കി. പാഴായിപ്പോകുന്ന എൻറെ വാഗ്ദാനങ്ങളുടെ ആത്മാർത്ഥതയില്ലായ്മ മനസ്സിലോർത്താകണം അവളുടെ അമ്മ അകലങ്ങളിലെവിടെയോ മിഴിയുറപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് അവൾ തലതിരിച്ച് മകളോട് പറഞ്ഞു.

"ചക്കീ... നീയിതെത്രാമത്തെവട്ടമാ ഇത് ചോദിക്കുന്നെ??"

അവളുടെ മനസ്സിൽനിന്നും തെറിച്ചുവീണ ചീളുകൾ പെറുക്കി മനസ്സിൻറെ കുട്ടയിൽ നിക്ഷേപിക്കുമ്പോൾ ഞാൻ പറഞ്ഞു.

"അവൾ ചോദിക്കട്ടെടീ. അവളുടെ ആഗ്രഹം നമ്മളോടല്ലാതെ പിന്നാരോടാ..?"
"ഉം "

മൂളിക്കൊണ്ട് അവൾ എൻറെ കയ്യിൽ മുറുകെപ്പിടിച്ചു. ആ കരങ്ങളിലേയും താപം ഞാനറിഞ്ഞു. അതിൽനിന്നും എന്നിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുന്ന സ്പന്ദനവും, വികാരവും എനിക്കൂഹിക്കാം. എൻറെ ചെവിയോടടുത്ത് ഒരു സ്വകാര്യം കണക്കെ അവൾ മന്ത്രിച്ചു.

"എനിക്ക് വയ്യാ... എൻറെ വീട്, എൻറെ ലോകം.... എല്ലാമെല്ലാം വിട്ടിട്ട്..?? "

മറുപടിയായി ഞാൻ അവളെ ചേർത്തുപിടികിക്കുക മാത്രമേ ചെയ്തുള്ളൂ.  വരാൻപോകുന്ന വലിയൊരു തീരുമാനത്തിൻറെ തുടക്കമാകാൻപോവുകയാണെന്ന് ഞാനപ്പോൾ ചിന്തിച്ചേയില്ല.

എമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കിങ്, ഡി.സി.ബുക്ക്സിലെ തിരച്ചിൽ... എല്ലാം കഴിഞ്ഞ് പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങവെ ഹാൻഡ് ലഗേജിനൊപ്പം വിമാനത്തിലേക്ക് നടക്കുമ്പോൾ പിന്നിലൊരുവിളി കേട്ടുവോ? എൻറെ നാട്, വീട്, കളികൂട്ടുകാരായ കിളികളും, അണ്ണാറക്കണ്ണന്മാരും, ചിത്രശലഫങ്ങളും, നൂറുകണക്കിന് മരങ്ങളും, ചെടികളും, ഫലങ്ങളും അവയെയെല്ലാം തഴുകിവരുന്ന മന്ദമാരുതനും....  ഇത് പിൻവിളിയല്ല. ശാപമാണ്. ശാപവാക്കാണ്.

വിമാനത്താവളത്തോടും,നീലനിറം പരന്ന കടൽത്തിരകളോടും, പച്ചവിരിച്ച മണ്ണിനോടും യാത്രപറഞ്ഞ് എയർ ഇന്ത്യാ വിമാനം പറന്നുപൊങ്ങി.  വിമാനത്തിൻറെ മൂളൽ മാത്രം ഒരു വണ്ടിന്റെ മുരൾച്ചപോലെ കാതുകളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  നിശബ്തതയേക്കാൾ നന്ന് എന്തെങ്കിലും ശബ്‌ദംതന്നെ.  അല്ലെങ്കിൽത്തന്നെ പ്രപഞ്ചത്തിൽ നിശബ്തത എന്നൊന്നുണ്ടോ?

കണ്ണുകളിലേക്ക് ഉറക്കം ഉറഞ്ഞുകൂടിവന്നപ്പോൾ കയ്യിലൊരു നുള്ളുകിട്ടി. ഭാര്യയാണ്.  ഒന്നിച്ചിങ്ങനെ യാത്രചെയ്യുമ്പോൾ ഉറങ്ങുന്നത് അവളെ ഞാൻ കെയർചെയ്യാത്തതിന് ഉത്തമ ഉദാഹരണമാണെന്നാണ് വാദം.  അത് ഊട്ടിയുറപ്പിക്കാനാണ് കയ്യിൽ നുള്ളിയത്.വേദനിച്ചെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു.  വികൃതമായിപ്പോയ പരിശ്രമം.

ഒരു വിതുമ്പലും, ഏങ്ങലടിയുമാണെന്നെ ഉണർത്തിയത്.  ഞാൻ വലതുവശത്തേക്ക് നോക്കി.  അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്ന് വിതുമ്പുന്ന മകൾ.  പരിസരബോധം കാരണമാകും അടക്കിപ്പിടിച്ചാണ് അവൾ കരയുന്നത്. എൻറെ മുഖവും, കൈകളും അവളുടെ അടുത്തേക്കെത്തി.  ചിറതുറന്നുവിടുന്നതുപോലെ കണ്ണുനീർപ്രവാഹം!

"പാപ്പാ... എനിക്ക് നാട്ടീ തിരികെപോണം.... പ്ലീസ്.."

കണ്ണുനീർതുള്ളികൾക്കൊപ്പം സ്ഫുടതയില്ലാത്ത വാക്കുകൾ തെറിച്ചുവീണു. അത് ചെന്നുവീണത് എന്റെയും അവളുടെ അമ്മയുടെയും ഹൃദയത്തിൻറെ ഭിത്തികളിലാണ്.  ആളിക്കത്തുംമുമ്പ് കരിന്തിരികത്തിപ്പോയ ചില മോഹങ്ങൾ ആ വാക്കുകളിൽ ഘനീഭവിച്ച് കിടക്കുന്നുണ്ടായിരുന്നു.  ഉടനെ തന്നെ അമ്മയുടെകണ്ണുകളിൽ നിന്നും തുടർലാവാ പ്രവാഹവും തുടങ്ങി.

വിമാനത്തിനുള്ളിലെ നാലുമണിക്കൂർയാത്ര ഒരിക്കലും ഇത്രത്തോളം എനിക്ക് അസഹനീയമായിട്ടില്ല.  ഇപ്പോൾ സ്വയം ആശ്വസിക്കുകയും, ഒപ്പം രണ്ടുപേരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത്.....  ഗതികിട്ടാപ്രേതം പോലെ എൻറെ നാവിൽനിന്നും ഒന്നിനൊന്ന് വാഗ്ദാനങ്ങൾ പുറത്തേക്ക് ചാടി.

"എനിക്ക് നാടുമതി.  വേറെ എങ്ങും എനിക്ക് താമസിക്കണ്ട.  എനിക്കിവിടെ  ഫ്രണ്ട്സ് ആരുമില്ല... കൂടെകളിക്കാൻ ആരുമില്ല.... പ്ലീസ് പപ്പാ"

യാചനയും, വിതുമ്പലും, കണ്ണുനീർ പ്രവാഹവും.

അബുദാബി എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത് മൂടൽമഞ്ഞിന്റെ ലോകത്തേക്കായിരുന്നു.  കണ്ണുമൂടിക്കെട്ടിയപോലെ ഒരു യാത്ര.  എങ്ങും വെളുത്ത പുകമാത്രം.  കണ്ണിനുകാണാൻ കഴിയുന്ന കാഴ്ചകളത്രയും മഞ്ഞ് വിഴുങ്ങിയിരിക്കുകയാണ്. ആ യാത്ര മൂകമായിരുന്നു. തൊട്ടാവാടിച്ചെടിയെപ്പോലെ കണ്ണുകൾ കൂമ്പിയടഞ്ഞ് മകൾ ഉറങ്ങുന്നു. ഞാൻ ഭാര്യയുടെ കൈവിരലുകൾ ചേർത്തുപിടിച്ചു. ചുണ്ടുകളെ ആയാസപ്പെടുത്താതെ ഞാൻ പറഞ്ഞു.

"രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും.  സ്‌കൂളിലൊക്കെ പോയ്ക്കഴിയുമ്പോൾ.."

"അറിയില്ല, അവൾക്കെന്തോ നാടുമതി ഇപ്പൊ. നോക്കട്ടെ ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞ് ആശ്വസിപ്പിച്ചുനോക്കാം"  ഭാര്യയുടെ മഷിപടർന്ന കണ്ണുകളുടെ നിഴലേ എനിക്ക് ദൃശ്യമാകുന്നുള്ളൂ.

"ഉം" ഞാൻ അമർത്തിമൂളി.

ആ യാത്രയിലുടനീളം പിന്നെ ഞങ്ങൾ ഒന്നും പറഞ്ഞില്ല.  ഭാര്യയുടെ മൂകത ഒരിക്കലും ഇത്രമേൽ എന്നെ അലോരസപ്പെടുത്തിയിട്ടുമില്ല.   പുറത്തെ മൂടൽമഞ്ഞിനെ അതിക്രമിച്ചുപടരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തെ നോക്കിയിരിക്കുംപോലെയായിരുന്നു അവൾ. പക്ഷേ ആ കൈവിരലുകൾ എൻറെ വിരലുകളിൽ വരച്ചിടുന്ന ഭാഷ എനിക്ക് നന്നേ പരിചിതവുമായിരുന്നു.


ഏറെ വൈകിയാണ്എണീറ്റത്.  നാട്ടിൽനിന്നും കൊണ്ടുവന്ന ലഗേജുകൾ ഒരവധിക്കാലത്തിൻറെ അവശേഷിപ്പുകൾ പോലെ മുറിയിൽ നിരന്നുകിടക്കുന്നു.  കാലിക്കട്ട് നോട്ടുബുക്കിൽ ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തുകാത്തിരിക്കുമ്പോൾ മുട്ടതോടുപൊളിച്ച് പുറത്തുവരുന്ന കോഴികുഞ്ഞുപോലെ മകൾ പുതപ്പിനുള്ളിൽനിന്നും തല പുറത്തേക്കിട്ടു.

"പപ്പാ ഓണത്തിന് നമ്മൾ തീർച്ചയായിട്ടും നാട്ടീ പോമോ?"

ദൈവമേ... അതിരാവിലെ? ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് കോരിയെടുത്ത് എന്നിലേക്കടുപ്പിച്ചു. പുതപ്പിനുള്ളിലെ ചൂട് അവളിൽനിന്നും എന്നിലേക്ക് പടർന്നുകയറി.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരിന്നു.  ഞാൻ ജോലിയിലും, മകൾ സ്‌കൂളിലും ദിനചര്യകൾ വഴിപാടുപോലെ തീർത്തുകൊണ്ടിരുന്നു.

അന്നൊരുദിവസം ജോലികഴിഞ്ഞു വീടിനുള്ളിലേക്ക് കയറിയത് ഒരു ഭൂകമ്പത്തിൻറെ പ്രകമ്പനം കേട്ടാണ്.  മേശമേൽ നിറകണ്ണുകൾ തുടച്ച് മൂക്കുചീറ്റിക്കൊണ്ട് മകൾ.  വാളെടുത്ത കോമരംപോലെ ഭാര്യ.  ഹോംവർക്കിന്റെ യുദ്ധക്കളമാണ് മുന്നിൽ.  ഭാര്യയുടെ കയ്യിൽ ഉഗ്രശക്തിയുള്ള വജ്രായുധം പോലെ ചൂരൽ.  മകളുടെ കണ്ണുകളിൽ അതിനെ പ്രതിരോധിക്കാൻ കണ്ണുനീരും, അലറിക്കരച്ചിലും.  എന്നെകണ്ടപാടേ വെള്ളപ്പൊക്കത്തിൽ ആറ്റുനോറ്റുണ്ടാക്കിയ കൃഷിയെല്ലാം ഒലിച്ചുപോകുന്നത് നോക്കിനിൽക്കുന്ന കർഷകന്റെ തകർന്നു തരിപ്പണമായ ഹൃദയം പേറിയപോലെ കട്ടിലിലേക്ക് ഊക്കോടെ അവൾ പോയിക്കിടന്നു.

"എനിക്ക് വയ്യ മോളെ പഠിപ്പിക്കാൻ.... എത്രപറഞ്ഞാലും ഹോംവർക്ക് ചെയ്യില്ല.  എല്ലാം അവൾക്കറിയാം. പക്ഷേ മനഃപൂർവ്വം ചെയ്യില്ല.... വാശി.  നാട്ടിൽ പോണം പോലും....  ഹോംവർക്ക് ചെയ്യാതെ പൊന്നുമോളെ നീ നാട്ടിൽ പോകാം എന്ന് മോഹിക്കേണ്ട.. സത്യം."

തലയിണയിൽ മുഖമമർത്തി അവൾ പറഞ്ഞത് എന്നോടാണോ അതോ മേശപ്പുറത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ഇരയോടാണോ എന്നെനിക്ക് ലേശം സംശയം തോന്നി.  ഭാര്യ പരിഭവം തുടരവെ ഞാൻ മകളുടെ ചാരെയെത്തി. ആശ്വാസത്തിൻറെ കരസ്പർശമേറ്റപ്പോൾ അവൾ വാവിട്ട് കരയാൻ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അവൾ യാചന തുടർന്നു.

"പാപ്പാ... എനിക്ക് നാട്ടീ പോണം.... എനിക്കിവിടെ ഇഷ്ടമല്ല... പ്ലീസ് പപ്പാ... പ്ലീസ്"

അവളെ ചേർത്ത്പിടിച്ച് കട്ടിലിൽകിടന്നു തലയിണയോട് പരിഭവം പറഞ്ഞ് മലവെള്ളപ്പാച്ചിൽ ഒഴുക്കിക്കളയുന്ന  അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു.  അമ്മയുടെ കരച്ചിൽ മകളുടെ കരച്ചിലിനെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു. ആ ചെറുകണ്ണുകൾ എൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് അമ്മയെ ഗാഡാലിംഗനം ചെയ്തു.

"അമ്മാ... സോറി... അമ്മാ കരയല്ലേ പ്ലീസ്...  ഞാൻ ഹോംവർക്ക് ചെയ്യാം... എണീക്കമ്മാ "

ഏതോ നിലയില്ലാക്കയത്തിൽ മുങ്ങിതാണപ്പോൾ രക്ഷയുടെ പിടിവള്ളികിട്ടിയപോലെ പിടഞ്ഞെണീറ്റ അമ്മ മകളെ ചേർത്ത്പിടിച്ച് തുരുതുരെ ഉമ്മ കൊടുത്തു. അടികൊണ്ട് ചുവന്ന കൈത്തണ്ടയിലെ പാടുകളിൽ അവൾ തലോടി.  അതിനിടയിൽ പകുതി മസ്സിലാകാതെയും പകുതി മനസ്സിലാക്കിയും ഞാൻ കണ്ണുകൾ കൂർപ്പിച്ചങ്ങെനെ നിന്നു.

രാത്രിയുടെ യാമത്തിൽ മകളുടെ ശാസ്വോശ്ചാത്തതിന്റെഗതി ഉറക്കത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ അവളുടെ കരസ്പർശനമറിഞ്ഞു.

"ചക്കിയാകെ മാറിപ്പോയി. അവൾക്കിവിടം പിടിക്കുന്നില്ല.... എനിക്ക് പേടിയാവുന്നു"

ഏറെനേരത്തെ ചർച്ചയ്ക്കാണ് ആ വാക്കുകൾ തുടക്കമിട്ടത്. സ്വകാര്യംപോലെ ബ്ലാങ്കറ്റിനുള്ളിലെ വലിയ തീരുമാനങ്ങൾ.  ഇടയ്ക്കിടെ മകൾ എന്നിലേക്കള്ളിപ്പിടിച്ച് കയറുന്നുണ്ട്.

ഉറങ്ങാൻ പോകുംമുമ്പ് എൻറെ നെഞ്ചിന്റെ വലതുവശം മകളും ഇടതുവശം അമ്മയും കൈയ്യേറും. അങ്ങിനെ ആ ശിരസ്സുകൾ തലോടിക്കിടക്കുമ്പോൾ എന്നോടുതന്നെ ഞാൻ പറയും 'ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാനല്ലാതെ വേറാരുമല്ല' അവരുടെ ഗന്ധം, അതാണെന്റെ സ്വന്തം.

എന്നാൽ പെട്ടെന്ന് ഒരു കൊള്ളിയാൻപോലെ മനസ്സിലെന്തോ പാഞ്ഞു.  എൻറെ ഭാഗ്യം എന്നെവിട്ടുപോകുമോ?

നീണ്ട ചർച്ചയ്‌ക്കൊടുവിൽ പൂർത്തിയാകാതെ ചില തീരുമാനങ്ങൾ ബാക്കി നിന്നു.  മകളുടെ മുമ്പൊരിക്കലും ഇല്ലാത്ത പിടിവാശി, ദേഷ്യം, അനുസരണക്കേട്, പഠിത്തത്തിൽ ഉന്മേഷമില്ലായ്മ, ആഹാരത്തോട് വിരക്തി, ഏകാന്തയിലേക്ക് ചേക്കേറൽ, നിശബ്ദതയിൽ വിതുമ്പൽ.  എല്ലാത്തിനും ഒരേയൊരു പരിഹാരം.  വീണ്ടും നാട്ടിലേക്കൊരു പറിച്ചുനടീൽ!!  എന്നിലേക്കടുക്കാൻ നാടും, വീടും വിട്ടവന്ന് ചേക്കേറിയവൾ എൻറെ ഇടതുനെഞ്ചിൽ ഉത്തരംകിട്ടാതെ വലഞ്ഞു.  അവസാനം എന്നെ മുറുകെപ്പിടിച്ചവൾ ചോദിച്ചു.

"ഞങ്ങൾ നാട്ടിൽ പൊയ്‌ക്കോട്ടെ ??!!"

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ഒരു പ്രവാസിയുടെ ഭാര്യയിൽനിന്നും പ്രതീക്ഷിക്കാത്തത്. പിന്നീട് ഏറെനേരം ചോദ്യചിന്ഹങ്ങൾ വേട്ടയാടിയത് എന്നെയായിരുന്നു.

"പറ... എന്തുതീരുമാനിച്ചു?"

ഞാൻ ഒന്നും മിണ്ടിയില്ല. വീണ്ടും ഒരു വിടപറയലിനും, വിരഹത്തിനും മനസ്സുപാകപ്പെടുത്തുകയായിരുന്നു ഞാൻ എന്നവൾ അറിഞ്ഞിട്ടുണ്ടാകില്ല.   ഇടവും വലവും സ്നേഹം പകരാൻ എൻറെ രണ്ടു 'പെൺകുട്ടികൾ' ഇല്ലാതെപോകുന്ന രാത്രികൾ !! അല്ലെങ്കിലും നഷ്ടപെടലുകൾ എന്നും ഇരുളിൻറെ ബാക്കിപത്രമാണ്. നിഴലുകൾ പോലും ബാക്കിവയ്ക്കാത്തവ.  പ്രഭാതത്തിൻറെ പടിവാതുക്കലെവിടെയോ ഏകാന്തവാസത്തിന് മനസ്സുപാകപ്പെടുത്തുമ്പോൾ മയക്കം വന്ന് കണ്ണുകളെ തലോടി.  മണ്ണിരകൾ മണ്ണിലെ സുഷിരങ്ങളിലേക്കൂർന്നിറങ്ങിപ്പോകുംപോലെ എൻറെ ചിന്തകൾ മനസ്സിൻറെ മാളങ്ങളിലെവിടേയ്‌ക്കോ പോയി ഒളിച്ചുകളഞ്ഞു!

ഓരോ പുതിയ പ്രഭാതവും ഓരോ പുതുജനമാമാണ്. മരണക്കിടക്കയിൽനിന്നെന്നപോലെ പിടഞ്ഞെണീക്കുന്ന പുതുജന്മം. വെള്ളിയാഴ്ചയായതിനാൽ ഏറെതാമസിച്ചാണ് എണീറ്റത്. കുളിച്ച് ഫ്രെഷായിവരുമ്പോൾ അമ്മ അടുക്കളയിലും, മോൾ കിടക്കയിലും. മുടിചീകുമ്പോൾ ബ്ലാങ്കറ്റിനുള്ളിൽനിന്നും വീണ്ടും മുട്ടതോടുപൊട്ടി തലപുറത്തുവന്നു.

"പാപ്പാ... ഞാനും അമ്മയും നാട്ടീപ്പോവാ അല്ലേ ..??"

ഞാനൊന്ന് തിരിഞ്ഞുനോക്കി.  ഉറക്കത്തിൽനിന്നെണീറ്റ ക്ഷീണമല്ലായിരുന്നു ആ മുഖത്ത്.  ആയിരം സൂര്യൻ ഉദിച്ചുയർന്നപോലെ പ്രകാശമായിരുന്നു.

"ആര് പറഞ്ഞു നിന്നോട്?"

"അമ്മ.  എന്നോടിപ്പം പറഞ്ഞല്ലോ..."  അവളൊന്നു നിർത്തി. "സ്‌കൂളിൽനിന്ന് ടി.സി എന്നാ പപ്പാ എടുക്കുന്നെ?"

ഇതുംപറഞ്ഞുകൊണ്ടവൾ ഓടി എണീറ്റുവന്ന് എൻറെ കയ്യിൽ പിടിച്ചു.  ഞാൻ ഒന്നും പറഞ്ഞില്ല.  ഒന്നും.

അന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നാട്ടിലേക്കുള്ള രണ്ട് വൺവേ ടിക്കറ്റുകൾ ബുക്കുചെയ്യുമ്പോൾ പിന്നിൽനിന്നും ഒന്നിനൊന്നായി വാഗ്ദാനങ്ങൾ കിട്ടികൊണ്ടിരുന്നു.

"പപ്പാ.. സത്യമായിട്ടും ഞാനിനി യൂട്യൂബ് കാണില്ല... ഡോറിമോനും, പേപാ പിഗ്ഗുമായി ടി.വിയുടെ മുന്നിലിരിക്കില്ല... ബുക്കുകൾ വായിക്കാം... നന്നായി പഠിക്കാം.. ചോക്കോബാറും, ടോയ്‌സും വേണമെന്ന് പറഞ്ഞു കരയില്ല. പ്രോമിസ്... ഐ ലൗ യൂ പപ്പാ"

അൽപായുസ്സായ വാഗ്‌ദാനങ്ങൾ നൽകുന്ന എന്നെപ്പോലുള്ളവരുടെ മുന്നിൽ ഈ കുട്ടിയുടെ വാഗ്‌ദാനങ്ങളുടെ ആയുസെത്രയെന്ന് കണക്കുകൂട്ടാൻ ഞാൻ ആളല്ല. എങ്കിലും ഞാൻ ആഗ്രഹിച്ചുപോയി.  വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാനുള്ളതുകൂടിയാണ്.....

കിളികൾ പറന്നുപോകും.  കിളിക്കൂടൊരിക്കൽ ശൂന്യവുമാകും.  വിടപറയലുകളുടെ വേദന സ്‌നേഹത്തിന്റെ അഗാധത്തിലെവിടെനിന്നോ ജന്മമെടുക്കുന്നതാണ്.  അടുത്ത സമാഗമംവരെയും തുടിച്ചുകൊണ്ടേയിരിക്കുന്ന വേദന.  മേഘക്കീറുകൾക്കിടയിലും ഇങ്ങുതാഴെയും ആ തുടിപ്പുകൾമാത്രം ബാക്കി.

എൻറെ മൊബൈൽ ചിലച്ചു.  ക്രെഡിറ്റ്കാർഡിൽനിന്നും പോയ പൈസയുടെ മെസ്സേജ് ആണത്.  ഒപ്പം, വേറെയെന്തിന്റെയൊക്കെയോ തുടക്കമാകാൻ പോകുന്ന മണിമുഴക്കവും. 

No comments:

Post a Comment