മുട്ട മോഷണം
------------------
'കുഞ്ഞുംനാളിൽ കുരുന്നുകൾ ചെയ്യും
കരവിരുതല്ലോ മോഷണം'
മൊട്ടയിൽ നിന്ന് വിരിയും മുമ്പ് മോഷണം കുട്ടികൾക്ക് ഒരു ഭൂഷണം എന്ന് മേൽപറഞ്ഞ കവിവാക്യങ്ങളിൽ നിന്നും വ്യക്തമാണല്ലോ. എന്നാൽ അതൊരു കലയായി കൊണ്ടുനടക്കുമ്പോൾ ഉണ്ടാകുന്ന തൊല്ലകൾ ചില്ലറയല്ല. ഇത് കേൾക്കുമ്പോൾ നിങ്ങൾ കരുതും ഭൂലോകകള്ളനായ ഞാൻ കാട്ടികൂട്ടിയ എന്തേലും കോപ്രായം ആയിരിക്കും ഇതെന്ന്. എന്നാൽ തികച്ചും സ്മാർട്ടും, മാന്യന്മാരുമായ ജനമേ അറിഞ്ഞുകൊള്ളൂ; ഇത് ഈയുള്ളവൻറെ മോഷണകഥ അല്ല. പിന്നെയോ ഈയുള്ളവനെ മോഷ്ടിച്ച കഥയാകുന്നു.
പാത്ത, കൂത്ത, കോത്ത. വീട്ടിൽ മുട്ടയിടുന്ന പക്ഷിവർഗ്ഗത്തിൽ പെടുത്താവുന്ന മൂന്ന് സ്ത്രീജനങ്ങൾ അഥവാ പിടക്കോഴികൾ ആകുന്നു ഇവളുമ്മാർ. വീട്ടിൽ ഞങ്ങൾ വിത്തുകാളയെപ്പോലെ ഒരു മുട്ടൻ പൂവനെന്ന ആൺപ്രജയെ ഇവളുമ്മാർക്ക് കൂട്ടായി വളർത്തുന്നുണ്ട്. പെനട്ടി, പെനട്ടി ഇവളുമ്മാരുടെ കൂടെനടക്കുന്ന ലവനെ കാണുമ്പോൾ സ്‌കൂളിൽ പഠിക്കുവാണേലും എനിക്കൊരു കുശുമ്പുണ്ട് കേട്ടോ. അത് പിന്നെ ഏത് പുരുഷപ്രജയ്ക്കും ഉണ്ടാകുന്ന വികാരപരതന്ത്രത ആണല്ലോ ഇത്തരം കുശുമ്പുകൾ. മൂന്ന് ലലനാമണികൾ പോരാഞ്ഞ് ഈ എരണം കെട്ടവൻ ഇടയ്ക്കിടെ അയൽപക്കത്തുള്ള പിള്ളയുടെയും, അമ്മാനുവിന്റെയും വീട്ടിലെ പിടക്കോഴികളുടെ പുറകെ കുണുകുണാ ശബ്ദവും ഉണ്ടാക്കി മണപ്പിച്ചു നടക്കും. ഇത് കാണുമ്പോൾ എനിക്ക് ചൊറിഞ്ഞ് കേറി വരും. ഒരു കോഴിയായി ജനിച്ചാൽ മതിയായിരുന്നു. ചുമ്മാ പറമ്പിൽ തേരാപാരാ നടന്നാൽ ഭക്ഷണം കിട്ടും. ഇതുപോലെ മൂന്നോ, നാലോ, പത്തോ പെൺപ്രജകളുടെ കൂടെ കൂത്താടി നടക്കാം. തരം കിട്ടുമ്പോൾ അയൽപക്കത്തുള്ള പെൺപ്രജകളുടെ അടുത്തത് പോയി ഒളിഞ്ഞു നോക്കാം, ചാടിക്കേറാം. ഇതെല്ലാം പോരാഞ്ഞ് കച്ചിത്തുറുവിന്റെ മുകളിലും, കോഴിക്കൂടിന്റെ പുറത്തും ഒക്കെ കേറി നിന്ന് 'ഇന്നാ പിടിച്ചോ' എന്നമട്ടിൽ 'കൊക്കരകോ' വിളിച്ച് കൂകാം. നോക്കണേ പൂവനായി ജനിച്ചാൽ സൗന്ദര്യം മാത്രമല്ല, ഇത്തരം ചില ഗുണങ്ങളും ഇൻബോൺ ക്വളിറ്റിയാണ്.
ഈ പൂവനെ കാണുമ്പോൾ തൊഴിക്കാനും കല്ലെടുത്തെറിയാനും എനിക്ക് തോന്നുവാൻ വേറൊരു കാരണം കൂടിയുണ്ട്. കൊച്ചുവെളുപ്പാൻ കാലത്ത് ഈ പാതാളവൈരഭൻ എണീറ്റ് നിന്ന് കൂകിവിളിച്ച് വീട്ടിലെ അപ്പനാരെ കുത്തിയുണർത്തും. മൂപ്പിലാൻ ആണേൽ അത് കേൾക്കേണ്ട താമസം 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ' എന്നും പറഞ്ഞ് എണീറ്റ് നിന്ന് മൂരിനിവർത്തി "ടാ ചെറുക്കാ" എന്നൊരു വിളിയാണ്. ഇനി അഥവാ നിദ്രാദേവി കേറിമേഞ്ഞ് ഞാൻ പുതപ്പിനുള്ളിൽ നിന്നും എണീറ്റ് വന്നില്ലേൽ "ടാ പൊട്ടാ" എന്ന് വീണ്ടും വിളി മുഴങ്ങും. ഇനി മൂന്നാമത് അലാറം അല്ല. കാർന്നോരുടെ കിടയ്‌ക്കയ്‌ക്കരികെ ഞങ്ങൾ പോക്കണംകേട് കാണിക്കുമ്പോൾ പൂശാനും പാമ്പോ, പഴുതാരയോ, എലിയോ വരുമ്പോൾ പെരുമാറാനും വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറും. ആയതിനാൽ 'മുടിഞ്ഞ കോഴി' എന്ന പ്രാക്കുമായി ഞാൻ എണീക്കും. എന്നെ പഠിപ്പിച്ച് സിവിൽ സർവീസുകാരനാക്കാം എന്ന മിഥ്യാധാരണയുടെ പുറത്തൊന്നുമല്ല അപ്പൻ ഈ കുത്തിത്തിരുപ്പ് ഉണ്ടാകുന്നത്. പിന്നെയോ, മാന്യദേഹത്തിന് രാവിലെ കട്ടൻകാപ്പി ഇട്ടുകൊടുക്കാനാണ്.(ആ കഥ പണ്ട് എഴുതിയിട്ടുണ്ട്. വായിക്കാത്തവർ പോയി പണിനോക്ക്).
അപ്പൊ നമ്മൾ പറഞ്ഞുവന്നത്; ഞാൻ പേരിട്ട പാത്ത, കൂത്ത, കോത്ത എന്നീ പിടക്കോഴികളെപ്പറ്റിയാണല്ലോ. ഒള്ളത് പറയാവല്ലോ, ഇവളുമാർ നല്ല മുഴുത്ത് കൊഴുത്ത മൊട്ടകൾ നൽകും. അമ്മ കോഴിക്കൂട്ടിൽ ഡൺലപ് മെത്ത ഇട്ടുകൊടുത്താലും ഇവളുമ്മാർ അതിൽ കേറി മുട്ട ഇടുകയില്ല. പാത്ത കച്ചി തുറുവിനകത്തും, കൂത്ത കിങ്ങിണിയാടിന്റെ തൊഴുത്തിലെ വിറക് അടുക്കിവച്ചിരിക്കുന്ന മേൽക്കൂരഭാഗത്തും, കോത്ത എൻറെ മുറിയ്ക്കകത്തുമാകുന്നു മുട്ട ഉത്പാദനം നടത്തുന്നത്. കോഴിക്കും വേണ്ടേ മൊട്ട ഇടുന്നതിന് പ്രൈവസി? അമ്മയോ, ഞാനോ, അനിയനോ പോട്ടെ വീട്ടിലെ ജാൻസിറാണിമാരായ എൻറെ ത്രിമൂർത്തികളായ പെങ്ങന്മാർക്കോ ആർക്കും തന്നെ ഈ മുട്ടയിടീൽ സ്ഥലം മാറ്റാൻ പറ്റാത്തതാകുന്നു. എന്നൊക്കെ കോഴിക്കൂട്ടിൽ മുട്ടയിടാൻ പിടിച്ചിട്ടോ അന്നൊക്കെ ഞങ്ങളോട് 'പോയി പണിനോക്ക്' എന്നമട്ടിൽ 'കോകോകോ' പാട്ടുംപാടി സമയം കളയുകയും, വാശിതീർത്ത് പ്രതിഷേധ സൂചകമായി കോഴികൂട്ടിനകത്തെല്ലാം കാഷ്ടിച്ച് വെക്കുകയും ചെയ്യുന്ന താന്തോന്നികളും ആയിരുന്നു പാത്ത, കൂത്ത, കോത്തമാർ. കുറുമ്പും കുശുമ്പും കുന്നായ്‌മയും ഒക്കെ ഉള്ളവരാണ് എങ്കിലും മുട്ടകൾക്ക് പഞ്ഞമില്ല കേട്ടോ. ഈ മുട്ടകൾ പൊരിച്ച്, ചോറിൻറെകൂടെ പാളയംകോടൻ വാഴയിലയിൽ പൊതിഞ്ഞ് കെട്ടി ഫുട്‌ബോൾ ആകൃതിയിൽ സകൂളിൽ കൊണ്ടുപോകുന്നത് ആനന്ദദായകം തന്നെ.
അമ്മ മൊട്ട വച്ചുതരുന്ന ദിവസം ഉച്ചയാവാൻ കൊതിച്ച് മനസ്സും വയറും കാഞ്ഞാണിരിക്കുന്നത്. പ്യുൺ അമ്മാവൻ ഉറക്കച്ചുവടോടെ വന്ന 'ക് ണാ' എന്ന ശബ്ദത്തിൽ ഉച്ചമണി അടിക്കുമ്പോൾ ഈയൽപുറ്റ് പൊട്ടിയപോലെ പിള്ളേർ നെട്ടോട്ടമോടും. പൈപ്പിന്റെ ചുവട്ടിൽ ചെന്ന് കൈകഴുകി ഓടിക്കിതച്ച് വന്ന് ഉച്ചവരെ പഠിച്ച ക്ഷീണം തീർക്കാനായി ഡെസ്കിൽ പൊതിച്ചോറ് തുറന്ന് പൊരിച്ചമുട്ട കഴിക്കുന്നത് വായിൽ ആറൻമുള വള്ളം കളി നടത്തുന്ന അനുഭവം. അങ്ങനെ ഉച്ചയാവാനും പെട്ടെന്ന് അമ്മാവൻറെ ബെല്ലടി കേൾക്കാനും കാതോർത്തിരുന്ന കോഴിമുട്ട പൊതിക്കുള്ളിലടക്കി, കൊതി ഉള്ളിലടക്കാനാകാത്ത ആ ദിവസം യുദ്ധക്കളത്തിൽ ജയിച്ചവൻ എന്നപോലെ കൈകഴുകി ഓടിവന്ന് ഇലപ്പൊതി തുറന്നപ്പോൾ കണ്ട കാഴ്ച്ച!
എൻറെ കോഴിമുട്ട ഇരുന്നിടത്ത് ഫോസിൽകിടന്നപോലെ പോലെ ഒരു പാടുമാത്രം! ഏതോ തന്തക്ക് മുമ്പേ ഉണ്ടായവൻ എൻറെ പൊരിച്ചമുട്ട മോട്ടിച്ച് അണ്ണാക്കിലിട്ടേച്ച് പോയി!
തറവാനം മറിച്ചുവന്നു. ഏത് എരപ്പാളിയാണ് ഈ പോക്കണംകേട് കാണിച്ചത്? ജീവിതത്തിൽ ഇന്നേവരെ ഒരുത്തന്റെയും മൊട്ടയോ, കൊട്ടയോ കട്ടിട്ടില്ലാത്ത എനിക്ക് വന്നുഭവിച്ച ഗതി!
മൊട്ടയില്ലാതെ ചോറ് വിഷംപോലെ വായിൽ തള്ളി, കയ്യും കഴുകി നത്തുളുക്കിയ മട്ടിൽ ഓഞ്ഞ നടത്തം നടന്നുവന്ന എനിക്കെതിരെ ആണ്ടടാ പൊന്നമ്മസാർ നീട്ടിപ്പിടിച്ച ചൂരലുമായി വരുന്നു! കാളയെ കാളവണ്ടിക്കാരൻമാർ പ്രേത്യേകിച്ച് ഒരു കാരണവും ഇല്ലേലും ചുമ്മാ അടിചോണ്ടിരിക്കും എന്ന് പറഞ്ഞതുപോലാണ് പൊന്നമ്മസാർ. ചുമ്മാ പോന്ന പിള്ളേരുടെ കുണ്ടിക്ക് നോക്കി ഓരോന്ന് കൊടുത്തില്ലേൽ സാറിൻറെ കൈ ചൊറിയും. അടിയിൽ നിന്ന് രക്ഷപെടനായായി അവരെ കണ്ടപ്പോളേ ഞാൻ കൈകൂപ്പി എളിമചിത്തനായി.
"എന്താടാ?" പൊന്നമ്മ സാർ അന്തരീക്ഷത്തിൽ വടി ചുഴറ്റി.
"സാറേ, എൻറെ മൊട്ട ക്ലാസിൽ ആരോ കട്ടുതിന്നു!"
സഡൻ ബ്രേക്കിട്ടപോലെ പൊന്നമ്മസാർ നിന്നു. എന്ത്? മോഷണമോ? അതും തൻറെ അധികാരപരിധിയിൽ? എന്നാൽ അതൊന്ന് തെളിയിച്ചിട്ട് തന്നെ കാര്യം. "വാടാ", മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞപോലെ എൻറെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പൊന്നമ്മ സാർ വെടികൊണ്ട പന്നിയെപ്പോലെ ക്ലസ്സിലേക്ക് ഒരു നടപ്പ്. തൽക്കാലം ഞാൻ അടിയിൽനിന്നും രക്ഷപെട്ടു. ഇനി ക്ലാസിൽ ചെന്ന് മൊട്ട മോട്ടിച്ച ആ കള്ളക്കാവൂരിന് അടിയുടെ പൂരം പൊടിയരി കഞ്ഞി. കള്ളനെ പൊന്നമ്മസാർ കസ്റ്റഡിയിൽ എടുത്ത് ക്വസ്റ്റിൻ ചെയ്യന്നത് കാണാൻ എന്നിൽ ത്വരയേറി.
"ഏതവനാടാ ഇവൻറെ മൊട്ട മോട്ടിച്ചെ? സത്യം പറഞ്ഞോണം? അല്ലേൽ എല്ലാത്തിനേം അടിച്ച് കുണ്ടി പപ്പടമാക്കും" സാരി തൊറൂത്ത് കേറ്റി സാർ വടി ചുഴറ്റി മേശയിൽ 'ടപ്പോ ടപ്പോ' എന്ന ശബ്ദത്തിൽ ഒന്ന് രണ്ട് അടി. മേശപ്പുറത്ത് മാസംതികഞ്ഞ് പെറാൻ എന്നപോലെ കിടന്ന ഡസ്റ്റർ പൊടിപടർത്തി തുള്ളിച്ചാടി.
ക്ലാസ് നിശബ്ദം. ഒറ്റയൊരുത്തനും കമാ എന്നൊരക്ഷം മിണ്ടുന്നില്ല. കള്ളപ്പറയും ചെറുനാഴിയും.. എള്ളോളമില്ല പൊളിവചനം എന്നപോലെ പൊന്നമ്മ സാറിൻറെ മുന്നിൽ മാവേലി നാടുവാണീടും കാലം. എല്ലാവനും ഫുൾ സൈലൻസ്.
"പറയിനെടാ കുട്ടിച്ചാത്തന്മാരെ!"
നോ കമന്റ്സ്. ങേഹേ, എല്ലാവനും മൗനവ്രതത്തിൽ. പൊന്നമ്മസാറിന് അരിശം കാലിൽ നിന്നും നരച്ച തലമുടി വരെ പെരുത്ത് കേറി. ഏറ്റവും മുന്നിലെ ബഞ്ചിൽ എൻറെ തൊട്ടടുത്ത് നിന്ന സജിയെ സാർ ഒന്ന് നോക്കി. സജി തലകുനിച്ചു.
"നീയെന്നൊടാ മൊട്ട കട്ടേ?" ഇതും പറഞ്ഞ് പൊന്നമ്മസാർ തലങ്ങ് വിലങ്ങ് ഒന്ന് രണ്ട് പൊട്ടീര് അവന് കൊടുത്തു. അവൻ അടികൊണ്ട് പുളഞ്ഞു. എന്നിട്ട് കൈകൂപ്പി പറഞ്ഞു.
"എൻറെ പൊന്നുസാറേ, ഞാനല്ല. ഞാനല്ല മൊട്ട മോട്ടിച്ചേ"
"പിന്നെ നീ എന്തിനാ കള്ളൻറെ കൂട്ട് കുനിഞ്ഞു നിന്നെ?" ഇതും പറഞ്ഞ് പൊന്നമ്മ സാർ ഒരെണ്ണം കൂടി അവൻറെ ചന്തിക്ക് കൊടുത്തു.
"അടി പേടിച്ചിട്ടാ സാറേ" ഒത്തു. അടിപേടിച്ച് കുനിഞ്ഞുനിന്ന ഈ നത്തിന് കിട്ടിയത് മൂന്നടി! പൊന്നമ്മസാർ വീണ്ടും മേശമേൽ തൻറെ വാശി തീർത്തു.
"ഞാൻ ഒന്നേ, രണ്ടേ, മൂന്നേ എന്ന് പത്തുവരെ എണ്ണും. എന്നിട്ടും സത്യം പറഞ്ഞില്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച നേരും. അമ്മയ്ക്ക് നേർച്ചനേർന്നാൽ എന്താ ഉണ്ടാകുക എന്നറിയാമല്ലോ എല്ലാത്തിനും?"
ഞാൻ ഒന്ന് ഞെട്ടി. ദൈവമേ! അറ്റകൈ ആണല്ലോ പൊന്നമ്മസാർ പ്രയോഗിക്കുന്നത്. അയ്യോ! വേണ്ടായിരുന്നു. സാറിനോട് പറയണ്ടായിരുന്നു. മലയാലപ്പുഴ അമ്മയ്ക്ക് നേർച്ചനേർന്നാൽ മൊട്ട മോട്ടിച്ചവൻ തൂറിതൂറി ഊപ്പാട് വരും. അമ്മ കോപിച്ചാൽ തൂറ്റൽ ഉറപ്പാ!
പൊന്നമ്മ സാർ പത്തുവരെ എണ്ണി. ആദ്യം കെ. എസ്. ആർ. ടി. സിയുടെ എക്സ്പ്രസ് വേഗതയിലും അവസാനം ഗട്ടറുള്ള റോഡിൽ ഷട്ടിൽ ബസ്സ് പോലെയും. പത്ത് വരെ എണ്ണിയിട്ടും പഠിച്ചകള്ളൻ മനസ്സ് തുറന്നില്ല. ഭാവിയിൽ പൊലീസിന് പണിയുണ്ടാക്കാൻ ജനിച്ച ഏതോ കുടിലജന്മമാണ്. അല്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച എന്നുകേട്ടാൽ ഞെട്ടിത്തരിച്ച് സത്യം പറയേണ്ടതല്ലേ?
പത്തുവരെ എണ്ണി പൊന്നമ്മ സാർ നിശബ്ദം നിന്നു. സൂചിയിട്ടാൽ കേൾക്കാം. അവസാനം ഇങ്ങനെ ഒരു വർത്തമാനം പറഞ്ഞ് സാർ തിരിഞ്ഞു.
"നീയൊക്കെ നോക്കിക്കോ, മലയാലപ്പുഴ അമ്മയാണേ, കട്ടവൻ അനുഭവിക്കും. സത്യം, സത്യം, സത്യം" ഇതും പറഞ്ഞ് മേശമേൽ ഒന്നൂടെ അടിച്ച് കൊടുങ്കാറ്റുപോലെ സാർ ഒരു പോക്ക്.
വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ സജിയോട് ചോദിച്ചു.
"ടാ.. നെനക്ക് നൊന്തോ? എനിക്കറിയാം നീ അല്ല എടുത്തതെന്ന്. പോട്ടെ. എടുത്തവൻ കൊണം പിടിക്കില്ല കട്ടായം"
സജി ഒന്നും പറഞ്ഞില്ല. ചുമ്മാതെ നിന്ന് തച്ചും പുറത്ത് മൂന്നടി കിട്ടിയത് അവന്റെ കയ്യിലും കാലിലും കനാൽ രൂപത്തിൽ ചുവന്ന് തടിച്ച് കിടക്കുന്നു. നിരപരാധിയായ യേശുതമ്പുരാനെ എമ്പോക്കികൾ കുരിശിൽ തറച്ച് കൊന്നു. ഒത്തിരി മാങ്ങായുള്ള മാവിനെ ഏറു കിട്ടൂ എന്നിങ്ങനെ സണ്ടേസ്‌കൂളിൽ പഠിച്ച ഗുണപാഠം ഒക്കെ പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. മോമ്പൊടിക്ക് അമ്മയുടെ അലമാരയിൽ നിന്ന് ഓസിയ പൈസാ കൊണ്ട് രണ്ട് തേങ്ങാപ്പീര മുട്ടായി വാങ്ങിക്കൊടുത്ത് അതും നുണഞ്ഞ് വീട്ടിലേക്ക് നടന്നു. മധുരം അവൻറെ കൈകാൽ വേദനയും എൻറെ മനസ്സിൻറെ വേദനയും അകറ്റി.
വീട്ടിൽ ചെന്നപ്പോൾ ഞാൻ ത്രിമൂർത്തികൾ ചേച്ചിമാരോട് സംഭവം ഒന്ന് പൊലിപ്പിച്ചു. പാവം കൂട്ടുകാരൻ സജിക്ക് അടി ഞാൻ വാങ്ങികൊടുത്തിൽ അവർക്കും അതിയായ ദുഃഖം.
'പാത്ത, കൂത്ത, കോത്ത.. മൂന്ന് കോഴിമണികൾ ഇനിയും മുട്ടയിടും. നിനക്ക് പൊരിച്ച് തരാം. വിഷമിക്കേണ്ട, ട്ടോ' പെങ്ങന്മാരുടെ സ്വാന്തനം ഏറ്റ് ഞാൻ അന്നുറങ്ങി.
പിറ്റേന്ന് മലയാലപ്പുഴദേവി ശപിച്ച് തൂറ്റൽ പിടിച്ചവനെ ഞാൻ ക്ലാസിൽ തപ്പി. ഇല്ല സൂക്ഷം പോലെ എല്ലാവന്മാരും ക്ലാസിൽ ഉണ്ട്. ഈശ്വരാ, പൊന്നമ്മസാർ ഇനി നേർച്ച മറന്നോ? മലയാലപ്പുഴഅമ്മ കോപിച്ചില്ലിയോ? ഞാൻ സജിയോട് കാര്യം പറഞ്ഞു. "ടാ, കട്ടവൻ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിരിക്കും. അതാ. ഈ ദേവിമാർ കോപിച്ചാൽ മറ്റ് മതക്കാർക്ക് ഏക്കുകേല" അവൻ പറഞ്ഞത് ഞാൻ ചുമ്മാകേട്ടു. ഇതെന്തോ കൂത്ത്? കള്ളനെപ്പിടിക്കാനും പള്ളിയും പിള്ളയുമോ?
ദിവസങ്ങൾ വേഗം ഓടിപ്പോയി. പിന്നെയും ക്ലാസിൽ പലരുടെയും മൊട്ട പൊതിയിൽനിന്നും കാണാതായി. ആരും പരാതി പറഞ്ഞില്ല. കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ കള്ളനാക്കുന്ന പൊന്നമ്മസാറിനെപ്പോലെ ഉള്ളവരോട് പരാതി പറഞ്ഞ് കീറ് വാങ്ങിക്കെട്ടുവാൻ ആരും മിനക്കെട്ടില്ല എന്നതാണ് സത്യം. 'തിന്നേച്ച് അവനൊക്കെ കിളന്നപാറയിൽ പോയിരുന്ന് തൂറിക്കോട്ടെ" അങ്ങനെ സജിയോട് പറഞ്ഞ് ഞാൻ ആശ്വസിച്ചു.
ഒരുദിവസം രാവിലെ സ്‌കൂളിൽ പോകാൻ നേരം മൂന്നാമത്തെ പെങ്ങൾ എന്നെ അടുത്ത് വിളിച്ചു, തോളിൽ കൈവച്ച് ചെവി ചെവി തിന്നാൻ വരുന്നപോലെ അടക്കം പറഞ്ഞു. "ടാ...പിന്നേ, നിൻറെ പൊതിക്കകത്ത് ഇന്ന് പൊരിച്ച മൊട്ട വച്ചിട്ടുണ്ട്" അതുകേട്ട് ഞാൻ ഒന്നും മിണ്ടിയില്ല. ഉച്ചക്ക് കിട്ടിയാൽ കിട്ടി. അത്രതന്നെ.
ഉച്ചക്ക് പൊതിതുറന്നപ്പോൾ സൂക്ഷംപോലെ മൊട്ടയില്ല. മൊട്ട ഇരുന്ന പാട് മാത്രം. ഒന്നും മിണ്ടാതെ ഞാൻ ചോറും തിന്നേച്ച് കുത്തിയിരുന്നു. ആര് പ്രാകിയാലും, ഏത് ദേവി കോപിച്ചാലും ഏൽക്കാത്ത ഏതോ വേന്ദ്രനാണ് മൊട്ട മോഷ്ടാവ്. 'വലിയ രാഷ്ട്രീയക്കാരുടെ മുന്നിലും, മുട്ടൻ കള്ളന്മാരുടെ മുന്നിലും, പോലീസുകാരുടെ മുന്നിലും മിണ്ടാതെ നിന്നാൽ നമുക്ക് നല്ലത്' അപ്പൻ ഒരിക്കൽ പറഞ്ഞത് ഞാൻ കിങ്ങിണി ആടിനെപ്പോലെ അയവിറക്കി.
വൈകിട്ട് വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഓടി വന്നു. "ടാ, നിൻറെ മൊട്ട ഇന്നും ആരേലും തപ്പിക്കൊണ്ട് പോയോ?"
"പോയി" ഞാൻ തലകുനിച്ചു. പെങ്ങളുടെ മുഖം നിലാവ് വീണപോലെ.
പിറ്റേന്ന് കാലത്ത് സ്‌കൂളിൽ ചെന്നപ്പോൾ സജി ക്ലാസിൽ വന്നട്ടില്ല. അവനെവിടെ? ഏതോ കല്യാണത്തിന്റെ കാര്യം പറയുന്നത് കേട്ടു. സാമദ്രോഹി ഒരു വാക്ക് പറയാതെ പൊക്കളഞ്ഞല്ലോ. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി മാറ്റിയാലോ എന്ന കഠോരചിന്തയിൽ ഞാൻ ദിവസം മുഴുപ്പിച്ചു. വീട്ടിലേക്ക് പോകവെ, സജിയെക്കണ്ട് കല്യാണത്തിന് പോയി എന്തൊക്കെ വയറ്റിൽ അടിച്ചുകേറ്റി എന്നറിയാനുള്ള ത്വരയിൽ അവൻറെ വീട്ടിലേക്ക് ഓടിച്ചെന്ന ഞാൻ കണ്ടത് കട്ടിലിൽ പനിച്ചുകിടക്കുന്ന സതീർഥ്യനെയാണ്.
"എന്നാ പറ്റിയെടാ ഉവ്വേ?" എൻറെ ചോദ്യം കേട്ട് അവൻ പുതപ്പ് മാറ്റി ആമ തോടിനുള്ളിൽനിന്നെന്നപോലെ എന്നെ നോക്കി. ഇവനപ്പോൾ കല്യാണത്തിന് പോകാതെ പനിച്ച് കിടപ്പായിരുന്നോ? കഷ്ടം!
"ചെറുക്കൻ രാവിലെതൊട്ടേ പോയി വെളിക്കിരിപ്പാ എൻറെ കൊച്ചെ, താഴെ വീണുകിടന്ന വല്ല പറങ്ങാപ്പഴമോ, പുഴുത്ത മാങ്ങയോ കേറ്റിയേച്ച് വന്ന് ബാക്കിയുള്ളവന് പണിയുണ്ടാക്കും. തൂറിതൂറി അവൻറെ അടപ്പ് ഇളകി കിടക്കുവാ"
ഞാൻ സജിയെ ഒന്ന് നോക്കി. ഞാൻ കേട്ടത് സത്യമാണെന്ന് എൻറെ ആത്മസുഹൃത്ത് ദയനീയമായി കണ്ണുകൾകൊണ്ട് കഥ പറഞ്ഞു. ഞാൻ അവൻറെ കയ്യിൽ കേറി പിടിച്ചു.
"പോട്ടെടാ, തൂറ്റൽ നാളെ നിക്കും. നീ തേയിലവെള്ളോം, വൈദ്യരുടെ മരുന്നും ഒക്കെ കുടിച്ചിരി. ഞാൻ പോവാ" ഇതും പറഞ്ഞ് തിരികെ ഇറങ്ങാൻ ഭാവിച്ചപ്പോൾ അവൻ എൻറെ കയ്യിൽ ഒരു ഉടുമ്പ്പിടുത്തം.
"എൻറെ കൂട്ടെ, ഞാനൊരു പൊക്കണംകേട് ഇന്നലെ കാണിച്ചെടാ. അതിന്റെ ഏനക്കെടാ ഇത്"
"എന്താടാ പുള്ളേ?" ഞാൻ ചോദിക്കുന്നതിന് മുമ്പ് അവൻ മറുപടി തന്നു. "എൻറെടാ, ഇന്നലെ നിൻറെ മൊട്ട എടുത്ത് തിന്നത് ഞാനാ. തിന്നുമ്മച്ച് വീട്ടി വന്നപ്പോ മുതൽ പരിപ്പ് കലത്തിന്റെ വാ തുറന്ന പോലെയല്ലായിരുന്നോ? എൻറെ പൊന്നച്ചോ, കുത്തിയിരുന്ന് കുത്തിയിരുന്ന് എൻറെ പന്തീരടി വന്നടാ ഉവ്വേ"
എടായെടാ! അപ്പോ ഇവനായിരുന്നോ ആ കള്ള റാസ്‌കൽ? തികട്ടിവന്ന ദേഷ്യം പക്ഷേ എന്നിൽനിന്ന് പുറത്തു വന്നില്ല. ശരീരത്തിലെ ജലാംശം എല്ലാം വറ്റിവരണ്ട്‍ കിടക്കുന്ന ഇവനോട് എന്തോന്ന് ദേഷ്യപ്പെടാൻ?
"എന്റെ പൊന്നുമോനെ, ഒരു കാര്യം സത്യമാ. ഏത് മതക്കാരനായാലും മലയാലപ്പുഴ അമ്മയുടെ ശാപം ഏറ്റാൽ ഏറ്റതാ. എൻറെ പൊന്നേ, നീ ഇത് ക്ലാസിൽ പോയി പറയല്ലേ. എനിക്കാണേൽ മുൻപേർ പൊന്നമ്മസാറിൻറെ അടി കിട്ടിയത് നീ ഓർക്കുന്നില്ലേ? ഇനിയും എനിക്ക് അടി മേടിച്ച് തരല്ലേടാ" അവൻ കിതച്ചു.
ഞാൻ തിരികെ ഇറങ്ങി നടന്നു. മലയാലപ്പുഴ അമ്മയുടെ ശാപമേറ്റ് ഊപ്പാട് വന്നു കിടക്കുന്നവന് ഇനി അടി വാങ്ങികൊടുത്തിട്ട് എന്ത് കാര്യം?
വീട്ടിലെത്തിയപ്പോൾ പെങ്ങൾ ചോദിച്ചു "ടാ, ഇന്ന് ക്ലാസിൽ ആരേലും തൂറ്റൽ പിടിച്ച് വരാതിരുന്നോ?"
എന്റെ ദേവിയെ! പെങ്ങൾക്ക് ദേവി ദർശനം കൊടുത്തോ? "മലയാലപ്പുഴ ദേവീ കോപം" പെങ്ങളെ ദയനീയമായി നോക്കി ഞാൻ പറഞ്ഞു. അത് കേട്ടതും പെങ്ങൾ എന്നെ വലിച്ചോണ്ട് അടുക്കളയിലേക്ക് ഒറ്റപോക്ക്. ഇതെന്നാ കൂത്ത് എന്ന് ഞാൻ ചിന്തിച്ചതും പെങ്ങൾ വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ദാണ്ടിരിക്കുന്നു ദേവിയുടെ ശാപം! ഇതിട്ട് മൊട്ട പൊരിച്ചാൽ ദേവീകോപം അച്ചാട്ടാ" ഇതും പറഞ്ഞ് പെങ്ങൾ ഒരു സാധനം എന്നെ പൊക്കിയെടുത്ത് കാണിച്ചു. മലായാളം മീഡിയം സ്‌കൂളിൽ ക്യാറ്റ്, റാറ്റ് തുടങ്ങിയ ആംഗലേയ പദങ്ങൾ വായിക്കാൻ പഠിച്ച ഞാൻ പെങ്ങളുടെ കൈയിലിരിക്കുന്ന മൂന്നക്ഷരമുള്ള ആ സമാധാനത്തിന്റെ പേര് ഇങ്ങനെ വായിച്ചു.
"വി.ഐ.എം.... വിം"
അപ്പോൾ ഞാൻ പെങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "എൻറെ പൊന്നു ചേച്ചീ, ഒരു പക്ഷേ എൻറെ മൊട്ട അവൻ മോട്ടിച്ച് കൊണ്ടുപോയില്ലായിരുനെങ്കിലോ?"
"പഞ്ചമാ പതാകാ.." എൻറെ ചോദ്യം കേട്ട് പെങ്ങൾ ചിരിയോട് ചിരി. ഞാൻ ആലോചനയോട് ആലോചന.