Friday, October 14, 2016

അവൾ... ആ പെൺകുട്ടി

ഞാൻ ആ പെൺകുട്ടിയെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അവനെയും കണ്ടിട്ടുണ്ട്.

എന്നാൽ അന്ന് ഇതുപോലെ ചുറ്റും മൂകതയില്ല, മുരൾച്ചയില്ല, കരച്ചിൽ ഇല്ല, നെഞ്ചുപിടയുന്ന നിലവിളി ഇല്ല. ഭ്രാന്തമായ നെഞ്ചത്തടിയില്ല. കാഴ്ചക്കാരിൽ നെഞ്ചിടിപ്പുമില്ല.

ചിരിമുത്തുകൾ വാരി വിതറിക്കൊണ്ട്,  കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വയൽവരമ്പിലൂടെ അവൻറെ കൈകൾ പിടിച്ച് അവൾ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അവർ ചിരിക്കും, കൊഞ്ചും, സല്ലപിക്കും. കൗമാരത്തിൻറെ പടികൾ ചവിട്ടിയിട്ടേയുള്ളുവെങ്കിലും, വിവാഹം വിദൂരത്തെവിടെയോ ആയിരുന്നെങ്കിലും അന്ന് മനസ്സിൽ പറഞ്ഞു "കല്യാണം കഴിഞ്ഞാൽ എനിക്കും ഇതുപോലെ ഒരു പെണ്ണിൻറെ കരംപിടിച്ച് നടക്കണം"

അവൻറെ അരക്കെട്ടിൽ അമർത്തിപ്പിടിച്ച് ഇരുചക്രവാഹനത്തിൽ അവൾ ചിരിച്ചുല്ലസിച്ച് നീങ്ങുമ്പോൾ ആ ബൈക്കിൽ നിന്നും ചിതറിത്തെറിച്ചുവീണ പ്രേമത്തിൻറെ നുറുങ്ങുകൾ കണ്ട് ഞാൻ മനസ്സിൽ പറഞ്ഞിട്ടുണ്ട് "ഒരിക്കൽഎനിക്കും ഇവരെപ്പോലെയാകണം"

കിടക്കയിൽ, രാവിൻറെ മഞ്ചലിൽ എൻറെ ഭാവിസ്വപ്നങ്ങൾക്ക് അവരുടെ ചിരിയും കളിയും ഭാവനയേകി, നിറങ്ങൾ നൽകി പിന്നെ ചിറകുകൾ നൽകി. അവരുടെ പ്രേമത്തിൻറെയും പ്രതീക്ഷയുടെയും മുഖങ്ങൾ  എൻറെ മനസ്സിൽ തുടികൊട്ടികൊണ്ടേയിരുന്നു.

എന്നാൽ ഇന്ന്.....??

അവളുടെ അലർച്ചയും കണ്ണീർചാലുകളും കാഴ്ചക്കാരുടെ മുഖങ്ങളിൽ ദുഃഖത്തിന്റെ മുള്ളുകൾ വാരി വിതറികൊണ്ടിരുന്നു. വേദനയുടെ ചീളുകൾ കണ്ണിലും, കരളിലും കുത്തിക്കയറുന്ന നിമിഷംങ്ങൾ!

ഡെഡ്ബോഡി !

ഭംഗിയുള്ള ശവപ്പെട്ടി. അതിൽ ജീവൻ വിട്ടകന്നുപോയ അവൻറെ മുഖംമാത്രം കാണാം. ആ കണ്ണുകളിലും കവിളുകളിലും അവൾക്കു വേണ്ടിയാകണം അവസാനമായി ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നു. മനസ്സിലേക്ക് തീനാളങ്ങൾ കോരിയിടുന്ന അവസാനപുഞ്ചിരി.

അവന് വിദേശത്തായിരുന്നു ജോലി. കഴിഞ്ഞ ദിവസം അവളുടെ ഫോണിൽ മുഴങ്ങിയത് മരണമണി ആയിരുന്നു. കമ്പനിയുടെ എച്ച്.ആർ. ഡിപ്പാർട്ടുമെന്റിൽ നിന്നും വന്ന ഫോൺ കോൾ. വാഹനാപകടം.  ഇന്നിവിടെ മുഖംമാത്രം കാണുന്ന കിളിവാതിലിട്ട് മനോഹരമായി നിർമ്മിച്ച വലിയ പെട്ടിയിൽ അവളുടെ മൃദുലകരം പിടിച്ച് താലോലിച്ച വിരലുകൾ തണുത്തുറഞ്ഞ് കണ്ണുകൾക്കന്യമായി കിടക്കുന്നു.

അവളുടെ നിലവിളി ദൂരേന്ന് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്ന് ഇവിടേക്ക് വന്നത്.  ഡെഡ്ബോഡി! ചിരിയും, കളിയും, സുഗന്ധവും പരത്തി ഗ്രാമത്തിലേക്ക് പറന്നിറങ്ങാറുള്ള അവൻ ഇന്ന് വിഷാദത്തിൻറെ കാർമേഘം മാത്രം പടർത്തി തണുത്തുറഞ്ഞൊരു ബോഡിയായി വന്നിറങ്ങി.  ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രവാസിയുടെ ഒരു മടങ്ങിവരവ്.

അവൾ ആ മുഖത്തേക്ക് വീണു. അവനൊരു ചുംബനം നൽകുവാൻ മാത്രം. പക്ഷേ അവൾ ചുംബനം മുഴുപ്പിക്കുംമുമ്പ് ആരൊക്കെയോ അവളെ വലിച്ചു മാറ്റി. അവൾ അലമുറയിട്ടു. ആൾക്കാർ അവളെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു. അവൾ പുലമ്പുന്നു, കരയുന്നു, നെഞ്ചത്തടിക്കുന്നു. ഒരു മനോരോഗിയെ നോക്കുംപോലെ അവൾക്ക് വട്ടംകൂടി നിൽക്കുന്നവർ, ശാസിക്കുന്നു. പിറുപിറുക്കുന്നു.

ഒരിക്കൽ അവളുടെ മാത്രമായിരുന്ന ദേഹം....
ഒരിക്കൽ സ്വന്തം എന്നുമാത്രം അവൾ കരുതിയ മുഖം....
ഒരിക്കൽ അവളെ  ചുംബിച്ചുറക്കുകയും ഉണർത്തുകയും ചെയ്ത ചുണ്ടുകൾ...
ഒരിക്കൽ അവളുടെ പ്രേമത്തിൻറെ പൊരുൾ കേട്ട കാതുകൾ...
ഒരിക്കൽ അവളെ മാത്രം വാരിപ്പുണർന്ന കരങ്ങൾ...
ഒരിക്കൽ അവളിലേക്ക് തൻറെ ചൂട് പകർന്നുനൽകിയ വിരിമാറ്...
ഒരിക്കൽ അവളുടെ മനസ്സിനെയും, ശരീരത്തേയും ആപാദചൂഡം കുളിരണിയിച്ച വിരൽത്തുമ്പുകൾ...
ഒരിക്കൽ അവളുടെ ഇഷ്ടങ്ങൾ പൊന്നുപോലെ സാധിച്ചു കൊടുത്ത മനസ്സ്...

ഇന്ന് ... ഒന്നും അവളുടേതല്ല...... തൻെറമാത്രം എന്നവൾ കരുതിയതെല്ലാം വേറെ ആർക്കൊക്കെയോ സ്വന്തം. ജീവിച്ചിരിക്കുമ്പോൾ അവൻ ഒരിക്കലും കാണുകപോലും ചെയ്യാത്തവർ ഇന്ന് അവൻറെ ചേതനയറ്റ ശരീരത്തിൻറെ കാർമ്മികർ ആകുന്നു.

അവളുടെ അവകാശങ്ങൾ എല്ലാം അകലെയെവിടെയോ നഷ്ടപ്പെടുത്തി, ഒരു കുഞ്ഞിൻറെ ജന്മം ബാക്കി നൽകി അവൻ യാത്രയായി. അവളെ അവസാനം ഒന്ന് കാണാതെ, കേൾക്കാതെ. അവൾ അറിയാത്ത ലോകത്തേക്ക്. കാണാത്ത വിജനതയിലേക്ക്.....

ഇന്ന് അവളുടെ ഇഷ്ടം ആരും അറിയുന്നില്ല. എല്ലാവർക്കും  സൂര്യൻ പടിഞ്ഞാറ് അന്തിയുറങ്ങും മുമ്പ് ആ ശരീരം മറവുചെയ്യണം. അവളെ അവനിൽനിന്നും വലിച്ചകറ്റണം.

ഇന്നവൻ ആറടിമണ്ണിൽ നിദ്രയാകും. അവളുടെ ഗന്ധം ഇല്ലാത്ത രാത്രി. മണ്ണും, പുഴുക്കളും കീടങ്ങളും അവന് ഇണയും തുണയും ആകുമ്പോൾ അവൾ വറ്റാത്ത കണ്ണീരുമായി വഴിവക്കിലേക്ക് നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കും.

എനിക്ക് തല കറങ്ങുന്നു. ആ പെൺകുട്ടിയുടെ നിലവിളി കുത്തേറ്റു പിടയുന്നവൻറെ നെഞ്ചിൽ നിന്നും ചീറ്റിത്തെറിക്കുന്ന ചുടുചോരപോലെ എന്നിലേക്ക് തെറിച്ചുവീണു.

അസഹനീയമായ കാഴ്ച്ച! അസഹനീയമായ കേൾവി! അവിശ്വസനീയമായ ചിന്താധാരകൾ!

ഞാൻ വെറും കാഴ്ചക്കാരൻ. ഇതെല്ലം ഒരു നിമിഷത്തിനുശേഷം പെയ്തൊഴിയുന്ന ഒരു മഴയെപ്പോലെ മാഞ്ഞുപോകുന്ന മനസ്സുള്ളവൻ.

എന്നാൽ പെൺകുട്ടി .... നീയോ?

തുടിക്കുന്ന ഹൃദയവുമായി ഞാൻതിരികെ വീട്ടിലേക്ക് നടക്കവെ അവളുടെ മുഖം മനസ്സിൽ മായാതെ നിന്നു. ചിരിക്കുന്ന ആ പഴയമുഖം അല്ല.

പ്രാണപ്രിയന് ഒരു ചുടുചുംബനംപോലും  നൽകാൻ സ്വാതന്ത്ര്യം തരാത്ത ലോകത്ത് ഭ്രാന്തിയെപ്പോലെ അലറിക്കരയുന്ന മുഖം.

സ്വന്തമായിരുന്നവൻ ആരുമല്ലാതായിത്തീരുന്ന നിമിഷംത്തെയോർത്ത് തന്നെയും, ലോകത്തെയും, വിധിയെയും, എല്ലാത്തിനെയും ശപിക്കുന്ന മുഖം.

അവളുടെ ഉദരത്തിൽ ഇതൊന്നും അറിയാതെ അമ്നിയോട്ടിക് ഫ്ലൂയിഡിനുള്ളിൽ ശാന്തമായി ഉറങ്ങുന്ന അവൻറെ കുഞ്ഞിൻറെ മുഖം.

No comments:

Post a Comment