Monday, June 23, 2014

ലിഫ്റ്റിലെ ബ്രിഡ

ലിഫ്റ്റിലെ ബ്രിഡ
ജോയ് ഡാനിയേൽ 
-------------------

അവളൊരു കൊച്ചു സുന്ദരിയാണ്. കറുപ്പിനാൽ അതിരുകൾ കോറിയ കണ്ണുകളും ഇടതൂർന്ന മുടിയും അറബിയാത്ത് പെർഫ്യൂമിന്റെ ഊദ് ഗന്ധവുമുള്ള പെൺകൊച്ച്.

ആദ്യമായി കണ്ടത്  വെള്ളിയാഴ്ച ലിഫ്റ്റിൽ വച്ച്. കൃത്യമായി പറഞ്ഞാൽ മെയ് മുപ്പതാം തീയതി തലാൽ സൂപ്പർമാർക്കറ്റീൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ ബേസ്മെന്റിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് വന്നുനിന്ന ലിഫ്റ്റിൽ അവളുടെ മാത്രം ഗന്ധം നിറഞ്ഞിരുന്നു. കയ്യിൽ ട്യൂഷൻ കഴിഞ്ഞു വരുന്നതിൻറെയാകാം കുറെ ബുക്കുകൾ. ചാര ടീഷർട്ടും കറുത്ത ലെഗ്ഗിങ്ങ്സും വേഷം. വലിയ കണ്ണുകളിൽ കടലാഴങ്ങൾ കടമെടുത്ത കൗതുകത്തിന്റെ തിരകൾ. അവളുടെ നോട്ടത്തിൽ കുരുത്തുവന്നത് കൗതുകമാണോ ഭീതിയാണോ എന്ന് തെല്ല് സംശയം തോന്നാതിരുന്നില്ല. എനിക്ക് എത്തേണ്ടത് അഞ്ചാമത്തെ ഫ്ലോറിൽ. ലിഫ്റിന്റെ ബേസ്മെന്റ് മുതൽ പന്ത്രണ്ടാം നിലവരെയുള്ള ബട്ടണുകളിൽ നോക്കിയപ്പോൾ പന്ത്രണ്ടാമത്തെ നിലയിലേക്ക് ചുവന്ന കണ്ണുകൾപോലെ തിളക്കം. ഒരു കുസൃതി തോന്നി. അഞ്ചാം നിലയിലേക്കുള്ള ബട്ടൺ അമർത്തുവാൻ ആഞ്ഞ വിരലുകൾ ഞാൻ പിൻവലിച്ചു. പെൺകുട്ടി എൻറെ അംഗവിക്ഷേപങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. അലസമെങ്കിലും പെണ്ണിൻറെ കണ്ണുകൾ കാകദൃഷിയാണ്. അഗോചരമായവ പോലും ഒപ്പിയെടുക്കുന്ന ക്ലോസ്‌ഡ്‌ സർക്യൂട്ട് ടെലിവിഷൻ.   

പന്ത്രണ്ടാമത്തെ നിലയിലേക്ക് മാത്രം ആജ്ഞ ലഭിച്ച ലിഫ്റ്റ്‌ ഉയരുമ്പോൾ അവൾ തലകുനിച്ചു. എങ്കിലും ഒളികണ്ണ് എന്നിൽ നിഴലിടുന്നുണ്ട്. തൻറെ ഫ്ലോറിൽ പുതിയ താമസക്കാരോ..? അവൾക്കുണ്ടായേക്കാവുന്ന സംശയം സ്വാഭാവികം. തറയ്ക്കും റൂഫിനും മദ്ധ്യേ ത്രിശങ്കു സ്വർഗ്ഗത്തിൽ ലിഫ്റ്റിലെ ഊഞ്ഞാൽ കയറ്റത്തിൽ 'ഹായ്, ഹലോ' പറയുവാൻ ആഗ്രഹിച്ചെങ്കിലും വാക്കുകൾക്ക്  സദാചാരത്തിന്റെ കോർക്കിട്ട് അടച്ചപോലെ. പക്ഷേ, കണ്ണുകൾക്ക് ധാർമികതയുടെ മൂടുപടമില്ല. നിശബ്ദതയിൽ നിന്നും വാചാലതയിലേക്കും ശൂന്യതയിൽ നിന്നും നിറവിലേക്കും പ്രവഹിക്കുന്ന ലോലമായ ആശയവിനിമയമാകുന്നല്ലോ കാഴ്ച്ചകൾ.

പന്ത്രണ്ടാം നില, ലിഫ്റ്റിലെ മണിനാദം കേട്ടപ്പോൾ ഞാൻ ശപിച്ചു.  ലിഫ്റ്റിനു മുന്നിലെ കാത്തുനിൽപ്പാണ് ഏറ്റവും വെറുക്കപ്പെടുന്ന നിമിഷങ്ങളിൽ ഒന്ന്. ജീവിതത്തിൽ അർത്ഥവും സ്വപ്‌നങ്ങളും സൃഷ്ടിപരതയും ഇല്ലാത്ത നിർജ്ജീവ നിമിഷങ്ങളാണ് ഇത്തരം കാത്തുനിൽപ്പുകൾ. ബിസ്ക്കറ്റ് കൂടിനുള്ളിലെന്നപോലെ അതിൽ കയറി വരുന്നവരെ മുഴുവൻ ശപിച്ചു ഭസ്മമാക്കാൻ പോന്ന മുനികോപം തിളയ്ക്കാറുണ്ട്. എന്നാലിപ്പോൾ ഉള്ളിൽ ശപിച്ചത് അവളെ അതിവേഗം പന്ത്രണ്ടാം നിലയിൽ എത്തിച്ചതിനാണ്.

ലക്ഷ്യമേതും ഇല്ലാത്തൊരു നിസ്വനെപ്പോലെ ലിഫ്റ്റിന്റെ വാതിലിനടുത്ത് ഒതുങ്ങി നിന്നപ്പോൾ ചപലമിഴിയാൾ എന്നെ ഗൗനിക്കാത്തപോലെ പന്ത്രണ്ടാം ഫ്ലോറിന്റെ ഇടനാഴിയിലേക്കിറങ്ങി.  നടന്ന് വലത്തോട്ടു തിരിയും മുമ്പ്, കൗതുകത്തിന്റെ മർമ്മരത്തോടെ അവളൊന്ന് തിരിഞ്ഞു നോക്കി. 

തിരികെ ഫ്ലാറ്റിലെത്തി കിടക്കയിൽ ഞാൻ വായിച്ചു തീരാറായ ബുക്കെടുത്തു. പൗലോ കൊയ്‌ലോയുടെ 'ബ്രിഡ'. കാട്ടിലും നാട്ടിലും മാഗസിൻറെയും  വിക്കിയുടെ കൂടെയും  ചന്ദ്രപാരമ്പര്യത്തിന്റെ  നിഗൂഡതകൾ പഠിക്കാൻ പുറപ്പെട്ട ഇരുപത്തിയൊന്നുകാരി.  അൽപം മുമ്പ് ലിഫ്റ്റിൽ കണ്ട മുഖം ഓർമ്മവന്നു. ലിഫ്റ്റിലെ ബ്രിഡ; അവൾക്ക് ഞാൻ നാമകരണപ്പെരുന്നാൾ നടത്തി. 

ലിഫ്റ്റിലെ ബ്രിഡ... ഓർത്തോർത്തു ചിരി പൊട്ടി. വിടരുന്ന റോസാപ്പൂവിന്റെ സ്പർശനദർശന സുഖം പോലെ മനസ്സിലെവിടെയോ വാദ്യമേളങ്ങളുടെ ഘോഷയാത്ര കടന്നുപോയി.


ജൂണ്‍ രണ്ട്, പ്രഭാതം

ഇന്ന്  ഞായറാഴ്ചയാണ്. കമ്പനിവണ്ടി വരുന്നതും കാത്ത് അൽ ബയാൻ ടവറിന്റെ പുറത്തുള്ള മതിലിൽ ചാരി നിൽക്കുകയാണ് ഞാൻ. കയ്യിലിരിക്കുന്ന പുതിയ ബുക്കിൽ കണ്ണുകൾ പാദസേവ ചെയ്യുന്നു.  കമ്പനി വണ്ടി ഉടനെത്തും. പെട്ടെന്ന് മൂക്കിലേക്ക്  മുമ്പൊരിക്കൽ അനുഭവിച്ച അറബിയാത്ത് ഊദിന്റെ ഗന്ധം. തല പൊക്കിനോക്കുമ്പോൾ അവളാണ്; ലിഫ്റ്റിലെ ബ്രിഡ!.  പെണ്ണ് എതിർ വശത്തുള്ള മതിലിൽ ചാരിനിൽക്കുന്നു. എൻറെ നോട്ടത്തിൻറെ നിബിഡത ബുക്കും റോഡും എന്നത് ബുക്കും അവളുമായി പരിണമിച്ചു. അവളിലും അതേ ചാരദൃഷ്ടി നുരയുന്നുണ്ട്. കാഴ്ച്ചയുടെ പലിശപോലെ ഒരു ചെറുചിരി എൻറെ ഉള്ളിൽനിന്നും അതിക്രമിച്ചു പുറത്തുചാടിയപ്പോൾ അവൾ മുഖം പൊടുന്നനെ വെട്ടിതിരിച്ചു. പാപപങ്കിലമായ കാഴ്ച്ചയിൽ നിന്നും ഓടിയകലുന്ന മാൻപേടപോലെയെന്ന്  കരുതിയെങ്കിലും ഉടനടി ചമ്മട്ടിയടിപോലൊരു നോട്ടത്തിൽ ഞാൻ ചൂളി. കാമദേവനെ കവലച്ചട്ടമ്പി കണക്കെ കരുതുന്ന ദൃഷ്ടി. ബിരുദങ്ങളും ജോലിയുടെ ഗർവ്വും എല്ലാം പെണ്ണിൻറെ രോഷനോട്ടത്തിന്  മുന്നിൽ മരുഭൂമിയിൽ ആഞ്ഞടിക്കുന്ന തീക്കാറ്റിന് സമം.

വണ്ടി വന്നു. കയറുന്നതിനു മുമ്പ് അവളെ നോക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഉള്ളിലെ ഉഷ്‌ണം ശക്തമായി വിലക്കി. ഞാൻ മന്ദനെപൊലെ സീറ്റിലേക്കമർന്നിരുന്നപ്പോൾ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് ലക്ഷ്യമാക്കി ഖിസൈസിലെ ഗ്രാൻഡ് ഹോട്ടൽ കടന്ന് വണ്ടി പാഞ്ഞു.


ജൂണ്‍ മൂന്ന്, പ്രഭാതം

അതേ മതിൽ ചാരി ഞാനും അവൾ എതിർവശത്തും. നദിയുടെ  കരകൾക്കിടയിലൂടെ ഗതിയറിയാതെ ഒഴുകുന്ന ജലം കണക്കെ പുരുഷാരം പോവുകയും വരികയും ചെയ്യുന്നുണ്ട്. ഞാൻ അവളെ നേരെ നോക്കുന്നില്ല, അവൾ എന്നെയും. എന്നാലോ ഞാൻ ഒളികണ്ണിട്ടു നോക്കുന്നു, അവൾ എന്നെയും. ഞാൻ ബുക്കുവായിക്കുന്ന പോലെ അഭിനയിച്ചു നിൽക്കുന്നു. അവളോ, കോളേജു വണ്ടിയ്ക്കായ് ആകാംഷയുടെ പല്ലക്കിൽ ചാരികിടക്കുന്നു.  വിവിധ ധ്രുവങ്ങളിൽ ദിശകളിൽ മരുവുന്ന മനസ്സുകൾ. എന്നാലോ ഒരേ നാണയത്തിന്റെ വശങ്ങളും. എൻറെ വണ്ടിയും അവളുടെ വണ്ടിയും മുന്നിലും പിന്നിലുമായി വന്നു. കൗതുകവും ആകാംഷയും രണ്ട് വാഹനത്തിൽ കയറി രണ്ടുവഴികളിലൂടെ പിരിയുകയും ചെയ്‌തു.  

അഭിനയം; അരുമറിയില്ലെന്ന് കരുതുന്ന അതിവിനയം.


ജൂണ്‍ എട്ട്, പ്രഭാതം

ഇന്ന് അഞ്ച് മിനിട്ട് താമസിച്ചാണ് എത്തിയത്. രാവിലെ ജോലിക്കുപോകാൻ പതിവിലും കവിഞ്ഞ മടി. രണ്ടു മൂന്നു ദിവസമായി ലിഫ്റ്റിലെ ബ്രിഡയെ കാണുന്നില്ല.  കാഴ്ച്ച മയങ്ങുമ്പോൾ ചിന്ത ഉറങ്ങുന്നതിനാൽ അവളെ പ്രഭാതത്തിൽ ഓർത്തതുമില്ല.  എന്നാൽ ബുക്കിൽ നിന്നും കണ്ണുപറിക്കാതെ വാഹനം കാത്തുനിന്ന നേരത്ത് മൂക്കിനുമുന്നിൽ പിന്നെയും ആ ഗന്ധം നടനമാടി. അവൾ! 'കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോ കുട്ടി..?' ചോദിച്ചാലോ?  വേണ്ട, തമ്മിൽ ഒരിക്കലും സംസാരിച്ചിട്ടില്ല. മാത്രവുമല്ല എന്നോടവൾക്ക് ദേഷ്യമാണ്. കഴിഞ്ഞ ദിവസം കാർമേഘം അതിക്രമിച്ചു കയറിയ ആകാശത്തെ ആ മുഖം കാണിച്ചുതന്നിരുന്നു.  

പക്ഷേ, വിശ്രമം ഇല്ലാത്ത നാലുകണ്ണുകൾ......   

ഇടയിലൂടെ ആൾക്കാർ വീണ്ടും പുഴപോലെയൊഴുകി. വണ്ടിവന്നു, ഞാൻ കയറി. ഇടതുവശത്തെ ജാലകത്തിനരികെ ഇരുന്ന് പുറത്തേക്ക് നോക്കി.  രണ്ടു കണ്ണുകൾ എന്നിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. നാല് കണ്ണുകൾ ആഴക്കടലിലെ നീലിമയിൽ വലയിൽക്കുരുങ്ങിയ ചെറുമീനുകളായി. ഇഷ്ടവും അനിഷ്ടവും നഷ്ടവും ഉരിയാടാതെ വണ്ടി മുന്നോട്ടു നീങ്ങി. കണ്ണുകളുടെ കുരുക്കഴിഞ്ഞു.  പക്ഷേ, ആ മുഖം താലത്തിൽ കാഴ്ചവച്ച പാവനമായൊരു കണിയായി കൂടെപ്പോന്നു. 


ജൂണ്‍ മുപ്പത്, പ്രഭാതം

ഒരുമാസമാകുന്നു. മൗനം ഭാഷയായ നാളുകൾ. കണ്ണുകൾ തൂലിക,  നാസിക അനുഭവം, കാതുകൾ അറിവ്.  ചിരിക്കാത്ത മുഖം.   

ലിഫ്റ്റിലെ ബ്രിഡ, നീയെന്നെ പരീക്ഷിക്കുകയാണോ? എന്താണ് നിൻറെ ഉള്ളിൽ? സ്നേഹമോ, ക്രോധമോ? ചാപല്യമോ? ഒന്നുമേ വെളിവാകുന്നില്ലല്ലോ. ഏതോ മലമുകളിൽ മൂടൽ മഞ്ഞിനിടെ പെട്ടുപോയപോലെ ഉത്തരമില്ലാതെ ഞാൻ. 

ഓ, മതി. ഇതിവിടെ നിർത്താം. അർത്ഥമില്ലാത്ത ചിന്തകൾ, അംഗവിഹീനങ്ങളായ വികാരങ്ങൾ. ഒന്നും വേണ്ട. ഇനിമുതൽ ഈ നേരത്ത് വണ്ടി കാത്തു നിൽക്കാൻ വരില്ല.  അഞ്ചു മിനിട്ട് നേരത്തെ വരാൻ പറഞ്ഞാൽ ഡ്രൈവർ വന്നോളും. ലിഫ്റ്റിലെ ബ്രിഡ, ഇനി നീയെന്നെ കാത്തുനിൽപ്പിന്റെ ഈ ലോകത്ത് കാണില്ല. ക്ഷമിച്ചാലും, ക്രുദ്ധമായ നോട്ടവും കണ്ണുകളിലെ കാളിമയും എനിക്കാവശ്യമില്ല.   


ജൂലായ്  മൂന്ന്, പ്രഭാതം

മൂന്നു ദിവസമായി അവളെ കണ്ടിട്ട്. സന്തോഷം, കറുത്തമുഖം കാണണ്ടല്ലോ. 

സത്യമായും സന്തോഷം ആയോ? ഉള്ളിലിരുന്ന് ഒരു ചീവീട് വിങ്ങിച്ചിലയ്ക്കുന്നു. ഇല്ല, അതല്ലേ നേര്?. കിട്ടാത്തത് നഷ്ടപെടുമ്പോൾ കിട്ടിയത് നഷ്ടപ്പെടുന്നതിനെക്കാൾ വേദന ഉണ്ടാകാം. വേണ്ട, മറന്നേക്കാം. മരുഭൂമിയിൽ സമിശ്രവികാരങ്ങൾ അനാവശ്യമാകുന്നു.  പ്രവാസിക്ക്  ലക്ഷ്യവും വികാരവും വിചാരവും  ജോലി, ധനം, സംഘർഷം എന്നിവ മാത്രം.

ലിഫ്റ്റിലെ സുന്ദരി...,  നിന്നെ ഞാൻ തൽക്കാലം മറക്കട്ടെ. തൽക്കാലമല്ല, എന്നെത്തേക്കും. കാഴ്ചയുടെ വ്യാപ്തി മങ്ങുമ്പോൾ ലോലവ്യഥകൾ മരുഭൂമിയിലെ ഡ്യൂൺ സാൻഡിൽ കുഴിമാന്തി കുഴിച്ചുമൂടാം.  


ജൂലായ് നാല്, സായാഹ്നം

ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് കഴിഞ്ഞ് ദുബായ് എയർപോർട്ട് ഫ്രീസോണ്‍ മെട്രോ സ്റ്റേഷനിൽ നിന്നും മുന്നൂറു മീറ്റർ നടന്ന് അൽ ബയാനിന്റെ ബേസ്മെന്റിൽ ഞാനെത്തി. അവതാരം പോലെ ലിഫ്റ്റ്‌ വന്നു നിന്നു. ആരും ഇല്ല, ഞാൻ അകത്തു നൂണ്ടു. ലിഫ്റ്റ്‌ ഗ്രൗണ്ട് ഫ്ലോറിൽ ചെന്നുനിന്നു. ലോഹമുറിയിലെ ഭിത്തിയിൽ ഹെയർ സ്റ്റൈൽ നോക്കി നിൽക്കവേ, ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അതേ ഗന്ധം അകത്തേക്ക് കയറി. ലിഫ്റ്റിലെ ബ്രിഡ!  ആകസ്മികതയുടെ ബാക്കിയെന്നവണ്ണം ഇന്നും ലിഫ്റ്റിൽ ഞങ്ങൾ രണ്ടുപേർ. 

വഴിയാത്രക്കാരനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. കത്തിക്കിടക്കുന്ന എൻറെ അഞ്ചാം നിലയിലേക്കുള്ള ചുവന്ന വെളിച്ചം നോക്കി അവൾ പന്ത്രണ്ടാം നിലയിലേക്കുള്ള ബട്ടണ്‍ ഞെക്കി.  മൂന്നു കഴിഞ്ഞ് നാലാം നിലയിലേക്ക് ലിഫ്റ്റ്‌ ഉയരുമ്പോൾ അവൾ അഞ്ചാം നമ്പർ ബട്ടണ്‍ അമർത്തി ഓഫാക്കിയിട്ട് പുഞ്ചിരിച്ചു. അഞ്ചിലേക്കുള്ള  ബട്ടണ്‍ അണഞ്ഞു. ലിഫ്റ്റ്‌ നേരെ പന്ത്രണ്ടിലേക്ക്.

അതിശയത്തിൻറെ മാറാലകെട്ടി നിന്ന എന്നെ അവൾ ആദ്യമായി അരുമയോടെ നോക്കി. കാർമേഘം മാറി മാനം തെളിഞ്ഞപ്പോൾ ഞങ്ങൾ പന്ത്രണ്ടാം നിലയിൽ എത്തിയിരുന്നു. അവൾ ഒന്നും മിണ്ടിയില്ല, ഞാനും. നിശബ്ദതയാണ് എന്നും കൊഴുത്ത സന്ദേശങ്ങൾ കൈമാറുന്നത്. 

ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ എൻറെ മിഴിമുള്ളുകൾ അവളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് അവൾ പെട്ടെന്ന് പുഞ്ചിരിയുടെ മുല്ലമൊട്ടുകൾ വിതറി ബാഗിൽ നിന്നും രവീന്ദർ സിങ്ങിന്റെ ബുക്കെടുത്ത് എനിക്കുനേരെ നീട്ടി. പിന്നെ മുൻജന്മത്തിൽ കാത്തുവച്ചൊരു സ്വകാര്യം പോലെ പറഞ്ഞു. "എത്ര ദിവസമായി ഞാനിത് കൊണ്ടുനടക്കുന്നു.....!?".  എൻറെ കാതുകൾ അത് കേട്ടോ, ഇല്ലയോ?.  പുഞ്ചിരിക്കും വാക്കുകൾക്കുമിടയിൽ അവളിറങ്ങി, ലിഫ്റ്റ് എന്ന മതിൽ താനേ അടഞ്ഞു. 

കൈയിൽ അവൾ തന്ന ബുക്കുമായി അഞ്ചാം നിലയിലേക്കുള്ള  പ്രയാണത്തിൽ ആരൊക്കെയോ കയറി, എവിടെയൊക്കെയോ നിന്നു. ഞാനൊന്നുമറിഞ്ഞില്ല. ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുമ്പോൾ ആ ബുക്കിന്റെ ടൈറ്റിലിൽ അവളിൽ ബാക്കിയായ പുഞ്ചിരിനിലാവ് തിളങ്ങി. ഞാനത് വായിച്ചു; 'Write Me a Love Story'!

എന്റെയുള്ളിലെ ചീവീടപ്പോൾ വീണ്ടും ചിലച്ചു; 'കള്ളീ! പെരുങ്കള്ളീ!'

2 comments: